ADVERTISEMENT

ഉത്തരധ്രുവമേഖലയിലെ പെർമഫ്രോസ്റ്റ് എന്നറിയപ്പെടുന്ന കാലങ്ങൾ പഴക്കമുള്ള ഹിമനിക്ഷേപത്തിൽ നിന്നു കണ്ടെടുത്ത ബഹുകോശജീവികളായ ഡെല്ലോയിഡ് റോട്ടിഫറുകളെ ശാസ്ത്രജ്ഞർ ജീവിപ്പിച്ചു. തുടർന്ന് ഇവ പ്രജനനത്തിൽ ഏർപ്പെടുകയും ചെയ്തു. റഷ്യയിലെ ലബോറട്ടറിയിലാണ് ഗവേഷണങ്ങൾ നടന്നത്. 24000 വർഷങ്ങൾക്കു മുൻപ് ഭൂമിയിൽ ഉത്ഭവിച്ച ബഹുകോശ ജീവികളാണു റോട്ടിഫറുകൾ. ശുദ്ധജല മേഖലകളിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഇവയുടെ വായ്ക്കു ചുറ്റും ചക്രാകൃതിയിൽ നനുത്ത രോമങ്ങളുണ്ട്. സൂക്ഷ്മദർശിനി ഉപയോഗിച്ചു മാത്രമേ ഇവയെ കാണാൻ സാധിക്കൂ.

കൊടും തണുപ്പുള്ള സാഹചര്യങ്ങളിൽ ഇവ ക്രിപ്റ്റോബയോസിസ് എന്ന ജഡനിദ്രയിലേക്കു പ്രവേശിക്കും. തുടർന്ന് ഇവയുടെ ശരീരത്തിലെ ജൈവപ്രക്രിയകൾ നിശ്ചലമാകുകയും ഷാപ്പെറോൺ എന്ന പ്രോട്ടീൻ ഇവയുടെ ശരീരത്തിൽ പതിൻമടങ്ങു വർധിക്കുകയും ചെയ്യും. ഇത്തരത്തിൽ  10 വർഷം വരെ ജഡാവസ്ഥയിൽ ഇവയ്ക്കു കഴിയാൻ സാധിക്കുമെന്നും തുടർന്ന് ഇവയെ വീണ്ടും ജീവിപ്പിക്കാൻ കഴിയുമെന്നും ശാസ്ത്രജ്ഞർക്ക് അറിവുള്ള കാര്യമാണ്. എന്നാൽ ചരിത്രാതീത കാലത്തു ജീവിച്ചിരുന്ന ഇവയുടെ ആദിമ വകഭേദങ്ങളെ ജീവിപ്പിച്ചത് ഇതാദ്യമായി സംഭവിച്ച കാര്യമാണ്.

പെർമഫ്രോസ്റ്റ് മേഖലയിൽ നിന്നു ശേഖരിച്ച സാംപിളുകൾ ഒരു ജൈവലായനിയിൽ ഇടുകയാണു ശാസ്ത്രജ്ഞർ ചെയ്തത്. കുറച്ചു നേരത്തെ കാത്തിരിപ്പിനു ശേഷം ഇവ ജീവാവസ്ഥയിലേക്കു തിരികെ പ്രവേശിക്കുകയും അനങ്ങിത്തുടങ്ങുകയും ചെയ്തു.

ജീവൻ തിരിച്ചുവരുന്ന ഇത്തരം ജീവികളെ മാത്രമല്ല, ചരിത്രാതീത കാലത്തു മരിച്ച മൃഗങ്ങളെയും പെർമഫ്രോസ്റ്റ് സംരക്ഷിച്ചു വയ്ക്കാറുണ്ട്. നിബിഡമായ രീതിയിൽ മഞ്ഞു നിക്ഷേപിക്കപ്പെട്ടിരിക്കുന്ന പെർമഫ്രോസ്റ്റിനുള്ളിൽ അകപ്പെടുന്ന ജീവികളുടെ ശരീരം അഴുകി നശിക്കില്ല. 

