കടുവകൾ ആവാസവ്യവസ്ഥയുടെ ആരോഗ്യത്തിന്റെ പ്രതീകം; ഇന്ത്യയുടെ അഭിമാനവും!

lobal Tiger Day 2021: India's Story Of Successful Tiger Conservation
SHARE

കടുവകളുടെ സംരക്ഷണത്തെക്കുറിച്ച്  അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ജൂലൈ 29  ആഗോള കടുവ ദിനമായി ആഘോഷിക്കപ്പെടുന്നു. കടുവകളുടെ സ്വാഭാവികആവാസ വ്യവസ്ഥകൾ സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുകയും കടുവസംരക്ഷണ വിഷയങ്ങളിൽ പൊതുജന അവബോധവും പിന്തുണയും വളർത്തുകയും ചെയ്യുകയാണ് ദിനാചരണത്തിന്റെ പ്രാഥമിക ലക്ഷ്യം. ഗാംഭീര്യമുള്ള കടുവകൾ ലോകത്തിലെ പല സംസ്കാരങ്ങളിലും ആരാധിക്കപ്പെടുകപോലും ചെയ്യുന്നവയായിട്ടും വംശനാശഭീഷണി നേരിടുന്ന ഒരു ഇനം കൂടിയാകുന്നു. വേട്ടയാടൽ, അനധികൃതകച്ചവടം, ആവാസവ്യവസ്ഥയുടെ നഷ്ടം എന്നിവ കാരണം കടുവകളുടെ എണ്ണം സ്ഥിരമായി കുറയുന്നതായാണ് കണക്കുകൾ പറയുന്നത്. അതിനാൽ  രാജ്യാന്തര കടുവാ ദിനാചരണത്തിന്റെ പ്രാധാന്യവും വർധിച്ചുവരുന്നു.

പാരിസ്ഥിതികാരോഗ്യത്തിന്റെ സൂചകങ്ങൾ

Tiger Day 2021

കാടിന്റെ സൗന്ദര്യവും ഗാംഭീര്യവും പ്രൗഢിയുമാണ് കടുവകൾ. ബാഹ്യ രൂപഭാവങ്ങളുടെ കാഴ്ചവട്ടങ്ങൾക്കപ്പുറം ആഹാരശൃംഖലയുടെ നെറുകയിലാണിവരുടെ സ്ഥാനം. കാരണം കാട്ടിലെ  വേട്ടക്കാരായ ജീവികളിലെ പ്രമുഖരാണ് കടുവകൾ. ആവാസവ്യവസ്ഥയുടെ ജല, കാലാവസ്ഥാ സുരക്ഷിതത്വത്തിന്റെ സൂചകജീവികളായി ഇവരെ പരിഗണിക്കാം. കടുവകളുടെ എണ്ണം മെച്ചപ്പെടുകയും നില നിർത്തപ്പെടുകയും ചെയ്യുന്നത് ആവാസവ്യവസ്ഥയുടെ മൊത്തത്തിലുള്ള സൗഖ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതിനാൽ കടുവകളുടെ പരിരക്ഷണം വനത്തിലെ സർവജീവജാലങ്ങളുടെയും, ആവാസവ്യവസ്ഥാ സേവനങ്ങളുടെയും സംരക്ഷണമായി മാറുന്നു. 

ലോകത്ത് ഇപ്പോൾ അവശേഷിക്കുന്ന 3980 കടുവകളിൽ 2296 എണ്ണവും, അതായത് 75 ശതമാനവും ഇന്ത്യയിലാണ് വാസമുറപ്പിച്ചിരിക്കുന്നത്. കടുവകളുടെ അതിജീവനത്തിന് ഏറ്റവുമനുയോജ്യമായ ആവാസവ്യവസ്ഥകളിലൊന്നായാണ് ഇന്ത്യ കരുതപ്പെടുന്നത്  .കഴിഞ്ഞ ഒരു നൂറ്റാണ്ടു കൊണ്ട്  കടുവകളുടെ എണ്ണത്തിന്റെ 97 ശതമാനവും ഭൂമിയിലെ കാടുകളിൽ നിന്ന് അപ്രത്യക്ഷമായെന്ന കണക്കുകൾ കാണുമ്പോൾ , കടുവകളുടെ എണ്ണത്തിൽ വർധനവുണ്ടാകുന്ന ഇന്ത്യയെ ഭൂമിയിലെ കടുവകളുടെ അവസാന ആശ്രയമെന്നു വിളിക്കാവുന്നതാണ്.

കടുവകളെ കരുതാനൊരു ഉച്ചകോടി

2010-ലാണ്  കടുവകളുടെ സാന്നിധ്യം കാര്യമായുള്ള 13 രാഷ്ട്രങ്ങളുടെ തലവൻമാർ സെന്റ് പീറ്റേഴ്സ്ബർഗിൽ ഒന്നിച്ചുചേരുകയും കടുവകളെ സംരക്ഷിക്കാനുള്ള കൂട്ടായ ശ്രമങ്ങൾക്ക് പദ്ധതിയിടുകയും ചെയ്തത്. എല്ലാ വർഷവും ജൂലൈ 29 ,ആഗോള കടുവാ ദിനമായി ആചരിച്ചുകൊണ്ട് ആഗോളതലത്തിൽ കടുവസംരക്ഷണ ബോധവത്ക്കരണം നടത്താൻ തീരുമാനമെടുത്തത് ഈ ഉച്ചകോടിയിലാണ്.കടുവകളുടെ സ്വാഭാവിക വാസസ്ഥലങ്ങൾ  സംരക്ഷിച്ചു കൊണ്ടും കടുവസംരക്ഷണത്തിന്റെ പ്രാധാന്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ടും 2022 വർഷമാകുമ്പോഴേക്കും കടുവകളുടെ എണ്ണം ഇരട്ടിയാക്കാനുള്ള ലക്ഷ്യവും ഉച്ചകോടി മുന്നോട്ടുവച്ചു. 

Tiger Day 2021

ദൗർഭാഗ്യകരമെന്നു പറയട്ടെ, ഇതിൽപ്പെട്ട മൂന്നു രാജ്യങ്ങളിലും കടുവകൾക്ക് വംശനാശം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. ബാക്കിയുള്ള മിക്ക രാജ്യങ്ങളിലും കടുവകളുടെ എണ്ണത്തിൽ കാര്യമായ കുറവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ചൈനയിലും ദക്ഷിണപൂർവ ഏഷ്യൻ രാജ്യങ്ങളിലും കടുവയുടെ ശരീരഭാഗങ്ങൾക്കുള്ള ഉയർന്ന ആവശ്യം മൂലം കടുവകൾ വേട്ടയാടപ്പെടുകയും ,ഉൽപന്നങ്ങൾ ഉയർന്ന വിലയാൽ  ആകർഷകമായ നിയമവിരുദ്ധമായ വിപണികളിലെത്തുകയും ചെയ്യുന്നു. വേട്ടയാടലിനൊപ്പം കാലാവസ്ഥാമാറ്റവും, സ്വാഭാവിക ആവാസസ്ഥാനങ്ങളുടെ നഷ്ടവും കടുവകളുടെ നില പരുങ്ങലിലാക്കുന്നു.

പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ

Tiger Day 2021

കടുവകളുടെ പേരുള്ള രണ്ട് ബോളിവുഡ് ചിത്രങ്ങളെ ഓര്‍ക്കുക 'എക് ഥാ ടൈഗറും' 'ടൈഗര്‍ സിന്ദാ ഹെയും'. ഇന്ത്യയിൽ കടുവകളുടെ സംരക്ഷണ പദ്ധതികള്‍ തുടങ്ങിയ സമയത്തിന് ആദ്യത്തെ പേരും ഇപ്പോഴത്തെ അവസ്ഥയ്ക്ക് രണ്ടാമത്തെ പേരും, തീര്‍ത്തും ഉചിതമാകുന്നു.ലോകത്ത് കടുവകള്‍ക്ക് ഏറ്റവും അനുയോജ്യമായ ആവാസവ്യവസ്ഥകളിലൊന്നായി  നമ്മുടെ രാജ്യം  മാറിയെന്ന പ്രഖ്യാപനം 2019 -ൽ പുറത്തു വന്നിരുന്നു. ലോകത്തിലെ കാനനവാസികളായ കടുവകളിൽ നാലിൽ മൂന്നും ഇന്ത്യയിലാണെന്നു പറഞ്ഞുവല്ലോ? കടുവകളുടെ ദീർഘകാലാടിസ്ഥാനത്തിലുള്ള അതിജീവനത്തിന് പ്രതീക്ഷ നൽകുന്ന ഒരേയൊരു സ്ഥാനമായി ഇന്ത്യ മാറുകയാണ്.1973-ൽ പ്രോജക്ട് ടൈഗറിന് തുടക്കമിട്ടതു മുതൽ കടുവകളെ സംരക്ഷിക്കാൻ കാര്യമായ നിക്ഷേപങ്ങൾ നാം നടത്തിയിരിക്കുന്നു. തുടക്കത്തിലുണ്ടായിരുന്ന ഒൻപതിൽ നിന്ന് കടുവാ സങ്കേതങ്ങളുടെ എണ്ണം ഇന്ന് 50-ൽ എത്തിയിരിക്കുന്നു. ഒപ്പം,ഇത്തരം സങ്കേതങ്ങളുടെ  വിദഗ്ദ ഭരണനിർവ്വഹണത്തിനായി ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ നിന്നുള്ള മിടുമിടുക്കരായ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തു.നിയമപ്രകാരം സ്ഥാപിതമായ

ദ നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (NTCA),വിവിധ സംസ്ഥാനങ്ങളിൽ നടന്നു വരുന്ന സംരക്ഷണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകി വരുകയും ചെയ്യുന്നു. കടുവകളെ വേട്ടയാടുന്നതിന് കടിഞ്ഞാണിടാൻ സാങ്കേതികവിദ്യയും, നാടൻ രീതികളും സമന്വയിപ്പിച്ചുള്ള പ്രവർത്തനങ്ങളിൽ NTCA നൽകുന്ന ശ്രദ്ധ പ്രശംസനീയമാണ്. തെർമ്മൽ, ദീർഘദൂര ക്യാമറകൾ വിന്യസിച്ചുള്ള സെൻസർ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന "ഇലക്ട്രോണിക് ഐ" (Electronic -Eye ) സംവിധാനം ഏറെ ഫലപ്രദമാണെന്നു പറയപ്പെടുന്നു. കൂടാതെ, M-STrIPES   (  Monitoring system for Tiger-Intensive Protection and Ecological Status )എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന  സോഫ്റ്റ് വെയർ 2010- മുതൽ NTCA ഉപയോഗിക്കുന്നു. സ്മാർട് ടെക്നോളജിയിലധിഷ്ഠിതമായ ഈ മൊബൈൽ ഫോൺ ആപ്ലിക്കേഷൻ, നിർമ്മിത ബുദ്ധിയുടേയും ജിപിഎസിന്റെയും സാധ്യതകൾ ഉപയോഗിക്കുന്ന കടുവാ നിരീക്ഷണ സങ്കേതമാണ്.

വിമുക്ത  ഭടൻമാരുടെ സേവനം ഉപയോഗിച്ച് കടുവാ സങ്കേതങ്ങൾക്ക് സംരക്ഷണമേകാൻ പ്രത്യേക ടൈഗർ ഫോഴ്സും പ്രവർത്തിച്ചു വരുന്നു. ഒരിക്കലും തമ്മിൽ ചേർന്നു സഹവസിക്കാൻ സാധ്യമല്ലാത്ത മനുഷ്യരെയും കടുവകളെയും തമ്മിലകറ്റാൻ കടുവാസങ്കേതങ്ങളുടെ  അന്തർഭാഗം (Core area) വിട്ടു താമസം മാറ്റുന്ന ഓരോ മുതിർന്ന വ്യക്തിക്കും 10 ലക്ഷം രൂപ വീതം പ്രോജക്ട് ടൈഗർ നഷ്ടപരിഹാരം നൽകുന്നു. ഇതു വഴി കടുവകൾക്കും ജൈവ വൈവിധ്യത്തിനും അവരുടെ സ്ഥലം സ്വന്തമാകുന്നു. മനുഷ്യർക്കാകട്ടെ അതിജീവനവും കൂടുതൽ സൗകര്യപ്രദമായ ജീവിത സാഹചര്യങ്ങളും സ്വന്തമാകുന്നു. വന്യ ജീവിതത്തിന് മാത്രമായി മാറ്റിവെയ്ക്കപ്പെടുന്ന ഇത്തരം പ്രത്യേക പ്രദേശങ്ങൾ പരിരക്ഷണ പ്രവർത്തനങ്ങളുടെ കാതലാണ്.കടുവകൾക്കും അവയുടെ ആവാസവ്യവസ്ഥയ്ക്കും മാത്രമായുള്ള  35,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള ഇത്തരം ദൂഷിതമല്ലാത്ത വനസ്ഥലി ഇന്ന് ഇന്ത്യ ഒരുക്കിയിരിക്കുന്നു.

നിരന്തരനിരീക്ഷണം പ്രധാനം

Tiger Day 2021

കടുവകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഏറ്റവും സുപ്രധാനമായ പ്രവർത്തനമെന്നത് അവയുടെ എണ്ണവും സ്ഥാനവും കൃത്യമായി അറിയുകയാണ്.കടുവകളുടെ തൽസ്ഥിതി സംബന്ധമായ വിവരങ്ങൾ ശാസ്ത്രീയവും പ്രായോഗികവും ചിലവു കുറഞ്ഞതുമായ മാർഗങ്ങളിലൂടെ നിരീക്ഷിക്കുക ഏറെ പ്രധാനമാണ്. കടുവകളുടെ എണ്ണമെടുക്കുക ഏറെ ബുദ്ധിമുട്ടുള്ളതാണെങ്കിലും അസാധ്യമല്ല. 2006 - വരെ കടുവയുടെ പഗ് മാർക്കുകൾ കണ്ടു പിടിച്ചാണത്രേ സെൻസസ് പഠനം. ഏതു മാർഗ്ഗമുപയോഗിച്ചാലും എല്ലാ കടുവകളുടെയും എണ്ണമെടുക്കുക അപ്രായോഗികമാണ്. ദ വൈൽഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സാങ്കേതിക സഹായത്തോടെ NTCA 2018-19-ൽ നടത്തിയ ദേശീയ സർവേയിൽ കടുവകളുടെ എണ്ണമെടുക്കാൻ ഉപയോഗിച്ചത് Capture-Mark - Recapture ( CMR ) മാതൃക ഉപയോഗിച്ചാണ്. 

ഒരോ കടുവയുടെയും സ്വതസിദ്ധമായ ശരീരവരകളുടെ വ്യത്യാസമാണ് ഈ മാതൃകയിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. റിമോട്ട് ഹീറ്റ് ആൻഡ് മോഷൻ സെൻസിറ്റീവായ ക്യാമറ ജോടികളായി കടുവയുടെ നടവഴികളിലിരുവശവും സ്ഥാപിച്ച് സമ്പൂർണ്ണ ചിത്രങ്ങൾ ഇരു വശത്തു നിന്നും എടുക്കുന്നു. 2018 - 19-ലെ സർവെയിൽ, കടുവകളുടെ പ്രധാന ആവാസസ്ഥലങ്ങളിൽ , 121,000 ചതുരശ്ര കിലോമീറ്റർ  സ്ഥലത്ത് 26,838 ക്യാമറകളാണത്രേ സ്ഥാപിക്കപ്പെട്ടത്. കടുവാ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏറ്റവും സുപ്രധാനമായ കടുവ സെൻസസ് ഏറ്റവും ശാസ്ത്രീയ, ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് NTSA നടപ്പാക്കുന്നത്.

