മഞ്ഞുകട്ടയ്ക്കു തീ പിടിച്ചപ്പോൾ, ഒരു വർഷത്തെ മഴ ഒരു ദിവസം പെയ്തപ്പോൾ!

HIGHLIGHTS
  • ലോകത്തെ ഭയപ്പെടുത്തി അതിവർഷവും കാട്ടുതീയും
  • ആഗോളതാപനം വീട്ടുമുറ്റത്തെത്തി, ഇനിയും വൈകിയാൽ സർവനാശം
Extreme weather wreaks havoc worldwide as climate change bears down
ചൈനയിലെ ഹെനാൻ പ്രവിശ്യയിലുണ്ടായ പ്രളയത്തിന്റെ ദൃശ്യങ്ങൾ. ചിത്രം: റോയിട്ടേഴ്സ്
SHARE

ലോകത്തിലെ മഞ്ഞുമൂടിയ പ്രദേശമായ സൈബീരിയയിൽ നൂറ്റാണ്ടിലെ ഏറ്റവും വലിയ കാട്ടുതീ. ജർമനിയിൽ നൂറു വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രളയം. ചൈനയിൽ 1000 വർഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം. ബെൽജിയത്തിലും നെതർലൻഡ്സിലും ഓസ്ട്രിയയിലും അംഗോളയിലും ഒമാനിലും അതിവർഷവും മിന്നൽ പ്രളയവും. അമേരിക്കയിലും കാനഡയിലും കടുത്ത ചൂടും കാട്ടുതീയും. ഇന്ത്യയിൽ പലയിടങ്ങളിലും മേഘവിസ്ഫോടനങ്ങളും പ്രളയവും ചുഴലിക്കാറ്റും. കോവിഡ് മഹാമാരിയിൽ പകച്ചു നിൽക്കുന്ന ലോകത്തിന് കൂനിൽമേൽ കുരു പോലെയായിരിക്കുകയാണ് അതിദ്രുത കാലാവസ്ഥാ മാറ്റങ്ങൾ സൃഷ്ടിക്കുന്ന ദുരിതങ്ങൾ. ഫോസിൽ ഇന്ധനങ്ങളുടെ കടിഞ്ഞാണില്ലാത്ത ഉപയോഗവും അതുമൂലമുണ്ടാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ നിർഗമനവും മൂലം വലിയൊരു കാലാവസ്ഥാ ബോംബിനു മുകളിലാണു ലോകമിന്നിരിക്കുന്നത്. 

അപ്രതീക്ഷിത പ്രളയങ്ങളും കാട്ടുതീയും ചുഴലിക്കാറ്റും മറ്റും സൃഷ്ടിക്കുന്ന ജീവനാശം മുൻപെന്നേക്കാളുമധികം ലോകരാജ്യങ്ങളെ ഭീതിയുടെ മുൾമുനയിലാക്കുന്നു. കോവിഡ് തകർത്തെറിഞ്ഞ സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവനത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുമ്പോൾ തന്നെ സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങൾ നേരിടാനെന്തു ചെയ്യുമെന്ന ആശയക്കുഴപ്പത്തിലാണു ഭരണാധികാരികൾ. നൂറ്റാണ്ടുകളായി തുടർന്നുപോരുന്ന തെറ്റായ വികസന നയങ്ങൾ അപകടകരമായൊരു ആത്മഹത്യാ മുനമ്പിന്റെ വക്കിലാണു തങ്ങളെ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നതെന്നു ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. പക്ഷേ, സമയം വൈകിപ്പോയോ എന്ന സംശയം പ്രകടിപ്പിക്കുകയാണു കാലാവസ്ഥാ വിദഗ്ധരടങ്ങുന്ന ശാസ്ത്ര സമൂഹം. 

