ADVERTISEMENT

കിഴക്കൻ ഏഷ്യൻ മേഖലയിൽ നിന്നെത്തി തെക്കൻ ചൈനാക്കടലിൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന ചന്തു ചുഴലിക്കാറ്റിന്റെ ഭീഷണിയിൽ ചൈന. ചുഴലിക്കാറ്റ് ഷാങ്ഹായ് നഗരം സ്ഥിതി ചെയ്യുന്ന തെക്കുകിഴക്കൻ ചൈനീസ് മേഖലയിലേക്കുള്ള പ്രയാണത്തിലാണ്. ചൈനയുടെ വ്യാപാര തലസ്ഥാനവും ലോകത്തെ തന്നെ ഏറ്റവും പ്രമുഖ നഗരങ്ങളിലൊന്നുമായ ഷാങ്ഹായ് സ്തംഭിച്ച മട്ടാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ ചരക്കുനീക്കം നടക്കുന്ന തുറമുഖമായ ഷാങ്ഹായ് പോർട്ട് പൂർണമായും അടച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്ത തുറമുഖമായ നിങ്‌ബോ ഷൂഷാൻ തുറമുഖത്തും ഭാഗികമായി പ്രവർത്തനങ്ങൾ മരവിച്ചതോടെ ചൈനീസ് വ്യവസായ മേഖല നിശ്ചലമായി. കൊറോണ വൈറസ് മൂലം ഇടയ്ക്കിടെ പ്രവർത്തനങ്ങൾ സ്തംഭിക്കുന്ന ഈ തുറമുഖങ്ങൾ ചന്തു കാരണം അടച്ചതോടെ കയറ്റുമതി തടസ്സപ്പെട്ടു. ഇതു മൂലം ചൈനയിൽ നിന്നുള്ള ചരക്കുസാധനങ്ങൾക്ക് യൂറോപ്പിലും യുഎസിലും വലിയ രീതിയിൽ വില വർധിച്ചു.

 

ഷാങ്ഹായിയിൽ കഴിഞ്ഞ വർഷങ്ങൾക്കിടെ ആഞ്ഞടിക്കാൻ പോകുന്ന ഏറ്റവും കരുത്തുറ്റ ചുഴലിക്കാറ്റാണു ചന്തു. ഇന്നു മുതൽ നാളെ രാത്രി വരെയുള്ള കാലയളവിൽ നഗരത്തിൽ ചുഴലിക്കാറ്റ് എത്തുമെന്നാണു കാലാവസ്ഥാ നിരീക്ഷകർ പുറത്തുവിടുന്ന വിവരം. മൂന്നരലക്ഷത്തോളം ആളുകളെ നഗരത്തിൽ നിന്നും സമീപമേഖലകളിൽ നിന്നുമായി ഒഴിപ്പിച്ചു.

 

ഷാങ്ഹായ് മേഖലയിൽ സ്‌കൂളുകൾ, സർക്കാർ ഓഫിസുകൾ, മെട്രോറെയിൽ ഉൾപ്പെടെ പൊതുഗതാഗത സംവിധാനങ്ങൾ തുടങ്ങിയവയെല്ലാം ചൻതുവിന്റെ പശ്ചാത്തലത്തിൽ താൽക്കാലികമായി നിർത്തലാക്കി. നഗരത്തിൽ സ്ഥിതി ചെയ്യുന്ന, ചൈനയിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങളായ ഹോങ് ക്യോ, പുഡോങ് എന്നീ എയർപോർട്ടുകളും പ്രവർത്തനങ്ങൾ മരവിപ്പിച്ചു. 112 വിനോദസഞ്ചാര കേന്ദ്രങ്ങൾ പൂർണമായി അടച്ചു. ഹ്വാങ് പു നദിക്കരയിൽ സ്ഥിതി ചെയ്യുന്ന പുഡോങ്ങിൽ നിന്നു മാത്രം ദിനംപ്രതി ആയിരത്തോളം വിമാനങ്ങൾ പറന്നുപൊങ്ങാറുണ്ട്. കനത്ത മഴ പ്രദേശത്തു പെയ്യുന്നതിനാൽ വെള്ളപ്പൊക്കത്തിന്റെ മുന്നറിയിപ്പും അധികാരികൾ പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. നഗരത്തിൽ അൻപതോളം ഇടങ്ങളിൽ ശക്തമായ കാറ്റിൽ പെട്ട് മരങ്ങൾ മറിഞ്ഞുവീണതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 

ഫിലിപ്പൈൻസിൽ ആദ്യം അടിച്ചപ്പോൾ അതീവ കരുത്തുറ്റ ചുഴലിക്കാറ്റായിരുന്ന ചന്തുവിന്റെ ശക്തി ഇപ്പോൾ കുറഞ്ഞിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. മണിക്കൂറിൽ 260 കിലോമീറ്റർ വേഗം ആദ്യമുണ്ടായിരുന്ന ചന്തു കാറ്റഗറി 5 എന്ന അതിതീവ്ര വിഭാഗത്തിലായിരുന്നു ഉൾപ്പെട്ടത്. ഫിലിപ്പീൻസിൽ കിക്കോ എന്നായിരുന്നു ഇതിനു കിട്ടിയ പേര്. കനത്ത നാശനഷ്ടവും തീവ്രമായ മഴപ്പെയ്ത്തും ഫിലിപ്പൈൻസിൽ ഇതു മൂലം സംഭവിച്ചു. തുടർന്നാണ് ഇതു തായ്‌വാൻ ദ്വീപിലേക്കു നീങ്ങിയത്. അവിടെയും കനത്ത മഴയും കാറ്റും ഇതു മൂലം ഉണ്ടായി. കിഴക്കൻ തായ്‌വാനിൽ ദിവസങ്ങൾ നീണ്ടു നിന്ന വൈദ്യുതി മുടക്കവുമുണ്ടായി. പ്രളയവും മണ്ണിടിച്ചിലും ഇതുമൂലം സംഭവിച്ചു. തുടർന്നാണു ഷാങ്ഹായി ലക്ഷ്യമാക്കി കാറ്റ് യാത്ര ചെയ്തത്.  ഇതിനു ശേഷം ദക്ഷിണകൊറിയയിലേക്കും ചന്തു കടന്നുചെല്ലുമെന്നു കരുതപ്പെടുന്നു.

 

സെപ്റ്റംബർ ആറിനാണു ചന്തു പസിഫിക് സമുദ്രത്തിൽ ഉടലെടുത്തത്. തുടർന്ന് ശക്തി പ്രാപിക്കുകയായിരുന്നു. കംബോഡിയയിലെ ഖമർ ഭാഷയിൽ പൂവ് എന്നർഥം വരുന്ന വാക്കാണ് ചന്തു.  ഈ വാക്ക് ചുഴലിക്കാറ്റിനു പേരായി ലഭിച്ചു.വിയറ്റ്‌നാമിൽ കോൻസൻ എന്ന ചുഴലിക്കാറ്റും ശക്തിപ്രാപിക്കുന്നുണ്ട്. എന്നാൽ മണിക്കൂറിൽ 75 കിലോമീറ്റർ മാത്രം വേഗമുള്ള ഇത് ചന്തുവിനെ അപേക്ഷിച്ച് കരുത്തു കുറഞ്ഞതാണ്.

 

English Summary: Fear and chaos grip Shanghai as 'Super Typhoon Chanthu' fast approaches China's financial capital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com