ഇന്നും ധ്രുവപ്രദേശങ്ങളിൽ നിന്ന് മാമത്ത് പോലെ ഇപ്പോൾ ജീവിച്ചിരിപ്പില്ലാത്ത ജീവികളുടെ ശവശരീരങ്ങൾ ലഭിക്കാറുണ്ട്.പറയത്തക്ക യാതൊരു നാശവും ഇവയ്ക്ക് സംഭവിച്ചിട്ടുണ്ടാകില്ല. ഇതു പോലെ തന്നെ സൂക്ഷ്മകോശജീവികളെയും പെർമഫ്രോസ്റ്റ് സംരക്ഷിക്കും. ഇതിനാൽ തന്നെ ഇവിടത്തെ മഞ്ഞുരുകിയാൽ പഴയകാലത്ത് ഭീകരതയുണ്ടാക്കിയ വൈറസുകളും മറ്റു സൂക്ഷ്മജീവികളുമൊക്കെ വീണ്ടും ഉണർന്നെണീക്കാമെന്ന ആശങ്ക ശാസ്ത്രജ്ഞർക്കിടയിലുണ്ട്.

2005 ൽ നാസാ ഗവേഷകർ 32000 വർഷം പഴക്കമുള്ള ചില സൂക്ഷ്മകോശജീവികളെ പെർമഫ്രോസ്റ്റിൽ നിന്നു കണ്ടെടുത്തു.മഞ്ഞിൽ നിന്നു മുക്തരായ നിമിഷം തന്നെ ഇവ സജീവമായത് എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു. ഒൻപതു വർഷങ്ങൾക്കു ശേഷം പിതോവൈറസ്, മോളിവൈറസ് തുടങ്ങിയ വലുപ്പമേറിയ വൈറസുകളെയും ശാസ്ത്രജ്ഞർ ഇതിൽ നിന്നു വേർതിരിച്ചു. ഇവയും സജീവമായി.പക്ഷേ ഇവ മനുഷ്യർക്ക് ഹാനികരമല്ല. പക്ഷേ പെർമഫ്രോസ്റ്റിൽ ആദിമമനുഷ്യരായ നിയാണ്ടർത്താലുകൾ വരെ പുതഞ്ഞു കിടപ്പുണ്ടെന്നാണു ശാസ്ത്രജ്ഞരുടെ അനുമാനം. പല നൂറ്റാണ്ടുകളിൽ വൈറസ് ബാധ മൂലം മരിച്ചവരുടെയൊക്കെ ശരീരങ്ങൾ ഇങ്ങനെ കിടപ്പുണ്ടാകാം.ഇവയിലൊക്കെ അണുബാധകൾ റോട്ടിഫറുകളെ പോലെ ഉറങ്ങിക്കിടക്കാനുള്ള സാധ്യത ഇല്ലാതില്ല.

2016ൽ ധ്രുവപ്രദേശത്തിന്റെ ഭാഗമായുള്ള സൈബീരിയയിലെ യമാൽ പ്രദേശത്ത് വമ്പിച്ച ആന്ത്രാക്സ് ബാധ പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഒട്ടേറെപ്പേർ ആശുപത്രിയിലായി. വർഷങ്ങൾക്കു മുൻപ് മഞ്ഞിലാണ്ടു പോയ ആന്ത്രാക്സ് ബാധിച്ച ഒരു മാനിന്റെ ശരീരമാണ് വില്ലനായത്. അടുത്തിടെയായി തുടരുന്ന മഞ്ഞുരുക്കത്തിൽ മറഞ്ഞിരുന്ന ഈ ശരീരം പുറത്തു വന്നു. അതിനുള്ളിൽ കാലങ്ങളായി ഉറക്കത്തിലായിരുന്ന ആന്ത്രാക്സ് പരത്തുന്ന സൂക്ഷ്മാണുക്കൾ ഉണർന്നെണീക്കുകയും വായുവിലും വെള്ളത്തിലും കലരുകയും ചെയ്തു. ഇതാണു ബാധയ്ക്കു വഴി വച്ചത്. പെർമഫ്രോസ്റ്റിലെ ജഡനിക്ഷേപത്തെക്കുറിച്ച് ലോകത്തിനു പുതിയ അവബോധം നൽകിയ സംഭവമാണ് ഇത്.

English Summary: Rotifers Bounce Back After Being Frozen for 24,000 Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com