കടുവയെന്ന അഭിമാനം

International Tiger Day 2021

1972 വരെ സിംഹമായിരുന്നു നമ്മുടെ ദേശീയ മൃഗം. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദേശീയ സ്വഭാവം കൂടുതലുള്ള കടുവയെ പിന്നീട് നമ്മുടെ ദേശീയ മൃഗമാക്കുകയായിരുന്നു. ബംഗ്ലാദേശ്, മലേഷ്യ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുടേയും ദേശീയ മൃഗം കടുവയാണ്. ഹിമാലയം മുതല്‍ കന്യാകുമാരി വരെ സാന്നിധ്യമുള്ള കടുവകള്‍ രാജസ്ഥാനിലെ മരുപ്രദേശങ്ങളിലും പഞ്ചാബ്, കച്ച്, സിന്ധ് പ്രദേശങ്ങളിലും കാണപ്പെടുന്നില്ല. കടുവകളുടെ നാടായ ഇന്ത്യയില്‍ അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്‍പേ കടുവകളുണ്ടായിരുന്നു.  കഴിഞ്ഞ നൂറു വര്‍ഷം കൊണ്ട് കടുവകളുടെ ആവാസ വ്യവസ്ഥയില്‍ തൊണ്ണൂറു ശതമാനത്തിലധികം മനുഷ്യന്‍ നശിപ്പിച്ചു കഴിഞ്ഞു.  ഇന്ന് ലോകത്തുള്ള കടുവകളുടെ എണ്ണം ഏകദേശം  നാലായിരത്തിനടുത്താണ് (3890-(2016)). ഇതില്‍ 70 ശതമാനത്തിനടുത്ത് ഇന്ത്യയിലാണ് (2,226-(2014)). കാടുകളിലെ കടുവകളുടെ എണ്ണമാണിത്. ഇതിന്റെ  മൂന്നിരട്ടി കടുവകള്‍ അമേരിക്കയിലെ കാഴ്ചബംഗ്ലാവുകളില്‍ ഉണ്ടത്രേ.

ഇനങ്ങള്‍

പരമ്പരാഗതമായി  എട്ട് ഇനം കടുവകള്‍  ലോകത്തുള്ളതായി പറയുന്ന. സൈബീരിയന്‍, ബംഗാള്‍, ചൈനീസ് ഇന്നോ-റെലനീസ്, സുമാത്രന്‍, ജാവന്‍, ബാലിനീസ്, കാസ്പിയന്‍ എന്നിങ്ങനെ. ഇതില്‍ അവസാനത്തെ മൂന്നെണ്ണത്തിന്  കഴിഞ്ഞ നൂറ്റാണ്ടില്‍ വംശനാശം സംഭവിച്ചു. ബാക്കിയുള്ളവ  വംശനാശ ഭീഷണിയിലാണ്. ജനിതക പഠനങ്ങളനുസരിച്ച്  ലോകത്തില്‍ ആറിനങ്ങളേയുള്ളൂ. ഏറ്റവും പുതിയതായി ഇവയെ രണ്ട് പൊതു ഇനങ്ങളായി ചുരുക്കിയിരിക്കുന്നു. ടൈഗ്രിസ്, സുമാത്ര എന്നിവയാണിവ. ഇതില്‍ കടുവകളുടെ പൂര്‍വികരായും, ഏറ്റവും  വലുപ്പമുള്ളവരായും കണക്കാക്കപ്പെടുന്നത് സൈബീരിയന്‍ (അമുര്‍) കടുവകളാണ്. റോയല്‍ ബംഗാള്‍ കടുവകളാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ അഭിമാനം.

വര്‍ഗീകരണം

Tiger Day 2021

മൃഗലോകത്തില്‍ (Animal Kingdom), നട്ടെല്ലുള്ള  ജീവികളില്‍ (Vertebrates), സസ്തനികള്‍ (Mammals) എന്ന ക്ലാസ്സില്‍ (Class), കാര്‍ണിവോറ എന്ന ഓര്‍ഡറിലാണ് (Order)  കടുവകളുടെ സ്ഥാനം. കുടുംബ (Family) നാമം ഫെലിഡേ എന്നും ശാസ്ത്ര നാമം പാന്തെറ ടൈഗ്രിസ് (Panthera tigris) എന്നുമാണ്.  പൂച്ച കുടുംബമാണിത്. അതില്‍ത്തന്നെ ഏറ്റവും  വലിയ അംഗം.

