ADVERTISEMENT

കൊതുകുകൾ പൊതുവേ മനുഷ്യനുണ്ടാക്കുന്ന ശല്യം ചിലറയല്ല. എന്നാൽ റഷ്യയുടെ കിഴക്കൻ തീരപ്രദേശത്തുള്ള അസ്റ്റ് കാംചാറ്റ്സ്ക് എന്ന ഗ്രാമത്തിലുള്ളവരെ പോലെ കൊതുകുകളെ കൊണ്ട് പൊറുതിമുട്ടിയവരും വേറെ ഉണ്ടാവില്ല. വമ്പൻ ചുഴലിക്കാറ്റ് പോലെ കോടാനുകോടി കണക്കിന് കൊതുകുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഗ്രാമത്തിലുടനീളം വട്ടമിട്ടു പറന്നുയർന്നത്.

തീരദേശത്ത് വലിയ തൂണുകളുടെ ആകൃതിയിൽ കൊതുകു ടൊർണാഡോകൾ രൂപപ്പെട്ടതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പൊടിപടലങ്ങൾക്കൊപ്പം കോടിക്കണക്കിന്  കൊതുകുകൾ കൂട്ടമായി തറയിൽ നിന്നും  ഉയർന്നു പറന്നതോടെ   പ്രദേശത്ത് സൂര്യപ്രകാശം പോലും  കടന്നെത്താത്ത സ്ഥിതിയായി. പ്രധാന നിരത്തുകളിലും കൊതുകു ടൊർണാഡോകൾ രൂപപ്പെട്ടിരുന്നു. ഇതേതുടർന്ന്  വാഹനം മുന്നോട്ടെടുക്കാൻ പോലുമാവാതെ യാത്രക്കാരും പ്രശ്നത്തിലായി. 

തുടക്കത്തിൽ ചുഴലികാറ്റുകൾ രൂപപ്പെടുകയാണെന്നാണ് ഗ്രാമവാസികളും കരുതിയത്. എന്നാൽ  പിന്നീടാണ് ഇവ കൊതുകുകളുടെ കൂട്ടമാണെന്ന് തിരിച്ചറിഞ്ഞത്.  നോക്കുന്നിടത്തെല്ലാം കൊതുകുകൾ ഇരച്ചെത്തുന്ന കാഴ്ച .  ഗ്രാമവാസികളിൽ പലരും ഇതുമൂലം പുറത്തേക്കിറങ്ങാൻ പോലും ഭയപ്പെടുന്ന അവസ്ഥയായിരുന്നു. 

അതേസമയം കൊതുകു ടൊർണാഡോകൾ കണ്ടു ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കൊതുകുകൾ  ഇണചേരുന്ന  പ്രക്രിയയാണിത്. പെൺ കൊതുകുകളുമായി ഇണചേരാൻ ആൺ കൊതുകുകളാണ് ഇത്തരത്തിൽ കൂട്ടമായി വട്ടമിട്ടു പറക്കുന്നതെന്ന് എന്റോമോളജിസ്റ്റായ ല്യുഡ്മില ലോബ്കോവ വിശദീകരിച്ചു. ഇവ മനുഷ്യനെ ആക്രമിക്കാൻ മുതിരാറില്ല. 

കൊതുകുകൾ കൂട്ടമായിയെത്തുന്നത് ഈ പ്രദേശത്ത്  പതിവാണെങ്കിലും ഇത്ര വലിയ പ്രതിഭാസം ഇതാദ്യമാണ്. കൊതുക് നാശിനികളൊന്നും  ഈ വമ്പൻ കൂട്ടത്തെ തുരത്താൻ ഫലപ്രദമാകാറുമില്ല. കഴിഞ്ഞ വർഷം അമേരിക്കയിലെ ലൂസിയാനയിലും  സമാനമായ സംഭവം അരങ്ങേറിയിരുന്നു. കൊതുകുകൾ കൂട്ടമായി പൊതിഞ്ഞ് രക്തം വലിച്ചെടുത്തതോടെ നാനൂറോളം കന്നുകാലികളാണ്  അന്ന് ലൂസിയാനയിൽ ചത്തു വീണത്.

English Summary: Horrifying moment mosquito ‘tornadoes’ block out the sun in Russia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com