ADVERTISEMENT

കണ്ടൽ ദിനം നമുക്കത്ര സുപരിചിതമല്ല. അതെ, തീരദേശത്തിന്റെ ഹരിത കാവൽക്കാരായ കണ്ടൽ കാടുകൾക്കായി ജൂലൈ 26 എന്ന ദിനം മാറ്റിവച്ചിട്ട് വെറും 6 വർഷമേ ആകുന്നുള്ളു. 2015–ൽ പാരിസിൽ നടന്ന 38–ാമത് യുഎൻ എജ്യുക്കേഷണൽ സയന്റിഫിക് ആൻഡ് കൾചറൽ ഓർഗനൈസേഷന്റെ (UNESCO) ജനറൽ അസംബ്ലിയിലാണ്  ഇക്വഡോർ എന്ന ചെറു രാജ്യത്തിന്റെ അഭ്യർഥന പ്രകാരം യുഎൻ ജൂലൈ 26 രാജ്യാന്തര കണ്ടൽ ദിനമായി  പ്രഖ്യാപിച്ചത്.

ലോകപ്രശസ്ത ഗ്രീൻപീസ് ആക്ടിവിസ്റ്റായ ഹെയ്ഹന ഡാനിയേൽ നനോട്ടോ എന്ന പ്രകൃതിസ്നേഹി, ഇക്വഡോറിലെ മ്യൂസിൻ എന്ന പ്രദേശത്തെ കണ്ടൽ നശീകരണത്തെ പ്രതിരോധിക്കുന്നതിനിടയിൽ ഹൃദയാഘാതം വന്ന് മരിച്ചതിന്റെ ഓർമയ്ക്കായാണ് ജൂലൈ 26 കണ്ടൽ ദിനമായി തിര‍ഞ്ഞെടുത്തത്. കണ്ടൽ കാടുകളെക്കുറിച്ചു ജനങ്ങളെ ബോധവാൻമാരാക്കുക, സംരക്ഷണം ഉറപ്പു വരുത്തുക ഇതൊക്കെത്തന്നെയാണ് ഈ ദിനത്തിന്റെ ലക്ഷ്യവും. കായലോരങ്ങളിലും പുഴയോടും ചേർന്ന് വേലിയേറ്റ–ഇറക്ക പ്രതിഭാസം നേരിടുന്ന പ്രദേശങ്ങളിൽ അവയോടു പൊരുത്തപ്പെടാൻ സവിശേഷതകളുള്ള മരങ്ങൾ, കുറ്റിച്ചെടികൾ, പന, ഫേൺസ് എന്നിവ ഉൾപ്പെടെ ഉള്ളവയെയാണു കണ്ടൽ കാടായി പരിഗണിക്കുന്നത്.

വെറും ഉപ്പട്ടികാടല്ല കണ്ടൽ കാടുകൾ

കണ്ടൽ കാടുണ്ടോ ഇവിടെ? പലപ്പോഴും ഈ ചോദ്യവുമായി നാട്ടിൽ ഇറങ്ങിയാൽ നാട്ടുകാർ പറയും: ‘ഇവിടെ കുറച്ച് ഉപ്പട്ടി (ഉപ്പുത്ത) മാത്രമേ ഉള്ളൂ‘.പലപ്പോഴും കണ്ടൽ എന്നാൽ ഏതെല്ലാം ചെടികൾ ഉൾപ്പെടുന്നതാണെന്ന് കണ്ടൽ കാടുകളോടു ചേർന്നു ജീവിക്കുന്നവർക്കുപോലും ശരിയായ അറിവില്ല. കണ്ടൽ ആവാസ വ്യവസ്ഥയിൽ പ്രാന്തൻ കണ്ടൽ, ഉപ്പട്ടി, കരക്കണ്ടൽ (റൈസോഫോറ, അവിസീനിയ, ബ്രൂഗേറിയ) തുടങ്ങിയ ശരിയായ ഇനം കണ്ടലുകളും കണ്ടൽ അനുബന്ധ സസ്യങ്ങളും വളരുന്നുണ്ട്. 

ലോക കണ്ടൽ അറ്റ്ലസ് പ്രകാരം 123 രാജ്യങ്ങളിലായി 83,495 ചതുരശ്ര കിലോമീറ്റര്‍ വിസ്തീർണ്ണത്തിൽ കിടക്കുന്ന ഈ കാടുകളിൽ 73 ഇനം ശരിയായ കണ്ടലുകൾ ഉണ്ടെന്നാണ് കണക്ക്. ഇന്തൊനീഷ്യ, ബ്രസീൽ, മലേഷ്യ എന്നീ രാജ്യങ്ങളിലാണ് കണ്ടൽ കൂടുതലായി കാണപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ കണ്ടൽകാട് ഇന്ത്യയിലും ബംഗ്ലാദേശിലുമായി കിടക്കുന്ന സുന്ദർബൻസ് ആണ്. ഇന്ത്യയിൽ 4975 ചതുരശ്ര കിലോമീറ്റര്‍  കണ്ടൽ പ്രദേശങ്ങളാണ് 2019–ലെ ഫോറസ്റ്റ് റിപ്പോർട്ട് പ്രകാരം നിലവിൽ ഉള്ളത്.  ഇത് ലോകത്തിന്റെ 3 ശതമാനവും ഏഷ്യ ഭൂഖണ്ഡത്തിന്റെ 8 ശതമാനവും വരും. ഇന്ത്യയുടെ കിഴക്കൻ തീരമാണ് കണ്ടൽ വൈവിധ്യത്തിൽ പടിഞ്ഞാറൻ തീരത്തേക്കാൾ മുൻപന്തിയിൽ നിൽക്കുന്നത്.

കേരളത്തിലെ കണ്ടൽ കാടുകൾ

589.5 കിലോമീറ്റര്‍ തീരദേശം ഉള്ള കേരളത്തിൽ 10 തീരദേശ ജില്ലകളിലായി 1782 ഹെക്ടര്‍ കണ്ടൽ വനങ്ങൾ മാത്രമേ ഇന്നു നിലവിലുള്ളൂ! (അവലംബം-കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ കണക്ക്). കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ കണ്ടൽ കാടുകൾ കാണപ്പെടുന്നത്. കേരളത്തിൽ നിലവിൽ 18 ഇനം ശരിയായ കണ്ടൽ ഇനങ്ങളാണു കാണപ്പെടുന്നത്. കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ പ്രഫസറായ ഡോ. എസ്. ബിജോയ് നന്ദന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം കേരളം മൊത്തമായുള്ള കണ്ടലുകളെപ്പറ്റി പഠിക്കുകയും ‘മാനുവൽ ഓൺ മാൻഗ്രൂവ്സ്’ എന്ന പുസ്തകത്തിൽ അത് വിശദമായി പ്രതിപാദിക്കുകയും ചെയ്തിട്ടുണ്ട്. 

കണ്ടൽ ഇനങ്ങളുടെ വൈവിധ്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നത് കൊല്ലം ജില്ലയാണെന്നും ഏറ്റവും പിന്നിൽ തിരുവനന്തപുരവും ആണെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. കണക്കുകൾ പ്രകാരം 1975ൽ കേരളത്തിൽ 70,000 ഹെക്ടര്‍ കണ്ടൽ കാടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോഴത്തെ കണക്കനുസരിച്ച് അതിന്റെ 2 ശതമാനത്തിൽ താഴെ മാത്രമേ കേരളത്തിൽ കണ്ടലുകൾ നിലനിൽക്കുന്നുള്ളൂ എന്നത് ഏറെ ഭയപ്പെടുത്തുന്നതും വേദനാജനകവും ചിന്തിപ്പിക്കേണ്ടതുമാണ്. പണ്ട് ഉണ്ടായിരുന്ന പല കണ്ടൽ ഇനങ്ങളും വംശനാശം സംഭവിച്ചു എന്നും കാണാവുന്നതാണ്. 

ബ്രുഗീറ പാർവിഫ്ലോറ (Bruguiera Parviflora) എന്ന കണ്ടൽ ഇനം കേരളത്തിൽ നിന്ന് തീർത്തും അപ്രത്യക്ഷമായി. സൊണറേഷ്യ‍, ആൽബ, അവിസീനിയ ആൽബ, സിറിയോപ്സിസ് ടാഗൾ എന്നീ കണ്ടൽ ഇനങ്ങളും വംശനാശത്തിന്റെ വക്കിലാണ്. ഇത്തരത്തിൽ കണ്ടൽ കാടുകളുടെ ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമാണ്. ലോകമെമ്പാടുമായി 12 മുതൽ 38 ശതമാനം വരെ കണ്ടലുകൾ നശീകരണം നേരിട്ടു എന്നാണ് കണക്കുകൾ കാണിക്കുന്നത്. കണ്ടൽ നശീകരണത്തിന്റെ ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് അക്വാകൾചർ ഫാമിങ്ങിനായി കണ്ടലുകൾ പരിവർത്തനം ചെയ്യുന്നു എന്നതാണ്.

