ADVERTISEMENT

കേരളത്തിന്റെ രണ്ടാം സൈലന്റ് വാലി എന്നറിയപ്പെടുന്ന കൊല്ലം ശെന്തുരുണി വന്യജീവി സങ്കേതത്തിന്റെ ശാസ്ത്രീയ സംരക്ഷണവും ആവാസവ്യവസ്ഥയുടെ പരിപാലനവും ലക്ഷ്യമിട്ട് 10 വർഷത്തേക്കുള്ള പരിപാലന പദ്ധതി തയാറാക്കുന്നു. ജില്ലയിലെ ഏക വന്യജീവി സങ്കേതം കൂടിയായ ശെന്തുരുണിയുടെ സംരക്ഷണം മുന്നിൽക്കണ്ട് 2022-23 മുതൽ 2031-32 വരെയുള്ള കാലത്തേക്കുള്ള പദ്ധതിയാണ് വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ മാർഗനിർദേശപ്രകാരം തയാറാക്കുന്നത്.

 

പരിസ്ഥിതി സംഘടനകൾ, ഗവേഷകർ, ഇക്കോ ഡവലപ്മെന്റ് കമ്മിറ്റി പ്രതിനിധികൾ, ശാസ്ത്ര സ്ഥാപന പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവരിൽ നിന്നുള്ള നിർദേശങ്ങൾ കൂടി തേടിയാകും പ്ലാൻ തയാറാക്കുക. ആദ്യപടിയായുള്ള ശിൽപശാല കഴിഞ്ഞ ദിവസം നടന്നു. പദ്ധതി നടപ്പാക്കാനുള്ള ഫണ്ടിന്റെ 60 ശതമാനം കേന്ദ്ര സർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരും വഹിക്കും. ഓരോ വർഷത്തേക്കുമുള്ള വിഹിതം വീതമാണ് അനുവദിക്കുക.

ചെങ്കുറിഞ്ഞിയുടെ തറവാട്

shenduruney-wildlife-sanctuary-kollam1
ശെന്തുരുണി മലനിരകളുടെ താഴ്‌വരകളിൽ മേയുന്ന കാട്ടുപോത്തുകൾ. (ഫയൽ ചിത്രം)

പശ്ചിമഘട്ട വനമേഖലയിൽ ആര്യങ്കാവ് ചുരത്തിനു തെക്കുവശം അശാമ്പു മലനിരയിൽ തദ്ദേശീയമായി മാത്രം കാണപ്പെടുന്ന ചെങ്കുറിഞ്ഞി മരത്തിന്റെ പേരിലാണു ശെന്തുരുണി വന്യജീവി സങ്കേതം അറിയപ്പെടുന്നത്. തെന്മല, കുളത്തൂപ്പുഴ വില്ലേജുകളിലായ 173.636 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചു കിടക്കുന്നു. അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് വന്യജീവി സർക്കിളിനു കീഴിൽ സംരക്ഷണ പ്രദേശത്തെ 1984 ഓഗസ്റ്റ് 25നാണ് വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചത്.

ഉഷ്ണമേഖലാ നിത്യഹരിത വനങ്ങൾ, അർധ നിത്യ ഹരിതവനങ്ങൾ, ആർദ്ര ഇലപൊഴിയും കാടുകൾ, മലമുകളിലെ പുൽമേടുകൾ, ചോലക്കാടുകൾ, ഈറ്റക്കാടുകൾ, അത്യപൂർവമായ ജാതിച്ചതുപ്പുകൾ എന്നിവയാൽ അനുഗ്രഹീതം. ദേശീയ മൃഗമായ കടുവയുടെയും ദേശീയ പൈതൃക മൃഗമായ ആനയുടെയും ഉത്തമ ആവാസ വ്യവസ്ഥ കൂടിയാണു ശെന്തുരുണി.

285 ഇനം ചിത്രശലഭങ്ങൾ, 40 ഇനം ഉറുമ്പുകൾ

∙ 1257 ഇനം സപുഷ്പികൾ, മൂന്നിനം ജിംനോസ്പെർമുകൾ (കളങ്ക് മരങ്ങൾ പോലുള്ള അനാവൃത ബീജി ഇനത്തിൽപെട്ടവ), 78 ഇനം പന്നൽച്ചെടികൾ, 13 ഇനം ഉഭയ സസ്യജീവികൾ (ബ്രയോഫൈറ്റുകൾ), 43 ഇനം ആൽഗകൾ, 16 ഇനം ലൈക്കനുകൾ (പൂപ്പലും ആൽഗയും ചേർന്നവ) ഇവിടെ കാണാം.

∙ 53 ഇനം സസ്തനികൾ, 293 ഇനം പക്ഷികൾ, 52 ഇനം ഉരഗങ്ങൾ, 50 ഇനം ഉഭയ ജീവികൾ, 52 ഇനം മത്സ്യങ്ങൾ, 285 ഇനം ചിത്രശലഭങ്ങൾ, 103 ഇനം തുമ്പികൾ, 40 ഇനം ഉറുമ്പുകൾ എന്നിവയും ഇവിടെയും കണ്ടെത്തിയിട്ടുണ്ട്.

മാനേജ്മെന്റ് പ്ലാൻ വഴി ലക്ഷ്യമിടുന്ന പ്രവർത്തനങ്ങൾ ഇങ്ങനെ

∙ മനുഷ്യരിൽ നിന്ന് സസ്യ –ജന്തുജാലങ്ങളുടെ സമ്പൂർണ സംരക്ഷണവും ശാസ്ത്രീയ പരിപാലനവും ഉറപ്പുവരുത്തുക. മൃഗവേട്ട, മരംമുറി, വനവിഭവങ്ങളുടെ അനധികൃത ശേഖരണം തുടങ്ങിയവ തടയുക.

∙ കല്ലട റിസർവോയറിന്റെ വൃഷ്ടി പ്രദേശത്തിന്റെ നീർത്തട ശേഷി, ജലസുരക്ഷ, ആവാസ വ്യവസ്ഥയുടെ ഗുണനിലവാരം എന്നിവ മെച്ചപ്പെടുത്തുക, മണ്ണൊലിപ്പു തടയുക

∙ വനനശീകരണം നേരിടുന്ന മേഖലയും ജാതി ചതുപ്പുകളും തണ്ണീർത്തടങ്ങളും വയലുകളും പോലുള്ള അമൂല്യമായ ആവാസ വ്യവസ്ഥകളെ സംരക്ഷിക്കുക

∙ ഭൂപ്രകൃതിയുടെ ജൈവ- ഭൂമിശാസ്ത്രപരമായ ഇല്ലാതാകൽ തടയുക, വന്യജീവി ഇടനാഴികൾ പുനഃസ്ഥാപിക്കുക, പരിപാലിക്കുക

∙ പങ്കാളിത്ത വനപരിപാലനം വഴി അനുയോജ്യമായ പരിസ്ഥിതി വികസന പ്രവർത്തനങ്ങളിലൂടെ സംരക്ഷണ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുക, മേഖലയിലെ വനവിഭവങ്ങളുടെ അശാസ്ത്രീയ ആശ്രിതത്വം ഒഴിവാക്കുക

∙ പ്രകൃതി പഠനത്തിനുള്ള മികച്ച കേന്ദ്രമായി സങ്കേതത്തെ വികസിപ്പിക്കുക. ജൈവ വൈവിധ്യ സംരക്ഷണത്തിനു പൊതുജനങ്ങളെ ബോധവൽക്കരിക്കുക, ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുക.

∙ ജീവനക്കാർക്കും ഇക്കോ ഡവലപ്മെന്റ് കമ്മിറ്റി അംഗങ്ങൾക്കും നൈപുണ്യ ശേഷി വർധിപ്പിക്കുന്നതിനുള്ള പരിശീലനം നൽകുക

∙ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം, ആധുനിക സംരക്ഷണ ക്രമീകരണങ്ങൾ എന്നിവ നടപ്പാക്കുക

∙ നിയന്ത്രിതവും ഉത്തരവാദിത്തപരവും പ്രകൃതി സൗഹാർദപരവുമായ ഇക്കോ ടൂറിസത്തിലൂടെ വിനോദ സഞ്ചാരികളിൽ സംരക്ഷണ അവബോധം വളർത്തുക

ഭീഷണി നേരിടുന്നതും തദ്ദേശീയമായി മാത്രം കാണപ്പെടുന്നതുമായ ജീവജാലങ്ങളെ സംരക്ഷിക്കുന്നതിനു പ്രത്യേക പ്രാധാന്യം നൽകുന്നതിനൊപ്പം ആവാസ വ്യവസ്ഥയും ജൈവവൈവിധ്യവും സംരക്ഷിക്കുക എന്നതിനാകും മാനേജ്മെന്റ് പ്ലാൻ ഊന്നൽ നൽകുക. അതിസമ്പന്നമായ ജൈവ വൈവിധ്യവും ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന സസ്യ- ജന്തുജാലങ്ങളുടെ സാന്നിധ്യവുമാണു ശെന്തുരുണിയുടെ ഏറ്റവും വലിയ പ്രത്യേകത.

ബി. സജീവ്കുമാർ ( വൈൽഡ് ലൈഫ് വാർഡൻ, ശെന്തുരുണി വന്യജീവി സങ്കേതം).

English Summary: Shendurney Wildlife Sanctuary in Kollam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com