5 കുഞ്ഞുങ്ങളും കൂട്ടുകാരും ചത്തു; ഒറ്റപ്പെടലും വിഷാദവും, ടാങ്കിൽ തലതല്ലി തിമിംഗലം!

'The Loneliest Whale In The World' Seen Banging Her Head Against Tank In Heartbreaking Video
Grabimage from video shared on Youtube by Ruptly
SHARE

ഒറ്റപ്പെടൽ പറഞ്ഞറിയിക്കാനാവാത്ത വേദന തന്നെയാണ്. മൃഗങ്ങളായാലും മനുഷ്യരായാലും അതിന്റെ ആഴം അനുഭവിച്ചവർക്കു മാത്രമേ അറിയാനാകൂ. ഇപ്പോഴിതാ ഒരു പതിറ്റാണ്ടായി കാനഡയിലെ ഒരു വാട്ടർ പാർക്കിൽ തനിച്ചു കഴിയുന്ന  ഒരു ഓർക്ക തിമിംഗലത്തിന്റെ ദൃശ്യമാണ്  പുറത്തു വരുന്നത്. സ്വന്തം വർഗത്തിൽപ്പെട്ട ഒന്നിനെപോലും കാണാനാവാതെ ഇത്രയുംകാലം കഴിഞ്ഞതോടെ കിസ്ക എന്നു പേരുള്ള  തിമിംഗലം കടുത്ത വിഷാദത്തിലാണെന്ന് മൃഗ സംരക്ഷണ പ്രവർത്തകനായ ഫിൽ ഡെമേഴ്സ് പറയുന്നു. തന്നെ പാർപ്പിച്ചിരിക്കുന്ന വാട്ടർടാങ്കിന്റെ ഒരു വശത്ത് കിസ്ക പലയാവർത്തി തല ഇടിപ്പിക്കുന്നതായി ദൃശ്യത്തിൽ കാണാം.

1979 മുതൽ  വിനോദസഞ്ചാരികൾക്ക് കണ്ടാസ്വദിക്കുന്നതിനായി തടവിൽ കഴിയുകയാണ് കിസ്ക. തുടക്കത്തിൽ കിസ്കയ്ക്കൊപ്പം മറ്റുചില തിമിംഗലങ്ങളും വാട്ടർടാങ്കിലുണ്ടായിരുന്നു. കഴിഞ്ഞ പതിറ്റാണ്ടുകളിൽ അഞ്ചു കുഞ്ഞുങ്ങൾക്കും കിസ്ക ജന്മം നൽകി. എന്നാൽ 2011 ആയപ്പോഴേക്കും കിസ്കയുടെ കുഞ്ഞുങ്ങളും ടാങ്കിൽ ഉണ്ടായിരുന്ന മറ്റ് തിമിംഗലങ്ങളുമെല്ലാം ചത്തൊടുങ്ങി. പിന്നീടിങ്ങോട്ടുള്ള  കാലമത്രയും തികച്ചും ഒറ്റപ്പെട്ട നിലയിലായിരുന്നു കിസ്കയുടെ ജീവിതം. 

നാൽപതിലധികം വർഷമായി സ്വാതന്ത്ര്യം എന്തെന്നറിയാതെ  കൂട്ടുകാരെയും കുഞ്ഞുങ്ങളെയും നഷ്ടപ്പെട്ടു കഴിയുന്നതിനാലാണ് തിമിംഗലത്തിന് വിഷാദം പിടിപെട്ടതെന്ന് 'ദ ഓർകാ  റെസ്ക്യൂ ഫൗണ്ടേഷൻ' എന്ന സംഘടന പറയുന്നു. ഫിൽ ഡെമേഴ്സ് തന്നെയാണ് ദൃശ്യം പകർത്തിയത്.

ഏറെ അപകടകരമായ നിലയിലാണ് കിസ്ക്കയുടെ അവസ്ഥയെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. നിലവിലെ മാനസികാവസ്ഥയിൽ തുടർന്നാൽ  തിമിംഗലത്തിന്റെ ആരോഗ്യവും പ്രതിരോധശേഷിയും നഷ്ടപ്പെട്ട് മരണം വരെ സംഭവിക്കാനിടയുണ്ട്. സെപ്റ്റംബർ നാലിന് പകർത്തിയ ദൃശ്യങ്ങൾ  ശ്രദ്ധ നേടുന്നതോടെ തിമിംഗലം അനുഭവിക്കുന്ന യാതനയിൽ നിന്നും രക്ഷനേടാനാകുമെന്നും  ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുമെന്നുമുള്ള  പ്രതീക്ഷയിലാണ് ഫിൽ. ദൃശ്യം ജനശ്രദ്ധ നേടിയതോടെ ലോകത്തിലെ തന്നെ ഏറ്റവും ഏകാന്തത അനുഭവിക്കുന്ന തിമിംഗലം എന്നാണ് കിസ്ക ഇപ്പോൾ വിശേഷിപ്പിക്കപ്പെടുന്നത്.

English Summary: 'The Loneliest Whale In The World' Seen Banging Her Head Against Tank In Heartbreaking Video

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA