ADVERTISEMENT

ഭൂമിയില്‍ മൂന്നാം ലോക മഹായുദ്ധമുണ്ടായാല്‍ അത് വെള്ളത്തിന് വേണ്ടിയാകും എന്ന് പലരും പ്രവചിച്ചിട്ടുണ്ട്. ഇപ്പോഴത്തെ മാറുന്ന കാലാവസ്ഥാ സാഹചര്യത്തില്‍ വരള്‍ച്ചയും കൊടിയ ചൂടും രൂക്ഷമാകുമ്പോള്‍ വെള്ളം സ്വാഭാവികമായും ഏറെ മൂല്യമേറിയ സ്രോതസ്സായി മാറുകയാണ്. ഇന്ത്യയില്‍തന്നെ സംസ്ഥാനങ്ങള്‍ക്കിടയിലും, രാജ്യാന്തര തലത്തില്‍ രാജ്യങ്ങള്‍ക്കിടയിലും നദികളെ ചൊല്ലിയുള്ള തര്‍ക്കം എത്ര രൂക്ഷമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു എന്നുള്ളതിന് നാം സാക്ഷിയാണ്. അതുകൊണ്ട് തന്നെ ലോകത്തെ ജലാശയങ്ങളിലുണ്ടാകുന്ന നേരിയ മാറ്റങ്ങള്‍ പോലും ഗവേഷകര്‍ അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ തന്നെയാണ് റിവര്‍ പൈറസി അഥവാ നദി മോഷണം എന്ന പ്രകൃതിയിലെ പ്രതിഭാസം ചര്‍ച്ചയാകുന്നത്.

റിവര്‍ പൈറസി

river-piracy-phenomenon-is-happening-again-and-could-get-more-common

നദികളുടെ ഭാഗമായുള്ള ചെറു അരുവികളിലുണ്ടാകുന്ന മാറ്റങ്ങള്‍ നദികളുടെ ഗതിയെ തന്നെ മാറ്റുന്ന പ്രതിഭാസത്തെയാണ് റിവര്‍ പൈറസി എന്നു വിളിക്കുന്നത്. അരുവികള്‍ നദിയുടെ ഗതിയെ മോഷ്ടിക്കുന്നു എന്ന അര്‍ത്ഥത്തിലാണ് മാറ്റത്തെ പൈറസി എന്ന് പേരിട്ട് ഗവേഷകര്‍ വിളിക്കുന്നതും. ഈ പ്രതിഭാസത്തിന്‍റെ ഏറ്റവും പ്രത്യക്ഷമായ ഉദാഹരണമാണ് അലാസ്കയിലെ ഒരു നദിയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍. ഈ നദിയുടെ മാറ്റങ്ങള്‍ ഒരു മേഖലയുടെ ജൈവവ്യവസ്ഥയേയും അതിന്‍റെ പരിസരങ്ങളിലെ ജനജീവിതത്തെയും ഏതു വിധത്തില്‍ ബാധിക്കുന്നു എന്നാണ് ഗവേഷകര്‍ നിരീക്ഷിക്കുന്നത്.

കാനഡയിലെ സെന്‍റ് ഏലിയാസ് പര്‍വത നിരകളില്‍ നിന്ന് ഉദ്ഭവിക്കുന്ന അല്‍സക് നദിയിലാണ് ഈ മാറ്റങ്ങള്‍ ഗവേഷകര്‍ നിരീക്ഷിക്കുന്നത്. സെന്‍റ് ഏലിയാസ് പര്‍വതത്തിലെ മഞ്ഞുപാളികളില്‍ നിന്ന് ഒഴുകിയെത്തുന്ന നദി ഡ്രൈ ബേ എന്നു വിളിക്കുന്ന മേഖലയിലൂടെ കടന്ന് പസിഫിക്ക് സമുദ്രത്തിലാണ് പതിക്കുന്നത്. ഇതിനിടയില്‍ അല്‍സക് എന്ന പേരില്‍ തന്നെ അറിയപ്പെടുന്ന ഒരു തടാകവും കടന്നാണ് ഈ നദി ഒഴുകുന്നത്. എന്നാല്‍ അല്‍സക് നദിയുടെ ഗതിയില്‍ അടുത്ത 30 വര്‍ഷത്തിനുള്ളില്‍ സാരമായ മാറ്റമുണ്ടാകുമെന്നാണ് മേഖലയിലെ മാറ്റങ്ങള്‍ തെളിയിക്കുന്നത്.

