ADVERTISEMENT

കടലിന്റെ ആഴങ്ങളിൽ ഇനിയും മനുഷ്യനു പിടിതരാത്ത ഒട്ടേറെ വിസ്മയക്കാഴ്ചകൾ ഒളിഞ്ഞിരിപ്പുണ്ട്. ഇവയിൽ പലതരം ജീവികളും സസ്യങ്ങളുമെല്ലാം ഉൾപ്പെടും. ഇപ്പോഴിതാ കടലിൽ ഡൈവിങ് നടത്തുന്നതിനിടെ ലോകത്തിലെതന്നെ ഏറ്റവും വലിയ ജെല്ലിഫിഷിനെ നേരിട്ട് കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് യുകെ സ്വദേശിയായ ഡാരെൻ മാർട്ടിൻ എന്ന മുങ്ങൽ വിദഗ്ധൻ.

നോർത്ത് സീയിലെ ബ്രൗൺസ് ബേയിൽ കടലിന്റെ അടിത്തട്ടിലൂടെ നീങ്ങുന്നതിനിടെ പെട്ടെന്ന് അസാധാരണമായ എന്തോ ഒന്ന് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. കടൽ ജീവികളുടെ ചിത്രങ്ങൾ പകർത്തുന്നതിൽ വിദഗ്ധനായ അദ്ദേഹം ഒരു നിമിഷം പോലും പാഴാക്കാതെ ചിത്രങ്ങൾ പകർത്താൻ ശ്രമിച്ചു. ക്യാമറക്കണ്ണിലൂടെ നോക്കിയപ്പോഴാണ് അതൊരു ഭീമൻ ജെല്ലിഫിഷാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. ലോകത്തിലെതന്നെ ഏറ്റവും വലിയ ജെല്ലിഫിഷ് എന്നറിയപ്പെടുന്ന ലയൺസ് മെയ്ൻ ഇനത്തിൽപ്പട്ട ജെല്ലിഫിഷായിരുന്നു അത്.

ആറടി വലുപ്പത്തിൽ വളരുന്ന ലയൺസ് മെയിൻ ജെല്ലിഫിഷുകൾ ചുവപ്പ്, ഓറഞ്ച്, പർപ്പിൾ എന്നിങ്ങനെ പല നിറങ്ങളിൽ കാണപ്പെടാറുണ്ട്. ഡാരൻ കണ്ടത് ഓറഞ്ച് കലർന്ന ക്രീം നിറത്തിലുള്ള ജെല്ലിഫിഷിനെയാണ്. സാധാരണയിലധികം നീളമുള്ള ടെന്റക്കിളുകളാണ് ജെല്ലിഫിഷിന് ഉണ്ടായിരുന്നതെന്ന് ഡാരെൻ വിശദീകരിക്കുന്നു. അപൂർവമായ ഒരു കാഴ്ചയാണ് തന്റെ മുന്നിലെത്തിയതെന്ന് മനസ്സിലായതോടെ ജെല്ലിഫിഷിന്റെ ചിത്രങ്ങളും അദ്ദേഹം പകർത്തി. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ജെല്ലി ഫിഷിന്റെ ചിത്രങ്ങൾ സമുദ്ര ഗവേഷകരും ജന്തുജാലങ്ങളെ ഇഷ്ടപ്പെടുന്നവരും പെട്ടെന്നുതന്നെ ഏറ്റെടുക്കുകയായിരുന്നു. ലയൺസ് മെയ്ൻ ജെല്ലിഫിഷുകൾക്ക് 150  ടെന്റിക്കിളുകള്‍ വരെ ഉണ്ടാവുമെന്ന് വിദഗ്ധർ പറയുന്നു. 

Diver Comes Across World's Largest Jellyfish In North Sea, Captures It On Camera
Image Credit: Darren Martin/Facebook

ലയണ്‍സ് മെയ്ന്‍ ജെല്ലിഫിഷ്

ജെല്ലി ഫിഷുകളുടെ ഗണത്തിലെ ഏറ്റവും വലുപ്പമേറിയ ഇനമാണ് ലയണ്‍സ് മെയ്ന്‍ ജെല്ലിഫിഷ്. സിംഹത്തിന്റെ സടയ്ക്ക് സമാനമായ രൂപമാണിതിന്. സ്യാനിയ ക്യാപിലാറ്റ എന്നാണ് ഇവയുടെ ശാസ്ത്രനാമം. ജയന്റ് ജെല്ലിഫിഷെന്നും ഹെയര്‍ ജെല്ലിഫിഷെന്നുമൊക്കെ അറിയപ്പെടാറുണ്ട്.

നീലത്തിമിംഗലത്തോളം വളരാന്‍ സാധിക്കുന്നവയാണ് ഈയിനം ജെല്ലി ഫിഷുകൾ. നടുവിലുള്ള വയര്‍ ഭാഗത്തിന് ഏകദേശം ഏഴടി വരെ  വ്യാസമുണ്ടാകും. ഇതിനു സമീപത്തായാണ് ജെല്ലിഫിഷിന്റെ വായുള്ളത്. വായയ്ക്കു ചുറ്റും സിംഹത്തിന്റെ സട പോലെ ടെന്റിക്കിളുകളുമുണ്ട്. എട്ടു ക്ലസ്റ്ററുകളിലായാണ് ഈ ടെന്റിക്കിളുകളുടെ സ്ഥാനം. ഓരോ ക്ലസ്റ്ററിലും കുറഞ്ഞത് 150 ടെന്റക്കിളുകളെങ്കിലുമുണ്ടാകും. ഓരോന്നിനും 190 അടി വരെ നീളവുമുണ്ടാകും. ഇവ ഉപയോഗിച്ചാണ് ലയണ്‍സ് മെയ്ന്‍ ജെല്ലിഫിഷുകളുടെ ഇര പിടുത്തം. കടലില്‍ കാണുന്ന ചെറുജീവികളായ പ്ലാങ്ക്തണുകള്‍, മറ്റു ചെറുജീവികള്‍, ചെറിയ മത്സ്യങ്ങള്‍ തുടങ്ങിയവയാണ് ഇവയുടെ പ്രധാന ഭക്ഷണം.

ടെന്റിക്കിളുകള്‍ കൊണ്ട് കുത്തുകിട്ടുന്നതോടെ ഇരയുടെ ചലനശേഷി നഷ്ടപ്പെടും. ഉടൻ തന്നെ ഇരയെ പിടികൂടി ഭക്ഷിക്കുകയാണ് ഇവയുടെ രീതി. മനുഷ്യന് ഇവയുടെ കുത്തേറ്റാല്‍ സഹിക്കാനാകാത്ത വേദനയായിരിക്കും ഫലം. ആര്‍ട്ടിക് സമുദ്രത്തിലും പസിഫിക് സമുദ്രത്തിലുമാണു പ്രധാനമായും ഇവയെ കാണാറുളളത്. അതില്‍ത്തന്നെ തണുപ്പേറിയ വെള്ളത്തില്‍ കഴിയാനാണ് ഇവയ്ക്ക് കൂടുതലിഷ്ടം. കരയിലേക്കു വരുന്നതു പൊതുവേ കുറവാണ്. അതുകൊണ്ടു തന്നെ മറ്റിനങ്ങളെപ്പോലെ ഇവയെക്കുറിച്ച് ജനങ്ങള്‍ക്ക് വലിയ ധാരണയില്ല. മാത്രമല്ല കരയിലേക്കു കയറിയാല്‍ പിന്നെ ഇവയുടെ ടെന്റിക്കിളുകള്‍ കാണാനാകില്ല. കടലില്‍ ആ ടെന്റിക്കിളുകളാണ് ഇവയെ വ്യത്യസ്തമാക്കുന്നതും എളുപ്പത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുന്നതും.

English Summery: Diver Comes Across World's Largest Jellyfish In North Sea, Captures It On Camera

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com