‘വൈക്കത്തഷ്ടമിക്ക് ഇത്തവണ അമ്മക്കൊഞ്ച് വന്നില്ല’; തടഞ്ഞത് തണ്ണീർമുക്കം ബണ്ട്?

In Kuttanad, this underwater wall 'kills' Freshwater prawn
കുട്ടനാടൻ കൊഞ്ച്
SHARE

കുട്ടനാടൻ കൊഞ്ച് (ആറ്റുകൊഞ്ച്) ഇല്ലാതാകുന്നെന്ന് വിദഗ്ധർ. ലോകത്തിൽ ഏറ്റവും വലുപ്പം വയ്ക്കുന്ന ശുദ്ധജല കൊഞ്ചാണിത്. കേരളത്തിന്റെ തനത് ചെമ്മീൻ ഇനം.

കായൽ ഗവേഷകനായ ഡോ. കെ.ജി.പത്മകുമാർ പറയുന്നു: ‘‘വൈക്കത്തഷ്ടമി ദിവസം വേമ്പനാട്ട് കായലിലെ അഷ്ടമിക്കൊഞ്ച് മഹാദേവനെ കാണാൻ തൊഴുകയ്യുമായി എത്തുമെന്നൊരു വിശ്വാസമുണ്ട്. ഇത്തവണ അഷ്ടമിക്കൊഞ്ചിന്റെ സാന്നിധ്യം ഉണ്ടായില്ല. നവംബറിൽ മുറ തെറ്റാതെ ദേശാടനം നടത്തി വൈക്കം കായലിൽ എത്തുന്ന അമ്മക്കൊഞ്ച് അഷ്ടമി തൊഴാനെത്തുന്നു എന്നാണ് സങ്കൽപം. മനുഷ്യന്റെ ഇടപെടലിലൂടെ ഉണ്ടാകുന്ന പരിസ്ഥിതി ദുരന്തമാണ് ഇതും.’’ഇന്ത്യയിലെ മറ്റു ചില നദികളിലും വിയറ്റ്നാമിലെ മേകോങ് നദീതടത്തിലും ഈ ഇനത്തെ കണ്ടെത്തിയിട്ടുണ്ടെങ്കിലും കുട്ടനാടൻ കൊഞ്ച് സവിശേഷ ജനിതക മേൻമയുള്ളതാണെന്നും ഡോ. പത്മകുമാർ പറഞ്ഞു.

പെരുക്കം തടഞ്ഞ ബണ്ട്

തണ്ണീർമുക്കം ബണ്ടിന്റെ അശാസ്ത്രീയമായ പ്രവർത്തനം കുട്ടനാട്ടിലെ കൃഷിയെ എന്നപോലെ കുട്ടനാടൻ കൊഞ്ചിന്റെ ഉൽപാദനത്തെയും  ദോഷകരമായി ബാധിച്ചെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ബണ്ട് നിർമിക്കുന്നതിനു മുൻപ് കുട്ടനാടൻ കൊഞ്ചിന്റെ വാർഷിക ഉൽപാദനം 429 ടൺ ആയിരുന്നു. ഇപ്പോൾ വെറും 27 ടൺ. കൊഞ്ചുകളുടെ ദേശാടനം തടസ്സപ്പെട്ടതാണ് മുഖ്യകാരണം. കുട്ടനാട്ടിലെ പുഞ്ചപ്പാടങ്ങളിലും ജലാശയങ്ങളിലും സ്വാഭാവികമായി വളരുന്ന ശുദ്ധജല കൊഞ്ചിന്റെ മുട്ട വിരിയാൻ വെള്ളത്തിൽ ഉപ്പിന്റെ അംശം അനിവാര്യമാണ്. ലവണത്വം കൂടുതലുള്ള കടൽവെള്ളവും മൂവാറ്റുപുഴയാർ വഴി എത്തുന്ന ശുദ്ധജലവും ചേർന്ന് മുട്ട വിരിയാൻ അനുകൂല സാഹചര്യം സൃഷ്ടിച്ചിരുന്നു. ബണ്ട് വന്ന ശേഷം കൊഞ്ചുകൾക്ക് മുട്ടയും പേറി ബണ്ടിനു വടക്കു നേരിയ ലവണരസം ഉള്ള വൈക്കം കായലിൽ എത്തണം. 

മുട്ട വിരിയാൻ ലവണത്വം ആവശ്യമെങ്കിലും കുഞ്ഞുങ്ങൾ വിരിഞ്ഞു കഴിഞ്ഞാൽ അവയ്ക്ക് ശുദ്ധജലം അനിവാര്യമാണ്. സെപ്റ്റംബർ, നവംബർ മാസങ്ങളിൽ ബണ്ടിന് വടക്ക് അവയ്ക്ക് ഏറെ കാലം ലവണ ജലത്തിൽ കഴിയാനാവില്ല.പുഞ്ച കൃഷി തുടങ്ങാൻ ഡിസബറിൽ ബണ്ട് അട.്ക്കും. അപ്പോൾ കുഞ്ഞു കൊഞ്ചുകൾക്ക് തിരികെ ശുദ്ധജലത്തിൽ എത്താൻ കഴിയില്ല. അങ്ങനെ ആറ്റുകൊഞ്ചിന്റെ പ്രതുൽപാദന ചക്രം തന്നെ തടസ്സപ്പെടുന്നു. ബണ്ട് വരുന്നതിനുമുമ്പ് കുമരകം കായലിൽ തന്നെ അവയ്ക്ക് വേണ്ട ലവണത്വം ലഭിച്ചിരുന്നു. ഇപ്പോൾ അതല്ല സ്ഥിതി. ബണ്ട് അടയ്ക്കുന്നതിലൂടെയുള്ള മലിനീകരണവും മറ്റൊരു തടസ്സമാണ്. മാലിന്യം നിറഞ്ഞ സാഹഹര്യം കൊഞ്ചിന് അസഹ്യമാണ്. ബണ്ട് തുറക്കുന്നതും അടയ്ക്കുന്നതും ശാസ്ത്രീയമായും കർശനമായും നടപ്പാക്കുകയാണ് പരിഹാരം.

ലക്ഷക്കണക്കിന് ചത്തൊടുങ്ങുന്നു

in-kuttanad--this-underwater-wall-kills-freshwater-prawn

മുട്ട വിരിഞ്ഞ് ഇറങ്ങുന്ന കൊഞ്ചിന്റെ കുഞ്ഞുങ്ങൾ കായലിന്റെ അടിത്തട്ടിലൂടെ സാവധാനം സഞ്ചരിച്ച് ജനുവരിയോടെ ബണ്ട് കടക്കാൻ എത്തുമ്പോഴേക്ക് ബണ്ട് അടഞ്ഞിരിക്കും. ലക്ഷകണക്കിന് കൊഞ്ച് കുഞ്ഞുങ്ങൾ അതോടെ ചത്തുപോകും. 2018ലെ പ്രളയകാലത്ത് അതിശക്തമായ നീരൊഴുക്കിൽ ഓഗസ്റ്റിൽ തന്നെ കൊഞ്ച്, വടക്കൻ കായലിലേക്ക് ഒഴുകി പോയിരുന്നു. ഇതു പിന്നീടുള്ള വർഷങ്ങളിൽ കൊഞ്ച് കുറയാൻ കാരണമാകുമെന്ന് അന്നു തന്നെ പഠനങ്ങളിലൂടെ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. കാലാവസ്ഥ വ്യതിയാനം മൂലം വേമ്പനാട്ടു കായലിൽ ലവണത വർധിക്കുന്നതും ആറ്റുകൊഞ്ചുകൾ ഇല്ലാതാകാൻ വഴിവയ്ക്കുന്നു.

കുട്ടനാ‍ടൻ കൊഞ്ചിലും കലർപ്പ്

കുട്ടനാടൻ കൊഞ്ചിന്റെ ഉൽപാദനം വർധിപ്പിക്കാൻ 20 വർഷം മുൻപ് കുമരകം ഗവേഷൺ കേന്ദ്രം റാഞ്ചിങ് പദ്ധതി തുടങ്ങിയിരുന്നു. കായലിൽ നിന്ന് മുട്ടക്കൊഞ്ചിനെ ശേഖരിച്ചു കൃത്രിമ സാഹഹര്യത്തിൽ വിരിയിച്ചു വളർത്തി കായലിൽ നിക്ഷേപിക്കുന്നതായിരുന്നു പദ്ധതി. ഇത് കൊഞ്ചിന്റെ വർധനയ്ക്കു കുറച്ചൊക്കെ സഹായിച്ചു. പക്ഷേ, പിന്നീട് കുട്ടനാ‍ടൻ കൊഞ്ചിനു പകരം ആന്ധ്രയിലെ കുളങ്ങളിൽ വളർത്തിയവയെ ഉപയോഗിച്ചതോടെ ജനിതക മേൻമ ഇല്ലാതായി. പുറത്തുനിന്ന് എത്തിച്ച കുഞ്ഞുങ്ങൾ കായലിൽ അധിക കാലം ജീവിക്കില്ല.

സ്വാമിനാഥൻ കമ്മിറ്റിയും പറഞ്ഞു

in-kuttanad--this-underwater-wall-kills-freshwater-prawn2

മുട്ടയിടാനെത്തുന്ന അമ്മക്കൊഞ്ചുകളെ പിടിച്ചെടുക്കുന്ന ചൂഷണവും വംശനാശത്തിന് ഇടയാക്കി. കുട്ടനാടിന്റെ  പരിസ്ഥിതി പുനസ്ഥാപനവുമായി ബന്ധപ്പെട്ട നിർദേശങ്ങളിൽ സ്വാമിനാഥൻ കമ്മിറ്റി മുന്നോട്ടു വച്ച പ്രധാന നിർദേശം വേമ്പനാട്ടു കായലിലെ ജനിതക മേന്മയേറിയ കൊഞ്ച്, കരിമീൻ തുടങ്ങിയവയെ സംരക്ഷിക്കണമെന്നാണ്. കൊഞ്ചിന്റെ ജീവിത ചക്രം പൂർത്തിയാക്കാൻ സൗകര്യമുണ്ടാക്കണമെന്നും നിർദേശിച്ചിരുന്നു. പക്ഷേ, ഒന്നും നടന്നില്ല. ബണ്ടിന്റെ മൂന്നാം ഘട്ട നിർമാണത്തിന്റെ ഭാഗമായി ഫിഷ് പാസേജ് പദ്ധതിയും പല തവണ ഓർമിപ്പിച്ചിട്ടും എൻജിനീയർമാർക്ക് അത് ബോധ്യപ്പെട്ടില്ലെന്നാണ് വിദഗ്ധർ പറയുന്നത്.

അടയാള നിരീക്ഷണം

പശ്ചിമ ബംഗാളിലെ കേന്ദ്ര ഉൾനാടൻ മത്സ്യ ഗവേഷണ കേന്ദ്രം ഗംഗാനദിയിലെ ഹിൽസ മത്സ്യങ്ങളിൽ റാഞ്ചിങ്, മാർക്കിങ് പഠനങ്ങൾ നടത്തിയിരുന്നു. ഹിൽസ മീനുകൾ 4 ദിവസം കൊണ്ട് 225 കിലോമീറ്റർ വരെ സഞ്ചരിക്കുന്നതായി കണ്ടെത്തി. 1999-2000ൽ കുമരകം കാർഷിക ഗവേഷണ കേന്ദ്രം ഇത്തരത്തി‍ൽ അടയാളപ്പെടുത്തിയ കുട്ടനാടൻ കൊഞ്ചിനെ നദികളിലും വേമ്പനാട്ടു കായലിലും തുറന്നു വിട്ടു നടത്തിയ പഠനങ്ങളിൽ 7 – 8 മാസം കൊണ്ട്   330 ഗ്രാം വരെ വളർച്ച നേടുന്നതായും 35 കിലോമീറ്റർ വരെ മാത്രം സഞ്ചരിക്കുന്നതായും കണ്ടു. വളരെ ചെറിയ സഞ്ചാര ശേഷി മാത്രമേ കൊഞ്ചിന്  ഉള്ളൂ എന്നാണ് ഇതു കാണിക്കുന്നത്. ഇക്കാര്യങ്ങൾ കണക്കിലെടുത്തുള്ള സംരക്ഷണമാണ് ആറ്റുകൊഞ്ചിന്റെ സംരക്ഷണത്തിന് വേണ്ടതെന്ന് ഗവേഷകർ പറയുന്നു.

ബംഗാൾ ഉൾകടലിൽ നിന്ന് ഹൂഗ്ലിയിലൂടെ ഗംഗയിൽ വാരാണസി വരെ എത്തി ഓരോ വർഷവും പ്രത്യുൽപാദനം നടത്തുന്ന ബംഗാളികൾക്ക് പ്രിയപ്പെട്ട സംസ്ഥാന മത്സ്യമാണ് ഹിൽസ. ബംഗ്ലാദേശ് അതിർത്തിയിൽ 1975 ൽ ഫറാക്ക ബണ്ട് നിർമിച്ചതോടെ കടലിൽ നിന്ന് ഗംഗയിലും പത്മ നദിയിലും  മുട്ടയിടാൻ എത്തിയിരുന്ന ഹിൽസ മത്സ്യങ്ങൾ ഏതാണ്ട് വംശമറ്റു പോയിരുന്നു. ഹിൽസ പുനരധിവാസത്തിനു ഗംഗ ജല മാർഗ വികസന പദ്ധതിയുടെ ഭാഗമായി ഫറാക്ക അണക്കെട്ടിൽ മത്സ്യ പാത (ഫിഷ്‌ പാസ്‌) സ്ഥാപിച്ചു ദേശാടന സൗകര്യം ഒരുക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി ഏതാണ്ട് പൂർണമായി കഴിഞ്ഞു. ഹിൽസയുടെ തിരിച്ചുവരവ് അവിടെ ആഘോഷവും രാഷ്ട്രീയ വിഷയവുമാണ്. ഇത്തരത്തിൽ  തണ്ണീർമുക്കം  ബണ്ടിനു കുറുകെ കൊഞ്ചിനും മത്സ്യങ്ങൾക്കും സഞ്ചാര വഴി ഉണ്ടാകുമോ? മനുഷ്യാവകാശം പോലെ പ്രധാനമാണ് മറ്റു ജീവികളുടെ പ്രത്യുൽപാദന അവകാശവുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

English Summary:  In Kuttanad, this underwater wall 'kills' Freshwater prawn

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘പഞ്ചയുദ്ധം’ ജയിച്ചെത്തുമോ മോദി, ബിജെപി ?- എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA