ADVERTISEMENT

കൃത്യമായ പരിശീലനം നല്‍കിയാന്‍ മത്സ്യങ്ങള്‍ക്ക് കരയില്‍ വന്ന് ഭക്ഷണം കഴിക്കാന്‍ സാധിക്കുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് അത്ര എളുപ്പത്തില്‍ നമ്മള്‍ വിശ്വസിച്ചെന്നു വരില്ല. എന്നാല്‍ കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനം ഇപ്പോള്‍ ഇത് വിശ്വസിക്കാന്‍ നമ്മളെ നിര്‍ബന്ധിതരാക്കുകയാണ്. കാരണം കരയില്‍ വച്ച ഭക്ഷണം വെള്ളത്തില്‍ നിന്ന് കയറി വന്ന് കഴിച്ചിട്ട് തിരിച്ചു പോകുന്ന സ്ഥിതിയിലേക്ക് ഒരു പറ്റം ഈൽ മത്സ്യങ്ങളെ ഇവര്‍ പരിശീലിപ്പിച്ചിരിക്കകുകയാണ്. കരയില്‍ ശ്വസിക്കാന്‍ കഴിയാത്ത ഈ മത്സ്യങ്ങള്‍ ഏതാണ്ട് 30 സെക്കൻഡിലധികം കരയില്‍ ചെലവഴിച്ച് ഭക്ഷണം അകത്താക്കിയ ശേഷമാണ് തിരികെ വെള്ളത്തിലേക്ക് മടങ്ങുന്നത്. ഇത് ആദ്യമായാണ് ഇത്തരം ഒരു പരീക്ഷണം മത്സ്യങ്ങളില്‍ നടത്തി വിജയിക്കുന്നത്.

സ്നോഫ്ലേക്ക് മൊറേ ഇനത്തില്‍ പെട്ട ഈലുകളിലാണ് ഗവേഷകര്‍ ഈ പഠനം നടത്തി വിജയിച്ചത്. എക്കിഡ്ന സിലബോസ്സ എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഈ ഈലുകള്‍ ഇവയ്ക്കായി നല്‍കിയ മാംസക്കഷണമാണ് കരയിലെത്തി ഭക്ഷണമാക്കിയത്. കരയില്‍ വച്ച് ഇത്ര കട്ടിയേറിയ ഒരു ഭക്ഷണം അകത്താക്കാന്‍ ഇവയ്ക്ക് കഴിയുമോ എന്നത് സംശയകരമായിരുന്നു. ഏതായാലും ഒടുവില്‍ നടത്തിയ പരീക്ഷണത്തില്‍ കട്ടിയുള്ള ഭക്ഷണം ശ്വാസമില്ലാത്ത നേരത്തും കഴിക്കാന്‍ കഴിയുമെന്നാണ് സ്നോഫ്ലേക്ക് ഈലുകള്‍ തെളിയിച്ചിരിക്കുന്നത്.

എന്നാല്‍ ഈ പരീക്ഷണം യഥാര്‍ത്ഥത്തില്‍ സ്നോഫ്ലേക്ക് ഈലുകളെ കരയില്‍ ഭക്ഷണം കഴിപ്പിക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയതായിരുന്നല്ല. സ്നോഫേക്ക് ഈലുകളുടെ ഞണ്ടിനെ വേട്ടയാടുന്ന രീതി ഗവേഷകര്‍ നിരീക്ഷിച്ചതാണ് ഇപ്പോഴത്തെ കണ്ടെത്തലിലേക്ക് നയിച്ച സംഭവിവികാസങ്ങളുടെ തുടക്കം. വെള്ളത്തില്‍ നിന്ന് വേഗത്തില്‍ പുറത്തെത്തി, അതേ വേഗത്തില്‍ ഞണ്ടിനെ കടിച്ചെടുത്തു മറയുന്നതായിരുന്നു സ്നോഫ്ലേക്ക് ഈലുകളുടെ ഞണ്ട് വേട്ടയുടെ രീതി. അതേസമയം കട്ടിയേറയ തൊണ്ടുകളുള്ള വലിയ ഞണ്ടുകളെ എങ്ങനെ നീളന്‍ ശശീരമുള്ള ഈല്‍ അകത്താക്കും എന്നതായിരുന്നു ഗവേഷകരുടെ സംശയം. ഇവിടെ നിന്നാണ് പഠനത്തിന്‍റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്.

