ADVERTISEMENT

ആയിരക്കണക്കിന് കിലോമീറ്ററുകള്‍ പറന്ന് ദേശങ്ങളും ഭൂഖണ്ഡങ്ങളും താണ്ടുന്നവയാണ് ദേശാടന പക്ഷികള്‍. പലപ്പോഴും ദിവസങ്ങളോളം കടലിനു മുകളില്‍ കൂടി സഞ്ചരിക്കേണ്ടി വരുന്ന ഇവയ്ക്ക് ഇത്രയധികം ക്ഷമത എങ്ങനെ ഉണ്ടാകുന്നു എന്നത് പലപ്പോഴും ശാസ്ത്രലോകത്തെ അദ്ഭുതപ്പെടുത്തിയിട്ടുള്ള കാര്യമാണ്. അപ്പോഴൊക്കെ ഊഹിച്ചിരുന്നത് കടലിന് മുകളിലൂടെ സഞ്ചരിക്കുമ്പോള്‍ പക്ഷികള്‍ കാറ്റിന്റെ ദിശയെ ആശ്രയിക്കുന്നുണ്ടാകും എന്നതാണ്. ഏതായാലും ഈ കണക്കുകൂട്ടല്‍ ഇപ്പോള്‍ ശാസ്ത്രീയമായി തെളിഞ്ഞിരിക്കുകയാണ്. ഒരു സംഘം ഗവേഷകര്‍ നടത്തിയ പുതിയ പഠനം അനുസരിച്ച് കടലിനു മുകളിലൂടെ സഞ്ചരിക്കേണ്ടി വരുമ്പോള്‍ പക്ഷികള്‍ കാറ്റിന്റെ ഗതിയെ ആശ്രയിക്കുന്നുണ്ടെന്ന് വ്യക്തമായി. 

കാറ്റിന്റെ ഗതിയും പക്ഷികളുടെ യാത്രയും

ഈ കണ്ടെത്തലോടെ ചരിത്രാതീത കാലം മുതലുള്ള ഈ പക്ഷകളുടെ സഞ്ചാരഗതികളില്‍ കാറ്റിനുള്ള പങ്കുകൂടി സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. പക്ഷികളെ മഹാസമുദ്രങ്ങള്‍ മറികടക്കാന്‍ കാറ്റിന്റെ ഗതി സഹായിക്കുന്നുണ്ടെന്നാണ് പുതിയ പഠനം തെളിയിച്ചത്. അതുകൊണ്ട് തന്നെ ദേശാടന പക്ഷികളുടെ ഇന്ന് കണ്ടെത്തിയിട്ടുള്ള യാത്രാവഴികള്‍ രൂപപ്പെടുന്നതിലും സീസണുകള്‍ തോറും മാറി വരുന്ന കാറ്റിന്റെ ഗതി വലിയ പങ്ക് വഹിച്ചിട്ടുണ്ടാകുമെന്ന് ഗവേഷകര്‍ കണക്കു കൂട്ടുന്നു.

ലോകത്തില്‍ ഏറ്റവും നീണ്ട ദേശാടനം നടത്തുന്ന അഞ്ച് പക്ഷിവര്‍ഗങ്ങളില്‍ ജിപിഎസിന്റെ സഹായത്തോടെ നടത്തിയ പഠനത്തിലാണ് നിര്‍ണായകമായ ഈ കണ്ടെത്തല്‍ സാധ്യമായത്. അഞ്ച് വിഭാഗത്തില്‍ പെട്ട വിവധ പക്ഷികളിലായി ജിപിഎസ് ഘടിപ്പിച്ച ശേഷം ഇവയെ നിരീക്ഷിക്കുകയാണ് ഗവേഷകര്‍ ചെയ്തത്. ഇവയില്‍ പത്ത് മാസം വരെ നിലം തൊടാതെ പറക്കാന്‍ കഴിയുന്ന കുഞ്ഞന്‍ ദേശാടന കിളികളായ കോമണ്‍ സ്വിഫ്റ്റും ഉള്‍പ്പെടുന്നു, 10 ഗ്രാം മാത്രം തൂക്കം വരുന്ന വില്ലോ ബാര്‍ബര്‍ എന്ന പക്ഷിയാണ് പഠനത്തിനുപയോഗിച്ച മറ്റൊരു ദേശാടനക്കിളി. സൈബീരിയയില്‍ നിന്ന് കിഴക്കനാഫ്രിക്ക വരെ ഏതാണ്ട് 26000 കിലോമീറ്റര്‍ പറന്ന് ദേശാടനം നടത്തുന്ന പക്ഷികളാണ് വില്ലോ ബാര്‍ബറുകള്‍.

മാസങ്ങള്‍ നീളുന്ന ദേശാടനം

ലോകത്ത് ദേശാടനം നടത്തുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പക്ഷികളെല്ലാം തന്നെ ഏതാണ്ട് വില്ലോ ബാര്‍ബറിനോളം തന്നെ ദൂരം സഞ്ചരിക്കുന്നവയാണ്. പക്ഷേ ശരീരം വലുതായാലും ചെറുതായാലും ഇത്രയധികം ദൂരം എങ്ങനെ പക്ഷികള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്നു എന്നതാണ് ഗവേഷകരുടെ മനസ്സില്‍ പതിറ്റാണ്ടുകളായുള്ള ചോദ്യം. സ്വാഭാവികമായും ശരീരത്തിന്റെ ശേഷി ഉപയോഗിച്ച് ചിറകടിച്ച് പറന്ന് കൊണ്ട് ഇത്ര ദൂരം സഞ്ചരിക്കുക അസാധ്യമാണ്. പ്രത്യേകിച്ചും മാസങ്ങളോളം കടല്‍ കടക്കാന്‍ തന്നെ വേണ്ടി വരുന്ന സമയത്ത്. 