കണ്ടൽ കാടോ? അത് ചെളിക്കുണ്ടല്ലേ

Mangrove
Image Credit: banjongseal324/ Shutterstock

കണ്ടൽ കാടെന്നാൽ പാമ്പും പഴുതാരയും കൊതുകും കുറേ മാലിന്യങ്ങളും നിറഞ്ഞ ചെളിക്കുണ്ടായാണ് പലപ്പോഴും വിദ്യാസമ്പന്നരായ നമ്മൾ കേരളീയർ ധരിച്ചുവച്ചിരിക്കുന്നത്. എന്നാൽ 2004–ലെ സൂനാമിയിൽ തമിഴ്നാട്ടിലെ പിച്ചാവരം, മുത്തുപ്പെട്ട് തുടങ്ങിയ സ്ഥലങ്ങൾ വൻ സൂനാമി ദുരന്തത്തിൽനിന്നും ഒഴിവായത് കണ്ടൽ കാടുകളുടെ സാന്നിധ്യത്താലാണെന്നു തിരിച്ചറിഞ്ഞതോടെ അവയുടെ പ്രാധാന്യം ഒരു പരിധിവരെ പൊതുജന ശ്രദ്ധയിലേക്കു വന്നു. എന്നാൽ, തീരദേശ സംരക്ഷണത്തിനപ്പുറത്തേക്ക് ഇവയുടെ സേവനം തിരിച്ചറിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. 

കണ്ടൽ കാടുകൾ മൽസ്യങ്ങളുടെ പ്രജനന സ്ഥലമാണ്. അഥവാ കുഞ്ഞു മൽസ്യങ്ങളുടെ നഴ്സറിയാണ്. അതിനാൽ കണ്ടൽ വനങ്ങൾ നശിപ്പിച്ചാൽ മൽസ്യസമ്പത്തിനെയാണ് പ്രതികൂലമായി ബാധിക്കുക. മലിനീകരണം തടയാനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും മണ്ണൊലിപ്പ് തടയാനും വെള്ളം ശുദ്ധീകരിക്കാനും കാറ്റിനെയും തിരമാലകളെയും ചെറുക്കാനും പ്രളയത്തെ ലഘൂകരിക്കാനും കഴിവുള്ള കണ്ടൽ കാടുകൾ നിസ്സാരക്കാരനല്ല.

ജൈവവൈവിധ്യത്തിന്റെ കലവറ

കണ്ടൽ ചെടികൾക്കും അനുബന്ധ ചെടികൾക്കും പുറമേ ഒട്ടേറെ സസ്യജന്തുജാലങ്ങളാൽ സമൃദ്ധമാണ് കണ്ടൽ കാടുകൾ. സൂക്ഷ്മ സസ്യജന്തുപ്ലവകങ്ങൾ ചെളിയിൽ പുതഞ്ഞു കിടക്കുന്ന ജീവജാലങ്ങൾ മുതൽ കടുവയും മുതലയും വരെ കണ്ടൽ കാട്ടിൽ ഉണ്ട്. റോയൽ ബംഗാൾ ടൈഗർ സുന്ദർബൻസിലാണ് കാണപ്പെടുന്നത്. മഡ്സ്കിപ്പർ എന്ന ഉഭയ ജീവിയായ മൽസ്യവും നീണ്ട നാസികയുള്ള പ്രൊബോസ്കിസ് കുരങ്ങുകളും കണ്ടൽ വനങ്ങളിൽ കാണപ്പെടുന്ന അപൂർവ ജന്തുക്കളാണ്. ലോകത്തിലെ ജൈവവൈവിധ്യത്തിൽ ഇന്ത്യൻ കണ്ടൽ വനങ്ങൾ വളരെ മുൻപന്തിയിലാണ്. 3091 ജന്തുജാലങ്ങളാണ് കണക്കുകൾ പ്രകാരം ഇന്ത്യൻ കണ്ടൽ വനങ്ങളിൽ കാണപ്പെടുന്നത്. ഈയടുത്ത കാലത്തായി ഒരുപാട് പുതിയ കണ്ടെത്തലുകളും കേരളത്തിലെ കണ്ടൽ വനങ്ങളിൽനിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

സ്യൂഡോ സെസാർമ ഗ്ലാബ്രം (Pseudo Sesarma Glabrum, Ng, Rani & Nandan 2017) എന്ന പുതിയതരം ഞണ്ട്, ഇന്ത്യയിൽ ആദ്യമായി റെക്കോഡ് ചെയ്യപ്പെട്ട ഞണ്ടായ പെരിസെസാർമ ബംഗാളെൻസ് (Perisesarma bengalense), ചെളിയിൽ പുതഞ്ഞു കിടക്കുന്ന മാക്രോബെന്തോസ് ആം ഫിഡോഡ് വിഭാഗത്തിൽപെട്ട പുതിയ ജീവി വർഗമായ വിക്ടോറിയോപിസ കുസാറ്റെൻസിസ് (Victoriopisa Cusatensis, Joseph, Nandan & Jayachandran 2018) എന്നിവ കുസാറ്റിലെ ഗവേഷക സംഘം കൊച്ചിയിലെ കണ്ടൽ കാടുകളിൽനിന്നും കണ്ടെത്തിയതാണ്. ഇപ്രകാരം ഒട്ടേറെ പുതിയ കണ്ടെത്തലുകൾക്കായി ശാസ്ത്രലോകം കാത്തിരിക്കുകയാണ്.

ആഗോള താപനത്തെ ചെറുക്കുമോ?

അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെ അളവ് വ്യവസായവൽക്കരണത്തിന് മുന്‍പ് 280ppm (പാര്‍ട്സ് പെര്‍ മില്യന്‍) ആയിരുന്നത് ഇപ്പോൾ 420ppm എന്ന വളരെ ഉയർന്ന അളവിൽ എത്തിച്ചേർന്നിരിക്കുകയാണ്. ഇതിന്റെ പ്രത്യാഘാതമായ ആഗോള താപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും ചെറുക്കാൻ ലോകരാഷ്ട്രങ്ങൾ കഠിന ശ്രമത്തിലാണ്. ഐക്യരാഷ്ട്ര സംഘടനയും മറ്റ് അന്താരാഷ്ട്ര ഏജൻസികളും എല്ലാംതന്നെ ഇപ്പോൾ പ്രകൃതൃദത്തമായ പരിഹാര മാർഗങ്ങളിലേക്കാണ് തിരിഞ്ഞിരിക്കുന്നത്. 

കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച 2015–ലെ  പാരിസ് ഉടമ്പടിയും ഇതിനെയാണ് പ്രോൽസാഹിപ്പിക്കുന്നത്. ഈ അവസരത്തിലാണ് കണ്ടൽ കാടുകളുടെ വിലമതിക്കാനാകാത്ത പാരിസ്ഥിതിക സേവനമായ കാർബൺ സ്വീക്വസ്ട്രേഷൻ എന്ന കാണ്‍ബണ്‍ഡൈ ഓക്സൈഡിന്റെ ദീർഘകാലത്തെ കരുതിവയ്ക്കലിനെ ആഗോള താപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും ചെറുക്കാൻ നാം മുതലാക്കേണ്ടത്.

കണ്ടൽ കാടുകൾക്ക് നമ്മുടെ നിത്യഹരിത വനങ്ങളേക്കാൾ 4–5 ഇരട്ടിയായി അന്തരീക്ഷത്തിലെ കാർബൺഡയോക്സൈഡിനെ വലിച്ചെടുത്ത് ദീർഘകാലത്തേക്ക് മണ്ണിൽ കുഴിച്ചുമൂടാൻ കഴിയുമെന്നാണ് ആധുനിക ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഹരിതഗൃഹവാതകമായ കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെ  അളവ് ഇപ്രകാരം അന്തരീക്ഷത്തിൽ കുറയ്ക്കുന്നതിനാൽ അതിന്റെ പരിണിതഫലമായ ആഗോള താപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും ചെറുക്കാൻ ഇവ നമ്മെ സഹായിക്കുന്നത് എന്ന വസ്തുത വളരെയേറെ പ്രാധാന്യം അർഹിക്കുന്നതാണ്. 

സാധാരണ കാടുകൾ അ‍ഞ്ച് ഗ്രാം കാർബൺ ആണ് ഒരു ചതുശ്ര മീറ്ററിൽ ഒരു വർഷം കുഴിച്ചുമൂടുന്നതെങ്കിൽ ഭൂഗോളത്തിൽ വെറും 0.5 ശതമാനം മാത്രമുള്ള കണ്ടൽ വനങ്ങൾ 226 ഗ്രാം കാർബൺ ആണ് ഇതേ അനുപാതത്തിൽ അന്തരീക്ഷത്തിൽനിന്നും നീക്കം ചെയ്ത് മണ്ണിൽ കുഴിച്ചുമൂടുന്നത്. മാത്രവുമല്ല ഏകദേശം 937 ടൺ കാർബൺ ആണ് ഒരു ഹെക്ടർ കണ്ടൽ പ്രദേശത്ത് കണ്ടൽ ആവാസവ്യവസ്ഥയിൽ മൊത്തമായി (അതായത് കണ്ടൽ ചെടികളിലും മണ്ണിലും മറ്റുമായി) സംഭരിച്ച് വച്ചിരിക്കുന്നതും. ഇത് മറ്റ് ആവാസ വ്യവസ്ഥകളെ തുലനം ചെയ്യുമ്പോൾ വളരെ വലിയ കണക്കാണ്. തന്മൂലം കണ്ടൽ കാടുകൾ നശിപ്പിച്ചാൽ ഇപ്രകാരം സംഭരിക്കപ്പെട്ട, കുഴിച്ചുമൂടപ്പെട്ട കാർബൺ, ഹരിതഗൃഹവാതകങ്ങളായി പുറംതള്ളപ്പെടുകയും ആഗോള താപനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യും. ഏറ്റവും പുതിയ കണക്കുകൾപ്രകാരം 0.7 മുതൽ 7 ശതമാനം വരെ കണ്ടലുകൾ ഓരോ വർഷവും നശിക്കപ്പെടുന്നുണ്ട്. അതുവഴി 0.23 – 2.25 ബില്യൺ ടൺ Co2 ആണ് അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുന്നത്. 

ഡൗൺ ടു എർത്ത് മാഗസിൻ ഈയടുത്തായി വളരെ ഭയപ്പെടുത്തുന്ന ഒരു ശാസ്ത്രപഠന റിപ്പോർട്ടിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ലോക രാജ്യങ്ങളിൽവച്ച് സോഷ്യൽ കോസ്റ്റ് ഓഫ് കാർബൺ (Scc, Co2 പുറംതള്ളുന്നതു മൂലമുള്ള ധനനഷ്ടം) ഏറ്റവും കൂടുതലുള്ളത് അമേരിക്കയെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു എന്നതാണ്. ശരിയായ മുൻകരുതലുകളും ലഘൂകരണ നടപടികളും അടിയന്തരമായി സ്വീകരിച്ചില്ലെങ്കിൽ ഇന്ത്യ കടുത്ത സാമ്പത്തിക തകർച്ചയെ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് പഠനത്തിൽ നൽകുന്നുണ്ട്.

നമ്മുടെ കൊച്ചു കേരളത്തിലെ കണ്ടൽ വനങ്ങൾക്കും ലോകോത്തര നിലവാരത്തിൽതന്നെ കാർബണിനെ വലിച്ചെടുത്തു മണ്ണിൽ ദീർഘകാലത്തേക്കു കുഴിച്ചുമൂടാനാകുമെന്നു കുസാറ്റിലെ ഗവഷകസംഘം (ഡോ. റാണി വർഗീസ്, ഡോ. എസ്. ബിജോയ് നന്ദൻ) കണ്ടെത്തിയിട്ടുമുണ്ട്. (കാറ്റിന ജേണലിലും രാജ്യാന്തര ശാസ്ത്രമാസികയായ മോംഗാസെയിലും പ്രസിദ്ധീകരിച്ചുവന്നു). ഇപ്രകാരം കണ്ടലുകൾ നമ്മുടെ പ്രകൃതിയുടെ അമൂല്യ നിധിയാണെന്ന് തിരിച്ചറിയാം. അവയെ സംരക്ഷിച്ചും പുനരുജ്ജീവിപ്പിച്ചും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാം, ജൈവ വൈവിധ്യത്തെ സമ്പുഷ്ടമാക്കാം.

English Summary: International Day for the Conservation of the Mangrove Ecosystem

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com