ADVERTISEMENT

‘അവരുടെ അതിജീവനം നമ്മുടെ കൈകളിലാണ്’എന്നതാണ് ഈ വർഷത്തെ അന്തർദേശിയ കടുവാ ദിന സന്ദേശം. ജൈവ വൈവിധ്യ വ്യവസ്ഥയിലെ പ്രധാനിയായ കടുവകളെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം ഓർമിപ്പിക്കുന്നതിനാണ് ജൂലൈ 29 ലോക കടുവ ദിനമായി ആചരിക്കുന്നത്.  മാർജാര കുടുംബത്തിലെ ഏറ്റവും വലിയ അംഗമായ കടുവയ്ക്ക് വകഭേദങ്ങൾ പലതുണ്ട.് കടുവകളുടെ ഒൻപത് വകഭേദങ്ങളെയാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുള്ളത്. ഇതിൽ മൂന്നെണ്ണത്തിന് ഇരുപതാം നൂറ്റാണ്ടിൽ തന്നെ വംശനാശം സംഭവിച്ചിരുന്നു. ആറു തരത്തിലുള്ള കടുവകൾ മാത്രമാണ് ഇപ്പോൾ ഉള്ളത്. എന്നാൽ ഇത് തെറ്റാണെന്ന് വാദിക്കുന്നവരും ഉണ്ട്. 2015ൽ സയൻസ് അഡ്വാൻസസ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത് രണ്ടു ഉപ സ്പീഷീസുകൾ മാത്രമാണുള്ളതെന്നാണ്. എന്നാൽ 2018ൽ കറന്റ് ബയോളജി എന്ന ജേർണൽ ആറു ഉപസ്പീഷീസുകൾ ഉണ്ടെന്ന വാദത്തെ അംഗീകരിച്ച് ജനിതക തെളിവുകൾ അവതരിപ്പിച്ചു. 

കുടുംബം: ഫെലിഡേ ശാസ്ത്രനാമം: പാന്തറാ ടൈഗ്രിസ് 

Tiger Day 2021

സൈബീരിയ ആണ് കടുവകളുടെ ജന്മദേശം. കേരളത്തിലെ കടുവാ സംരക്ഷണ കേന്ദ്രങ്ങളാണ് പെരിയാറും പറമ്പിക്കുളവും. 1972–ൽ കടുവയെ ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിച്ചു. ബംഗ്ലദേശിന്റെയും ദേശീയമൃഗം കടുവ തന്നെ. 2010–ൽ റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബർഗിൽ നടന്ന ഉച്ചകോടിയിൽ ജൂലൈ 29 ലോക കടുവാ ദിനമായി പ്രഖ്യാപിച്ചു. ദിനാചരണത്തിനു വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ നേതൃത്വം നൽകുന്നു. ഇന്ത്യ, നേപ്പാൾ, മ്യാൻമർ, ഭൂട്ടാൻ, റഷ്യ, ബംഗ്ലദേശ്, തായ്‍ലൻഡ്, ലാവോസ്, കംബോഡിയ, വിയറ്റ്നാം, മലേഷ്യ, ഇന്തൊനീഷ്യ, സുമാത്ര, ചൈന തുടങ്ങിയ രാജ്യങ്ങളിൽ കടുവകളുണ്ട്. കടുവകളില്ലാത്ത പ്രമുഖവനമേഖലകളാണ് ആഫ്രിക്കൻ കാടുകൾ. 2010ൽ റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബർഗിൽ നടന്ന മൃഗസംരക്ഷണ രംഗത്തെ രാജ്യാന്തര സംഘടനകളുടെ ഉന്നതതല സമ്മേളനമാണ് എല്ലാവർഷവും ജൂലൈ 29 രാജ്യാന്തര കടുവാദിനമായി ആചരിക്കുവാൻ തീരുമാനിച്ചത്. കാട്ടു കടുവകളുടെ എണ്ണം കുറയുന്നതിനെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും അവയെ വംശനാശത്തിന്റെ വക്കിൽ നിന്നും സംരക്ഷിക്കേണ്ടതിന്റെ ആവശ്യം ലോകത്തെ ബോധ്യപ്പെടുത്തുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

കടുവയെ അടുത്തറിയാം

കാട് അടക്കിവാഴുംവിധം വാസസ്ഥലങ്ങളിൽ  റോന്തുചുറ്റുന്ന സ്വഭാവം കടുവയ്ക്കുണ്ട്. സാധാരണ ആൺകടുവകളുടെ അധീനപ്രദേശം 70 മുതൽ മുതൽ 100 ചതുരശ്രകിലോമീറ്റർ വരെ വരും. പെൺകടുവകൾക്ക് ഇത് 25 ചതുരശ്രകിലോമീറ്ററാണ്. എന്നാൽ സൈബീരിയൻ കടുവകളുടെ അധികാര പരിധി പതിനായിരം ചതുരശ്ര കിലോമീറ്റർ വരെ വരുമെന്ന് കണക്കാക്കിയിട്ടുണ്ട്. മൂത്രത്തോടൊപ്പം പ്രത്യേകമണമുള്ള സ്രവവും പാറകളിലും മരങ്ങളിലും ഒഴിച്ച് ഇവ പരിധി അടയാളപ്പെടുത്തുന്നു. മരങ്ങളിൽ നഖം കൊണ്ട് പാടുകൾ ഉണ്ടാക്കിയും അതിര് തിരിക്കും. 

Tiger Day 2021

ഒരു ആൺകടുവയുടെ പരിധിയിൽ പല പെൺകടുവകൾ കാണുമെങ്കിലും മറ്റൊരു ആൺകടുവയെ സ്വന്തം പരിധിയിൽ കാണുന്നത് അവ തമ്മിലുള്ള പോരാട്ടത്തിലും മിക്കവാറും ഒരു കടുവയുടെ അന്ത്യത്തിലുമായിരിക്കും അവസാനിക്കുക. ഒറ്റയ്ക്ക് കഴിയുന്ന ഇവ പ്രജനന കാലത്തുമാത്രമേ ഇണയോടൊപ്പം ജീവിക്കാറുള്ളൂ. മൂന്നോ നാലോ വർഷത്തിൽ ഒരിക്കൽ 3–7 കുഞ്ഞുങ്ങളെ പ്രസവിക്കും. 105–110 ദിവസമാണ് ഗർഭകാലം. ജനിക്കുമ്പോൾ ഒരു കിലോയോളമാണ് ഭാരം. പ്രസവിച്ച് കുറച്ച് ദിവസങ്ങൾക്കുശേഷമേ കുഞ്ഞുങ്ങളുടെ കണ്ണ് തുറക്കുകയുള്ളു. പ്രായപൂർത്തിയാവുന്നത് മൂന്നു വർഷംകൊണ്ടാണ്. 10 മുതൽ 15 വയസ്സുവരെയാണ് ആയുർ ദൈർഘ്യം.

മനുഷ്യർക്ക് ഹസ്തരേഖ പോലെയാണ് കടുവകൾക്ക് അവയുടെ വരകൾ. ഓരോ കടുവകളുടെയും വരകൾ വ്യത്യസ്തമായിരിക്കും. കാട്ടിൽ മറഞ്ഞിരിക്കാൻ ഈ വരകൾ ഇവയെ സഹായിക്കുന്നു. കറുപ്പ് അല്ലെങ്കിൽ ബ്രൗൺ നിറത്തിലുള്ള വരകളോടുകൂടിയ ഓറഞ്ച് നിറത്തിലുള്ള രോമാവൃതമായ ശരീരമാണ് മിക്ക കടുവകൾക്കും ഉള്ളത്. ഉപസ്പീഷീസുകൾക്ക് അതനുസരിച്ച് വ്യത്യാസമുണ്ട്. ഏറ്റവും വലിയ ഇനമായ സൈബീരിയൻ കടുവകൾക്ക് ഇളം ഓറഞ്ച് നിറത്തിലുള്ള ശരീരത്തിൽ കുറച്ച് വരകൾ മാത്രമാണുള്ളത്. എന്നാൽ ചെറിയ ഇനമായ സുമാത്രൻ കടുവകൾക്കാകട്ടെ ഇരുണ്ട നിറയെ വരകളുള്ള ശരീരമാണുള്ളത്.

ഏകാന്ത വാസം ഇഷ്ടപ്പെടുന്ന ജീവികളാണ് കടുവകൾ. പൂർണ്ണവളർച്ചയെത്തിയ ആൺകടുവക്ക് 200 കിലോഗ്രാമെങ്കിലും ഭാരമുണ്ടാകും 300 കിലോഗ്രാമിലധികം ഭാരമുള്ളവയും അപൂർവ്വമല്ല. ഇന്ത്യയിൽ 1967ൽ വെടിവച്ചുകൊന്ന ഒരു കടുവക്ക് 390 കിലോഗ്രാം ഭാരമുണ്ടായിരുന്നു. പെൺകടുവകൾ സാധാരണ 180 കിലോഗ്രാമിലധികം ഭാരം വെയ്ക്കാറില്ല. മൂന്ന് മീറ്റർ ആണ് ആൺകടുവകളുടെ ശരാശരി നീളം. പെൺകടുവകൾക്കിത് 2.5 മീറ്ററായി കുറയും. അഞ്ചുമീറ്ററോളം ഉയരത്തിൽ ചാടാനും 10 മീറ്ററോളം നീളത്തിൽ ചാടാനും കടുവകൾക്കു ശേഷിയുണ്ട്. സ്വന്തം ഭാരത്തിന്റെ ഇരട്ടിയുള്ള ഇരകളെ കീഴടക്കാനും കടത്തിക്കൊണ്ടുപോകുവാനും നിസ്സാരമായി സാധിക്കും.

മാനുകൾ, മ്ലാവ്, കാട്ടുപോത്ത് തുടങ്ങിയവയെ വേട്ടയാടിപ്പിടിച്ചാണ് ഭക്ഷണമാക്കുന്നത്. ഏതു പരിതസ്ഥിതിയോടും ഇങ്ങാൻ കഴിവുണ്ട്. ചെറിയ ജീവികളേപ്പോലും തിന്നു ജീവിക്കാനാകും. കണ്ടൽക്കാടുകളിൽ കഴിയുന്ന കടുവകൾ ചെറുമീനുകളെമാത്രം ഭക്ഷിച്ചും ജീവിക്കും. കടുവയ്ക്ക് ഒരു ദിവസം അഞ്ചുകിലോ മാംസം മതിയെന്നാണ് മൃഗശാല അധികൃതർ പറയുന്നത്. ആഴ്ചയിലൊരിക്കൽ വയർ നിറഞ്ഞാൽ മതിയെന്ന് ജന്തു ശാസ്ത്രജ്ഞരും പറയുന്നു. കടുവയുടെ താടിയെല്ലിന്റെ ശക്തി കൊണ്ട്, അറുപതോ എഴുപതോ കിലോ ഭാരമുളള മൃഗങ്ങളെ കടിച്ചെടുത്ത് നടക്കാൻ കഴിയും. ശരീരത്തിന്റെ മൂന്നിലൊന്നു ഭാരമുള്ള ഇരകളേയും കൊണ്ട് രണ്ടുമീറ്ററിലധികം ഉയരത്തിൽ ചാടാനും  കഴിവുണ്ട്. 

കഴുത്തിനു പിറകിൽ ദംഷ്ട്രകളിറക്കിയാണ് ഇരകളെ കീഴടക്കുന്നത്. അങ്ങനെ ചെയ്യുന്നതു വഴി സുഷുമ്നാ നാഡി തകർക്കാനും ഇരകളെ വളരെ പെട്ടെന്നു തന്നെ കീഴ്പ്പെടുത്താനും കഴിയുന്നു. ജലസാമീപ്യമുള്ള പ്രദേശങ്ങളാണ് കടുവകൾക്കു കൂടുതൽ ഇഷ്ടം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കടുവകൾ കണ്ടുവരുന്ന പ്രദേശങ്ങളെ പ്രധാനമായും നാലായി തിരിക്കാം. വടക്കുകിഴക്കൻ കണ്ടൽ കാടുകൾ, ചതുപ്പു പ്രദേശങ്ങൾ, ഹിമാലയ വനങ്ങൾ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മലനിരകളോടു ചേർന്നുള്ള വനങ്ങൾ,പശ്ചിമഘട്ട (സഹ്യപർവതം) മലനിരകൾ. ചതുപ്പുകളും കണ്ടൽക്കാടുകളും നിറഞ്ഞ സുന്ദർബൻ പ്രദേശത്താണ് ഇന്ത്യൻ കടുവകൾ ഏറ്റവും കൂടുതൽ ഉള്ളത്. 

