ADVERTISEMENT

അതിശക്തമായ മഴയിൽ ഡൽഹി നഗരം മുങ്ങി. പലയിടത്തും വെള്ളക്കെട്ട്  രൂപപ്പെട്ടതോടെ  ശക്തമായ  ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഡിടിസി ബസിനുള്ളിൽ ഉൾപ്പെടെ വെള്ളം കയറി. ശക്തമായ മഴ വരുംദിവസങ്ങളിലും തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഥുര റോഡ്, മോത്തിബാഗ്, വികാസ് മാർഗ്, പ്രഗതി മൈതാൻ, ധൗള കുവ, റിങ് റോഡ്, റോത്തക് റോഡ് തുടങ്ങിയ പലയിടത്തും  വെള്ളക്കെട്ട് നിറഞ്ഞ് ഗതാഗതം പ്രതിസന്ധിയിലായി. സെൻട്രൽ വിസ്റ്റ നിർമാണം നടക്കുന്ന ഇന്ത്യാഗേറ്റ് പരിസരത്തും വെള്ളം നിറഞ്ഞതോടെ പലരും റോഡിൽ കുടങ്ങി. പൊതുമരാമത്ത് വകുപ്പിനു പിടിപ്പതു ജോലിയായിരുന്നു ഇന്നലെ. ‘രാവിലെ മുതൽ രൂപപ്പെട്ട ശക്തമായ മഴയിൽ പലയിടത്തും വെള്ളം നിറഞ്ഞു. ഞങ്ങളുടെ ഫീൽഡ് ജോലിക്കാർ മുഴുവൻ പലയിടങ്ങളിലായി പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്. സാഹചര്യങ്ങൾ തുടർച്ചയായി വിലയിരുത്തുന്നുണ്ട്’ പിഡബ്ല്യൂഡി അധികൃതർ പറഞ്ഞു. 

ഗതാഗതക്കുരുക്കു രൂപപ്പെട്ടതോടെ   പലയിടത്തും വാഹനം വഴിതിരിച്ചു വിട്ടതായി  ഡൽഹി പൊലീസ് പറഞ്ഞു. ദേശീയതലസ്ഥാന മേഖലയിൽ ഉൾപ്പെടെ ഗുരുഗ്രാം, നോയിഡ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും ശക്തമായ മഴയാണു പെയ്തിറങ്ങിയത്. ശനിയാഴ്ച വരെ നഗരത്തിൽ മഴ പെയ്യുമെന്നാണു പ്രവചനം. ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വരും ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നു കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 

സാകേത് മെട്രോ സ്റ്റേഷൻ അടച്ചു

ശക്തമായ മഴയിൽ വെള്ളം കയറിയതോടെ ഡൽഹി സാകേത് മെട്രോ സ്റ്റേഷൻ അടച്ചു. ഇന്നലെ രാവിലെയാണു മെട്രോ സ്റ്റേഷനുകളിൽ വെള്ളം കയറിയത്.  ഇതോടെ സ്റ്റേഷനിലെ പ്രവേശനത്തിനും പുറത്തേക്കിറങ്ങുന്നതിനുമുള്ള കവാടങ്ങൾ അടച്ചു. സ്റ്റേഷനിൽ മെട്രോ ട്രെയിനുകൾക്കു സ്റ്റോപ്പും അനുവദിച്ചില്ല. വെള്ളക്കെട്ട് നീക്കിയ ശേഷം ഉച്ചയോടെയാണു  തുറന്നത്. സമയ്പുർ ബാദ്‍ലിയെയും  ഹൂഡാ സിറ്റി സെന്ററിനേയും ബന്ധിപ്പിക്കുന്ന യെല്ലോ ലൈനിലാണു സാകേത് മെട്രോ സ്റ്റേഷൻ. പാലം ഭാഗത്താണു ഡിടിസി ബസിനുള്ളിൽ ചെളിവെള്ളം കയറി ബസ് വഴിയിൽ കുടുങ്ങിയത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ യാത്രക്കാർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. 

24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് 100 മില്ലീമീറ്റർ മഴ

കഴിഞ്ഞ 24 മണിക്കൂറിനിടെ 100 മില്ലീമീറ്റർ മഴ നഗരത്തിൽ രേഖപ്പെടുത്തിയെന്നു കാലാവസ്ഥാ  കേന്ദ്രം അറിയിച്ചു. ശക്തമായ മഴയെത്തുടർന്നു  കുറഞ്ഞ താപനില 25 ഡിഗ്രിയിലെത്തി.  30 ഡിഗ്രിയാണു  ഉയർന്ന താപനില രേഖപ്പെടുത്തിയത്. ശക്തമായ മഴയും 30–40 കിലോമീറ്റർ ശക്തിയുള്ള കാറ്റും നഗരത്തിൽ  അനുഭവപ്പെടുമെന്നും  കാലാവസ്ഥാ കേന്ദ്രം  പ്രവചിച്ചിട്ടുണ്ട്. ഈ മാസം 13നാണു തെക്കു പടിഞ്ഞാറൻ കാലവർഷം  ഡൽഹിയിലെത്തിയത്. സാധാരണ മഴസമയത്തിൽ നിന്നു 16 ദിവസം കഴിഞ്ഞായിരുന്നു ഇത്.

കാത്തിരിപ്പിനൊടുവിൽ കനിഞ്ഞരുളി കാലവർഷം

വൈകി വന്നെങ്കിലും കാലവർഷം തകർത്തു. ഇക്കുറി ജൂലൈ മാസം ലഭിച്ചതു  18 വർഷത്തെ ഏറ്റവും ശക്തമായ മഴ. ഈ വർഷം ഇതുവരെ 381 മില്ലീമീറ്റർ മഴയാണു പെയ്തിറങ്ങിയതെന്നു കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 100 മില്ലീമീറ്റർ മഴയാണു ലഭിച്ചത്. കഴിഞ്ഞ 8 വർഷത്തിനിടെ 24 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന മഴയാണിത്. 2013ൽ ജൂലൈ 21നു 123.4 മില്ലീമീറ്റർ മഴ പെയ്തതാണ് ഇതിനു മുൻപുള്ള ഉയർന്ന നില. 

∙ ഇക്കുറി കാലവർഷം ഡൽഹിയിലെത്തിയത് ജൂലൈ 13ന്. 16 ദിവസം വൈകി. കഴിഞ്ഞ 19 വർഷത്തിനിടെ ഏറ്റവും വൈകിയ സമയമായിരുന്നു ഇക്കുറി

∙ ഈ മാസം ഇതുവരെ 14 ദിവസം മഴ ലഭിച്ചു

∙ ഇക്കുറി ഇതുവരെ ലഭിച്ചതു 380.9 മില്ലീമീറ്റർ മഴ. 108 ശതമാനം അധികം. 183.5 മില്ലിമീറ്ററാണു സാധാരണ നില

∙ കഴിഞ്ഞ വർഷം 236.9 മില്ലീമീറ്റർ മഴയാണു ഡൽഹിക്കു ലഭിച്ചത്. 2019ൽ ഇതു 199.2 മില്ലിമീറ്ററായിരുന്നു. 2018ൽ 286.2 മില്ലിമീറ്ററും. 

∙ 2013ൽ 340.5 മില്ലീമീറ്റർ മഴയാണു ലഭിച്ചത്. 

∙ ഡൽഹിയിലെ മഴപ്പെയ്ത്തിൽ  റെക്കോർഡ് രേഖപ്പെടുത്തിയത് 2003ൽ. ആ വർഷം 632.2 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്.

English Summary: Delhi Rain Leaves Roads Flooded

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com