ADVERTISEMENT

" അവരോടൊത്ത് എല്ലായിനം വന്യമൃഗങ്ങളും കന്നുകാലികളും ഇഴജന്തുക്കളും പക്ഷികളും പെട്ടകത്തിൽ കടന്നു.ജീവനുള്ള സകല ജഡത്തിലും നിന്ന് ഈരണ്ടു  വീതം നോഹയോടുകൂടി പെട്ടകത്തിൽ കടന്നു "

ഉൽപത്തി 7: 14,15.

pallom-an-ark-of-life1

പള്ളം എന്നു വിളിക്കപ്പെടുന്ന ഒരു കൊച്ചു ജൈവലോകത്തിൽ പ്രകൃതി ഒളിപ്പിച്ചിരിക്കുന്ന ജീവന്റെ  വിസ്മയക്കാഴ്ചകളും നൈരന്തര്യവും ഋതുഭേദങ്ങളനുസരിച്ചുള്ള വേഷപ്പകർച്ചകളും കാണണമെങ്കിൽ കേരളത്തിന്റെ വടക്കേയറ്റത്തേക്കു പോകണം. ഇപ്പോഴിതാ പരിസ്ഥിതി നിരീക്ഷകനും ഫോട്ടോഗ്രാഫറുമായ ജയേഷ് പാടിച്ചാല്‍ ഒരുക്കിയ  'പള്ളം ഒരു ജീവാഭയം' എന്ന  ഡോക്യുമെന്ററി ശ്രദ്ധ നേടുകയാണ്. പരിസ്ഥിതിദിനത്തിൽ റൂട്ട്‌സ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ്  ചിത്രം റിലീസ് ചെയ്തത്. 

ഇടനാടന്‍ ചെങ്കല്‍കുന്നുകളിലെ പ്രകൃതിദത്ത കുളങ്ങളായ പള്ളങ്ങളാണ്  ഡോക്യുമെന്ററിയുടെ വിഷയം. കാസര്‍കോഡ് ജില്ലയിലെ ചീമേനി പോത്താങ്കണ്ടം അരിയിട്ട പാറയിലും പരിസരങ്ങളിലുമുള്ള പള്ളങ്ങളിൽ നാലര വർഷത്തോളം സമയമെടുത്താണ് 

ഡോക്യുമെന്ററി ചിത്രീകരിച്ചതെന്ന് ജയേഷ്  പറയുന്നു. നോഹയുടെ പെട്ടകം പോലെ അനേകായിരം ജീവനുകൾക്ക് അഭയമാകുന്ന പള്ളത്തിലെ കാഴ്ചകൾ അവിസ്മരണീയമായ ഫ്രെയിമുകളിലാണ് ജയേഷ് ഒരുക്കിയിരിക്കുന്നത്.കേരളത്തിന്റെ വടക്കേയറ്റത്തുള്ള കാസർകോഡ് ജില്ലയെ 2018ലെ മഹാപ്രളയം മൂലമുണ്ടായ ജൈവവൈവിധ്യ നഷ്ടത്തെ മറികടക്കാൻ പള്ളങ്ങൾ എന്ന ജീവാഭയങ്ങൾ എങ്ങനെ സഹായിച്ചു എന്നതും 2019 -ൽ പൂർത്തിയാക്കിയ 30 മിനിട്ട് ദൈർഘ്യമുള്ള ഡോക്യുമെന്റി  ചർച്ച ചെയ്യുന്നു .

