തടാകം നിറയെ മഞ്ഞുപന്തുകൾ പോലെ ഐസ്കട്ടകൾ; കാനഡയിലെ കൗതുകക്കാഴ്ച, വിഡിയോ

Numerous rare ice formations in Canada's Lake Manitoba makes people go wow
SHARE

കാനഡയിലെ മാനിട്ടോബ തടാകത്തിൽ അദ്ഭുതക്കാഴ്ച. തടാകത്തിന്റെ തീരത്തോടടുത്തുള്ള കുറേയധികം സ്ഥലത്ത് കോഴിമുട്ടകളുടെ ആകൃതിയും വലുപ്പവുമുള്ള മഞ്ഞുപന്തുകൾ നോക്കെത്താദൂരത്തോളം നിറഞ്ഞു കിടക്കുകയാണ്. കമനീയമായ ഈ കാഴ്ച കാണാനായി അനവധി പേരാണ് മാനിട്ടോബയിലേക്ക് എത്തുന്നത്. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൻ തരംഗം സൃഷ്ടിക്കുകയും ചെയ്തു. ഇതുവരെ ഇത്തരം ഒരു കാഴ്ച ഇവിടെ കണ്ടിട്ടില്ലെന്ന് തടാകത്തിനു സമീപം താമസിക്കുന്നവർ പറയുന്നു. കാലാവസ്ഥാ വ്യതിയാനമാണ് ഇതിന്റെ പിന്നിലെന്നാണു ശാസ്ത്രജ്ഞരുടെ അനുമാനം.‍‌

ശരാശരി ആറിഞ്ചോളം കനമുള്ളതാണ് ഐസ് കഷണങ്ങൾ. എല്ലാത്തിന്റെയും വലുപ്പം ഒരു പോലെയല്ല. ചിലതിനു ഗോൾഫ് ബോളിന്റെ വലുപ്പമാണ്, ചിലതിനു ഫുട്ബോളിന്റെയും – പ്രദേശവാസിയായ ഹോഫ്ബോർ പറഞ്ഞു. തടാകത്തിലെ അതി ശീത താപനിലയുള്ള വെള്ളം കാറ്റിന്റെയും ജലതരംഗത്തിന്റെയും സഹായത്തോടെ ഉപരിതലത്തിൽ ഐസുകട്ടകളായി മാറുന്നതാണ് ഈ പ്രതിഭാസം. ആർക്ടിക് മേഖലയിലെ ചില തടാകങ്ങളിൽ ഇത്തരം പ്രതിഭാസം നേരത്തെ കണ്ടിട്ടുണ്ട്. അത്യപൂർവമായാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഭൗമശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തുന്നു.

എന്നാൽ ഇങ്ങനെയുണ്ടായ ഐസ്കട്ടകൾക്ക് ആയുസ് കുറവാണെന്നും താമസിയാതെ തന്നെ ഇവ അലിഞ്ഞു തടാക ജലത്തോടു ചേരുമെന്നും ഗ്ലേഷ്യോളജിസ്റ്റായ ജെഫ് കാവനൗ പറയുന്നു.

കാനഡയിലെ അഞ്ചാമത്തെ വലിയ പ്രവിശ്യയായ മാനിട്ടോബയിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഒണ്ടാരിയോയുമായി അതിർത്തി പങ്കിടുന്ന ഈ പ്രവിശ്യയിൽ വലിയ ജൈവ, പ്രകൃതി വൈവിധ്യങ്ങളുണ്ട്. മാനിട്ടോബ തടാകം ലോകത്തിൽ ഏറ്റവും വലുപ്പമുള്ള 33ാമത്തെ തടാകമാണ്. കാനഡയിലെ ഏറ്റവും വലിയ പതിനാലാമത്തേതും. വലിയ ഒരു മത്സ്യവ്യവസായം ഈ തടാകവുമായി ബന്ധപ്പെട്ട് ഇവിടെ നിലനിൽക്കുന്നുണ്ട്.  വാട്ടർഹെൻ, വൈറ്റ്മഡ് എന്നീ നദികളിൽ നിന്നുള്ള ജലമാണ് മാനിട്ടോബ തടാകത്തിന്റെ പ്രധാന ശ്രോതസ്സ്. 1738ൽ ലീ വെറൻഡ്രൈ എന്ന ഫ്രഞ്ച് കച്ചവടക്കാരനാണ് മാനിട്ടോബ തടാകം കണ്ടെത്തിയത്. ചരിത്രാതീത കാലത്തു നിലനിന്നിരുന്ന അഗാസിസ് എന്ന തടാകത്തിന്റെ ഇപ്പോഴത്തെ ശേഷിപ്പാണ് മാനിട്ടോബ. യൂറോപ്യൻമാർ കാനഡയിൽ ആധിപത്യം നേടിയ ശേഷം ഈ തടാകത്തിന്റെ കരകൾ വലിയ കച്ചവടകേന്ദ്രങ്ങളായി പ്രവർത്തിച്ചിരുന്നു.

English Summary: Numerous rare ice formations in Canada's Lake Manitoba makes people go wow

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘പഞ്ചയുദ്ധം’ ജയിച്ചെത്തുമോ മോദി, ബിജെപി ?- എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA