ADVERTISEMENT

ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ പലരീതിയിലാകാം. അര്‍ജന്റീനയിലെ മൂന്ന് സഹോദരിമാര്‍ ചേര്‍ന്ന് വ്യത്യസ്തമായ ഒരു ഫാഷന്‍ ആശയം കണ്ടെത്തി. പരിസ്ഥിതിയെ ശ്വാസം മുട്ടിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ റീസൈക്കിള്‍ ചെയ്ത് അതില്‍ നിന്ന് ബാഗുകളും ചെരുപ്പുകളും തുന്നിയെടുത്തു. ഈ പ്ലാസ്റ്റിക് ബാഗുകള്‍ എന്തിന് ഉപയോഗിക്കുന്നവയാണ് എന്നറിയുമ്പോഴാണ് പുതുമ പൂര്‍ണമാവുന്നത്. പുതിയ തരം ഉല്‍പന്നം, നൂതന ആശയ‌ം, പ്രതീക്ഷിക്കാത്ത പശ്ചാത്തലം. എല്ലാം പ്രകൃതിക്കുവേണ്ടി, കാലാവസ്ഥയുടെ രൗദ്രതാണ്ഡവം ശമിപ്പിക്കാന്‍ തങ്ങളാലാവുന്നത് ചെയ്യുകയാണ് ഈ അര്‍ജന്റീനിയന്‍ സഹോദരിമാര്‍. വൈവിധ്യത്തിനായുള്ള ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത് എണ്ണ വ്യവസായ കേന്ദ്രങ്ങളില്‍ നിന്നും വാതകോല്‍പാദന കേന്ദ്രങ്ങളില്‍ നിന്നുമാണ്. ഓയില്‍ വ്യവസായത്തിലെ അസംസ്കൃത മാലിന്യങ്ങള്‍ ഭൂമിക്കുണ്ടാക്കുന്ന ഹാനി തിരിച്ചറിഞ്ഞാണ് ഈ ശ്രമം. ഈ കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്ന ടണ്‍ കണക്കിന് പ്ലാസ്റ്റിക് സഞ്ചികള്‍ ഉപയോഗശേഷം വെറുതേ പുറംതള്ളുകയാണ് ചെയ്യുക. അവ പുനരുപയോഗിക്കുകയോ കത്തിക്കുകയോ ചെയ്യുന്നില്ല.

 

ഭൂമിക്കടിയിലെ പാറകള്‍ ഉയര്‍ന്ന മര്‍ദത്തിലുള്ള ദ്രാവകമുപയോഗിച്ച് പൊട്ടിച്ച് വാതകങ്ങള്‍ ഉണ്ടാക്കുന്ന വ്യവസായം അര്‍ജന്റീനയിലെ പാറ്റഗോണിയയില്‍ ധാരാളമുണ്ട്. ഒരു എണ്ണക്കിണറില്‍ മാത്രം പാറപൊട്ടിക്കുമ്പോള്‍ 30,000 മുതല്‍ 40,000 ടണ്‍ മണല്‍ നീക്കം ചെയ്യേണ്ടതുണ്ടാവും. ഇരുപത്താറായിരത്തിലധികം ചാക്കുകള്‍ ഒറ്റക്കിണറിലേക്ക് മാത്രം വേണം. ഇവയാണ് ഫാഷന്‍ ഡിസൈനറായ ബാസിലോട്ടയും സഹോദരിമാരും സുഹൃത്തുക്കളും ചേര്‍ന്ന് പുത്തന്‍ ഫാഷന്‍ രൂപമാക്കുന്നത്. ബ്യൂണസ് അയേ്ഴ്സിലെ ഇവരുടെ ഫ്രാക്കിങ് ഡിസൈൻ എന്ന സ്ഥാപനവുമായി 40 കുടുംബങ്ങള്‍ സഹകരിക്കുന്നുണ്ട്. പരിസ്ഥിതിക്കിണങ്ങുന്ന ചെരുപ്പ്, ബാഗ്, പഴ്സുകള്‍ എന്നിവ നിര്‍മ്മിക്കുകയാണിവര്‍. പുത്തന്‍ ഫാഷന്‍ ട്രെൻഡായി ഇവ വിപണിയിലെത്തിക്കുന്നു. ഒരു കിണറില്‍ നിന്ന് മാത്രമുള്ള പ്ലാസ്റ്റിക് റീസൈക്കിള്‍ ചെയ്യാതെ കത്തിക്കുകയാണെങ്കില്‍ അതില്‍ നിന്ന് പ്രവഹിക്കുന്ന കാര്‍ബണ്‍ഡയോക്സൈഡ് വലിച്ചെടുക്കാന്‍ 1,100 മരങ്ങളെങ്കിലും ഭൂമിയില്‍ വേണം. അപ്പോള്‍ ഒാര്‍ത്തുനോക്കൂ എത്ര ശ്ലാഘനീയമായ പ്രവര്‍ത്തിയാണ്  ഇവരുടേത്. ഭൂമിയുടെ ശ്വാസഗതിക്ക് താളം കണ്ടെത്താനുള്ള ഈ ശ്രമങ്ങള്‍ക്ക് കയ്യടിയും പരമാവധി പ്രചരണവും അവശ്യം തന്നെ.

 

English Summary: Fracking fashion: Argentine designers turns shale sand bags into handbags

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com