ഇതേ മേഖലയില്‍ തന്നെ ഏതാനും കിലോമീറ്റര്‍ മാറി പസിഫിക്കിനോട് ചേര്‍ന്ന് ഗ്രാന്‍റ് പ്ലേറ്റോ എന്ന പേരില്‍ ഒരു തടാകം കൂടിയുണ്ട്. ഇപ്പോള്‍ അല്‍സക്- ഗ്രാന്‍റ് പ്ലേറ്റോ തടാകങ്ങളെ വേര്‍തിരിക്കുന്നത് ഗ്രാന്‍റ് പ്ലേറ്റോ എന്ന അതേ പേരിലുള്ള ഒരു മഞ്ഞുപാളിയാണ്. ഈ മഞ്ഞുപാളി മൂലം രണ്ട് തടാകങ്ങളിലും തമ്മില്‍ ഇപ്പോള്‍ നേരിട്ടു ബന്ധമില്ല. എന്നാല്‍ മാറി വരുന്ന കാലാവസ്ഥാ സാഹചര്യത്തില്‍ താപനില വർധിക്കുന്നതോടെ ഈ മഞ്ഞുപാളി വൈകാതെ ഉരുകും.. ഇതോടെ രണ്ട് തടാകങ്ങളും തമ്മില്‍ നേരിട്ട് ബന്ധിപ്പിക്കുന്ന ജലപാതമുണ്ടാകുമെന്ന് ഗവേഷകര്‍ പറയുന്നു. ഇതോടെ അല്‍സക് നദിയുടെ ഗതി പൂര്‍ണമായി മാറി തുടര്‍ന്ന് ഗ്രാന്‍റ് പ്ലേറ്റോ തടാകത്തിലൂടെ ഒഴുകി പസിഫിക്കില്‍ പതിക്കുമെന്നാണ് ഗവേഷകര്‍ വിവരിക്കുന്നത്.

മാറുന്ന ഗതിയും പ്രകൃതിയിലെ മാറ്റങ്ങളും

30 വര്‍ഷത്തിനുള്ളില്‍ അല്‍സക് നദിയുടെ ഗതി മേല്‍ വിവരിച്ച രീതിയില്‍ മാറിയാല്‍ അത് നദി പസിഫിക്കില്‍ പതിക്കുന്ന മേഖലയിലും സാരമായ മാറ്റമുണ്ടാക്കും. ഇപ്പോഴുള്ള നദീമുഖത്ത് നിന്ന് ഏതാണ്ട് 30 കിലോമീറ്റര്‍ അകലെയായിരിക്കും ഗ്രാന്‍റ് പ്ലേറ്റോയുമായി ബന്ധപ്പെട്ട് കഴിഞ്ഞാല്‍ അല്‍സക് നദിയുടെ അഴിമുഖമെന്ന് ഗവേഷകര്‍ പറയുന്നു. അതേസമയം നദിയുടെ ഗതിയിലുണ്ടാകുന്ന ഈ മാറ്റം ഇപ്പോള്‍ നദിയൊഴുകുന്ന ഡ്രൈ ബേ മേഖലയേയും സാരമായി ബാധിക്കും. ഇപ്പോള്‍ നദിയൊഴുകുന്ന മേഖല നീരൊഴുക്ക് നിലയ്ക്കുന്നതോടെ കാട് കയറുമെന്നും ഗവേഷകര്‍ പറയുന്നു.

ഇത് പല വിധത്തിലാണ് മേഖലയുടെ ജൈവവ്യവസ്ഥയേയും മനുഷ്യ സമൂഹത്തെയും ബാധിക്കുക. നദിയിലൂടെ ഒഴുകുന്ന ജലം ഇല്ലാതാകുന്നതോടെ നദിയുമായി ബന്ധപ്പെട്ട ജീവിക്കുന്ന മത്സ്യങ്ങള്‍ ഉള്‍പ്പടെയുള്ളവയുടെ ജൈവവ്യവസ്ഥ തകരാറിലാകും. പുറമെ ഇപ്പോള്‍ നദീതീരത്ത് രൂപപ്പെട്ടിട്ടുള്ള മനുഷ്യ സമൂഹത്തിനും ഇത് തിരിച്ചടിയാകും മത്സ്യബന്ധന ശാലകള്‍ മുതല്‍ റാഫ്റ്റിങ് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഈ നദിയുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്. നദിയുടെ ഒഴുക്ക് മാറുന്നതോടെ ഈ പ്രവര്‍ത്തനങ്ങളെല്ലാം നിലയ്ക്കും. അതേസമയം ഒഴുക്ക് മാറുന്ന ഗ്രാന്‍റ് പ്ലേറ്റോ മേഖല വനമേഖലയായതിനാലും ചതുപ്പു നിറഞ്ഞ പ്രദേശമായതു കൊണ്ടും നദിയുടെ ഒഴുക്ക് മാറുന്നതനുസരിച്ച് മനുഷ്യ വാസം മാറ്റുക സാധ്യമല്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഇത് അലാസ്കയില്‍ അല്‍സക് നദിയുടെ കാര്യത്തില്‍ മാത്രം സംഭവിക്കുന്ന ഒന്നല്ല. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഇത്തരം മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും ഈ മാറ്റങ്ങള്‍ സംഭവിക്കുന്നത് ഒറ്റപ്പെട്ട മേഖലകളിലാണ്. അതുകൊണ്ട് തന്നെ ഈ മാറ്റങ്ങള്‍ തിരിച്ചറിയാതെ പോകുന്നു. ഇതോടൊപ്പം ഈ മാറ്റങ്ങള്‍ പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങളും ഗൗരവതരമാണ്. ഈ മാറ്റങ്ങളെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ വേണ്ടി വരുമെന്നാണ് ഗവേഷകര്‍ കണക്കുകൂട്ടുന്നത്.

English Summary: 'River Piracy' Phenomenon Set to Steal Alaskan River, Scientists Predict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com