ADVERTISEMENT

കലിഫോർണിയയിലെ കാടുകളിൽ മാസങ്ങളായി കാട്ടുതീ ബാധ തുടരുകയാണ്. വൻ സെക്കോയമരങ്ങൾ ഇടതൂർന്ന് നിൽക്കുന്ന സെക്കോയ നാഷനൽ പാർക്കും വീശിയടുക്കുന്ന കാട്ടുതീയുടെ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. എന്നാൽ മറ്റുള്ള മേഖലകളെ അപേക്ഷിച്ച് യുഎസ് വനംവകുപ്പ് അധികൃതർ എല്ലാ ശ്രദ്ധയും ഇങ്ങോട്ടേക്കു നൽകിയിരിക്കുന്നു. വൻ പ്രതിരോധം അവർ ഇവിടെ പടുത്തുയർത്തിയിരിക്കുന്നു. അതിനൊരു കാരണമുണ്ട്. ഇവിടെയാണ് ലോകത്തിലെ ഏറ്റവും വലിയ മരവും 2700  വർഷത്തോളം പഴക്കം അവകാശപ്പെടുന്നതുമായ ജനറൽ ഷെർമാൻ എന്ന മരം നിൽക്കുന്നത്.

ഏകദേശം മുപ്പതു നിലക്കെട്ടിടത്തിന്റെ പൊക്കവും, മൂന്ന് ടെന്നിസ് കോർട്ടുകളുടെ വീതിയുമുള്ള മരം അമൂല്യമായ ജൈവവിശേഷമാണ്. ഇതിന്റെ തടിമുഴുവൻ അലുമിനിയം ഫോയിൽ കൊണ്ടു മൂടിയിരിക്കുകയാണ്. പരിസരത്തെ അഗ്നിബാധയുടെ കനത്ത ചൂടേറ്റ് നശിച്ചുപോകാതിരിക്കാനാണ് ഇത്.നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങൾ ജനറൽ ഷെർമാൻ സ്ഥിതി ചെയ്യുന്ന പ്രദേശത്തിനു ചുറ്റും സർവസന്നാഹങ്ങളുമായി നിലയുറപ്പിച്ചിരിക്കുന്നു. മരത്തിന്റെ പരിസരങ്ങൾ സ്പ്രിംക്ലറുകൾ ഉപയോഗിച്ച് ഇടതടവില്ലാതെ നനയ്ക്കുന്നതും തീ ഇങ്ങോട്ടേക്കു പടരാതെ നോക്കുമെന്നു അഗ്നിശമനസേനാംഗങ്ങൾ പറയുന്നു. സെഖോയ മരങ്ങൾ പൊതുവെ വരൾച്ച, കടുത്ത ചൂട്, അഗ്നിബാധ എന്നിവയെ പ്രതിരോധിക്കുന്നവയാണ്. എന്നാൽ ഇത്രയും തീവ്രമായ അളവിലുള്ള കാട്ടുതീയെ ഇവ ചെറുക്കില്ലെന്നു വിദഗ്ധർ പറയുന്നു.

എന്നാൽ അന്തരീക്ഷത്തിലെ ഈർപ്പം തീരെക്കുറഞ്ഞു നിൽക്കുന്നതും തുടരെത്തുടരെ വീശിയടിക്കുന്ന കടുത്ത കാറ്റും ആശങ്കയ്ക്കു വഴിയൊരുക്കുന്നതാണ്. സെക്കോയ നാഷനൽ പാർക്കിലേക്കുള്ള ഹൈവേകളിൽ കാട്ടുതീയിൽ പെട്ട് മരങ്ങൾ വീണു ഗതാഗത തടസ്സമുണ്ടാക്കുന്നത് ഒരു പ്രശ്‌നമാണ്. ഇത് അഗ്നിശമന പ്രവർത്തനങ്ങളെ ബാധിച്ചേക്കാം. വീഴുന്ന മരങ്ങൾ അപ്പപ്പോൾ മുറിച്ചുമാറ്റി ഗതാഗത തടസ്സമൊഴിവാക്കാൻ പ്രത്യേക സംഘങ്ങളെ യുഎസ് അധികൃതർ നിയോഗിച്ചിട്ടുണ്ട്. സെപ്റ്റംബർ ഒൻപതിനു സെക്കോയ നാഷനൽ പാർക്കിൽ രണ്ടിടത്തായി ഇടിമിന്നൽ മൂലം കോളനി, പാരഡൈസ് എന്നീ പേരുകളിൽ കാട്ടുതീകൾ ഉടലെടുത്ത് വൻ അഗ്നിബാധയായി മാറുകയായിരുന്നു. 18000 ഏക്കറിൽ ഈ കാട്ടുതീ വ്യാപിച്ചു.കെഎൻപി കോംപ്ലക്‌സ് ഫയർ എന്നാണ് ഇപ്പോൾ ഈ അഗ്നിബാധ അറിയപ്പെടുന്നത്.

ലോകത്തിലെ ഏറ്റവും വലിയ മരങ്ങളിൽ പലതും സ്ഥിതി ചെയ്യുന്നത് കലിഫോർണിയയിലാണ്.1905ൽ മറിഞ്ഞു വീണ ലിൻഡ്‌സേ ക്രീക്ക് ട്രീയാണ് ലോകത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ മരം. വലുപ്പത്തിൽ രണ്ടാമനായ ക്രാനൽ ക്രീക്ക് ജയന്‌റ് എന്ന മരം 1940ൽ മരംവെട്ടുകാർ വെട്ടിനശിപ്പിച്ചു. തുടർന്നാണു ജനറൽ ഷെർമാൻ ലോകത്തിലെ ഏറ്റവും വലിയ മരമായി മാറിയത്. യുഎസ് ആഭ്യന്തരയുദ്ധത്തിലെ കമാൻഡറായിരുന്ന വില്യം ടെകുംസെ ഷെർമാന്റെ പേരാണ് ഈ മരത്തിനു കിട്ടിയത്. 

1879ൽ ജെയിംസ് വോൾവർട്ടൺ എന്ന പ്രകൃതി സ്‌നേഹിയാണ് കാട്ടിൽ ഈ മരം കണ്ടെത്തിയത്. ജനറൽ ഷെർമാനു കീഴിൽ ലഫ്റ്റനന്‌റായി മുൻപ് ജോലി ചെയ്തിരുന്ന വോൾവെർട്ടൺ തന്റെ പ്രിയപ്പെട്ട ജനറലിന്റെ പേര് തന്നെ മരത്തിനു നൽകി. 1886ൽ കീവാ കോളനി എന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനം മേഖലയിൽ ആധിപത്യം സ്ഥാപിച്ചു. ഇവർ മരത്തിനെ പുനർനാമകരണം ചെയ്തു കാൾ മാർക്‌സ് മരം എന്നു പേരു നൽകി. ആറു വർഷം ഇത് ആ പേരിൽ അറിയപ്പെട്ടു. 1892ൽ സെക്കോയ നാഷനൽ പാർ്ക്ക് നിലവിൽ വന്നതോടെ ജനറൽ ഷെർമാൻ എന്ന പഴയ പേര് വീണ്ടും മരത്തിനു കിട്ടി. 2006 ജനുവരിയിൽ മരത്തിന്റെ ഏറ്റവും വലിയ ശാഖകളിലൊന്ന് ഒടിഞ്ഞു വീണിരുന്നു.2 മീറ്റർ വീതിയും 30 മീറ്റർ നീളവുമുള്ളതായിരുന്നു ഈ ശാഖ.

English Summary: California firefighters wrap base of world’s largest tree in fireproof blankets as blaze approaches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com