ADVERTISEMENT

2021 ജനുവരി 1ന് ക്രൊയേഷ്യയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ വളരെ വിചിത്രമായ ഒരു ഭൗമ പ്രതിഭാസം രൂപപ്പെട്ടു. ഏറെക്കുറെ അളന്ന് വരച്ച ഒരു വൃത്തം പോലെ ഒരു ഗര്‍ത്തം. 30 മീറ്ററോളം ചുറ്റളവും 15 മീറ്ററോളം ആഴവുമുള്ള ഒരു ഗര്‍ത്തം. ക്രൊയേഷ്യയുടെ തലസ്ഥാനമായ സാഗ്രബില്‍ നിന്ന് ഏതാണ്ട് 40 കിലോമീറ്റര്‍ അകലെയുളള മസെന്‍കാനി എന്ന ഗ്രാമത്തിലാണ് ഈ ഗര്‍ത്തം രൂപപ്പെട്ടത്. ഈ ഗര്‍ത്തം കണ്ട് അദ്ഭുതപ്പെട്ടെങ്കിലും, പിന്നീട് സംഭവിക്കാനിരിക്കുന്ന ഗര്‍ത്തങ്ങളുടെ ഒരു പരമ്പരയുടെ തുടക്കം മാത്രമാണ് അതെന്ന് പിന്നീടാണ് മനസ്സിലായത്.

ഗര്‍ത്തങ്ങളുടെ പരമ്പര

തുടര്‍ന്നുള്ള ആഴ്ചകളില്‍ വിവിധ മേഖലകളില്‍ സമാനമായ ഗര്‍ത്തങ്ങള്‍ രൂപപ്പെടാന്‍ തുടങ്ങി. മസെന്‍കാനിക്ക് പുറമെ ബോറെവെഞ്ചി എന്ന സമീപ ഗ്രാമത്തിലേക്ക് കൂടി ഈ ഗര്‍ത്തങ്ങള്‍ വ്യാപിച്ചു. ജനുവരി അവസാനമായപ്പോഴേക്കും ഈ രണ്ട് ഗ്രാമങ്ങളിലുമായി ഏതാണ്ട് 54 ഗര്‍ത്തങ്ങള്‍ അഥവാ സിങ്ക് ഹോളുകളാണ് രൂപപ്പെട്ടത്. പല വലുപ്പത്തില്‍ പല ആഴത്തിലായിരുന്നു ഈ ഗര്‍ത്തങ്ങളെല്ലാം കാണപ്പെട്ടതെന്ന് ഈ സംഭവത്തെക്കുറിച്ച് പഠനം നടത്തിയ ക്രൊയേഷ്യന്‍ ജിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിശദീകരിച്ചു.

എന്നാല്‍ ജനുവരി കൊണ്ടും ഈ ഗര്‍ത്തങ്ങളുടെ പരമ്പര അവസാനിച്ചില്ല. ഏറ്റവും ഒടുവില്‍ രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഏതാണ്ട് നൂറിലധികം സിങ്ക് ഹോളുകള്‍ ഇതിനകം ക്രൊയേഷ്യയില്‍ രൂപപ്പെട്ടിട്ടുണ്ട്. എല്ലാത്തിന്‍റെയും വിസ്തൃതി ഏതാണ്ട് 10 അടിക്ക് മുകളിലാണ്. പാടങ്ങള്‍ക്ക് നടുവിലും, ഒറ്റപ്പെട്ട മേഖലകളിലും വീടുകള്‍ക്ക് തൊട്ടരികിലും വരെ ഈ ഗര്‍ത്തങ്ങള്‍ ഇതിനകം രൂപപ്പെട്ടിട്ടുണ്ട്. വളരെ ചുരുക്കം ചില ഗര്‍ത്തങ്ങള്‍ മൂലം ചില കെട്ടിടങ്ങളുടെയെങ്കിലും അടിത്തറ ദുര്‍ബലമാവുകയും ഭിത്തിയില്‍ വിള്ളല്‍ വീഴുകയും ചെയ്തിട്ടുണ്ട്. 

പ്രദേശവാസികളുടെ ആശങ്ക

ഗവേഷകര്‍ക്ക് ഇത് കൗതുകകരവും ഗവേഷണ വിഷയവുമാണെങ്കിലും സാധാരണക്കാരില്‍ ഈ ഗര്‍ത്തങ്ങള്‍ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. പ്രദേശവാസികളെല്ലാം തന്നെ ഇത്തരം ഗര്‍ത്തങ്ങള്‍ തുടര്‍ന്ന് ഉണ്ടാകുന്നതില്‍ ഇപ്പോള്‍ ഭയപ്പെടുന്നുണ്ട്. ചുറ്റും ഇത്തരം ഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നതിലൂടെ എന്നാണ് ഇവ ഞങ്ങളെ വിഴുങ്ങുന്നതെന്ന ആശങ്കയുണ്ടെന്ന് പലരും തുറന്ന് പറയുന്നു. നാട് വിട്ട് താമസം മാറി പോകുന്നതിനേക്കുറിച്ച് പലരും ഇപ്പോള്‍ ആലോചിച്ചു തുടങ്ങിയിട്ടുണ്ട്. ഏത് നിമിഷവും ഗര്‍ത്തങ്ങള്‍ രൂപപ്പെടാമെന്ന അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും, പലതില്‍ നിന്നു ഉറവകള്‍ പോലും പുറത്തേക്ക് വരുന്നുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 

കൃത്യമായ വിശദീകരണം നല്‍കാനായില്ലെങ്കിലും, ഗവേഷകര്‍ക്ക് ഈ സിങ്ക് ഹോളുകള്‍ രൂപപ്പെടുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് നേരിയ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഡിസംബര്‍  2020 ല്‍ മധ്യ ക്രൊയേഷ്യയില്‍ റിക്ടര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഒരു ഭൂചലനം ഉണ്ടായിരുന്നു. ഈ ഭൂചലനത്തില്‍ 7 പേര്‍ മരണപ്പെടുകയും, 26 ഓളം പേര്‍ക്ക് പരുക്കുകള്‍ പറ്റുകയും ചെയ്തു. ഈ ഭൂചലനത്തിന്‍റെ പ്രകമ്പനങ്ങള്‍ ക്രൊയേഷ്യയിലുടെ നീളവും സമീപ രാജ്യങ്ങളായ ബൊസ്നിയ, സെര്‍ബിയ എന്നിവിടങ്ങളിലും അനുഭവപ്പെട്ടിരുന്നു. 

ഭൂഗര്‍ഭ ഗുഹകളും ഗര്‍ത്തങ്ങളും

അതേസമയം സിങ്ക് ഹോളുകള്‍ എന്നത് ഭൂചലനം കൊണ്ട് മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസമല്ല. ക്രൊയേഷ്യയുടെ ഭൗമാന്തര്‍ഭാഗത്തുള്ള ചില സവിശേഷതകളും ഈ സിങ്ക് ഹോളുകളുടെ രൂപപ്പെടലിന് കാരണമാണ്. ഒട്ടനവധി ഭൗമാന്തര്‍ ഗുഹകളാൽ സമ്പന്നമാണ് ക്രൊയേഷ്യയുടെ ഭൂമേഖല. ഡൈനാറിക് കാര്‍സ്റ്റ് എന്നാണ് ഈ ഭൗമസവിശേഷത അറിയപ്പെടുന്നത്. ഏതാണ്ട് 1000 മീറ്ററിലധികം ആഴമുള്ള 3 ഗുഹകളുള്‍പ്പടെ വലുതും ചെറുതുമായ ഒട്ടേറെ ഗുഹകള്‍ ഈ ഭൂഗര്‍ഭ ഗുഹാ ശൃംഖലയുടെ ഭാഗമാണ്. മില്യണ്‍ കണക്കിന് വര്‍ഷങ്ങള്‍കൊണ്ട് വെള്ളം ഒഴുകി  ദ്രവിച്ച ചുണ്ണാമ്പുകല്ലുകളാണ് ഈ ഗുഹകളായി രൂപപ്പെട്ടത്. ഇത്തരം പല ഗുഹാഗര്‍ത്തങ്ങള്‍ക്കും മുകളില്‍ മണ്ണിന്‍റെ ഏതാനും അടി കട്ടിയുള്ള പാളി മാത്രമാകും പലപ്പോഴുമുണ്ടാകുക. ഭൂചലന സമയത്തുണ്ടായ പ്രകടനങ്ങള്‍ ഈ ഭൂഗര്‍ഭ ഗുഹാമേഖലയെ ആകെ ഉലച്ചിട്ടുണ്ടാകാമെന്നും, ഇത് മണ്ണിന്‍റെ പാളികളെ ദുര്‍ബലമാക്കിയിട്ടുണ്ടാകുമെന്നും ഗവേഷകര്‍ കണക്കു കൂട്ടുന്നു. 

ഭൂചലനം പെട്ടെന്നുണ്ടായ പ്രകോപനമായി കണക്കാക്കാമെന്നാണ് ക്രൊയേഷ്യന്‍ ജിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിശദീകരിക്കുന്നത്. ഭൂചലനം ഉണ്ടായില്ലെങ്കിലും എന്നെങ്കിലും ഒരിക്കല്‍ ഇത്തരം ഗര്‍ത്തങ്ങളെല്ലാം ഒന്നൊന്നായി രൂപപ്പെടാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു. എന്നാല്‍ ഭൂചലനമുണ്ടായതോടെ ഈ ഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നതിന്‍റെ വേഗത വർധിക്കുകയും ഇടവേള വലിയ തോതില്‍ കുറയുകയും ചെയ്തുവെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

English Summary: 100 Giant Sinkholes Popped Up In Two Croatian Villages In Just One Month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com