Extreme weather wreaks havoc worldwide as climate change bears down
ജർമനിയിലുണ്ടായ മിന്നൽപ്രളയത്തിന്റെ ദൃശ്യങ്ങൾ. ചിത്രം: എപി

എന്തു തന്നെയായാലും ലോകരാഷ്ട്രങ്ങൾ ഒരുമിച്ചു യുദ്ധസമാന തെറ്റുതിരുത്തൽ നടപടികൾ ഉടനെടുത്തില്ലെങ്കിൽ ലോകത്തിലെ വലിയൊരു ശതമാനം ജനങ്ങൾ വരും വർഷങ്ങളിൽ അവരുടെ നേതാക്കളുടെ ഭ്രാന്തൻ വികസനനയങ്ങൾ സൃഷ്ടിച്ച കാലാവസ്ഥാ അടിയന്തരാവസ്ഥയുടെ ഇരകളായി മാറി ഒടുങ്ങുമെന്നുറപ്പ്. കാനഡിലും അമേരിക്കയിലെ കലിഫോർണിയയിലും സംഹാരതാണ്ഡവമാടിയ കാട്ടുതീയിൽ നിന്നുയർന്ന പുക 4800 കിലോമീറ്റർ അകലെയുള്ള ന്യൂയോർക്ക് നഗരത്തിൽ വരെ ദൃശ്യമായി എന്നറിയുമ്പോൾ ആ കാലാവസ്ഥാ ദുരന്തത്തിന്റെ ഭീകരത വ്യക്തമാകും. അതുമാത്രമല്ല, ന്യൂയോർക്കിലെ വായു മലിനീകരണം കഴിഞ്ഞ 14 വർഷത്തെ ഏറ്റവും മോശം നിലയിലേക്കു പതിക്കാനും ആ പുക കാരണമാകുകയും ചെയ്തു. 

∙ജർമൻ പ്രളയം

Extreme weather wreaks havoc worldwide as climate change bears down
ജർമനിയിലുണ്ടായ മിന്നൽപ്രളയത്തിന്റെ ദൃശ്യങ്ങൾ. ചിത്രം: എപി

ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ ജി–7 അംഗരാജ്യവുമായ ജർമനിയുടെ ദുരന്ത നിവാരണ സജ്ജീകരണങ്ങളുടെ ശേഷിക്കു താങ്ങാനാകാത്ത തരത്തിലുള്ള പ്രളയമാണ് ഒരാഴ്ച മുൻപ് അവിടെയുണ്ടായത്. നൂറ്റൻപതിലേറെ ജീവൻ നഷ്ടമാകുകയും നൂറിലേറെപ്പേരെ കാണാതാകുകയും ചെയ്തു. കാണാതായവരെപ്പറ്റി ഇനിയും വിവരമൊന്നും ലഭിച്ചിട്ടില്ല. പല സ്ഥലത്തും ജനങ്ങൾ ഭരണകൂടത്തിനെതിരെ രംഗത്തു വന്നതു ജർമനിയിൽ അധികം കാണാത്ത കാഴ്ചയായിരുന്നു. ജർമനി പോലെ സുശക്തമായ സമ്പദ് വ്യവസ്ഥയുടെ പിന്തുണയുള്ള ഒരു വികസിത രാജ്യം പ്രകൃതിയുടെ അപ്രതീക്ഷിത താണ്ഡവത്തിനു മുൻപിൽ കുറച്ചു നാളത്തേക്കെങ്കിലും മരവിച്ചു നിൽക്കുന്ന കാഴ്ചയാണു ലോകം കണ്ടത്. 

∙സൈബീരിയൻ തീ

Extreme weather wreaks havoc worldwide as climate change bears down
കത്തിയെരിയുന്ന സൈബീരിയൻ കാടുകൾ. ചിത്രം: എപി.

ലോകത്തെ ഏറ്റവും തണുത്തുറഞ്ഞ മേഖലയായി കരുതപ്പെടുന്ന റഷ്യയിലെ സൈബീരിയയിൽ പടർന്നുപിടിച്ച കാട്ടുതീ ഇതുവരെയുള്ള കണക്കനുസരിച്ച് 25 ലക്ഷം ഹെക്ടർ സ്ഥലത്തെ വനമാണു ചാരമാക്കി മാറ്റിയത്. ഈ കൊടും തീയിൽ നിന്നുയർന്ന പുകപടലം റഷ്യയിലെ യാകുതിയ മേഖലയിലെ ജനജീവിതം നരകതുല്യമാക്കി മാറ്റി. ലോകത്തിലെ ഏറ്റവും തണുപ്പേറിയ നഗരമായ സൈബീരിയയിലെ യാകുട്സ്കിലെ ജനങ്ങളോടു വീടുകളിൽ നിന്നു പുറത്തിറങ്ങരുതെന്നും ജനാലകൾ തുറക്കരുതെന്നും ഭരണകൂടം ആവശ്യപ്പെട്ടു. അന്തരീക്ഷത്തിൽ പുക മൂടിയതിനാൽ പകലും തൊട്ടടുത്തുള്ള കാഴ്ച പോലും തടസ്സപ്പെട്ട നിലയിലാണ്. 150 വർഷത്തിനിടയിലെ ഏറ്റവും വരണ്ട വേനൽക്കാലമാണു മേഖലയിലെന്നു കാലാവസ്ഥാ വിദഗ്ധർ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മൂന്നു മാസമായി ഇവിടെ ഉഷ്ണക്കാറ്റും കാട്ടുതീയും ശമനമില്ലാതെ തുടരുകയാണ്. 

∙ചൈനീസ് പ്രളയം

Extreme weather wreaks havoc worldwide as climate change bears down
ചൈനയിലെ ഹെനാൻ പ്രവിശ്യയിലുണ്ടായ പ്രളയത്തിന്റെ ദൃശ്യങ്ങൾ. ചിത്രം: റോയിട്ടേഴ്സ്

1000 വർഷത്തിനിടെയുണ്ടായ ഏറ്റവും കനത്തമഴയാണു ചൈനയിലെ ഹെനാൻ പ്രവിശ്യയെ അപ്പാടെ മുക്കിയത്. നിലവിൽ 25 പേർ മരിച്ചതായാണു കണക്ക്. രക്ഷാപ്രവർത്തനത്തിനായി ഇറങ്ങിയ പട്ടാളം ഒന്നര ലക്ഷത്തിലേറെ പേരെ ഒഴിപ്പിച്ചു. 12 ലക്ഷത്തോളം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. 24 മണിക്കൂറിനുള്ളിൽ 45.75 സെന്റി മീറ്റർ മഴയാണവിടെ പെയ്തത്. അതായത് ആ പ്രദേശത്ത് ഒരു വർഷത്തിൽ ആകെ പെയ്യുന്ന മഴ വെറും 3 ദിവസത്തിനുള്ളിൽ പെയ്തിറങ്ങി. കനത്തമഴയിൽ ജലനിരപ്പുയർന്നതിനെത്തുടർന്ന് പന്ത്രണ്ടിലേറെ അണക്കെട്ടുകൾ അപകടഭീഷണിയിലായി. 

∙അപ്രവചനീയം

Extreme weather wreaks havoc worldwide as climate change bears down
സൈബീരിയൻ കാട്ടുതീയിൽ നിന്നുള്ള പുകയിൽ മുങ്ങിയ റഷ്യയിലെ ഏറ്റവും തണുപ്പേറിയ നഗരമായ യാകുട്സ്ക്. ചിതം: എപി.