Tiger Day 2021

കേരളത്തിൽ സുൽത്താൻ ബത്തേരി ആസ്ഥാനമായ വയനാട് വന്യജീവിസങ്കേതം, സൈലന്റ് വാലി ദേശീയോദ്യാനം ,പെരിയാർ കടുവാസങ്കേതം എന്നിവിടങ്ങളിൽ കടുവകൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. തോൽപ്പെട്ടി, കുറിച്യാട്, മുത്തങ്ങ, സുൽത്താൻ ബത്തേരി എന്നീ റേഞ്ചുകിളിലും കടുവകളുണ്ട്. മഞ്ഞുമലകളോടു ചേർന്നാണ് വടക്കൻ റഷ്യയിലെ സൈബീരിയൻ കടുവകളുടെ വാസം. ഇരകളെ കിട്ടാതെവരുമ്പോഴും പ്രായം ചെന്നോ മുറിവേറ്റോ കഴിയുമ്പോഴും ഇവ മനുഷ്യരെ ആക്രമിക്കാം. ഈ സ്വഭാവമാണ് കടുവയ്ക്ക് നരഭോജി എന്ന് പേര് നേടിക്കൊടുത്തത്. മാംസാഹാരം കിട്ടാതെ വരിക, യാദൃശ്ചികമായി മനുഷ്യമാംസം കഴിക്കേണ്ടി വരിക, കാട്ടുമൃഗങ്ങളെ പിടിക്കാൻ കഴിയാതെ വരിക ഇതെല്ലാം കടുവയെ നരഭോജിയാക്കും.

കടുവകൾ കൂടുതൽ ഇന്ത്യയിൽ

പരിസ്ഥിതി മന്ത്രാലയത്തിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമായ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെചുമതലപ്പെടുത്തിക്കൊണ്ട് 2006–ൽ ഇന്ത്യയിൽ കടുവ സെൻസസ് ആരംഭിച്ചു. 2006 ൽ നടത്തിയ  സെൻസസ് പ്രകാരം 1,411 കടുവകൾ മാത്രമാണ് ഇന്ത്യയിലുള്ളതെന്ന് വ്യക്തമായി. വംശനാശം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതോടെ ഊർജിതമായി ആരംഭിച്ചു. ഇതിന്റെ ഫലമായി ഈ സംഖ്യ 2010 ൽ 1,706 ആയി ഉയർന്നു, 2014 ൽ 2,226 ആയി. 2018–ലെ കണക്കു പ്രകാരം 2967 കടുവകളാണ് ഉളളത്. നാലുവർഷം കൊണ്ട് 741 കടുവകളാണ് വർധിച്ചത്. 

Tiger Day 2021

2022–ലെ സമയപരിധിക്ക് മുമ്പ് തന്നെ കടുവകളുടെ എണ്ണം വർധിപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞത് വലിയ നേട്ടമാണ്. ലോകത്തിലെ 80 ശതമാനത്തിലധികം കാട്ടുകടുവകളും ഇന്ത്യയിലാണ്. കടുവകളുടെ പാദമുദ്രകൾ പകർത്തിയെടുത്തും സ്വഭാവത്തെപ്പറ്റിയുളള അറിവനുസരിച്ചുമാണ് സെൻസസ് എടുക്കുന്നത്. വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ നദികൾ, തോടുകൾ, നടപ്പാതകൾ കുന്നുകളുടെ മുകൾഭാഗം എന്നിവിടങ്ങളിൽ വിവിധ സെൻസസ് പാർട്ടിയെ നിയമിക്കും. കടുവകളുടെ മുൻ പാദമുദ്ര കണ്ടാൽ കണ്ണാടിയും ട്രേസിങ് പേപ്പറും വച്ച് പകർത്തിയെടുക്കുകയാണ് ഇവരുടെ ജോലി. മറ്റുചിലർ കാട്ടിൽ നടന്ന് കടുവയുടെ കാഷ്ഠമുണ്ടോ മരത്തിലോ തറയിലോ മാന്തിയിട്ടുണ്ടോ എന്നെല്ലാം നോക്കും. ഇതനുസരിച്ചാണ് കണക്ക് എടുക്കുന്നത്. 

 

ഇന്ന് കാണപ്പെടുന്ന കടുവകൾ

Two People Killed By Tiger In Uttar Pradesh's Pilibhit Tiger Reserve

1 .ബംഗാൾ കടുവ

2 .സൈബീരിയൻ കടുവ

3 .സുമാത്രൻ കടുവ

4 .മലയൻ കടുവ

5 .ഇന്തോചൈനീസ് കടുവ

6 .ദക്ഷിണചൈന കടുവ

വംശനാശം സംഭവിച്ച കടുവകൾ

1 .ബാലി കടുവ

2 .കാസ്പിയൻ

3 .ജാവാൻ കടുവ

English Summary: World Tiger Day: Protecting Wild Tigers In Tiger Range Countries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com