ADVERTISEMENT

അതിശക്തമായ മഴ പടിഞ്ഞാറൻ ജർമനിയിലെ റൈൻലാന്റ് ഫാൾസ്, നോർത്ത് റൈൻ–വെസ്റ്റ് ഫാളൻ എന്നീ സംസ്ഥാനങ്ങളിലെ ആർവൈലർ, ഓയ്‌സ്കിർഷൻ എന്നീ ജില്ലകളെ വലിയ പ്രളയ ദുരിതത്തിലാക്കിയിട്ട് ഒരാഴ്ച പിന്നിട്ടു. ബേൺഡ് എന്നു പേരിട്ട ന്യൂനമർദം കാരണമാണ് സർവവിനാശകാരിയായ അതിതീവ്രമഴ ഈ പ്രദേശത്തെ തകർത്തെറിഞ്ഞ് പെയ്തിറങ്ങിയത്. നമ്മുടെ എറണാകുളം ജില്ലയുടെ മൂന്നിൽ രണ്ടു വലുപ്പമേ ഈ രണ്ടു ജില്ലകൾക്കും കൂടിയുള്ളൂ. ജനസംഖ്യയാകട്ടെ വളരെക്കുറവുമാണ്, 3.24 ലക്ഷം. 34 ലക്ഷമാണ് എറണാകുളം ജില്ലയുടെ ജനസംഖ്യയെന്നോർക്കുക. മലനിരകൾക്കും കൃഷി സ്ഥലങ്ങൾക്കും ഇടയിലൂടെ ശാന്തമായി ഒഴുകുന്ന, ഏകദേശം 100 കിലോമീറ്റർ മാത്രം സഞ്ചാരപഥമുള്ള, ഒടുവിൽ റൈൻ നദിയിൽ പതിക്കുന്ന താരതമ്യേന ചെറിയ നദികളായ ആർ, എർഫ്റ്റ് എന്നിവയുടെ വൃഷ്ടിപ്രദേശങ്ങളിലാണു വലിയ മഴ പെയ്തത്. കഴിഞ്ഞ 14നു രാത്രി സംഭവിച്ച അതിതീവ്ര മഴ ഇരുനദികളുടെയും തീരത്തുള്ള ഗ്രാമങ്ങളിലും പട്ടണങ്ങളിലും നൂറ്റാണ്ടിലെ തന്നെ വലിയ പ്രളയത്തിനാണു കാരണമായത്. 

∙പ്രളയതീവ്രത

ഒറ്റ രാത്രികൊണ്ട് 148–158 ലീറ്റർ വെള്ളമാണ് ഓരോ ചതുരശ്ര മീറ്ററിലും പെയ്തിറങ്ങിയത്. ആർ നദിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയം ഇതിനു മുൻപുണ്ടായത് 1910ൽ ആയിരുന്നു. 53 പേരുടെ ജീവൻ നഷ്ടമായ അന്നത്തെ പ്രളയത്തിൽ നദിയിലെ ജലനിരപ്പുയർന്നത് നാലു മീറ്ററോളമാണ്. എന്നാൽ ഇക്കഴിഞ്ഞ പ്രളയത്തിൽ ജലനിരപ്പ് 7 മീറ്റർ വരെ ഉയർന്നു. തീരത്തുള്ള ഗ്രാമങ്ങളും പട്ടണങ്ങളും ഭാഗികമായി തകർന്നു. പ്രളയത്തിൽ ഇതുവരെ 170 ജീവനുകൾ പൊലിഞ്ഞു. നൂറ്റൻപതിലേറെപ്പേരെ കാണാതായി. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. കാണാതായവരിൽ പലരും പുനരധിവാസ ക്യാംപുകളിലോ ബന്ധുവീടുകളിലോ എത്തിയോ എന്നതു വാർത്താവിനിമയ സംവിധാനങ്ങൾ ഒരാഴ്ച കഴിഞ്ഞിട്ടും പുനഃസ്ഥാപിക്കാൻ കഴിയാത്തതിനാൽ ഉറപ്പാക്കാനായിട്ടില്ല. 

Germany grapples with flood aftermath
ജർമനിയിലുണ്ടായ മിന്നൽപ്രളയത്തിന്റെ ദൃശ്യങ്ങൾ. ചിത്രം: എപി.