എഴുപതുകൾ മുതൽ ഭൂമിയിൽ ചൂടു കൂടുന്നതുമായും അതുമായി ബന്ധപ്പെട്ടുള്ള കാലാസ്ഥാ മാറ്റങ്ങളെക്കുറിച്ചും ഏകദേശം പൂർണതയോടടുക്കുന്ന വിധത്തിൽ കാലാവസ്ഥാ ശാസ്ത്രജ്ഞർക്കു പ്രവചിക്കാൻ കഴിയുന്നുണ്ട്. കൂടുതൽ ശേഷിയുള്ള കംപ്യൂട്ടറുകളുടെ വരവോടെ ഈ പ്രവചനങ്ങൾ കൂടുതൽ സൂക്ഷ്മതയേറിയതായും മാറിയിട്ടുണ്ട്. എന്നാൽ സർവ പ്രവചനങ്ങളെയും തകർക്കുന്ന ശക്തിയിലാണു മഴയും കാറ്റും കാട്ടുതീയും ആഞ്ഞടിക്കുന്നതെന്നാണു ഈ കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങൾ തെളിയിക്കുന്നത്. നല്ല മഴ പെയ്യുമെന്നും സൂക്ഷിക്കണമെന്നും പ്രവചനമുണ്ടായേക്കാം. എന്നാൽ 1000 വർഷത്തിനിടയുണ്ടാകുന്ന ഏറ്റവും ശക്തിയേറിയ മഴയായിരിക്കും വരുന്നതെന്നുള്ള കാര്യമാണ് അപ്രവചനീയമായി തുടരുന്നത്. 

Extreme weather wreaks havoc worldwide as climate change bears down
കാനഡയിൽ നിന്നും കലിഫോർണിയയിൽ നിന്നുമുള്ള കാട്ടുതീയിൽ നിന്നുള്ള പുക ന്യൂയോർക്ക് നഗരത്തിലെത്തിയപ്പോൾ ഓറഞ്ച് നിറത്തിൽ ദൃശ്യമായ സൂര്യൻ. ചിത്രം: എപി.

ഏതോ വിദൂര ദേശങ്ങളിൽ മാത്രം സംഭവിക്കുന്നയൊന്നാണു കാലാവസ്ഥാ മാറ്റം മൂലമുള്ള ദുരന്തങ്ങളെന്ന ആത്മവിശ്വാസം 2018ലെ മഹാപ്രളയത്തിനു ശേഷം ഓരോ വർഷം കഴിയുന്തോറും മലയാളികൾക്കു നഷ്ടമായി വരുന്ന കാഴ്ചയാണല്ലോ ഇവിടെയും കാണുന്നത്. അതിവർഷവും മേഘവിസ്ഫോടനവും മിന്നൽച്ചുഴലിയുമെല്ലാമായി അപ്രതീക്ഷിത പ്രഹരങ്ങൾ മലയാളികൾക്കും ഓരോ വർഷവും ലഭിക്കുന്നു. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഇനിയൊരു ഭാവികാല സാധ്യതയല്ല, മറിച്ചു വർത്തമാനകാല സമസ്യയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഏറ്റവും സുരക്ഷിതമെന്നു കരുതപ്പെടുന്ന പ്രദേശങ്ങൾ പോലും പെട്ടെന്നൊരു ദിവസം അപകടമുനമ്പിലേക്ക് വലിച്ചെറിയപ്പെടുന്ന കാഴ്ചയാണു നമ്മുടെ മുൻപിൽ തെളിയുന്നത്. 

∙ചൈനയുടെ പങ്ക്

Extreme weather wreaks havoc worldwide as climate change bears down
ചൈനയിലെ ഹെനാൻ പ്രവിശ്യയിലുണ്ടായ പ്രളയത്തിന്റെ ദൃശ്യങ്ങൾ. ചിത്രം: റോയിട്ടേഴ്സ്