രണ്ട് താടിയെല്ലുകള്‍

മിക്ക മത്സ്യവിഭാഗങ്ങള്‍ക്കും ഉള്ളത് പോലെ ഈ ഈലുകള്‍ക്കും രണ്ട് താടിയെല്ലുകളുണ്ട്. ഒന്ന് വായയോട് ചേര്‍ന്നും, മറ്റൊന്ന് കഴുത്തിലും. ഫാരിഞ്ചല്‍ ജോ എന്നാണ് കഴുത്തിന്‍റെ ഭാഗത്തുള്ള താടിയെല്ലിനെ വിളിക്കുന്നത്. എന്നാല്‍ മറ്റുള്ള മത്സ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ ഈലുകളുടെ ഫാരിഞ്ചല്‍ ജോയുടെ മസിലുകള്‍ക്ക് കൂടുതല്‍ അനായാസതയും, വികസിക്കാനുള്ള ശേഷിയുമുണ്ട്. അതുകൊണ്ട് തന്നെ വലുപ്പമേറിയതും കട്ടിയുള്ളതുമായ ഇരയെ പിടിക്കുമ്പോള്‍ ഈ ഈലുകള്‍ ഫാരിഞ്ചല്‍ ജോ ഉപയോഗിച്ചാണ് ഇവയെ വിഴുങ്ങുന്നത്. ഇതിലൂടെ ഒരേസമയം ഭക്ഷണം ശക്തിയായി ഞെരിക്കാനും, അതോടൊപ്പം തന്ന വയറിനുള്ളിലേക്ക് നേരിട്ട് കടത്തി വിടാനും സ്നോ ഫ്ലേക്ക് ഈലുകള്‍ക്ക് സാധിക്കും.

ഞണ്ടിനെ വേട്ടയാടുന്ന സമയത്ത് ഇവ അവയെ അകത്താക്കുന്നത് വെള്ളത്തിന് അടിയില്‍ വച്ചാണെന്നതിനാല്‍ കൃത്യമായ നിരീക്ഷണം സാധ്യമായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇവയെ വെള്ളത്തിന് പുറത്തു കൊണ്ടുവന്ന് ഭക്ഷണ രീതി നിരീക്ഷിക്കാന്‍ ഗവേഷകര്‍ തീരുമാനിച്ചത്. ഈ പരീക്ഷണമാണ് ഒടുവില്‍ അപ്രതീക്ഷിതമായ ഒരു നേട്ടത്തില്‍ എത്തിച്ചതെന്ന് പഠനത്തിനു പങ്കാളിത്തം വഹിച്ച മുഖ്യ ഗവേഷകയായ റീത്ത മെഹ്ത്ത പറയുന്നു. ഇതാദ്യമായാണ് മത്സ്യങ്ങള്‍ക്ക് കരയില്‍ വന്ന് ഇരയെ വിഴുങ്ങാന്‍ കഴിയുമെന്ന് തെളിഞ്ഞതെന്നും ഇവര്‍ അവകാശപ്പെടുന്നു. 

ഇരയെ സ്നോഫ്ലേക്ക് ഈലുകള്‍ പിടിക്കുന്ന വായുടെ ഭാഗത്തുള്ള താടിയെല്ലുകള്‍ ഉപയോഗിച്ചാണ്. എന്നാല്‍ ഒട്ടും വൈകാതെ തന്നെ അതേ നീക്കത്തില്‍ തന്നെ ഫാരിഞ്ചല്‍ താടിയെല്ലുകളും ഇരയെ സ്വീകരിക്കും. തുടര്‍ന്ന് ഇവയെ ഞെരിച്ച് ആമാശയത്തിലേക്കയയ്ക്കുകയും ചെയ്യും. സാധാരണ ഗതിയില്‍ മിക്ക മത്സ്യങ്ങളുടെയും ഇരയെ വിഴുങ്ങാനുള്ള കഴിവ് അവ വെള്ളത്തിലാണെങ്കില്‍ മാത്രമെ ഉണ്ടാകൂ. എന്നാല്‍ സ്നോ ഫ്ലേക്ക് ഈലുകളുടെ ഇരു താടിയെല്ലുകളുടെയും പ്രവര്‍ത്തനത്തിന് ജലത്തിലെ അന്തരീക്ഷം ആവശ്യമില്ല. ഇവയുടെ നീളം മൂലം വെള്ളത്തിന് പുറത്തും ശരീരം നിയന്ത്രിക്കാനാകും എന്നതാണ് ഇതിനു കാരണം. ഇങ്ങനെ വെള്ളത്തിന്‍റെ സഹായമില്ലാതെ താടിയെല്ലുകള്‍ തമ്മിലുള്ള പ്രവര്‍ത്തനം സുഗമമായി നടക്കുമെന്ന് വ്യക്തമായതോടെയാണ് ഇവയെ വെള്ളത്തിന് പുറത്തു കൊണ്ടുവന്നുള്ള പരീക്ഷണം നടത്തിയതെന്നും ഗവേഷകര്‍ വിവരിക്കുന്നു. 

English Summary: Sashimi-Swallowing Moray Eels Become First Fish Documented Feeding On Land Without Water

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com