കാട്ടിലെ വേട്ടക്കാരന്‍

തല മുതല്‍ വാല്‍വരെയുള്ള  ശാരീരിക പ്രത്യേകതകളാണ് കടുവകളെ മികച്ച വേട്ടക്കാരാക്കുന്നത്. ഒരു മീറ്ററോളം നീളമുള്ള വാല്‍ ഓട്ടത്തിനും ഇടയ്ക്ക് പെട്ടെന്ന്  തിരിയുമ്പോള്‍  ശരീരം ബാലന്‍സ് ചെയ്യാനും സഹായിക്കുന്നു.  മുന്‍കാലുകളേക്കാള്‍ നീളമുള്ള പിന്‍കാലുകളും, കോളര്‍ എല്ലിന്റെ അഭാവവും നീളത്തില്‍ (10 മീറ്റര്‍ വരെ) ചാടാന്‍ സഹായിക്കുന്നു.  നീളം കുറഞ്ഞ ആമാശയവ്യൂഹമാണ് കടുവകള്‍ക്കുള്ളത്.  സസ്യാഹാരികളേക്കാള്‍ താരതമ്യേന ചെറിയ ആമാശയ വ്യൂഹം മതി മാംസഭുക്കുകള്‍ക്ക്. ഇത് ഇര പിടുത്തത്തിന് സഹായകരമാണ്.  ശരീരത്തിലെ തൊലിയും, രോമങ്ങളും, വരകളും ഒളിച്ചിരിക്കാനും, താപസംരക്ഷണത്തിനും  സഹായം.  30 പല്ലുകളാണ് കടുവകള്‍ക്ക്. കോമ്പല്ലുകള്‍ക്ക്  നല്‍കിയിരിക്കുന്ന സ്പര്‍ശ നാഡീ തന്തുക്കള്‍ ഇരയുടെ കഴുത്തറക്കാന്‍ ഏറെ സഹായം. അണപ്പല്ലുകളില്‍ ചിലത് പ്രത്യേകമായ കാര്‍നേഷ്യന്‍ പല്ലുകളായി മാംസത്തെ മുറിക്കാന്‍ സഹായിക്കുന്നു.  ഉളിപ്പല്ലുകളാകട്ടെ ഇരയുടെ തൂവലുകള്‍ പറിക്കാനും, മാംസത്തെ എല്ലില്‍ നിന്നും വേര്‍പ്പെടുത്താനും  സഹായിക്കുന്നു.  

മുന്‍കാലുകളിലെ ശക്തമായ  എല്ലുകള്‍ വലിയ ഇരകളെ കീഴടക്കാന്‍ സഹായിക്കുന്നു.  പത്തു സെന്റീമീറ്ററോളം  നീളമുള്ള നഖങ്ങള്‍, ഇരയെ പിടിക്കാന്‍ സഹായം ചെയ്യുന്നു. കടുവകള്‍ക്കുമുണ്ട് മുഖത്ത് വിസ്‌ക്കേര്‍സ് (Whiskers) എന്നറിയപ്പെടുന്ന മീശകള്‍. ഏകദേശം പതിനഞ്ചു സെന്റീമീറ്റര്‍ വരെ നീളമുള്ള ഇവ സ്പര്‍ശന സഹായിയാണ്.  നാവിലെ ചെറിയ തടിപ്പുകള്‍ ഇരയുടെ തൂവലുകള്‍ മാറ്റാന്‍ സഹായകരമാകുന്നു. ശബ്ദം പിടിച്ചെടുക്കാനുള്ള കഴിവാണ് വേട്ടയാടാന്‍ ഏറെ പ്രധാനം. റഡാര്‍ ഡിഷുകള്‍പോലെ വിടര്‍ന്ന ചെവികള്‍ ഇവയ്ക്കുണ്ട്.  മണം ഇരപിടിക്കുന്നതിനേക്കാള്‍ അതിര്‍ത്തി നിര്‍ണ്ണയം, പ്രത്യുത്പാദനം, ആശയ വിനിമയം എന്നിവയ്ക്ക് സഹായം.  ഇരുട്ടില്‍ നല്ല കാഴ്ച നല്‍കുന്ന കണ്ണുകള്‍ ത്രിമാന ചിത്രങ്ങളും, ബൈനോക്കുലര്‍  കാഴ്ചയും  നല്‍കി ഇരപിടുത്തം എളുപ്പമാക്കുന്നു.

അമ്മയുടെ തണലിലെ കുടുംബം.

Tiger Day 2021

കുഞ്ഞുങ്ങളുടെ പരിപാലനവും, വളര്‍ത്തലുമൊക്കെ പെണ്‍കടുവയാണ് ചെയ്യുന്നത്. ശിശു മരണനിരക്ക് കൂടുതലാണ് കടുവകളില്‍.  കണ്ണുകള്‍ തുറക്കാത്ത പ്രസവശേഷമുള്ള  6-12 ദിവസം അമ്മയാണ് അവരുടെ ആശ്രയം. രണ്ടുമാസം വരെ അമ്മയുടെ കൂടെത്തന്നെ ജീവിതം. രണ്ടുമാസം വരെ പാലാണ് ആഹാരം.  4-8 ആഴ്ച പ്രായത്തില്‍ മാംസാഹാരം തുടങ്ങുന്നു. ആറുമാസം പ്രായത്തില്‍ ഇരതേടി തുടങ്ങുന്നു. പെണ്‍കടുവകള്‍  3, ആണ്‍കടുവകള്‍ 4 വയസ്സിലും പ്രായപൂര്‍ത്തിയെത്തുന്നു. പെണ്‍കടുവകള്‍  നീളത്തില്‍  ചെറുതെങ്കിലും   വാല്‍നീളം  അവര്‍ക്കാണ് കൂടുതല്‍. ആണ്‍കടുവയുടെ  പാദമുദ്ര (Pugmark) വട്ടത്തില്‍ കാണപ്പെടുമ്പോള്‍ പെണ്‍കടുവയുടേത്  മുട്ടയുടെ ആകൃതിയിലായിരിക്കും.  വേട്ടയാടാനുള്ള പരിശീലനം  നല്‍കുന്നത് അമ്മയാണ്.  

അൽപം ഗൗരവമുള്ള തീറ്റക്കാര്യം

ആഹാരശൃംഖലയുടെ ഏറ്റവും മുകളിലുള്ള  കടുവകള്‍ക്ക് ആഴ്ചയില്‍ ഒരു മാനിന്റെ വലുപ്പമുള്ള  ഇരയാണ് ആവശ്യം.  കുളമ്പുള്ള വലിയ ജീവികളാണ് ഇഷ്ടപ്പെട്ട ഇരകളെങ്കിലും  പക്ഷി, മത്സ്യം,  പാമ്പ് തുടങ്ങി ആനകള്‍വരെ  ഇരയാകാം. ഇര കിട്ടാതെ വരുന്ന സന്ദര്‍ഭത്തിലും മുറിവേറ്റ, വയസായ അവസ്ഥകളിലും മാത്രമേ മനുഷ്യനില്‍ താല്‍പര്യമുണ്ടാകാറുള്ളൂ. സന്ധ്യമയങ്ങുമ്പോഴാണ്  ഇരപിടുത്തം. ഓടിപ്പിക്കാനല്ല പതുങ്ങിയിരുന്ന്  ചാടിപ്പിടിക്കും. മുഖത്തോടു മുഖം വന്നല്ല വശങ്ങളില്‍ നിന്നും, പിറകില്‍ നിന്നും ആക്രമണം. തന്നേക്കാള്‍ രണ്ടിരട്ടി ശരീര വലിപ്പമുള്ള ജീവികളെവരെ ഇരയാക്കും.  പല്ലുകള്‍ ആഴ്ത്തിയിറക്കി കഴുത്തിലെ രക്തക്കുഴലുകള്‍ പൊട്ടിച്ച്, രക്തം വാര്‍ന്ന് കൊല്ലും.  എല്ലുകള്‍പോലും തകര്‍ക്കാന്‍ ശക്തമായ പല്ലും, താടിയെല്ലും ദൂരത്തേക്ക് വലിച്ചുകൊണ്ടുപോകാനും സഹായിക്കുന്നു. ഒരുസമയത്ത്    20-40 കി.ഗ്രാം മാംസം കഴിക്കും. ദിവസം ശരാശരി 10 കി.ഗ്രാം മാംസം വേണം.  ധാരാളം ജലം കുടിക്കും. 

കടുവയെ കാത്തിടാൻ

Tiger Day 2021

1875-ല്‍ ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന ജിം സാൽമൺബറ്റ് എന്ന ബ്രിട്ടിഷുകാരന്‍ കടുവാ വേട്ടക്കാരനായിരുന്നു.  1930-ല്‍ വേട്ടയവസാനിപ്പിച്ച്  വന്യജീവി സംരക്ഷണത്തിനിറങ്ങി. അദ്ദേഹത്തിന്റെ ശ്രമഫലമായി  ഇന്ത്യയിലെ  ആദ്യ കടുവാ സംരക്ഷണ കേന്ദ്രമായ ഹെയിലി സാൽമൺ ബറ്റിന്റെ പേര് ഇതിന് നല്‍കപ്പെട്ടു. ഉത്തരാഖണ്ഡിലാണ് ജിം സാൽമൺ ബറ്റ് നാഷണല്‍ പാര്‍ക്ക്. അദ്ദേഹം എഴുതിയ  പുസ്തകമാണ് 'ദി മാന്‍ ഈറ്റേഴ്‌സ് ഓഫ് കുമയൂണ്‍'.ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് കടുവകളുടെ  സംരക്ഷണത്തിന്  മുന്‍കയ്യെടുത്തത്. ആവാസവ്യവസ്ഥയില്‍ കടുവകള്‍ കുറയുന്നത് സസ്യഭുക്കുകളുടെ എണ്ണം കൂട്ടി, പ്രകൃതിയുടെ മൊത്തം ഭക്ഷ്യശൃംഖലയെ  ബാധിക്കുമെന്ന ബോധ്യമായിരുന്നു ഇതിനു പിന്നില്‍.  കടുവകളുടെ എണ്ണം നാല്‍പതിനായിരത്തില്‍  നിന്ന് 1969 ല്‍ 2500 ആയിരുന്നു. 1972-ല്‍ വന്യജീവി സംരക്ഷണ നിയമവും 1973-ല്‍ പ്രോജക്ട് ടൈഗറും  നിലവില്‍ വന്നു.  ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ  കീഴിലാണ് ഈ പദ്ധതി.  കേന്ദ്ര പദ്ധതിയായ  ഇത് സംസ്ഥാന സര്‍ക്കാര്‍ സഹകരണത്തോടെ  നടപ്പിലാക്കുന്നു.   ഇപ്പോള്‍ 18 സംസ്ഥാനങ്ങളിലായി  49 ടൈഗര്‍ റിസര്‍വുകളുണ്ട്.  കര്‍ണ്ണാടകയിലെ ബന്ദിപ്പൂര്‍, മധ്യപ്രദേശിലെ കന്‍ഹ, അസമിലെ  കാസിരംഗ, രാജസ്ഥാനിലെ രത്തംബോർ എന്നിവ പ്രസിദ്ധമാണ്.

drsabingeorge10@gmail.com

English Summary: Global Tiger Day 2021: India's Story Of Successful Tiger Conservation

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആഡംബരമില്ലായ്മയാണ് ഇവിടെ ആഡംബരം: സിജിഎച്ച് എർത്തിന്റെ വിജയ കഥ

MORE VIDEOS
FROM ONMANORAMA