ലോകത്തിലെ കാർബൺ ബഹിർഗമനത്തിൽ 28 ശതമാനവും സംഭാവന ചെയ്യുന്നതു ചൈനയാണ്. ലോകം ഇത്ര ഗുരുതരമായ കാലാവസ്ഥാ മാറ്റങ്ങളിലുടെ കടന്നുപോകുമ്പോഴും സ്വന്തം നഗരങ്ങൾ തന്നെ അതിനിരയായി മാറുമ്പോഴും അന്തരീക്ഷം മലിനപ്പെടുത്തുന്ന വ്യവസായങ്ങൾക്കു മേൽ നിയന്ത്രണം കൊണ്ടുവരാൻ ചൈന തയാറല്ലായെന്നതാണു ശ്രദ്ധേയം. 12.9 ബില്യൻ മുതൽ 14.7 ബില്യൻ വരെ ടൺ കാർബൺ ഡയോക്സൈഡ് ആണു ചൈന ഒരു വർഷം അന്തരീക്ഷത്തിലേക്കു തള്ളുന്നത്. ചൈനയുടെ ഊർജ ഉപഭോഗത്തിന്റെ 58 ശതമാനവും സംഭാവന ചെയ്യുന്ന കൽക്കരി ഇന്ധനമായി ഉപയോഗിക്കുന്ന വൈദ്യുത നിലയങ്ങളാണ് ഇതിൽ പ്രധാന പങ്കുവഹിക്കുന്നത്. ബാക്കി മുഴുവൻ ലോക രാജ്യങ്ങളിലും നിർമാണത്തിലിരിക്കുന്ന കൽക്കരി നിലയങ്ങളുടെ എണ്ണത്തേക്കാൾ കൂടുതലാണു ചൈനയിൽ നിർമാണത്തിലിരിക്കുന്നവയെന്ന കണക്ക് യാഥാർഥ്യത്തിലേക്ക് ചൈനീസ് ഭരണാധികാരികൾ ഇനിയും കണ്ണു തുറന്നിട്ടില്ലായെന്നതാണു തെളിയിക്കുന്നത്. 

Extreme weather wreaks havoc worldwide as climate change bears down
ചൈനയിലെ ഹെനാൻ പ്രവിശ്യയിലുണ്ടായ പ്രളയത്തിന്റെ ദൃശ്യങ്ങൾ. ചിത്രം: എഎഫ്പി

കൽക്കരി നിലയങ്ങളിൽ നിന്നു മാത്രം 2020ൽ 38.4 ജിഗാവാട്ട് വൈദ്യുതിയാണു ചൈന ഉൽപ്പാദിപ്പിച്ചത്. ഇതു മുഴുവൻ ലോക രാഷ്ട്രങ്ങളിലുമുള്ള കൽക്കരി നിലയങ്ങൾ ഉൽപ്പാദിപ്പിച്ച വൈദ്യുതിയുടെ മൂന്നിരട്ടിയാണ്. മറ്റൊരു 247 ജിഗാവാട്ടിന്റെ കൽക്കരി നിലയങ്ങൾ നിർമാണദശയിലുമാണ്. 2060ൽ തങ്ങൾ കാർബൺ ന്യൂട്രൽ സ്ഥിതി കൈവരിക്കുമെന്നാണു ചൈനീസ് നേതാക്കൾ ലോകത്തിനു നൽകിയിരിക്കുന്ന പുതിയ വാഗ്ദാനം. അപ്പോഴേക്കും എത്ര ലക്ഷം ജനങ്ങളുടെ ജീവനായിരിക്കും കാലാവസ്ഥാ മാറ്റങ്ങളുടെ ഫലമായി നഷ്ടപ്പെട്ടിട്ടുണ്ടാകുകയെന്നതാണു കണക്കിലെടുക്കേണ്ട വസ്തുത. ഭൂമി തിരിച്ചുവരാനാകാത്ത വിധം വാസയോഗ്യമല്ലാതായി മാറാനും മതി. 

English Summary: Extreme weather wreaks havoc worldwide as climate change bears down

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഓഫിസിനു മുമ്പിലെ മരത്തിലെ നീർകാക്കകളെക്കുറിച്ച് കോട്ടയം പ്രദീപ്

MORE VIDEOS
FROM ONMANORAMA