മേൽക്കൂര തകർത്ത് കിടക്കയിൽ ഉൽക്ക പതിച്ചു ; ഉറങ്ങിക്കിടന്ന സ്ത്രീ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

Saved By Inches: Woman Says Meteorite Crashed Through Roof, Landed On Her Bed
Image Credit: Giselle Roeder/ Facebook
SHARE

കാനഡയിലെ ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയിലെ മലനിരകൾക്ക് സമീപത്തായി കഴിഞ്ഞദിവസം ദൃശ്യമായ അഗ്നിഗോളം മനോഹരമായ കാഴ്ചയാണ് സമ്മാനിച്ചത്. എന്നാൽ അതേ പ്രദേശത്ത് താമസിക്കുന്ന റൂത്ത് ഹാമിൽട്ടൺ എന്ന വനിതയ്ക്ക് മാത്രം അത് അത്ര നല്ല അനുഭവമായിരുന്നില്ല. കാരണം ശൂന്യാകാശത്തിൽ നിന്നും അഗ്നിഗോളമായി ഭൂമിയിലേക്കെത്തിയ ഉൽക്കയുടെ ഒരു ഭാഗം വന്നുപതിച്ചത് റൂത്തിന്റെ കിടക്കയിലായിരുന്നു.

വീടിനുള്ളിൽ സ്വന്തം മുറിയിലെ കട്ടിലിൽ സുഖമായി ഉറങ്ങുന്നതിനിടെ വലിയ ശബ്ദം കേട്ടാണ് റൂത്ത് ഞെട്ടിയുണർന്നത്. നോക്കുമ്പോൾ  കിടക്കയിൽ വലിയൊരു പാറക്കഷണം കിടക്കുന്നതായി കണ്ടു. മേൽക്കൂര തകർത്താണ് പാറക്കഷണം കട്ടിലിൽ വന്നു പതിച്ചത്. പൊടിപടലങ്ങൾ റൂത്തിന്റെ മുഖത്തും വീണിരുന്നു. എന്താണ് സംഭവമെന്ന് അപ്പോഴും റൂത്തിന് കൃത്യമായി മനസ്സിലായില്ല. പരിഭ്രാന്തയായ റൂത്ത് അപ്പോൾ തന്നെ അടിയന്തര സർവീസിനെ വിവരമറിയിച്ചു.

അധികം വൈകാതെ പൊലീസ് ഉദ്യോഗസ്ഥർ റൂത്തിന്റെ വീട്ടിലെത്തി. ഇത്തരമൊരു പാറക്കഷ്ണം അർധരാത്രിയിൽ എങ്ങനെവന്നു എന്നതിന്റെ സാധ്യതകൾ തേടുകയായിരുന്നു പിന്നീട്. വീട്ടിൽ നിന്നും അൽപം അകലെയുള്ള മലയിടുക്കിൽ നിർമാണപ്രവർത്തനങ്ങൾ  നടക്കുന്നതിനാൽ അവിടെനിന്നും തെറിച്ചു വീണതാവാമെന്നായിരുന്നു ആദ്യത്തെ അനുമാനം. എന്നാൽ വിശദമായി പരിശോധിച്ചപ്പോൾ അത്ര അകലത്തിൽ നിന്നും പാറക്കല്ല് വീടിനുള്ളിൽ പതിക്കില്ലെന്ന് തിരിച്ചറിഞ്ഞു. ഒടുവിൽ ആകാശത്ത് അഗ്നിഗോളമായി പ്രത്യക്ഷപ്പെട്ട ഉൽക്കയുടെ ഒരുഭാഗം വന്നുപതിച്ചതാകാമെന്ന നിഗമനത്തിലെത്തിച്ചേരുകയായിരുന്നു.

റൂത്തിന്റെ തലയുടെ തൊട്ടടുത്തായാണ് ഉൽക്ക വന്നുപതിച്ചത്. ഭാഗ്യം കൊണ്ടുമാത്രമാണ് വലിയ ഒരു അപകടത്തിൽ നിന്നും ജീവനോടെ രക്ഷപ്പെട്ടതെന്ന് റൂത്ത് വിശദീകരിച്ചു. തലനാരിഴയ്ക്ക് ജീവൻ തിരികെ കിട്ടിയതോടെ ജീവിതത്തോടുള്ള തന്റെ കാഴ്ചപ്പാട് തന്നെ മാറിയതായും അവർ കൂട്ടിച്ചേർത്തു. എന്തായാലും ശൂന്യാകാശത്തിൽ നിന്നും തനിക്കു വീണുകിട്ടിയ അപൂർവ സമ്മാനം ഭദ്രമായി സൂക്ഷിച്ചുവയ്ക്കാനാണ് റൂത്തിന്റെ തീരുമാനം. വീടിന്റെ കേടുപാടുകൾ പരിഹരിക്കാനായി ഇൻഷുറൻസ് കമ്പനിയെ സമീപിച്ചിട്ടുണ്ട്. കമ്പനിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ഇൻഷുറൻസ് ക്ലെയിം വരുന്നതെന്ന് ഉദ്യോഗസ്ഥരും വ്യക്തമാക്കി.

English Summary: Saved By Inches: Woman Says Meteorite Crashed Through Roof, Landed On Her Bed

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA