ADVERTISEMENT

സിക്കിമിലെ രാജ്ഭവൻ സമുച്ചയത്തിൽ കരടിയിറങ്ങിയത് പരിഭ്രാന്തി സൃഷ്ടിച്ചു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനു ശേഷമാണ് കരടിയെ വരുതിയിലാക്കാൻ വനംവകുപ്പ് അധികൃതർക്ക് കഴിഞ്ഞത്. പാതിരാത്രിയോടെയാണു രാജ്ഭവൻ അധികൃതർ കരടിയെ കണ്ടെത്തിയത്. ഉടൻ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. ഇതിനിടെ രാജ് ഭവൻ കാര്യാലയത്തിലുള്ള ജീവനക്കാരുടെ ക്വാർട്ടേഴ്സിൽ കയറിയ കരടി അവിടെ വച്ചിരുന്ന ചിക്കൻകറി മോഷ്ടിച്ചു തിന്നു.

കരടിയെ മയക്കുവെടി വച്ച് മയക്കിയ ശേഷം പ്രദേശത്തു നിന്നു നീക്കാൻ നിർദേശമെത്തിയപ്പോഴേക്കും പ്രഭാതമായി. പ്രദേശമാകെ തിരഞ്ഞ വനംവകുപ്പ് അധികൃതർ, ഒരു കൾവർട്ടിനു കീഴിൽ ഒളിച്ചിരിക്കുന്ന കരടിയെ കണ്ടെത്തി. രണ്ടു മയക്കുവെടി ഷോട്ടുകൾക്കു ശേഷമാണു കരടി മയങ്ങിയതെന്ന് ജില്ലാ വനംവകുപ്പ് ഓഫിസർ ഡെചെൻ ലചുങ്‌പ പറഞ്ഞു. പിടിയിലായ കരടിയെ താമസിയാതെ സമീപത്തെ പംഗലഖ വന്യജീവി കേന്ദ്രത്തിൽ മോചിപ്പിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സിക്കിമിൽ എംജി മാർഗിനു സമീപത്തെ ബിഎസ്എൻഎൽ ഓഫിസിൽ ഒരു കരടി കടന്നത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. 

ഏഷ്യൻ കരിങ്കരടി എന്ന വിഭാഗത്തിലെ ഉപവിഭാഗമായ ഹിമാലയൻ കരിങ്കരടിയാണു രാജ്ഭവനിൽ ഇറങ്ങിയത്. വംശനാശം നേരിടുന്ന വിഭാഗമാണ് ഇവ. ഇന്ത്യ കൂടാതെ ഭൂട്ടാൻ, നേപ്പാൾ, തിബറ്റ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിലും ഇവയെ കാണാം. കട്ടിയുള്ള ഇടതൂർന്ന രോമക്കുപ്പായവും നെ‍ഞ്ചിൽ വെളുത്ത ചെറിയ അടയാളവും ഇവയുടെ ശാരീരിക പ്രത്യേകതകളാണ്. സമുദ്രനിരപ്പിൽനിന്ന് 3 മുതൽ 3.7 കിലോമീറ്റർ വരെ ഉയരത്തിലുള്ള മേഖലകളിൽ ഇവയുടെ അധിവാസമുണ്ട്.1.7 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഇവയ്ക്ക് 90–120 കിലോ ഭാരവുമുണ്ടാകാറുണ്ട്. ശീതനിദ്രയ്ക്കായി ഒരുങ്ങുമ്പോൾ ഇവയ്ക്ക് 180 കിലോ വരെ ഭാരവും വയ്ക്കാറുണ്ട്.

വിവിധ ഫലമൂലാദികളും കായകളും തേനും കീടങ്ങളുമൊക്കെ ഇവയുടെ ഡയറ്റിൽ ഉൾപ്പെടും.ഭക്ഷണദൗർലഭ്യമുണ്ടാകുമ്പോൾ ആടുകളെയും ചെമ്മരിയാടുകളെയുമൊക്കെ ഇവ വേട്ടയാടാറുണ്ട്. 3 വർഷം കൊണ്ട് പൂർണ വളർച്ചയെത്തുന്ന ഇവയ്ക്ക് ഒരു പ്രസവത്തിൽ രണ്ടു കുട്ടികളുണ്ടാവും. ഒന്നര വർഷത്തോളം കുട്ടികൾ അമ്മയ്ക്കൊപ്പം കഴിയും. മനുഷ്യർ ഇവരുടെ മേഖലകളിൽ കടന്നുകയറ്റം നടത്തുന്നതും കാട്ടുതീയും അനധികൃത വനനശീകരണവുമൊക്കെ ഇവയുടെ നില പരുങ്ങലിലാക്കിയിട്ടുണ്ട്. 1977 മുതൽ ഇവയെ വേട്ടയാടുന്നത് നിരോധിച്ചിരിക്കുകയാണ്. എങ്കിലും അനധികൃത വേട്ടയാടൽ തുടരുന്നു.

English Summary: Himalayan Black Bear strays into Sikkim Raj Bhawan, rescued

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com