എന്താണ് പള്ളങ്ങൾ?

pallom-an-ark-of-life3

വടക്കൻ കേരളത്തിലെ ഇടനാടൻ ചെങ്കൽകുന്നുകളിലെ സവിശേഷമായ ജലആവാസവ്യവസ്ഥയാണ് പള്ളം. മഴനീരൊഴുക്കില്‍ മണ്ണിന്റെ ജൈവാംശവും ക്ഷാരാംശവും ഒഴുകിപ്പോവുകയും ഇരുമ്പിന്റെയും, അലുമിനിയത്തിന്റെയും ഓക്‌സൈഡുകള്‍  അവക്ഷിപ്തപ്പെടുകയും ചെയ്യുന്നതാണ് ചെങ്കല്‍വല്‍ക്കരണം.  മരുഭൂമിക്ക് സമാനമായ ഈ സ്ഥലരാശിയിൽ ജീവന്റെ തുടിപ്പുകൾ നിലനിർത്തുന്നത് പള്ളങ്ങളാണ്. ആയിരക്കണക്കിന് ജീവജാതികളുടെ സ്വാഭാവിക അഭയകേന്ദ്രമാണിത്. സമീപ ഗ്രാമങ്ങളുടെ ജലസ്രോതസ്സുകൾ കൂടിയായ ഇവ ഇടനാടന്‍ കുന്നുകളുടെ വെള്ളക്കിണ്ണങ്ങളാണ്.

പ്രളയത്തില്‍  പോലും ഒലിച്ചുപോകാതെ ഭൂമിയെ പിടിച്ചു നിര്‍ത്തിയ കാലം വളര്‍ത്തിയ ഹരിതഹസ്തങ്ങളായി ഇവ കണക്കാക്കപ്പെടുന്നു.ആണ്ടില്‍ 3500mm ലും കൂടുതല്‍  മഴ ലഭിക്കുന്ന വടക്കന്‍ കേരളത്തിലെ മഴപ്പെയ്ത്തിനെ ശേഖരിച്ചുവയ്ക്കുന്ന പാറക്കുളങ്ങളാണ് പള്ളങ്ങള്‍. പളളങ്ങളോട് ചേര്‍ന്ന പുല്‍മേടുകൾ കന്നുകാലികളുടെ മേച്ചിൽപുറങ്ങളാകുന്നു. കാവുകളും, കാനങ്ങളും ഇവയ്ക്ക് കാവല്‍ക്കാടുകളാകുന്നു.  വിശ്വാസപൂര്‍വം സംരക്ഷിക്കപ്പെട്ട വനത്തുരുത്തുകളാണ് കാവുകള്‍. കാനങ്ങളാകട്ടെ നീരൊഴുക്കുള്ള ചെറുകാടുകളും. കേരളത്തിലെ ഏറ്റവും വലിയ വിശുദ്ധവനമായ കമ്മാടം കാവടക്കം അഞ്ഞൂറോളം ഇടനാടന്‍ കാവുകളാണ് കാസര്‍കോഡ് മാത്രമുള്ളത്.ചെങ്കല്‍ കുന്നുകളെന്ന ഈ ജലസ്തംഭം വടക്കന്‍ കേരളത്തിലെ 14 പുഴകളുടെ ഉത്ഭവസ്ഥലിയും ജീവദായനിയുമാണ്. 

പകര്‍ത്തിയാല്‍ തീരാത്ത ജീവിതങ്ങള്‍

മഴയെത്തുന്നതോടെ  തിത്തിരിപ്പക്ഷികളുടെയും കുളക്കോഴികളുടെയും മയിലുകളുടെയും പ്രണയാഘോഷങ്ങള്‍  നിറഞ്ഞ പാറപ്പള്ളങ്ങളുടെ രാത്രികളെ  പോക്കാച്ചിത്തവളകളും ചൊറിത്തവളകളും മുഖരിതമാക്കുന്നു.  ഒപ്പം പാറപ്പഴുതുകള്‍ വിട്ട് അപൂര്‍വമായി മാത്രം പുറത്തുവരുന്ന ഇന്ത്യന്‍ ബറോയിങ്  സംഗീത മേളയ്ക്ക് കൊഴുപ്പേകും. പള്ളത്തില്‍ തവളകള്‍ നിക്ഷേപിക്കുന്ന മുട്ടകള്‍ വിരിഞ്ഞ് ലക്ഷക്കണക്കിന് വാല്‍മാക്രിക്കുഞ്ഞുങ്ങള്‍ കൂട്ടംച്ചേര്‍ന്ന് നീങ്ങുന്നു. തവളകളായി പരിണമിക്കുന്നതിനു  മുന്‍പേ ഇവയില്‍ മിക്കവയും മത്സ്യങ്ങള്‍ക്കും പക്ഷികള്‍ക്കും പെരുംതവളകള്‍ക്കും ആഹാരമായിത്തീരുന്നു.

പള്ളങ്ങള്‍ നിറഞ്ഞ്  തോടുകളായി പുറത്തേക്കൊഴുകുമ്പോള്‍  വയലുകളില്‍ നിന്നും പുഴകളില്‍ നിന്നും മീനുകള്‍ പ്രജനനത്തിനായി എത്തുന്നു. ഊത്തകയറ്റം എന്നാണ് ഇതറിയപ്പെടുന്നത്. നെടുംച്ചൂരികളും, കല്ലേമുട്ടികളും  പാറപ്പള്ളങ്ങളില്‍  സാധാരണമാകുന്ന കാലമാണിത്.  കാവും കാനവും  ഊത്തമീനുകള്‍ക്ക് ഈറ്റില്ലമൊരുക്കുന്നു. പാറപ്പള്ളത്തിന്റെ ഓരത്തു വളരുന്ന കാട്ടുചെടികള്‍ക്കിയില്‍ ചണ്ടിയും, കരിയിലയുംകൊണ്ട്  കൂട് നിര്‍മ്മിച്ച് മുട്ടയിട്ടിരിക്കുകയാണ്. മുങ്ങാം കോഴിയുടെ ജലക്രീഡാ സാമര്‍ത്ഥ്യം ജയേഷിന്റെ ക്യാമറ ഒപ്പിയെടുക്കുന്നു. ശത്രുഭയമുണ്ടായാല്‍ മുങ്ങാംകോഴികള്‍ നിമിഷാര്‍ദ്ധം കൊണ്ട് തങ്ങളുടെ മുട്ടകൾ ചണ്ടി പുതപ്പിക്കുന്ന മുങ്ങാം കോഴിയുടെ ദൃശ്യങ്ങൾ രസകരമാണ്.

pallom-an-ark-of-life2

കാട്ടുപക്ഷികളായി  കരുതിവരുന്ന നൂറിലേറെ ഇനങ്ങള്‍ കാവുകളിലും  കാനങ്ങളിലും  കൂടുകൂട്ടി മുട്ടയിടുന്നുണ്ട്. അരിയിട്ടപാറ കാനത്തിലെ ചെറുമരത്തില്‍ വെണ്‍നീലിപാറ്റപിടിയന്മാർ  മരത്തൊലിയും പായലും കൊണ്ട് കൂടൊരുക്കുന്നതു കാണാം.

രാത്രിഞ്ചരനായ ഒരു കുട്ടിത്തേവാങ്ക്  പതിവില്ലാതെ പകല്‍ സവാരിക്കിറങ്ങിയതും കൗതുകക്കാഴ്ചയാകുന്നു. നീര്‍മുറികള്‍ക്കും പൂമ്പാറ്റച്ചെടികള്‍ക്കും ഇടയിലൂടെ വര്‍ണ്ണപരപ്പനും, കടുവാ ശലഭവും, ഗരുഡശലഭവും  തേൻ കുടിക്കുന്നു. ഇടനാടന്‍ കുന്നുകളുടെ കിഴക്കനതിരുകളിലൂടെ ശലഭങ്ങളുടെ  ഒരു ദേശാടനപാതയുണ്ട്. പുഴത്തടങ്ങളില്‍  മണലുണ്ടുകൊണ്ട് ആയിരക്കണക്കിന് ശലഭങ്ങള്‍ ഇവിടെ  നിരന്നിരിക്കുന്ന കാഴ്ചയും വിസ്മയമാണ്. പുല്‍പ്പൊന്തകള്‍ക്കു മേലെ ഒളിഞ്ഞിരിക്കുന്ന പൂതപ്പാനിയെന്ന  കാട്ടുകടന്നലും, പുല്‍ത്തുണ്ടും  ഇലഞെട്ടും സ്വന്തം ദേഹത്തൊട്ടിച്ചുണ്ടാക്കിയ പുറംചട്ടക്കുള്ളില്‍ സുരക്ഷിതനായ ക്ലാഡിസ് പ്രാണിയുടെ ലാര്‍വയും കാഴ്ചകളുടെ വിരുന്നിലുണ്ട്.

ചെങ്കല്‍പ്പാറകളില്‍ കാണുന്ന  പാണ്ടന്‍ ഓന്തുകള്‍ പശ്ചിമഘട്ടത്തിലെ തനത് ഉരഗജീവികളാണ്.  ആമയും, മുയലും, ഓന്തും, പറയോന്തും, മാനും, മയിലും ഉടുമ്പുമൊക്കെ അടങ്ങുന്ന വലിയൊരു ജീവലോകം പള്ളവും കാനവും പുല്‍മേടുകളും പാറക്കെട്ടുകളും നിറഞ്ഞ ഉള്‍നാടന്‍  ചെങ്കല്‍ക്കുന്നുകളില്‍  അവയുടെ ഇരതേടല്‍ യാത്ര നടത്തുന്ന ദൃശ്യങ്ങൾ അതീവ ക്ഷമയോടെ ജയേഷ് പകർത്തിയിട്ടുണ്ട്. നാഷണൽ ജ്യോഗ്രഫിക്, ഡിസ്കവറി ചാനലുകളിൽ കാണാറുള്ള ദൃശ്യങ്ങളോട് കിടപിടിക്കുന്ന ഫ്രെയിമുകൾ ഒരുക്കാൻ സംവിധായകൻ ചെലവഴിച്ചത് വർഷങ്ങളുടെ പരിശ്രമമാണ്.

 പള്ളത്തിലെ ഋതുഭേദങ്ങൾ

 ഇടവപ്പാതിയില്‍   വരണ്ട പാറക്കെട്ടുകളിലേക്ക്    മഴ പെയ്തിറങ്ങുമ്പോൾ തളിർക്കുകയും വേനൽക്കാലത്ത്  വറ്റിപ്പോകുന്നതുവരെ  പള്ളത്തില്‍ ജീവന്റെ തുടിപ്പുകൾ പല രൂപങ്ങളിൽ കാണാം. കാര്‍മേഘങ്ങള്‍ മഴയായി പെയ്യുന്ന ദൃശ്യത്തോടെയാണ്  ഡോക്യുമെന്ററി തുടങ്ങുന്നത്. വേനലില്‍ വരണ്ടും മഴയില്‍ തളിര്‍ത്തു പൂത്തും  മഞ്ഞുകാലത്തിന്റെ  ആര്‍ദ്രതയില്‍  പുല്‍പ്പൂക്കളെ അണിഞ്ഞും പള്ളം ജീവത നൈരന്തര്യം തുടരുന്നു.  ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസം പള്ളത്തിൽ പാറകള്‍ പൂക്കുന്ന പൊന്നോണക്കാലം. കാക്കപ്പൂവുകൾ തീർക്കുന്ന ന്ന നീലവസന്തത്തിന്റെ പശ്ചാത്തലത്തിൽ ഇര തേടി നടക്കുന്ന ചൂളന്‍ എരണ്ടകളെ കാണാം. മഞ്ഞുകാലം പുല്‍പൂക്കളുടെ കാലമാണ് . ചെങ്കല്‍പ്പാറകളിലെ രണ്ടാം വസന്തം.  അരിപ്പുല്ലുകളും ക്ലാരിപ്പുല്ലുകളും, നെയ്പ്പുല്ലും നിരവധി തനതു പുല്ലിനങ്ങളും ചുള്ളിപ്രാണികളും (stick insects) തേനീച്ചകളും, കടന്നലുകളും, തൊഴുകൈയ്യന്‍ പ്രാണികളും സജീവമാകുന്നു. മഞ്ഞുകാലത്ത് നിരവധി ദേശാടനപ്പക്ഷികള്‍ പാറയും പള്ളവും തേടിയെത്തുന്നതു കാണാം. പള്ളം ചുരുങ്ങിച്ചുരുങ്ങി കിണര്‍വട്ടമാകുമ്പോഴേക്കും പക്ഷികള്‍ മാത്രമല്ല സമീപസ്ഥങ്ങളായ  സകല ജീവികളും, ഇരയ്ക്കും  ജീവജലത്തിനുമായി  ഇവിടെയെത്തുന്നു. 

പള്ളങ്ങൾ നമ്മോട് പറയുന്നത്

jayesh

പള്ളക്കുളത്തിലെ ഓരോ ദൃശ്യവും പരിസ്ഥിതിയേക്കുറിച്ചാണ് നമ്മോട് സംസാരിക്കുന്നത്.  2016 നവംബര്‍ ഒന്നിലെ കേരളപ്പിറവി ദിനത്തിൽ സംസ്ഥാനമൊട്ടാകെ വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടത് നമ്മൾ ഓർക്കണം. കാലവര്‍ഷപ്പെയ്ത്തില്‍ 34 ശതമാനം  ആ വര്‍ഷം കുറവുണ്ടായിരുന്നു തുലാമഴയാകട്ടെ   ആ വർഷം തീരെ പെയ്തതുമില്ല. പിന്നെ രണ്ടുവര്‍ഷത്തിനു ശേഷം നൂറ്റാണ്ടിന്റെ പ്രളയം നമ്മെ തേടിയെത്തി. 2018-ലെ ഡിസംബര്‍ കൂടുതല്‍ തണുത്തുറഞ്ഞ രാത്രികള്‍ നമുക്ക് സമ്മാനിച്ചു. 2 ഡിഗ്രി സെന്റിഗ്രേഡ് താപനില കുറഞ്ഞ മഞ്ഞുകാലമായിരുന്നു അത്. രാവും പകലും തമ്മിലുള്ള  താപവ്യത്യാസം  കൂടിക്കൂടി വരുന്നത്  മരുഭൂമിയുടെ ലക്ഷണമാണെന്ന് നമ്മൾ  മനസ്സിലാക്കാതെ പോകുന്നുണ്ടോ. കഴുത്തിൽ പ്ലാസ്റ്റിക് കപ്പ് കുടുങ്ങി നിസഹായനായ കാക്കയുടെയും  പ്ലാസ്റ്റിക് കടലാസും  കൂടുണ്ടാക്കാൻ ഉപയോഗിക്കുന്ന മുങ്ങാം കോഴിയുടെയും ദൃശ്യങ്ങൾ ഏറെ വാചാലമാണ്.

ക്യാമറയും സംവിധാനവും ജയേഷ് പാടിച്ചാൽ കൈകാര്യം ചെയ്ത ഡോക്യുമെന്ററിയുടെ സ്ക്രിപ്റ്റ് തയ്യാറാക്കിയത് പ്രശസ്ത പരിസ്ഥിതി ഗവേഷകനായ ഡോ. ഇ. ഉണ്ണികൃഷ്ണനാണ്.2019 ല്‍ ലോഹിതദാസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച രണ്ടാമത്തെ ഡോക്യുമെന്ററി, മികച്ച സംവിധായകന്‍ എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ  പിആര്‍ഡി പുരസ്‌കാരം, കൗണ്‍സില്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി  പുരസ്‌കാരം  തുടങ്ങി 15 ല്‍ പരം  അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ഡോക്യുമെന്ററി റൂട്ട്സ് വീഡിയോ ( rootsvideo.com ) എന്ന ഒ.ടി.ടി പ്ലാറ്റ്ഫോമിൽ കാണാം. 

drsabingeorge10@gmail.com

English Summary: Pallom an ark of Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com