ADVERTISEMENT

കനത്ത മഴയിൽ മുംബൈയിലും സമീപമേഖലകളിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം പൊങ്ങി ജനജീവിതം ദുരിതത്തിലായി. ട്രാക്ക് വെള്ളത്തിൽ മുങ്ങിയതിനെതുടർന്ന് മധ്യറെയിൽവേയിൽ ലോക്കൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. റോഡുകളിലെ വെള്ളക്കെട്ടുമൂലം പലയിടങ്ങളിലും ഗതാഗതം മുടങ്ങി; കടുത്ത ഗതാഗതക്കുരുക്കുമുണ്ടായി. മുംബൈ കോർപറേഷനു കീഴിലുള്ള ബെസ്റ്റ് ബസുകൾ പല മേഖലകളിലും വഴിതിരിച്ചുവിട്ടു. ചിലയിടങ്ങളിൽ വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി. മുംബൈ, താനെ, പാൽഘർ, കൊങ്കൺ മേഖലകളിൽ അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളെ സുരക്ഷിതയിടങ്ങളിലേക്കു മാറ്റി.

ഇന്നലെ പുലർച്ചെ  ആരംഭിച്ച മഴ വൈകിട്ടു വരെ തുടർന്നു. കാലവർഷത്തിലെ ആദ്യമഴയിൽതന്നെ ജനജീവിതം താറുമാറാവുകയായിരുന്നു. പതിവിലും ഒരു ദിവസം മുൻപാണ് മുംബൈയിൽ ഇന്നലെ കാലവർഷമെത്തിയത്. കനത്ത മഴയ്ക്കൊപ്പം വേലിയേറ്റമുണ്ടായതാണു താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് രൂക്ഷമാക്കിയത്. മെട്രോയുടേത് അടക്കമുള്ള നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മുംബൈയിൽ പലയിടങ്ങളിലും ജലമൊഴുക്ക് തടസ്സപ്പെട്ടതും വെള്ളം പൊങ്ങാൻ ഒരു കാരണമാണ്.

heavy-rain-in-mumbai1
മുംബൈയിലെ പ്രളയജല നില നീരീക്ഷിക്കുന്ന മേയർ കിശോരി പെഡ്നേക്കർ. ചിത്രം: പിടിഐ

 മുംബൈ, താനെ, പാൽഘർ, റായ്ഗഡ്, രത്‌നഗിരി, പുണെ, നാസിക് മേഖലകളിൽ ഇൗ മാസം 12 വരെ കനത്ത മഴയാണു പ്രവചിച്ചിരിക്കുന്നത്. സിഎസ്എംടി റെയിൽവേ സ്റ്റേഷനിൽ നിന്നു താനെയിലേക്കും വാശിയിലേക്കുമുള്ള ലോക്കൽ ട്രെയിൻ സർവീസാണ് ചിലയിടങ്ങളിൽ ട്രാക്കിൽ വെള്ളം പൊങ്ങിയതിനെ തുടർന്നു നിർത്തിവച്ചത്. സയൺ, ചുനാഭട്ടി സ്റ്റേഷനുകളിലാണ് വെള്ളക്കെട്ട് കൂടുതലുണ്ടായിരുന്നത്. മെയിൻ ലൈനിൽ സിഎസ്എംടിയിൽ നിന്ന് കുർളവരെയുള്ള ലോക്കൽ ട്രെയിനുകൾ രാവിലെ  9.50ന് നിർത്തി.

പിന്നീട് താനെ വരെയുള്ള ട്രെയിൻ സർവീസ് നിർത്തി. 10.20ന് ഹാർബർ ലൈനിൽ സിഎസ്എംടിയിൽ നിന്നു  വാശിയിലേക്കുള്ള ലോക്കൽ ട്രെയിനുകളും  നിർത്തിവച്ചു. വെസ്റ്റേൺ ലൈനിലെ ലോക്കൽ ട്രെയിൻ സർവീസുകളെ വെള്ളക്കെട്ട് വലിയ തോതിൽ ബാധിച്ചില്ല. കനത്ത മഴയുണ്ടായ മേഖലകളിലെ ജില്ലാ കലക്ടർമാരും കോർപറേഷൻ അധികൃതരുമായി മുഖ്യമന്ത്രി ഓൺലൈനിൽ യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി. സുരക്ഷാനടപടികൾ ഉദ്ധവ് താക്കറെ വിലയിരുത്തി. മുംബൈ കോർപറേഷന്റെ കൺട്രോൾ റൂമിലും അദ്ദേഹം സന്ദർശനം നടത്തി.

പാൽഘറിൽ 12ന് കനത്ത മഴയ്ക്കു സാധ്യത

പാൽഘർ ജില്ലയിൽ 12-ാം തീയതി അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു ജില്ലാ ഭരണകൂടം മുന്നറിയിപ്പു നൽകി. തീരദേശ മേഖലയിലുള്ളവരോട് സുരക്ഷിത കേന്ദ്രങ്ങളിലേക്കു നീങ്ങാൻ ജില്ലാ കലക്ടർ നിർദേശിച്ചു. ഇത്തരം മേഖലയിൽ കോവിഡ് ഐസലേഷനിൽ കഴിയുന്നവർ സുരക്ഷിത കേന്ദ്രങ്ങളിലേക്കു നീങ്ങുമ്പോൾ മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കണമെന്നും ജില്ലാ ഭരണകൂടം അഭ്യർഥിച്ചു.

മിലൻ, ഖാർ, അന്ധേരി, മലാഡ് സബ്‌വേകൾ വെള്ളക്കെട്ടിനെ തുടർന്ന് അടച്ചു. നഗരത്തിൽ പലയിടങ്ങളിലും വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി. സയൺ ജംൿഷൻ, കിങ് സർക്കിൾ, ധാരാവി റസ്റ്ററന്റ്, ഇക്ബാൽ കമാനി ജംൿഷൻ, ദാദർ ഹിന്ദ്മാത ജംക്‌ഷൻ, ഗോവണ്ടി, എസ്‌വി റോഡ് ജംക്‌ഷൻ, നേതാജി പാൽകർ ചൗക് എന്നിവ വെള്ളം പൊങ്ങിയ മേഖലകളിൽ ഉൾപ്പെടും.

കെഡിഎംസിയിലും മുന്നറിയിപ്പ്

കല്യാൺ-ഡോംബിവ്‌ലി (കെഡിഎംസി) മേഖലയിലും 12-ാം തീയതി വരെ കനത്ത മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്.

English Summary: Streets, Rail Tracks Flooded in Mumbai as Monsoon Arrives with a Bang

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com