ADVERTISEMENT

നമ്മുടെ സങ്കൽപത്തിനുമപ്പുറമുള്ള പലതരം പരീക്ഷണങ്ങളാണ് ഓരോ ദിവസവും ശാസ്ത്രലോകത്ത് നടക്കുന്നത്. ആദ്യം കേൾക്കുമ്പോൾ  കൗതുകകരമെന്നോ തമാശയെന്നോ തോന്നാവുന്ന പലതും പിന്നീട് ആഴത്തിൽ ചിന്തിപ്പിക്കുന്ന കണ്ടെത്തലുകളായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ അത്തരമൊരു പരീക്ഷണം നടത്തി അവാർഡ് നേടി എടുത്തിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. 

 

ഹെലികോപ്റ്ററിൽ കാണ്ടാമൃഗങ്ങളെ  തലകീഴായി കെട്ടിത്തൂക്കിയിട്ടായിരുന്നു പരീക്ഷണം. കോർണൽ സർവകലാശാലയിലെ വന്യജീവി മൃഗരോഗ വിദഗ്ധനായ റോബിൻ റാഡ്ക്ലിഫും സംഘവുമാണ് ഇത്തരമൊരു പരീക്ഷണം നടത്തിയത്. തലകീഴായി കെട്ടിത്തൂക്കിയ അവസ്ഥയിൽ കാണ്ടാമൃഗങ്ങളുടെ ശ്വാസകോശവും ഉപാപചയപ്രവർത്തനങ്ങളും എങ്ങനെയാണ് നടക്കുന്നതെന്ന് തിരിച്ചറിയാനായിരുന്നു  ഈ പരീക്ഷണം. ദക്ഷിണാഫ്രിക്കൻ രാജ്യമായ നമീബിയയിൽ 12 കാണ്ടാമൃഗങ്ങളെ 10 മിനിറ്റ് നേരമാണ് ഇത്തരത്തിൽ പരീക്ഷണത്തിനായി ഹെലികോപ്റ്ററിൽ തൂക്കിയിട്ടത്. 

 

ആദ്യം കേൾക്കുമ്പോൾ ഏറെ വിചിത്രമെന്നും ക്രൂരമെന്നും തോന്നാവുന്ന ഈ പരീക്ഷണത്തിന് പക്ഷേ മറ്റൊരു വശമുണ്ട്.  ആഫ്രിക്കൻ രാജ്യങ്ങളിൽ  ഭീഷണി നേരിടുന്ന ആവാസവ്യവസ്ഥകളിൽ നിന്നും കാണ്ടാമൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചുകൊണ്ടുള്ള സംരക്ഷണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അതിനായി പലപ്പോഴും അവയെ ബോധം കെടുത്തിയ ശേഷം  തല കീഴായും വശം ചരിഞ്ഞു കിടക്കുന്ന നിലയിൽ ഹെലികോപ്റ്ററിൽ ബന്ധിച്ചാണ്  മറ്റൊരിടത്തേക്കെത്തിക്കുന്നത്. ഈ സമയം അവയുടെ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച് ഇതുവരെ പഠനങ്ങളൊന്നും നടന്നിട്ടില്ല. തലകീഴായി കെട്ടിത്തൂക്കിയിടുന്നത് സുരക്ഷിതമായ മാർഗമാണോയെന്ന് കണ്ടെത്തുന്നതിനു വേണ്ടിയായിരുന്നു ഗവേഷകരുടെ പരീക്ഷണം. 

 

കട്ടിയുള്ള  പലകയിലോ മറ്റോ ഒരുവശം ചരിഞ്ഞു കിടക്കുന്ന നിലയിൽ കൊണ്ടുപോകുന്നതാണ് ഉചിതമെന്ന് പ്രത്യക്ഷത്തിൽ തോന്നുമെങ്കിലും തലകീഴായി കൊണ്ടുപോകുന്നതാണ് അവയുടെ ആരോഗ്യത്തിന് കൂടുതൽ നല്ലതെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. അന്തരീക്ഷത്തിൽ തൂക്കിയിട്ട നിലയിൽ വശം ചെരിഞ്ഞ് കിടക്കുമ്പോൾ രക്തയോട്ടത്തെ അത് സാരമായി ബാധിക്കുന്നുണ്ട്. ഭാരമുള്ള മൃഗമായതിനാൽ അവയുടെ മസിലുകൾക്കും തകരാറുകൾ സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. അതേസമയം തലകീഴായി കെട്ടിയിട്ട നിലയിൽ അവയുടെ ആന്തരികാവയവങ്ങൾ കൃത്യമായി  പ്രവർത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയത്. 

 

ശാസ്ത്രലോകത്തെ ഹാസ്യാത്മകമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന അന്നൽസ് ഓഫ് ഇംപ്രോബബിൾ റിസർച്ച് എന്ന മാസികയുടെ ഇഗ് നോബൽ പുരസ്കാരമാണ് ഈ പരീക്ഷണത്തെ തേടിയെത്തിയിരിക്കുന്നത്. പ്രതിവർഷം ശാസ്ത്ര ലോകത്ത് നടക്കുന്ന അസാധാരണമായ 10 പരീക്ഷണങ്ങൾക്കാണ് ഈ അവാർഡ് നൽകുന്നത്.

 

English Summary: Rhinos: scientists are hanging them upside-down from helicopters here’s why

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com