നിരവധി പേരുടെ മരണത്തിനിടയാക്കി ചൈനയിൽ പ്രളയം അതിരൂക്ഷമാകുന്നതോടൊപ്പം അണക്കെട്ട് ഉൾപ്പെടെ ജലസേചന സംവിധാനങ്ങൾ പൊട്ടിത്തകർച്ചയുടെ ഭീഷണിയിൽ. ഇന്നർ മംഗോളിയ മേഖലയിലെ ഹുലുൻബുയിറിലുള്ള രണ്ട് ഡാമുകൾ പൊട്ടിത്തകർന്നു. വെള്ളവും മണ്ണും ചേർന്നുള്ള മിശ്രിതം പുറത്തേക്ക് ഒഴുകുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ വൈറലാണ്. 1.6 ട്രില്യൻ ക്യുബിക് അടി ജലശേഖരണ ശേഷിയുള്ള ഡാമുകളാണ് ഇവ. ഇതു മൂലം ആർക്കും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കനത്ത മഴ തുടരുകയാണ്. രാജ്യത്തെ 14 നദികളിൽ ജലനിരപ്പ് ഉയർന്ന് പ്രളയാവസ്ഥയിലാണെന്നാണു റിപ്പോർട്ടുകൾ.
ലോകത്തിലെ ഏറ്റവും വലിയ ഐഫോൺ നിർമാണ ഫാക്ടറി നിലനിൽക്കുന്നതിനാൽ ഐഫോൺ പട്ടണമെന്നു പേരുള്ള ഷെങ്സു നഗരത്തിലാണ് ഏറ്റവും വലിയ പ്രതിസന്ധി ഉടലെടുത്തത്. ഇവിടെ 12 പേർ മരിച്ചു. റോഡുകളും തെരുവുകളും മെട്രോ റെയിൽ ലൈനുകളുമൊക്കെ വെള്ളത്തിനടിയിലാണ്. ഷെങ്സുവിനു സമീപം സ്ഥിതി ചെയ്യുന്ന ചൈനീസ് ആയോധനവിദ്യകളുടെ വിശ്വപ്രസിദ്ധ കേന്ദ്രമായ ഷാവോലിൻ ടെംപിളിനും വെള്ളപ്പൊക്കത്തിൽ കേടുപാടുകൾ നേരിട്ടു.
ചൈനയുടെ സാംസ്കാരിക മേഖലയായ ഹെനാൻ പ്രവിശ്യയുടെ തലസ്ഥാനമാണു ഷെങ്സു. ഇവിടെ വെള്ളപ്പൊക്കം വർധിച്ചതോടെ സമീപത്തുള്ള ലോയാങ് എന്ന സ്ഥലത്തെ ഡാം ചൈനീസ് സേന വെള്ളം വഴിതിരിച്ചുവിടാനായി തകർത്തു.
ഒരു ലക്ഷത്തിലധികം ആളുകളെ പ്രദേശത്തു നിന്ന് ഒഴിപ്പിക്കുകയും ചെയ്തു.ഹെനാനിൽ ലക്ഷക്കണക്കിന് ആളുകൾ താമസിക്കുന്നുണ്ട്. ട്രെയിനുകളിലും വീടുകളിലും കുടുങ്ങിയ ആളുകൾ രക്ഷയ്ക്കായി നിലവിളിക്കുന്നതിന്റെയും തെരുവുകളിലൂടെ ഒലിച്ചെത്തുന്ന വെള്ളം ആളുകളെ ഒഴുക്കിക്കൊണ്ടുപോകുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇവിടെയുള്ള ഡെങ്ഫെങ് അലുമിനിയം അലോയ് നിർമാണ പ്ലാന്റിനുള്ളിലേക്കു കുതിച്ചെത്തിയ വെള്ളം അലോയ് ടാങ്കിനുള്ളിലേക്കു കയറിയതിനാൽ പ്ലാന്റിൽ വലിയ പൊട്ടിത്തെറി നടന്നതും ആശങ്കയ്ക്കിടയാക്കി. ചരിത്രകാലം മുതൽ തന്നെ വെള്ളപ്പൊക്കങ്ങൾ വേനൽക്കാലത്തിനു ശേഷം ചൈനയിൽ ഉണ്ടാകാറുണ്ട്. എന്നാൽ കഴിഞ്ഞ രണ്ടു ദശകങ്ങളായി പൊടുന്നനെ കുതിച്ചുയർന്ന വ്യവസായ വത്കരണ തോതും വനഭൂമി കൃഷിയിടമാക്കി മാറ്റുന്ന പ്രവണതയും ഇതിന്റെ ആക്കം കൂട്ടുന്നു. ചൈനയിൽ ആറു പതിറ്റാണ്ടിനിടെ പെയ്ത ഏറ്റവും ഉയർന്ന തോതിലുള്ള മഴയാണ് ഇപ്പോൾ പെയ്തുകൊണ്ടിരിക്കുന്നതെന്നു ചൈനീസ് അധികൃതർ പറയുന്നു. 30 കോടി യുഎസ് ഡോളർ പ്രളയദുരിതാശ്വാസമായി ഹെനാൻ തദ്ദേശീയ ഭരണകൂടത്തിനു നൽകാൻ രാജ്യത്തെ വ്യവസായികളുടെ കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്.
English Summary: ‘Extraordinary Rainfall’ Drops Year’s Worth In Just 3 Days On China’s IPhone City