ഇറ്റലിയിൽ ലൂസിഫർ എതിർച്ചുഴലി; കടുത്ത താപതരംഗം, താപനില 48.8 ഡിഗ്രി

Highest recorded temperature of 48.8C in Europe apparently logged in Sicily
Image Credit: Boris Stroujko /Shutterstock
SHARE

മെഡിറ്ററേനിയൻ മേഖലയിൽ ഉടലെടുത്ത ശക്തമായ താപതരംഗം തുർക്കിക്കും ഗ്രീസിലും ഉണ്ടാക്കിയ കാട്ടുതീ പ്രതിസന്ധിക്കു പുറമേ ഇറ്റലിയും കൊടുംചൂടിന്റെ പിടിയിൽ. ഇറ്റാലിയൻ ദ്വീപായ സിസിലിയിൽ താപനില 48.8 ഡിഗ്രി കടന്നു. യൂറോപ്പിൽ ഉണ്ടായിട്ടുള്ളവയിൽ വച്ച് ഏറ്റവും ഉയർന്ന രേഖപ്പെടുത്തപ്പെട്ട താപനിലയാണ് ഇത്. സിസിലിയൻ നഗരമായ സിറാക്കൂസിലാണ് ഈ താപനില രേഖപ്പെടുത്തിയത്.

1977ൽ ഗ്രീസിലെ ആതൻസിൽ രേഖപ്പെടുത്തിയ 48 ഡിഗ്രി സെൽഷ്യസായിരുന്നു ഇതുവരെയുള്ളതിൽ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയർന്ന താപനില. രാജ്യത്ത് കഴിഞ്ഞ ജൂൺ മുതൽ അരലക്ഷത്തിനടുത്ത് കാട്ടുതീകൾ സംഭവിച്ചെന്നാണു കണക്ക്. 4 മരണങ്ങളും നടന്നു. വടക്കൻ ആഫ്രിക്കയിൽ തുടങ്ങി യൂറോപ്പിലേക്കു നീങ്ങിയ ലൂസിഫർ എതിർച്ചുഴലിയാണ് (ആന്റി സൈക്ലോൺ) താപതരംഗത്തിനു തുടക്കമിട്ടതെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. സാധാരണ ചുഴലിക്കാറ്റുകൾ ന്യൂനമർദമുള്ള ഒരു വായുമണ്ഡലത്തിനു ചുറ്റും വീശുമ്പോൾ എതിർച്ചുഴലികൾ ഉയർന്ന മർദ്ദമുള്ളവയ്ക്കു ചുറ്റുമാണു വീശിയടിക്കുന്നത്. 

സാധാരണ ചുഴലിക്കാറ്റുകളുമായി ബന്ധപ്പെട്ട് അന്തരീക്ഷത്തിൽ തണുപ്പും മഴയും ഈർപ്പവും ഉടലെടുക്കുമ്പോൾ എതിർച്ചുഴലികൾ കാരണം ചൂടേറിയ വായുവാണ് സംഭവിക്കുന്നത്. ഈ എതിർച്ചുഴലി വടക്കോട്ടു നീങ്ങുമെന്നും തലസ്ഥാന നഗരമായ റോം വരെയെത്തുമെന്നുമാണ് ഇപ്പോൾ കാലാവസ്ഥാ വിദഗ്ധർ പ്രവചിച്ചിരിക്കുന്നത്. യൂറോപ്പിന്റെ മെഡിറ്ററേനിയൻ മേഖലയിലുള്ള മറ്റു രാജ്യങ്ങളായ തുർക്കിയിലും ഗ്രീസിലും താപതരംഗം മൂലം കാടുകൾക്കു തീപിടിച്ചതിനാൽ ആയിരക്കണക്കിനു പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

ഗ്രീസിൽ വൻതോതിലായിരുന്നു വനം നശിച്ചത്. ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായ എവിയ, ആറ്റിക്ക എന്നീ ദ്വീപുകളിൽ 3000 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു.1987 നു ശേഷമുള്ള ഏറ്റവും വലിയ താപതരംഗമാണു ഗ്രീസിൽ. രാജ്യത്ത് താപനില വരും ദിവസങ്ങളിൽ 45 ഡിഗ്രി സെൽഷ്യസ് കടന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്. തുർക്കിയിൽ 270 ഇടങ്ങളിൽ കാട്ടുതീയുണ്ടായെന്നും മൂന്നെണ്ണം ഒഴിച്ച് ബാക്കിയെല്ലാം നിയന്ത്രണത്തിലായെന്നും സർക്കാർ അറിയിച്ചു. 

സ്പെയിനിലും പോർച്ചുഗലിലും താപനില 40 ഡിഗ്രിയിൽ കൂടിയതോടെ കാട്ടുതീയുടെ മുന്നറിയിപ്പുണ്ട്. മെഡിറ്ററേനിയൻ കടലിന്റെ പടിഞ്ഞാറൻ തീരത്തുള്ള ആഫ്രിക്കൻ രാജ്യങ്ങളിലും സ്ഥിതി രൂക്ഷമാണ്.വടക്കൻ ആഫ്രിക്കൻ രാജ്യമായ അൽജീറിയയിൽ ബെർബർ വംശജരുടെ താമസിക്കുന്ന കബൈലിയയിൽ പടർന്നുപിടിച്ച കാട്ടുതീയിൽ പെട്ട് 65 പേർ മരിച്ചത് കഴിഞ്ഞ ദിവസമാണ്. ഇവരിൽ 28 പേർ സൈനികരാണ്. ഇതെത്തുടർന്ന് മേഖലയിൽ അക്രമസംഭവങ്ങൾ ഉടലെടുത്തിരുന്നു.

രാജ്യത്തിന്റെ വടക്കുഭാഗത്തായാണു പർവതമേഖലയായ കബൈലിയ. ഇവിടത്തെ കാടുകളിൽ തുടങ്ങിയ തീ ഒട്ടേറെ വീടുകളും കൃഷിയിടങ്ങളും ഫാമുകളും നശിപ്പിച്ചു. നിലവിൽ 18 ഇടങ്ങളിൽ തീ കത്തുന്നു. ആരെങ്കിലും തീ വച്ചതാണോയെന്ന സംശയവുമുണ്ട്. എന്നാൽ അൽജീറിയ ഉൾപ്പെട്ട വടക്കൻ ആഫ്രിക്കൻ മേഖലയിൽ ശക്തമായ താപതരംഗം നിലനിൽക്കുന്നതിനാൽ കാരണം അതാകാനാണു സാധ്യത. 

അൽജീറിയയുടെ അയൽരാജ്യമായ തുനീസിയയിലും കാട്ടുതീ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തവണ യുഎൻ പുറത്തിറക്കിയ ഐപിസിസി റിപ്പോർ‌ട്ടിൽ ഭൂമി അതിന്റെ ഏറ്റവും പരമാവധി താപനില തോതിലേക്ക് അടുത്ത 20 വർഷത്തിനുള്ളിൽ എത്തുമെന്ന് പ്രവചിച്ചിരുന്നു. മനുഷ്യരാശിക്കുള്ള ശക്തമായ മുന്നറിയിപ്പാണ് ഇതെന്ന് യുഎൻ സെക്രട്ടറി ജനറലായ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പും നൽകിയിരുന്നു.

English Summary: Highest recorded temperature of 48.8C in Europe apparently logged in Sicily

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA