ADVERTISEMENT

വിഷപ്പത നുരഞ്ഞുപൊന്തുന്ന യമുന വാർത്തകളിൽ നിറയുമ്പോഴാണ്  ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായി തെളിനീരുമായി മേഘാലയിലെ ഉമ്ഗോട്ട് നദി സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.ജൽ ശക്തി മന്ത്രാലയമാണ് ട്വിറ്ററിലൂടെ ഉമ്ഗോട്ട് നദിയുടെ ചിത്രം പങ്കുവച്ചത്. ‘എല്ലാ നദികളും ഇതുപോലെയാകട്ടെ. ഇത്ര മനോഹരമായും വൃത്തിയായും പ്രക‍തിയെയും നദിയെയും സംരക്ഷിക്കുന്ന മേഘാലയിലെ ജനങ്ങൾക്ക് അഭിനന്ദനം’ എന്ന കുറിപ്പിനൊപ്പമാണ് ട്വിറ്ററിൽ ചിത്രം പങ്കുവച്ചത്. ഇവർ പങ്കുവച്ച ചിത്രം കണ്ടാൽ അതിൽ കാണുന്ന ചെറുവള്ളം വായുവിൽ നിൽക്കുകയാണെന്ന് തോന്നും. നദിയിലെ ജലം സ്ഫടികം പോലെയാണ്. ജലാശയത്തിന്റെ അടിത്തട്ടിലുള്ള ചെറിയ മണൽത്തരികളും കല്ലുകളുമെല്ലാം വ്യക്തമായി കാണാൻ കഴിയും. ഷില്ലോങ്ങിൽ നിന്നും നൂറ് കിലോമാറ്റർ അകലെയാണ് ഉമ്ഗോട്ട് നദി. ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നദികളിൽ ഒന്നാണ് ഉമ്ഗോട്ട് നദി.

 

കണ്ണീരു പോലെ തെളിഞ്ഞ ജലാശയമെന്നു കേട്ടിട്ടുണ്ടെങ്കിലും അങ്ങെനെയൊരു ജലാശയം പലരും കണ്ടിട്ടുണ്ടാവില്ല. അതിനുത്തരമാണ് ഈ നദി. തെളിനീരുമായി ഛായാചിത്രം പോലെ മനോഹരമായ ജലാശയമാണിത്. ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും അതിർത്തിയിലുള്ള ചെറു പട്ടണമായ ദാവ്കിയിലാണ് ഉമ്ഗോട്ട് എന്ന നദി. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങിലൂടെ ഏകദേശം 100 കിലോമീറ്ററോളം സഞ്ചരിച്ചാൽ ഇവിടെയെത്താം. ജയിൻഷ്യ, ഘാസി എന്നീ രണ്ടു മലനിരകൾക്കിടയിലൂടെയാണു നദിയുടെ പ്രവാഹം.

 

തെളിരുതന്നെയാണ് ഈ നദിയെ മറ്റു നദികളിൽ നിന്നും വ്യത്യസ്തയാക്കുന്നത്. നദിയുടെ അടിത്തട്ട് വരെ എപ്പോഴും വ്യക്തമായി കാണാമെന്നതാണ് ഇതിന്റെ സവിശേഷത. ജലനിരപ്പ് എത്ര ഉയർന്നിരുന്നാലും നദിയുടെ അടിത്തട്ട് സുതാര്യമായിരിക്കും. നദിയുടെ ആഴങ്ങളിലുള്ള വെള്ളാരം കല്ലുകളും മണൽപ്പരപ്പും മത്സ്യങ്ങളുമെല്ലാം കണ്ണാടിക്കൂട്ടിലെന്ന പോലെ വ്യക്തമാണ് . ചെറുവള്ളങ്ങളിലാണ് ഇവിടെയെത്തുന്ന വിനോദ സഞ്ചാരികളുടെ സഞ്ചാരം. ഷിക്കാര എന്നാണ് ഈ ചെറുവള്ളങ്ങൾ അറിയപ്പെടുന്നത്.  ഈ വള്ളങ്ങൾ തന്നെയാണ് പ്രദേശവാസികൾ മത്സ്യബന്ധനത്തിനും ഉപയോഗിക്കുന്നത്. 

 

മോട്ടോർ ബോട്ടുകൾ നദിയിൽ ഉപയോഗിക്കാറില്ല. ഇവിടെ നിന്നും 40 കിലോമീറ്റർ സഞ്ചരിച്ചാൽ ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായി തിരഞ്ഞെടുത്ത മാവ്‌ലിനോങിലെത്താം. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഈ നദിയിൽ നടക്കുന്ന വള്ളം കളിയാണ് ഇവിടേക്കാകർഷിക്കുന്ന മറ്റൊരു ഘടകം. പ്രദേശവാസികളായ ഖാസികളുടെ പ്രധാന വരുമാന മാർഗവും മത്സ്യബന്ധനമാണ്.ആഴങ്ങളിലെ അത്ഭുതം തുറന്നു കാട്ടുന്ന ഈ നദി വിസ്മയങ്ങളുടെ കലവറയാണ് ഒപ്പം പ്രകൃതിയുടെ അപൂർവ പ്രതിഭാസങ്ങളിലൊന്നും.

 

English Summary: ‘A boat on air’: Meghalaya river’s crystal clear water goes viral, hailed as ‘cleanest’ in the world

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com