‘അവരുടെ അതിജീവനം നമ്മുടെ കൈകളിൽ’: കരുത്തിന്റെ പ്രതീകമായി നിറഞ്ഞുനിന്നിരുന്ന കടുവകൾ!

International Tiger Day 2021
SHARE

നിബിഡമായ തന്റെ കാടിന്റെ നിശബ്ദതയിൽ, നിർഭയം, കരുത്തോടെ വന്യമായ സൗന്ദര്യത്തോടെ, തന്റെ ഭക്ഷണം തേടി നടക്കുന്ന കടുവയുടെ ചിത്രം മനോഹരമായ ഒരു പ്രകൃതിദൃശ്യത്തിനോടൊപ്പം, ഇന്നത്തെ ദിവസം (ജൂലൈ 29) ഗൗരവമുള്ള ചില ചിന്തകളിലേക്കും ലോകത്തെ നയിക്കുന്നു. അതെ, ഇന്ന് ലോക കടുവ ദിനം. 2015ൽ ഐയുസിഎൻ വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയ കടുവകളെക്കുറിച്ച്, ദുർബലമായ അവയുടെ നിലനിൽപിനെക്കുറിച്ച് ലോകം ചർച്ച ചെയ്യുന്ന ദിനം. പ്രാചീന മനുഷ്യരുടെ ഗുഹാ ചിത്രങ്ങളിലും ആധുനിക മനുഷ്യന്റെ സാംസ്കാരിക ചിഹ്നങ്ങളിലും കരുത്തിന്റെ പ്രതീകമായി നിറഞ്ഞുനിന്നിരുന്ന, അസ്തമനത്തിലേക്ക് നടന്നു നീങ്ങുന്ന കടുവകളുടെ ജൈവലോകത്തേക്ക്.

കടുവകളും അവയുടെ പാരിസ്ഥിതിക പ്രാധാന്യവും

Panthera Tigris എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന കടുവകൾക്ക് 6 വ്യത്യസ്ത സബ് സ്പീഷ്യസുകൾ ഉണ്ട്. റഷ്യയുടെ കിഴക്കൻ മേഖലകളിലും ചൈനയുടെ വടക്കുകിഴക്ക് മേഖലകളിലും ജീവിക്കുന്നവയാണ് സൈബീരിയൻ കടുവകൾ. ഇന്ത്യ, ബംഗ്ലദേശ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിൽ അധിവസിക്കുന്നവയാണ് ബംഗാൾ കടുവകൾ. മ്യാൻമർ, തായ്‌ലൻഡ്, ലാഓസ് എന്നീ രാജ്യങ്ങളിൽ കാണുന്നവയാണ് ഇന്തോ ചൈനീസ് കടുവകൾ. മലേഷ്യൻ ഉപഭൂഖണ്ഡത്തിൽ ജീവിക്കുന്നവയാണ് മലേഷ്യൻ കടുവകൾ. ചൈനയുടെ തെക്കൻ മേഖലയിൽ മാത്രം കണ്ടുവരുന്നവയാണ് സൗത്ത് ചൈനാ കടുവകൾ. ഇന്തോനേഷ്യയിലെ സുമാത്രാ ദീപിൽ ജീവിക്കുന്നവയാണ് സുമാത്രൻ കടുവകൾ.

ലോകത്തു കാണുന്ന കടുവകളിൽ 50% ബംഗാൾ കടുവകളാണ്. എന്നാൽ ശരീരവലുപ്പത്തിൽ ഏറ്റവും വലുത് സൈബീരിയൻ കടുവകളാണ്. അവയ്ക്ക് ശരാശരി 1.8 മീറ്റർ ഉയരവും, 4 മീറ്റർ നീളവും (വാൽ ഉൾപ്പെടെ) 300 കിലോഗ്രാം ഭാരവും കാണപ്പെടുന്നു. സിംഹങ്ങളേക്കാൾ ശക്തമായ മാംസപേശികൾ അവയ്ക്കുണ്ട്. 2 മുതൽ 4 വരെ കുഞ്ഞുങ്ങൾ ഒറ്റപ്രസവത്തിൽ കടുവകൾക്കുണ്ടാവുന്നു. എന്നാൽ, ശിശുമരണനിരക്ക് വളരെ കൂടുതലാണ് കടുവകൾക്ക്. പകുതിയോളം കുഞ്ഞുങ്ങളെ അവയ്ക്ക് പലപ്പോഴും നഷ്ടമാകുന്നു. വനത്തിൽ ഏകദേശം 60 മുതൽ 100 കിലോമീറ്റർ ദൂരം തങ്ങളുടെ അതിർത്തിയായി കടുവകൾ അടയാളപ്പെടുത്താറുണ്ട്.

Tiger Day 2021

വന ആവാസ വ്യവസ്ഥയിൽ ഓരോ സസ്യങ്ങളും ജന്തുക്കളും പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. സസ്യങ്ങൾ നിർമിക്കുന്ന ഭക്ഷണം (അന്നജം) സസ്യഭോജികളിലൂടെ കടന്ന് ആഹാരശൃംഖലയിലെ ഏറ്റവും ഉയർന്ന തലമായ മാംസഭുക്കുകളിലേക്കെത്തുന്നു. കടുവകൾ ഉൾപ്പെടുന്ന ഏറ്റവും ഉയർന്ന തലത്തിലെ മാംസഭോജികൾ നടത്തുന്ന ‘എക്കോളജിക്കൽ എൻജിനീയറിങ്’ വന ആവാസ വ്യവസ്ഥ സന്തുലിതമായി നിലനിർത്തുവാൻ അനിവാര്യമാണ്. 

ഉയർന്ന തോതിൽ സസ്യങ്ങളെ ഭക്ഷണമാക്കുന്ന സസ്യഭുക്കുകളെ ഭക്ഷണമാക്കുന്നതിലൂടെ വനത്തിലെ സസ്യവൈവിധ്യം നിലനിർത്തുന്നതിൽ കടുവകൾക്ക് ഉന്നതമായ പങ്കുണ്ട്. അതുമൂലം ആഗോളതാപനത്തിനു കാരണമാക്കുന്ന സസ്യഭുക്കുകളെ ഭക്ഷണമാക്കുന്നതിലൂടെ വനത്തിലെ സസ്യവൈവിധ്യം നിലനിർത്തുന്നതിൽ കടുവകൾക്ക് ഉന്നതമായ പങ്കുണ്ട്. അതുമൂലം ആഗോളതാപനത്തിനു കാരണമാകുന്ന Co2നെ വലിയ തോതിൽ വലിച്ചെടുക്കുവാൻ വന ആവാസവ്യവസ്ഥ പര്യാപ്തമാകുന്നു. കടുവകളുടെ നാശം വന ആവാസ വ്യവസ്ഥയുടെ അസന്തുലിതാവസ്ഥയ്ക്കും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്നുവെന്ന് ഒറ്റവാക്കിൽ നമുക്ക് പറയാൻ സാധിക്കും.

ആഗോളതലത്തിൽ കടുവകളുടെ സ്ഥിതി എന്ത്?

വേള്‍ഡ് വൈൽഡ്‌ലൈഫ് ഫണ്ട്, ഐയുസിഎൻ തുടങ്ങിയ സംഘടനകൾ രേഖപ്പെടുത്തുന്ന കണക്കുകൾ പ്രകാരം ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന കടുവകളുടെ എണ്ണം വെറും 3900 മാത്രമാണ്. 1900ൽ ലോകത്താകമാനം 1 ലക്ഷം കടുവകൾ ജീവിച്ചിരുന്നതായി വേള്‍ഡ് വൈൽഡ്‌ലൈഫ് ഫണ്ട് രേഖപ്പെടുത്തുന്നു. ഒരു നൂറ്റാണ്ടിനിപ്പുറം അവയുടെ എണ്ണത്തിൽ 97% ത്തിന്റെ ഇടിവുണ്ടായിരിക്കുന്നു. എന്നാൽ 2010ലെ 3200 എണ്ണം കടുവകളിൽ നിന്ന് 2016ൽ അവയുടെ എണ്ണം ഉയർന്ന് 3890 ആവുകയും 2020ൽ 3900 രേഖപ്പെടുത്തുകയും ചെയ്തു. ഇന്ത്യ, ചൈനാ, നേപ്പാൾ, ഭൂട്ടാൻ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നേരിയ തോതിൽ കടുവകളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രോജക്ട് ടൈഗറും ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയും

International Tiger Day 2021

ഇന്ത്യയിൽ 1973ൽ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട കടുവ സംരക്ഷണ പദ്ധതിയായിരുന്നു പ്രോജക്ട് ടൈഗർ. ഇന്ത്യയിൽ വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന കടുവകളുടെ സംരക്ഷണമായിരുന്നു ലക്ഷ്യം. പിന്നീട് പ്രോജക്ട് ടൈഗറിന്റെ നടത്തിപ്പ് എൻടിസിഎ ഏറ്റെടുത്തു. അതിനെ തുടർന്ന് ഇന്ത്യൻ വനപ്രദേശങ്ങളെ 5 മേഖലകളായി തിരിച്ച് കടുവ സംരക്ഷണം കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ടു. ശാസ്ത്രീയമായ രീതിയിൽ, ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താൽ നാല് ടൈഗർ സെൻസസുകൾ (നാല് വർഷത്തിന്റെ ഇടവേളയിൽ) ഇന്ത്യയിൽ നടത്തപ്പെട്ടു. ആദ്യമായി 2006ൽ നടത്തിയ ടൈഗർ  സെൻസസിൽ കടുവകളുടെ എണ്ണം 1411 ആയി രേഖപ്പെടുത്തി. 2010ൽ നടന്ന സെൻസസിൽ കടുവകളുടെ എണ്ണം 1706 ആയും 2014–ൽ നടത്തിയ സെൻസസിൽ 2226 ആയും രേഖപ്പെടുത്തി. അവസാനം നടന്ന 2018ലെ ടൈഗർ സെൻസസിൽ കടുവകളുടെ എണ്ണം 2967 ആയി ഉയർന്നു. 1973ൽ വെറും 9 കടുവ സംരക്ഷണ കേന്ദ്രങ്ങൾ (ടൈഗർ റിസർവ്) ഉണ്ടായ സ്ഥിതിയിൽനിന്നും 2020ൽ കടുവ സംരക്ഷണ കേന്ദ്രങ്ങൾ ഇന്ത്യയിൽ 51 ആയി ഉയർന്നു. ഇത് ഇന്ത്യയുടെ ഭൂപ്രദേശത്തിന്റെ 2.21% വരുന്നു.

2018ൽ ഇന്ത്യയിൽ നടന്ന കടുവ സെൻസസ് ആഗോള ശ്രദ്ധയും അംഗീകാരവും പിടിച്ചുപറ്റി. 2018ലെ സെൻസസിൽ കടുവ സംരക്ഷണ കേന്ദ്രങ്ങളിലെ വനഭൂമിയിൽ 26838 സ്ഥലങ്ങളിൽ നിരീക്ഷണത്തിനായുള്ള ക്യാമറകൾ ഘടിപ്പിക്കുകയും അവയിൽ നിന്നും 76651 കടുവകളുടെ ചിത്രങ്ങൾ ലഭിക്കുകയും ചെയ്തു. ബൃഹത്തായ ആ ചിത്ര ശേഖരത്തിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2967 കടുവകളെ വളരെ ശാസ്ത്രീയമായി തിരിച്ചറിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ക്യാമറ ടോപ്പ് വന്യജീവി സർവേ നടത്തിയതിനുള്ള വേൾഡ് ഗിന്നസ് റെക്കോ‍‍ഡ് 2018ലെ സെൻസസിന് നേതൃത്വം നൽകിയ എൻടിസിഎ യ്ക്കും വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് ഇന്ത്യയ്ക്കും ലഭിക്കുകയുണ്ടായി. 2018–ലെ സെൻസസ് പ്രകാരം കേരളത്തിലെ കടുവകളുടെ എണ്ണം 190 ആണ്.

രാജ്യാന്തര കടുവാ ഉച്ചകോടി 2010

രാജ്യാന്തര തലത്തിൽ സജീവമായ അനധികൃത വന്യജീവി കച്ചവടവും തുടർച്ചയായി സംഭവിക്കുന്ന ആവാസ വ്യസ്ഥയുടെ ശോഷണവും വംശനാശത്തിലേക്ക് നടന്നടുക്കുന്ന കടുവകളുടെ സ്ഥിതി കൂടുതൽ പരിതാപകരമാക്കുന്നു. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണത്തിനായി നിലകൊള്ളുന്ന ആഗോള സംഘടനയായ ട്രാഫിക്കിന്റെ (TRAFFIC) റിപ്പോർട്ടുകൾ പ്രകാരം ഒരു വർഷം ഏകദേശം 124–ാളം കടുവകൾ പല കാരണങ്ങളാൽ മരണപ്പെടുന്നു. 2000നും 2018നും ഇടയ്ക്ക് 2358–ാളം കടുവകൾ മനുഷ്യന്റെ പിടിയിലായി എന്നും TRAFFIC റിപ്പോർട്ട് ചെയ്യുന്നു. 2016ൽ മാത്രം ആഗോളതലത്തിൽ 288 കടുവകൾ പിടിക്കപ്പെട്ടു എന്നും അവർ പറയുന്നു. കടുവകളുടെ സംരക്ഷണത്തിൽ അതീവ പ്രാധാന്യം നൽകുന്ന ഇന്ത്യയിൽ 2018ൽ 115 കടുവകൾ മരണപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ 98 എണ്ണം മനുഷ്യനാൽ വധിക്കപ്പെട്ടതാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു.

International Tiger Day 2021

ഇത്തരം ഗൗരവതരമായ സാഹചര്യത്തിൽ കടുവകളുടെ സംരക്ഷണം ആഗോളതലത്തിൽ ഉറപ്പുവരുത്തുന്നതിനുവേണ്ടി 2010ൽ റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബർഗ്ഗിൽ നാലുദിവസം നീണ്ടുനിന്ന ‘‘ആഗോള കടുവാ ഉച്ചകോടി’’ നടത്തപ്പെടുകയുണ്ടായി. നവംബർ 21 മുതൽ 24 വരെ നീണ്ടുനിന്ന ഉച്ചകോടിയിൽ ഇന്ത്യ, ചൈന, ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ, ഇന്തോനീഷ്യ, മലേഷ്യ, ലാവോസ്, തായ്‌ലൻഡ്, വിയറ്റ്നാം, കംബോഡിയ തുടങ്ങിയ 13 രാജ്യങ്ങൾ പങ്കെടുത്തു. (ഈ രാജ്യങ്ങളെ Tiger Range Countries) എന്ന് വിളിക്കുന്നു. 2020ഓടെ ആഗോളതലത്തിൽ കടുവകളുടെ എണ്ണം ഇരട്ടിയാക്കുവാനുള്ള പദ്ധതികൾ അന്നവിടെ രൂപംകൊണ്ടു. ഉച്ചകോടിയിൽ രൂപംകൊണ്ട തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ജൂലൈ 29 ‘‘ലോക കടുവ ദിനമായി’’ ആചരിക്കപ്പെടുന്നു. ‘‘അവരുടെ അതിജീവനം നമ്മുടെ കൈകളിലാണ്’’ എന്നതാണ് ലോക കടുവ ദിനത്തിന്റെ സന്ദേശം.

കടുവാ ഒരു അംബ്രലാ സ്പീഷീസ് 

കടുവകളെ അംബ്രലാ സ്പീഷീസ് ആയി കണക്കാക്കുന്നു. ഒരു വനത്തിൽ കടുവയുടെ സാന്നിധ്യമുണ്ടെങ്കിൽ അവയെ സംരക്ഷിക്കുന്നതിനായി വളരെ സൂക്ഷ്മമായി കാടിനെ നിരീക്ഷിക്കുകയും അനധികൃതമായ മനുഷ്യന്റെ പ്രവർത്തനങ്ങളെ അവിടെ തടയുകയും ചെയ്യുന്നു. അതുമൂലം ആ വനത്തിനുള്ളിലെ നൂറു കണക്കിന് മറ്റ് ജീവിവർഗങ്ങൾക്ക് സംരക്ഷണം ലഭിക്കുന്നു. കടുവ ഒരു കുടപോലെ മറ്റ് ജീവജാലങ്ങളെ സുരക്ഷിതരാക്കുന്നു എന്നു സാരം. പ്രകൃതിയുടെ സംതുലനവും സുസ്ഥിരവുമായ നിലനിൽപിന് ഓരോ ജീവിവർഗവും അതിന്റേതായ കടമ നിർവഹിക്കേണ്ടതായുണ്ട്. കാടിന്റെ ജൈവഘടന നിയന്ത്രിക്കുന്നതിൽ പ്രധാനിയായ കടുവയുടെ നിലനിൽപ് അതുകൊണ്ടുതന്നെ നാം ഉറപ്പാക്കേണ്ടതുണ്ട്.

English Summary: International Tiger Day 2021

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആഡംബരമില്ലായ്മയാണ് ഇവിടെ ആഡംബരം: സിജിഎച്ച് എർത്തിന്റെ വിജയ കഥ

MORE VIDEOS
FROM ONMANORAMA