ADVERTISEMENT

കടലാഴങ്ങളിൽ മറഞ്ഞിരിക്കുന്ന അദ്ഭുതങ്ങള്‍ ഏറെയാണ്. പലപ്പോഴും തീരത്തടിയുമ്പോൾ മാത്രമാണ് ഇവയെക്കുറിച്ചറിയുന്നത്. ലോകത്തിന്റെ പലഭാഗങ്ങളിലും ദിവസേന പല വിചിത്ര വസ്തുക്കളും തീരത്തടിയാറുണ്ട്. ഇവയിൽ ചിലത് നമ്മെ അദ്ഭുതപ്പെടുത്തുമ്പോൾ മറ്റു ചിലത് ഭയപ്പെടുത്തുന്നവയായിരിക്കും. ഇത്തരത്തിൽ യുഎസിലെ സാൻഡിയാഗോയിൽ കടൽത്തീരത്തടിഞ്ഞ 

deep-sea-monster-footballfish-washes-up-on-us-beach1
Image Credit: Jay Beiler

വിചിത്ര രൂപമുള്ള ചെകുത്താൻ മത്സ്യത്തിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ടോറെ പൈൻസിലെ ബ്ലാക്ക് ബീച്ചിലാണ് അപൂർവ മത്സ്യത്തെ കണ്ടെത്തിയത്. വൈകുന്നേരം കടൽത്തീരത്ത് നടക്കാനിറങ്ങിയ ജെയ് ബൈലർ എന്ന യുവാവാണ് തീരത്തടിഞ്ഞ ഭയപ്പെടുത്തുന്ന രൂപമുള്ള മത്സ്യത്തെ ആദ്യം കണ്ടത്. ആദ്യം കണ്ടപ്പോൾ വിചിത്ര രൂപമുള്ള ജെല്ലിഫിഷ് ആണെന്നാണ് ജെയ് ബൈലർ കരുതിയത്. എന്നാൽ അടുത്തുവന്നു പരിശോധിച്ചപ്പോഴാണ് ഇതുവരെ കണ്ടിട്ടില്ലാത്ത മത്സ്യമാണെന്ന് മനസ്സിലായത്. അതുകൊണ്ട് തന്നെ മത്സ്യത്തിന്റെ ചിത്രങ്ങൾ പകർത്തിയതിന് ശേഷമാണ് ജെയ് ബൈലർ അവിടെനിന്നും വീട്ടിലേക്ക് മടങ്ങിയത്.

 

deep-sea-monster-footballfish-washes-up-on-us-beach2
Image Credit: Jay Beiler

ചിത്രങ്ങൾ മറ്റുള്ളവരുമായി പങ്കുവച്ചപ്പോഴാണ് ആഴക്കടലിൽ മാത്രം കാണപ്പെടുന്ന പസിഫിക് ഫുട്ബാൾഫിഷ് ആണിതെന്ന് വ്യക്തമായത്. ആംഗ്ലർ ഫിഷ് വിഭാഗത്തിൽ പെട്ട വലിയ മത്സ്യമാണിത്. സമുദ്രോപരിതലത്തിൽ നിന്നും 3000– 4000 അടിയോളം താഴ്ചയിലാണ് ഇവ കാണപ്പെടുന്നത്. ഇരുണ്ട തവിട്ടുനിറമുള്ള ഇവയുടെ രൂപം ഒറ്റനോട്ടത്തിൽ ഭയപ്പെടുത്തുന്നതാണ്. വലുപ്പമുള്ള തലയും വായിൽ നിറയെ കൂർത്ത പല്ലുകളും ശരീരം നിറയെ മുള്ളുകളുമാണ് ഇവയുടെ മറ്റൊരു പ്രത്യേകത. 1837ൽ ജന്തുശാസ്ത്രജ്ഞനായ ജോഹൻ റെയ്ൻഹാർട്ട് ആണ് ഇതിനെ ആദ്യമായി കണ്ടെത്തിയത്. നെറ്റിയിൽ ഉയർന്നു നിൽക്കുന്ന ആന്റിന പോലുള്ള അവയവും മറ്റു മത്സ്യങ്ങളിൽ നിന്ന് ഇവയെ വ്യത്യസ്തരാക്കുന്നു. ഒറ്റനോട്ടത്തിൽ ഒരു പിശാചിന്റെ രൂപം. സമുദ്രത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന ജീവിയായിട്ടാണു ആംഗ്ലർഫിഷുകൾ പരിഗണിക്കപ്പെടുന്നത്. ഏകദേശം 300 ൽ അധികം ആംഗ്ലർ ഫിഷ് വിഭാഗങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിലൊന്നാണ് തീരത്തടിഞ്ഞ പസിഫിക് ഫുഡ്ബോൾഫിഷ്.

 

ഇവയുടെ നെറ്റി ഭാഗത്തു നിന്നും കൊമ്പു പോലെയുള്ള ഭാഗം ഇരുളിൽ പ്രകാശിക്കുന്നവയാണ്. ഇരകളെ മുഖത്തിനടുത്തേക്ക് ആകർഷിക്കാനാണ് ഈ വിദ്യ. പ്രകാശം കണ്ട് അടുത്തേക്കെത്തുന്ന ഇരയെ ഉടൻതന്നെ വായ തുറന്ന് അകത്താക്കും. വലിയ വായകളുള്ള ഇവയ്ക്കു വലുപ്പമേറിയ ജീവികളെപ്പോലും ഭക്ഷിക്കാൻ കഴിയും. ഇരപിടിക്കുന്ന നേരത്ത്, വയറിന്റെ വലുപ്പം കൂട്ടി ഇരട്ടിയാക്കാനും ഇവയ്ക്ക് കഴിയും. ഈ വിഭാഗത്തിൽ പെട്ട പെൺമത്സ്യങ്ങൾ ആൺമത്സ്യങ്ങളേക്കാൾ പത്തിരട്ടി വലുപ്പമുള്ളവയാണ്. എങ്ങനെയാണ് ഈ മത്സ്യം ചത്തു തീരത്തടിഞ്ഞതെന്ന് വ്യക്തമല്ല. ഈ മത്സ്യത്തിന്റെ ശരീരം കലിഫോർണിയ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് വിഭാഗം കൂടുതൽ പഠനങ്ങൾക്കായി സൂക്ഷിച്ചിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിചിത്ര മത്സ്യത്തിന്റെ ചിത്രങ്ങൾ നിരവധിയാളുകൾ കണ്ടുകഴിഞ്ഞു.

 

English Summary: Extremely Rare 'Deep-sea Monster' Footballfish Washes Up On US Beach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com