Migrating Birds Follow The Whims of The Wind When Flying Non-Stop Across The Sea
Image Credit: Shutterstock

വാലുകള്‍ ഉപയോഗിച്ച് കാറ്റിന്റെ ഗതി നിയന്ത്രിച്ചാണ് പലപ്പോഴും പക്ഷികള്‍ ചിറകടിക്കാതെ കുറേ ദൂരം നീങ്ങുന്നതെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പക്ഷേ മാസങ്ങളോളം നീണ്ടു നില്‍ക്കുന്ന യാത്രയില്‍ ഇതും പര്യാപ്തമാകാതെ വരും. ഈ സാഹചര്യത്തിലാണ് സമുദ്രത്തിലെ താപനില അല്‍പം ഉയര്‍ന്ന് നില്‍ക്കുന്ന പ്രദേശങ്ങളില്‍ കുത്തനെ മുകളിലേക്കുയരുന്ന വായുവിനെക്കുറിച്ച് ഗവേഷകര്‍ മനസ്സിലാക്കാന്‍ ശ്രമിച്ചത്. ഇത്തരത്തിലുള്ള മേഖലകളില്‍ പക്ഷികള്‍ക്ക് ചിറകടിക്കാതെ തന്നെ വായുവില്‍ ഒഴുകി നടക്കാന്‍ കഴിയുന്നുണ്ടെന്നാണ് ഗവേഷകര്‍ മനസ്സിലാക്കിയത്. ഇത്തരത്തില്‍ വായു അറകളുള്ള മേഖലകളാണ് ദീര്‍ഘയാത്രയില്‍ പക്ഷികള്‍ തിരഞ്ഞെടുക്കുന്നതെന്നും ജിപിഎസിന്റെ സഹായത്തോടെ ഗവേഷകര്‍ തിരിച്ചറിഞ്ഞു.

ജിപിഎസ് പഠനം

65 പക്ഷികളിലായി ജിപിഎസ് സ്ഥാപിച്ച് 112 തവണ ഈ പക്ഷികള്‍ സമുദ്രത്തിന് മുകളിലൂടെ ഇരു വശത്തേക്കും നടത്തുന്ന ദേശാടനത്തെ നിരീക്ഷിച്ചു. യാത്രയ്ക്കിടെ ചില പക്ഷികളുടെ ജിപിഎസ് നഷ്ടപ്പെട്ടതോടെയാണ് പക്ഷികളില്‍ നിന്ന് ലഭിച്ച വിവരം 112 യാത്രകളുടേത് മാത്രമായി ചുരുങ്ങിയത്. അതേസമയം ഉദ്ദേശിച്ച വിവിരങ്ങള്‍ ലഭിക്കുന്നതിന് ഈ വിവരങ്ങള്‍ തന്നെ ധാരാളമായിരുന്നുവെന്നും ഗവേഷകര്‍ പറയുന്നു. ഈ ജിപിഎസില്‍ നിന്നുള്ള വിവിരങ്ങള്‍ പരിശോധിച്ചപ്പോഴും സമുദ്രത്തില്‍ നിന്ന് കുത്തനെ ഉയരുന്ന വായുവിന്റെയും കൂടാതെ ഋതുക്കള്‍ തോറും മാറി വരുന്ന കാറ്റിന്റെ ഗതിയും ആശ്രയിച്ചതാണ് ദേശാടന പക്ഷികള്‍ സഞ്ചരിക്കുന്നതെന്ന് വ്യക്തമായി. കാറ്റിന്റെ ഗതിക്കനുസരിച്ചാണ് ഓരോ ഋതുവിലും ഈ പക്ഷികള്‍ പോകാനുള്ള വഴിയും തിരഞ്ഞെടുക്കുക. 

അപ് ലിഫ്റ്റ് എന്ന് ഗവേഷകര്‍ വിളിയ്ക്കുന്ന സമുദ്രത്തില്‍ നിന്ന് കുത്തനെ ഉയരുന്ന വായുപാതവും പ്രാദശികമായി കാറ്റുകളുടെ ഗതിയിലുണ്ടാകുന്ന മാറ്റങ്ങളും പക്ഷികളുടെ സഞ്ചാരത്തെ സ്വാധീനിക്കുന്നുണ്ട്. ഉദാഹരണത്തിന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത് 18 മണിക്കൂറോളം ചിറക് അനക്കുക പോലും ചെയ്യാതെ തെക്കന്‍ ചൈനീസ് സമുദ്രത്തിന് മുകളിലൂടെ സഞ്ചരിച്ച ഓറിയന്‍റല്‍ ഹണി ബസാര്‍ഡ് എന്ന പക്ഷിയെക്കുറിച്ചാണ്. ഇങ്ങനെ ചിറക് ഒരു തവണ പോലും ഈ സമയത്ത് ഉപയോഗിക്കാതിരിക്കാന്‍ ഇവയെ സഹായിച്ചത് ആ സമയത്ത് മേഖലയില്‍ രൂപപ്പെട്ട അപ്‌ലിഫ്റ്റും കൂടാതെ പക്ഷിക്ക് സഹായകമായ ദിശയിലേക്ക് വീശിയ കാറ്റുമാണെന്ന് ഗവേഷകര്‍ പറയുന്നു. 

English Summary: Migrating Birds Follow The Whims of The Wind When Flying Non-Stop Across The Sea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com