ADVERTISEMENT

ഫാർമസി കമ്പനിയായ സി ഫാമും താലിബാനും സഹകരിച്ച് അഫ്ഗാനിസ്ഥാനിൽ കഞ്ചാവ് സംസ്കരണ കേന്ദ്രം തുടങ്ങുന്നു. ഔഷധ ആവശ്യങ്ങൾക്കായി കഞ്ചാവ് ഉപയോഗിക്കാനാണ് സംസ്കരണ കേന്ദ്രത്തിന്റെ ലക്ഷ്യം. ഇതിനുള്ള കരാർ ഒപ്പിടുകയും കേന്ദ്രത്തിന്റെ പ്രാരംഭഘട്ട നിർമാണം തുടങ്ങുകയും ചെയ്തു. ദിവസങ്ങൾക്കുള്ളിൽ കേന്ദ്രം പ്രവർത്തനനിരതമാകുമെന്ന് താലിബാൻ പ്രസ് ഡയറക്ടർ ഖാരി സയീദ് ഖോസ്തി പറഞ്ഞു. 45 കോടി യുഎസ് ഡോളർ ബജറ്റിലുള്ളതാണ് പദ്ധതി. കമ്പനി അധികൃതർ അഫ്ഗാനിസ്ഥാന്റെ നാ‍ർക്കോട്ടിക്സ് വകുപ്പ് മന്ത്രാലയവുമായി ബന്ധപ്പെട്ടാണു കരാർ സ്ഥാപിച്ചത്. അഫ്ഗാനിസ്ഥാനിലുള്ള ആയിരക്കണക്കിന് ഏക്കർ കഞ്ചാവ് കൃഷിയിടങ്ങൾ സി ഫാമിന് ഇതോടെ തുറന്നു കൊടുക്കുമെന്നും താലിബാൻ വക്താവ് അറിയിച്ചിട്ടുണ്ട്. നൂറുകണക്കിന് ആളുകൾക്ക് ഇതുവഴി ജോലി ലഭിക്കും.

താലിബാനുമായി കൂട്ടുചേർന്നിരിക്കുന്ന സിഫാം ഏതു കമ്പനിയാണെന്നത് ഇപ്പോഴും ദുരൂഹതയായി തുടരുന്നു. ഓസ്ട്രേലിയയിൽ നിന്നുള്ള കമ്പനിയാണു സിഫാമെന്നാണ് ആദ്യം കരുതിയത്. അവിടെ സിഫാം എന്ന പേരിൽ പ്രശസ്തമായ ഫാർമ കമ്പനിയുണ്ട്. എന്നാൽ സിഫാമിന്റെ അധികൃതർ, താലിബാനുമായി പങ്കുചേർന്നിരിക്കുന്നതെന്ന് തങ്ങളല്ലെന്ന് അറിയിച്ചു. താലിബാനുമായി സഖ്യം ചേർന്ന് ബിസിനസ് നടത്താൻ ഓസ്ട്രേലിയൻ കമ്പനികൾക്ക് അനുവാദവുമില്ല. ലഹരിവസ്തുക്കൾക്കായി ഉപയോഗിക്കുന്ന കഞ്ചാവും കറുപ്പും അഫ്ഗാനിസ്ഥാനിൽ വ്യാപകമായി കൃഷിചെയ്യുന്നുണ്ട്. ഈ കൃഷി നിർത്തലാക്കുമെന്ന വാഗ്ദാനം അധികാരത്തിലേറിയ നാൾ മുതൽ താലിബാൻ നൽകിയെങ്കിലും പ്രത്യേകിച്ച് പുരോഗതികൾ ഇല്ലെന്നാണു രാജ്യാന്തര വിദഗ്ധരുടെ അഭിപ്രായം.

രാജ്യത്ത് കഞ്ചാവിന്റെ കൃഷിയും സംസ്കരണവും നിയമവിരുദ്ധമാണെങ്കിലും കൃഷി തുടരുന്നു. 2010ൽ ലോകത്ത് ഏറ്റവും കൂടുതൽ കഞ്ചാവ് ഉൽപാദിപ്പിക്കുന്ന രാജ്യമായി യുഎൻ അഫ്ഗാനിസ്ഥാനെ വിശേഷിപ്പിച്ചിരുന്നു. കനാബിസ് ഇൻഡിക, സറ്റീവ എന്നീ വകഭേദങ്ങളാണ് ഇവിടെ പ്രധാനമായും ഉപയോഗിക്കുന്നത്. ദശാബ്ദങ്ങളായി ഒളിഞ്ഞും തെളിഞ്ഞും കഞ്ചാവ് വളരുന്ന അഫ്ഗാനിൽ ഇതിനെതിരെയുള്ള ഏറ്റവും ശക്തമായ നടപടി നടന്നത് 1973ലാണ്. അഫ്ഗാന്റെ അവസാന രാജാവായ സഹീർഷാ കറുപ്പ്, കഞ്ചാവ് എന്നിവയുടെ കൃഷി പൂർണമായും തുടച്ചുമാറ്റുമെന്ന് പ്രഖ്യാപിക്കുകയും ഇതിനു യുഎസ് 47 ദശലക്ഷം ഡോളർ ഫണ്ടിങ് നൽകുകയും ചെയ്തു. എന്നാൽ താമസിക്കാതെ സഹീർ ഷായുടെ അധികാരം നഷ്ടമാകുകയും അദ്ദേഹത്തിന്റെ ബന്ധുവായ മുഹമ്മദ് ദാവൂദ് ഖാൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തതോടെ ലഹരിക്കൃഷി വീണ്ടുമുണർന്നു.

English Summary: Taliban govt signs deal with Australian firm for cannabis centre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com