ചാരം മൂടിയ വീടുകൾ, 60 ദിനമായിട്ടും ശമിക്കാതെ ലാവ; അഗ്നി പർവതത്തിന് ബോംബിടണമെന്ന് നേതാവ്!

Spain’s La Palma Island Volcano Eruption Enters Eighth Week
Image Credit: Brian M Downing /Twitter
SHARE

അഗ്നിപർവതം കുംബ്രെ വീജ ലാവാപ്രവാഹം തുടരുന്ന സ്പാനിഷ് ദ്വീപായ ലാ പാൽമയിലെ പ്രതിസന്ധിക്ക് പുതിയ പരിഹാരം നിർദേശിച്ച് സ്പാനിഷ് നേതാവ്. ലാവ പ്രവഹിക്കുന്ന അഗ്നിപർവതത്തെ ബോംബിടുകയാണ് ഒരേയൊരു പരിഹാരമാർഗമെന്ന് തൊട്ടടുത്തുള്ള ദ്വീപിലെ മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റായ കാസിമിറോ കുർബെലോയാണു നിർദേശിച്ചത്. ഇന്ന് കുംബ്രെ വീജ പൊട്ടിത്തെറിച്ച് ലാവാപ്രവാഹം തുടങ്ങിയിട്ട് അറുപതാം ദിനം കടക്കുന്നു. സെപ്റ്റംബർ 10നായിരുന്നു ആദ്യ ലാവാ പ്രവാഹം തുടങ്ങിയത്. ഇതുവരെയും കലിയടക്കാൻ അഗ്നിപർവതം തയാറായിട്ടില്ല.

ലാവ പ്രവാഹത്തിന്റെ ദിശ തെറ്റിക്കാനും വഴിമുടക്കി ശമിപ്പിക്കാനും വ്യോമസേനാ വിമാനങ്ങൾ ഉപയോഗിച്ചുള്ള ബോംബിങ്ങിനു കഴിയുമെന്ന് കുർബെലോ പറയുന്നു. സംഭവം വലിയ വിമർശനത്തിനും ട്രോളുകൾക്കുമൊക്കെ വഴി വച്ചു. എന്നാൽ 1935ൽ ഹവായിയിലെ മൗന ലോയ അഗ്നിപർവതത്തിൽ നിന്നു ലാവാപ്രവാഹമുണ്ടായപ്പോൾ മാരകശക്തിയുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് യുഎസ് വ്യോമസേന അതിനെ തടഞ്ഞെന്നും 1983ൽ മൗണ്ട് എറ്റ്നയിലും ഇതുപോലെ സ്ഫോടനം പരീക്ഷിച്ചെന്നും കുർബെലോയെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.

ലാ പാൽമയിൽ പ്രതിസന്ധി രൂക്ഷം തന്നെയാണ്. ആദ്യം കടലിലെത്തിയ ലാവാ നദിക്കു പുറമെ രണ്ടാമതൊരു ലാവാ നദി കൂടി ഒഴുകി കടലിലെത്തിയിട്ടുണ്ട്. ദ്വീപിലെ പ്ലായ ഡി ലോസ് ഗിറസ് എന്ന ബീച്ചിലേക്കും ലാവ എത്തിയിരുന്നു. ഇതോടൊപ്പം തന്നെ വൻതോതിലുള്ള അളവിൽ സൾഫർ ഡൈ ഓക്സൈഡ് പുറന്തള്ളലും അഗ്‌നിപർവതം നടത്തുന്നുണ്ട്. ദിനേന 9000 മുതൽ 13000 വരെ ടൺ സൾഫർ ഡയോക്സൈഡാണ് പർവതത്തിൽ നിന്നും പുറന്തള്ളുന്നത്. ചാരം മൂടിയ നിലയിലാണ് മിക്ക വീടുകളും. 2.7 കിലോമീറ്റർ വരെ ഉയരത്തിലാണു പുകമേഘം സ്ഥിതി ചെയ്യുന്നത്.വീടുകൾ, ബിസിനസ് സ്ഥാപനങ്ങൾ, ഫാമുകൾ തുടങ്ങി 2500 നിർമിതികൾക്ക് കനത്ത നാശം ലാവാപ്രവാഹം മൂലമുണ്ടായി.  6000 ആളുകളെ ഇതു മൂലം ദ്വീപിൽ നിന്ന് ഒഴിപ്പിച്ചിട്ടുമുണ്ട്.

മൊറോക്കോയ്ക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന സ്പാനിഷ് ദ്വീപാണ് ലാ പാൽമ. മൊറോക്കോയ്ക്ക് 100 കിലോമീറ്റർ അകലെയായാണു ദ്വീപ് സ്ഥിതി ചെയ്യുന്നത്. സ്‌പെയിനിന്റെ അധീനതയിലുള്ള കാനറി ദ്വീപുകളിലൊന്നാണ് ലാ പാൽമ. 85000 പേർ ഇവിടെ വസിക്കുന്നുണ്ട്.ദ്വീപിന്റെ തെക്കൻ ഭാഗത്താണു കുംബ്രെ വീജ നിലനിൽക്കുന്നത്. അൻപതു വർഷങ്ങൾക്കു മുൻപാണ് ഈ അഗ്നിപർവതം അവസാനം പൊട്ടിത്തെറിച്ചത്. ഇത്തവണ പൊട്ടിത്തെറിക്കു മുൻപ് 4.2 തീവ്രത അടയാളപ്പെടുത്തിയ ഒരു ഭൂചലനവുമുണ്ടായി. 

English Summary: Spain’s La Palma Island Volcano Eruption Enters Eighth Week

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA