ADVERTISEMENT

ഇന്ന് സെപ്റ്റംബർ18 ലോക മുളദിനം. മുള മണ്ണിന്റെ സുരക്ഷാ കവചം, പ്രളയക്കെടുതികൾക്ക് പ്രതിവിധി. മഴക്കാലം ദുരന്ത കാലമായി തീരുകയാണിന്ന് ഉരുൾപൊട്ടലും മണ്ണിടിച്ചിലും പ്രളയവും ആവർത്തിക്കുമെന്ന ഭീതി ഓരോ മഴക്കാലത്തും നമ്മളെ കീഴടക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തെ ഫലപ്രദമായി നേരിടുന്നതിൽ മുളകൾ കേരളത്തിന് മുതൽക്കൂട്ടാകും.

 

മുളകൾ നട്ടുവളർത്തുക വഴി മണ്ണിനെ ബലപ്പെടുത്താം, മണ്ണിടിച്ചിലിനെ തടയാം. ഓക്സിജന്‍ ഫാക്ടറി കൂടിയാണ് മുളങ്കൂട്ടങ്ങള്‍. ഏറ്റവും വലുപ്പമുള്ള പുൽ വർഗത്തിൽപെട്ട സസ്യമാണ് മുള. കൂടാതെ ഏറ്റവും വേഗത്തിൽ വളരുന്നു എന്ന സവിശേഷതയും രണ്ടടിയോളം ആഴത്തിലും 3 മീറ്റർ വ്യാസത്തിലും പടരുന്ന സമൃദ്ധിയാർന്ന പറ്റുവേരുകൾ മണ്ണിനെ ദൃഢമായി പിടിച്ചു നിർത്തുന്നു. മാത്രമല്ല താഴ് വേരുകൾ ഇല്ലാത്തതിനാൽ സോയിൽ പൈപ്പിങ് പ്രതിഭാസത്തിന് തീരെ കാരണമാകുന്നുമില്ല.

 

മഹാപ്രളയത്തിന്റെ കാലത്ത് മിക്ക നദികളുടെയും കരയിടിഞ്ഞു തൂർന്നപ്പോഴും ഭാരതപ്പുഴയുടെ തീരങ്ങളെ കാത്തുനിന്നത് നദീ തീരത്തു നട്ടുവളർത്തിയ മുളങ്കാടുകളാണ്. 1200 ൽ പരം മുള ഇനങ്ങളിൽ മലഞ്ചരിവിലും തീരദേശത്തും വളരുന്നവയുണ്ട്. ഹൈറേഞ്ചിലെ മണ്ണിടിച്ചിൽ തടയാൻ വ്യാപകമായി മുളക്കാടുകൾ നട്ടുവളർത്തണം.

 

കൂടുതൽ വേഗത്തിൽ വളർന്ന് കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് വലിച്ചെടുക്കാനും ഓക്സിജൻ പുറത്തുവിടാനും മുളയ്ക്ക് കഴിവുണ്ട്. യൂക്കാലിപ്റ്റസ്, അക്കേഷ്യ, മാഞ്ചിയം തുടങ്ങിയവയെപ്പോലെ ജലവിനിയോഗത്തിൽ ധാരാളിയല്ല മുള മറിച്ച്, മണ്ണിലെ ജലാംശം വർധിപ്പിക്കുന്ന സസ്യജാതിയാണിത്.

 

ന്യൂസ് പ്രിന്റ്, തുണി വ്യവസായങ്ങളിലെ ഒന്നാന്തരം അസംസ്കൃത വസ്തുവാണ് മുള. ബാംബൂ പ്ലൈവുഡ് ഉൾപ്പെടെ നാനാതരം നിർമാണ സാമഗ്രികളും മുളയുടെ സാധ്യത വർധിപ്പിക്കുന്നു. പ്ലാസ്റ്റിക്കിന് പകരമെന്തെന്ന അന്വേഷണത്തിന് ഏറ്റവും തൃപ്തികരമായ ഉത്തരം മുളയാണ് . ഗൃഹോപകരണ, കരകൗശല വസ്തു നിർമാണ രംഗത്ത് വിപുല സാധയതയാണ് ഇവയ്ക്കുള്ളത്. വളപ്രയോഗമോ ജലസേചനമോ കാര്യമായ പരിചരണമോ കൂടാതെ വർഷംതോറും ആദായം നൽകുന്ന കൃഷി എന്ന ആകർഷണവും മുളക്കുണ്ട്. വിപണിയുടെ അപര്യാപ്തത തൽക്കാലം ഈ കൃഷിക്ക് തിരിച്ചടിയായിട്ടുണ്ടെങ്കിലും അതിന്റെ പാരിസ്ഥിതിക പ്രാധാന്യം അതുല്യമാണെന്ന് പറയാതെ വയ്യ.

English Summary: World Bamboo Day 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com