മരണസംഖ്യ ഇനിയുമുയരുമോ എന്നും ജനം ഭയപ്പെടുന്നു. സ്വപ്നങ്ങൾ പടുത്തുയർത്തിയ വീടുകൾ ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയവർ ഏറെയാണ്. പ്രിയപ്പെട്ടവരും സ്നേഹിതരും കരവലയത്തിൽ നിന്നു മരണത്തിലേക്കു വഴുതിപ്പോയതിന്റെ ആഘാതത്തിൽ നിന്നു പലരും ഇനിയും കരകയറിയിട്ടില്ല. പ്രളയപ്രദേശങ്ങൾ തകർന്ന വാഹനങ്ങളുടെ ശ്മശാന ഭൂമി പോലെയാണു കാണപ്പെടുന്നത്. റോഡുകളും റെയിൽവേപ്പാളങ്ങളും ഭാഗികമായി ഒഴുകിപ്പോയി. പാലങ്ങൾ തകർന്നു. വൈദ്യുതി, ജല വിതരണം പൂർണമായി തകരാറിലായി. ടെലിഫോൺ, മൊബൈൽ നെറ്റ്‌വർക്കുകൾ പൂർണമായും നിശ്ചലമായി. പാലങ്ങൾ തകർന്നതു മൂലം പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. ദുരന്ത മേഖലയിലെ ആശുപത്രികളിലെ രോഗികളെയും വയോധിക കേന്ദ്രങ്ങളിലെ അന്തേവാസികളെയും സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച ചാൻസലർ ആംഗല മെർക്കൽ പ്രളയബാധിതരെ ആശ്വസിപ്പിച്ചു. 

∙മുന്നറിയിപ്പുകൾ

ന്യൂനമർദം മൂലമുള്ള തീവ്രമഴയുടെയും പേമാരിയുടെയും മുന്നറിയിപ്പ് ജർമൻ കാലാവസ്ഥാ കേന്ദ്രം നേരത്തേ നൽകിയിരുന്നു. എന്നാൽ ഈ ഭാഗങ്ങളിൽ കേന്ദ്രീകരിച്ചു തീവ്രമഴ പെയ്തതു കാര്യങ്ങൾ വഷളാക്കി. നദി കരകവിയുന്നത് അപരിചിതമല്ലെങ്കിലും ഒരു പ്രദേശം മുഴുവൻ നദിയായി മാറിയത് അപ്രതീക്ഷിതമായിരുന്നു. ബർലിൻ ആസ്ഥാനമായുള്ള ദുരന്ത ഗവേഷണ കേന്ദ്ര തലവൻ മാർട്ടിൻ ഫോസ് ഇങ്ങനെ പറഞ്ഞു: ‘‘ചരിത്രത്തിൽ പരിചിതമായ ദുരന്തങ്ങളുടെ വ്യാപ്തിയിലും രീതിയിലുമുള്ള ആപത്തുകളെ നേരിടാൻ മാത്രമാണ് നമ്മൾ ഒരുങ്ങിയിരിക്കുന്നത്’’. എന്നാൽ കണക്കുകൂട്ടലുകളെ തകിടംമറിച്ച വ്യാപ്തിയിലും ശക്തിയിലുമാണു പ്രളയമുണ്ടായത്.

∙രക്ഷാപ്രവർത്തനങ്ങൾ

അഗ്നിരക്ഷാസേന, ജർമൻ പൊലീസ്, ജർമൻ സൈന്യം, ടെക്നിക്കൽ ഹെൽപ് വർക്ക് സംവിധാനം (ടിഎച്ച്ഡബ്യു), റെഡ് ക്രോസ് എന്നിവയാണു രക്ഷാപ്രവർത്തനങ്ങൾക്കും തുടർന്നുള്ള ശുചീകരണ പ്രവർത്തനങ്ങൾക്കും പുനരധിവാസത്തിനും നേതൃത്വം നൽകുന്നത്. വളരെ കാര്യക്ഷമമായ അഗ്നിരക്ഷാസേനയാണ് ജർമനിയിലേത്. ഓരോ ഗ്രാമങ്ങളിലും പട്ടണങ്ങളിലും അഗ്നിരക്ഷാ യൂണിറ്റുകളുണ്ട്. വേറെ ജോലി ചെയ്യുന്ന, അതേസമയം സന്നദ്ധ സേവകരായി അഗ്നിരക്ഷാസേനയിൽ പ്രവർത്തിക്കുന്ന സ്ത്രീകളും പുരുഷൻമാരുമാണ് ഇത്തരം യൂണിറ്റുകളുടെ ചുമതല വഹിക്കുന്നത്. ഒരു അടിയന്തര സാഹചര്യം ഉണ്ടായാൽ ഉടൻ ലഭിക്കുന്ന സന്ദേശം അനുസരിച്ചു രക്ഷാപ്രവർത്തനത്തിനു സജ്ജരാകാൻ വിദഗ്ധ പരിശീലനം ലഭിച്ചവരാണ് ഇവരെല്ലാം. ഇങ്ങനെയുള്ള ഒട്ടേറെ അഗ്നിരക്ഷാ സേനാംഗങ്ങളാണ് മണിക്കൂറുകൾക്കുള്ളിൽ ദുരന്തമേഖലയിലേക്കു കുതിച്ചെത്തിയത്. 

Germany grapples with flood aftermath
ജർമനിയിലുണ്ടായ മിന്നൽപ്രളയത്തിന്റെ ദൃശ്യങ്ങൾ. ചിത്രം: എപി.

ജർമൻ പൊലീസും സൈന്യവും അവരുടെ മുഴുവൻ സംവിധാനത്തെയും രക്ഷാപ്രവർത്തനത്തിനു രംഗത്തിറക്കി. ടെക്‌നിക്കൽ ഹെൽപ് വർക്ക് എന്ന സംഘം ജർമൻ ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധസേവകരാണ്. ദുരന്തനിവാരണത്തിൽ വിദഗ്ധ പരിശീലനം ലഭിച്ചവരാണിവർ. ദുരന്തമുഖത്തു വൈദ്യ സഹായമെത്തിക്കാൻ റെഡ് ക്രോസ് സേവനസജ്ജമായി. അപകടത്തിൽപ്പെട്ടവരെ സ്വീകരിക്കാൻ ആശുപത്രികളും വളരെപ്പെട്ടെന്ന് ഒരുങ്ങി. ദുരന്തത്തെ അതിജീവിച്ചവരിൽ മാനസിക സമ്മർദം അനുഭവപ്പെടുന്നവർക്കു കൗൺസലിങ് ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകാൻ കാരിത്താസ് സംഘടനയും ക്രിസ്ത്യൻ സഭകളുടെ സംവിധാനങ്ങളും ജാഗ്രതയോടെ രംഗത്തിറങ്ങി. 

പ്രളയത്തിൽ സകലതും നഷ്ടമായവർക്ക് വസ്ത്രങ്ങളും അവശ്യസാധനങ്ങളും ജർമനിയുടെ വിവിധഭാഗങ്ങളിൽ നിന്ന് സംഭാവനയായി എത്തിക്കഴിഞ്ഞു. ന്യൂർബുർഗ് റിങ് എന്ന കാറോട്ട പ്രദർശന വേദിയും അനുബന്ധ കെട്ടിടങ്ങളും രക്ഷാപ്രവർത്തത്തിനു വേണ്ടിയുള്ള സംഭരണ കേന്ദ്രമായി മാറ്റി. ഓരോ സ്ഥലത്തെയും ദേവാലയങ്ങളും രക്ഷാപ്രവർത്തനത്തിനായി തുറന്നുകൊടുത്തു. ഹോട്ടലുകളും അവധിക്കാല വസതികളും വീടു നഷ്ടപ്പെട്ടവർക്കു താൽക്കാലിക അഭയകേന്ദ്രമായി മാറിയിരിക്കുന്നു. ദുരന്തത്തിൽപ്പെട്ടവർക്കുള്ള അടിയന്തര സാമ്പത്തിക സഹായം കേന്ദ്ര സർക്കാരിനൊപ്പം സംസ്ഥാനങ്ങളും പ്രഖ്യാപിച്ചു കഴിഞ്ഞു. 

(ജർമനിയിലെ പ്രളയ പ്രദേശങ്ങൾ ഉൾപ്പെട്ട ട്രിയർ രൂപതയിൽ കഴിഞ്ഞ 9 വർഷമായി വൈദികനായി പ്രവർത്തിക്കുന്ന ലേഖകൻ റൈൻലാൻഡ് ഫാൾസിലെ സോറൻ സെന്റ് മൈക്കിൾസ് പള്ളിയിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ ആനിക്കാട് സ്വദേശിയാണ്)

English Summary: Germany grapples with flood aftermath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com