ADVERTISEMENT

പ്രശസ്തമാണ് യുഎസിലെ അർക്കൻസയിലുള്ള ക്രേറ്റർ ഓഫ് ഡയമണ്ട്സ് സ്റ്റേറ്റ് പാർക്ക്. ഏകദേശം 37.5 ഏക്കർ ചുമ്മാ പരന്നു കിടക്കുന്ന പ്രദേശം. പക്ഷേ ഇവിടത്തെ മണ്‍തരികൾക്കിടയിൽ ഒളിച്ചിരിക്കുന്നത് കോടികൾ വിലവരുന്ന വജ്രക്കല്ലുകളാണ്. ഒരു അഗ്നിപർവത്തിന്റെ വിള്ളലിലൂടെ പുറത്തേക്കു വന്ന വജ്രക്കല്ലുകളാണ് ഇവയെന്നാണു കരുതുന്നത്. 1906 മുതൽ ഇവിടെ നിന്ന് ഇതുവരെ പലപ്പോഴായി ലഭിച്ചിട്ടുള്ളത് 75,000ത്തിലേറെ വജ്രക്കല്ലുകളാണ്. ആദ്യം ഒരു സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലായിരുന്ന ഈ സ്ഥലം പിന്നീട് സര്‍ക്കാർ വാങ്ങി പാർക്കാക്കി മാറ്റി. അതിനാൽത്തന്നെ പൊതുജനങ്ങൾക്ക് കയറിച്ചെല്ലാവുന്ന, വജ്രമുള്ള മേഖലകളിൽ ലോകത്തുള്ള ഒരേയൊരെണ്ണമാണ് അർക്കന്‍സയിലേത്.

ഇത്തവണ പാർക്ക് സന്ദര്‍ശിക്കാനെത്തിയ സ്ത്രീയെയാണ് ഭാഗ്യം കടാക്ഷിച്ചത്. 4.38 കാരറ്റുള്ള മഞ്ഞ വജ്രമാണ് ഇവർക്ക് ഇവിടെനിന്ന് ലഭിച്ചത്. ജോലിയില്‍ നിന്നും വിരമിച്ച നോറിന്‍ റെഡ്ബെർഗും ഭർത്താവ് മൈക്കിളും അവരുടെ ഒഴിവ് സമയം ചെലവഴിക്കാനായി മിക്കവാറും പാർക്കുകൾ സന്ദർശിക്കാറുണ്ട്. എന്നാല്‍ ഭാഗ്യം അവരെ തേടിയെത്തിയത് കഴിഞ്ഞ ആഴ്ചയാണ്. സെപ്റ്റംബര്‍ 23ന്  പതിവുപോലെ അര്‍ക്കന്‍സാസിലെ ഹോട്ട് സ്പ്രിങ്സ് നാഷണൽ പാർക്കിലെത്തിയ ദമ്പതികള്‍ അടുത്തുള്ള ക്രേറ്റർ ഓഫ് ഡയമണ്ട്സ് സ്റ്റേറ്റ് പാർക്ക് കൂടി സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പാര്‍ക്കിലെത്തുന്നവര്‍ ഇവിടെ രത്നം തിരയുന്നത് പതിവാണ്. ഒരു മണിക്കൂറോളം തിരഞ്ഞതിന് ശേഷമാണ് നോറീൻ റെഡ്ബെർഗ് മണ്ണില്‍ അസാധാരണമായ ഒരു തിളക്കം കണ്ടത്. നോറീൻ രത്നവുമായി പാർക്കിന്റെ ഡയമണ്ട് ഡിസ്കവറി സെന്ററിലെത്തി. പരിശോധിച്ച ശേഷം പാർക്ക് ജീവനക്കാരാണ് അത് വജ്രമാണെന്ന് സ്ഥിരീകരിച്ചത്.

മഞ്ഞ വജ്രത്തിന് വിലയെത്രയുണ്ടെന്നതിനെക്കുറിച്ച് വ്യക്തമായ നോറീന് വ്യക്തായ ധാരണയില്ല.  ഈ പാർക്കിലെ നിയമം അനുസരിച്ച് രത്നം കണ്ടെത്തുന്നവര്‍ക്ക് അത് സ്വന്തമാക്കാം. അതിനാല്‍ തന്നെ ‌കണ്ടെടുത്ത മഞ്ഞ വജ്രം ഇനി  നോറീന് സ്വന്തമാണ്. ‘ഇത് ഒരു വജ്രമാണെന്ന് എനിക്കറിയില്ലായിരുന്നു, പക്ഷേ അത് വളരെ വൃത്തിയുള്ളതും തിളക്കമുള്ളതുമായിരുന്നതിനാലാണ് ഞാൻ അതെടുത്തതെന്ന് നോറീൻ റെഡ്ബെർഗ് പാർക്ക് അധികൃതരോട് വിശദീകരിച്ചു.

വജ്രത്തിന് ജെല്ലിബീനിന്റെ വലുപ്പവും പിയറിന്റെ ആകൃതിയും നാരങ്ങയുടെ നിറവുമാണ്. നോറീൻ റെഡ്ബെർഗ് തന്‍റെ ഭര്‍ത്താവിന്‍റെ അരുമയായ പൂച്ചക്കുട്ടിയുടെ പേരും ചേര്‍ത്ത് രത്നത്തിന് 'ലൂസീസ് ഡയമണ്ട്' എന്നാണ് പേരിട്ടിരിക്കുന്നത്. 'മണ്ണ് ഉണങ്ങി കിടന്നതും സൂര്യപ്രകാശത്തില്‍ രത്നം തിളങ്ങിയതും റെഡ്ബെർഗിന് സഹായമായി എന്ന് പാർക്ക് അധികൃതർ വ്യക്തമാക്കി. പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിട്ടുള്ള ലോകത്തിലെ ഏക വജ്ര ഖനിയാണ് അമേരിക്കയിലെ ക്രേറ്റർ ഓഫ് ഡയമണ്ട്സ് സ്റ്റേറ്റ് പാർക്ക്. 

പാർക്കിൽ നിന്നു കണ്ടെത്തിയ വജ്രങ്ങളിൽ 20 ശതമാനവും മണ്ണിനു മുകളിൽ നിന്നു ലഭിച്ചവയാണ്. പലപ്പോഴായി പാർക്കിലെ സ്ഥലം മുഴുവൻ ജീവനക്കാർ ഇളക്കിമറിച്ചിട്ടിട്ടുണ്ട്. മഴയിലും മറ്റും എളുപ്പത്തിൽ വജ്രം ഭൂമിക്കടിയിൽ നിന്നു മുകളിലേക്കു വരാനുള്ള സൗകര്യാർഥമായിരുന്നു ഇത്. വജ്രത്തിൽ മണ്ണുപറ്റാത്തതിനാൽ അവ വേർതിരിച്ചറിയാനും എളുപ്പമാണ്. മഴമാറി വെയിൽ തെളിയുമ്പോൾ ഇവ വെട്ടിത്തിളങ്ങുന്നതും കാണാം. വെള്ള, ബ്രൗൺ, മഞ്ഞ നിറങ്ങളിലുള്ള വജ്രങ്ങളാണു പാർക്കിൽ ധാരാളമായുള്ളത്. അതും പല വലുപ്പത്തിലും ആകൃതിയിലും. ഇവിടെ നിന്ന് നിശ്ചിത അളവിൽ മണ്ണ് വീട്ടിലേക്കു കൊണ്ടു പോകാനും അനുവാദമുണ്ട്. അവ പരിശോധിച്ചതിൽ നിന്നു പലർക്കും വജ്രക്കല്ല് ലഭിച്ചിട്ടുമുണ്ട്. 1924ൽ ‘അങ്കിൾ സാം’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തിക്കാണു പാർക്കിലെ ഏറ്റവും വലിയ വജ്രം ലഭിച്ചത്. ഏകദേശം 40.23 കാരറ്റായിരുന്നു അതിന്റെ ഭാരം! യുഎസിലെ തന്നെ ഏറ്റവും വലിയ വജ്രമായിരുന്നു അത്.

English Summary:  Amazing Luck! Woman Finds 4.38-Carat Yellow Diamond in US State Park, Gets To Keep It

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com