ADVERTISEMENT

തെക്കൻ അമേരിക്കൻ രാജ്യമായ പെറുവിൽ നിന്നു കണ്ടെത്തിയ മമ്മി ദുരൂഹതയുണർത്തുന്നു. അവിടത്തെ ഒരു പ്രാചീന കുഴിമാടം കുഴിച്ചെത്തിയ പര്യവേക്ഷകരാണ് മമ്മിയെ കണ്ടെത്തിയത്. മുഖം കൈകൊണ്ടു മറച്ചിരിക്കുന്ന നിലയിലുള്ള മമ്മിയുടെ ദേഹമാസകലം കയർ കൊണ്ട് കെട്ടിമറച്ചിരിക്കുകയാണ്. പെറുവിന്റെ തലസ്ഥാന നഗരമായ ലിമയിൽ നിന്ന് 32 കിലോമീറ്റർ അകലെ കാജമാർഖ്വില എന്ന പൗരാണിക സങ്കേതത്തിലാണു ഗവേഷകർ ഖനനം നടത്തിയത്. 1200 വർഷം പഴക്കമുള്ളതാണ് മമ്മിയെന്ന് ശാസ്ത്രജ്ഞർ പ്രാഥമിക പഠനത്തിനു ശേഷം പറഞ്ഞു. പെറുവിൽ ഇൻകാ കാലഘട്ടത്തിനും മുൻപുണ്ടായിരുന്ന സംസ്കാരത്തിൽ ജീവിച്ചിരുന്ന സമൂഹത്തിൽ പെട്ടതാണ് ഈ മമ്മിയെന്നും അവർ പറയുന്നു. ഈ മമ്മി ശരീരം പുരുഷന്റേതാണോ സ്ത്രീയുടേതാണോ എന്നു നിർണയിക്കാൻ ശാസ്ത്രജ്ഞർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

കാജാമർഖ്വിലയിൽ 400 എഡിയിലാണ് ആദ്യമായി മനുഷ്യവാസം തുടങ്ങിയതെന്നാണു കണക്കാക്കപ്പെടുന്നത്. പ്രാചീനവംശജരായ ഹുവാരിയായിരുന്നു ആദ്യ താമസക്കാർ. പിന്നീട് യിക്മ, ഇൻക വംശജരും ഇവിടം തങ്ങളുടെ തട്ടകമാക്കി. ചെളിയിൽ നിർമിച്ച വീടുകളും പിരമിഡുകളും ഇവിടെ ഖനനം ചെയ്തെടുത്തിട്ടുണ്ട്. പഴയകാലത്ത് ഹുവാരി സമൂഹത്തിലെ യോദ്ധാക്കൾക്കായാണ് ഈ ഗൃഹങ്ങൾ നിർമിച്ചതെന്നു കരുതുന്നു. ചരിത്രം ഒളിച്ചിരിക്കുന്ന കാജമാർഖ്വില പക്ഷേ സർക്കാരിൽ നിന്നും പുരാവസ്തുവകുപ്പിൽ നിന്നുമുള്ള അവഗണന നിമിത്തം നാശത്തിന്റെ വക്കിലാണ്. അനുദിനം പടരുന്ന നഗരവത്കരണവും ഈ അമൂല്യമേഖലയുടെ നാശത്തിനു വഴിവയ്ക്കുന്നു. ഇക്കാര്യത്തിൽ ലോകമെമ്പാടുമുള്ള ചരിത്ര കുതുകികളിൽ നിന്നു വൻ വിമർശനം പെറുവിയൻ സർക്കാർ നേടുന്നുണ്ട്.

ഇവിടെ ഇപ്പോൾ നടക്കുന്ന പര്യവേക്ഷണം കലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രഫസർ പീറ്റർ ഡാലൻ ലൂനയുടെ നേതൃത്വത്തിലാണ്. എന്തുകൊണ്ടാകാം ഈ മമ്മിയെ കയർ കൊണ്ട് കെട്ടിവരിഞ്ഞിരിക്കുന്നതെന്നാണു പ്രധാന ചോദ്യം. അക്കാലത്തെ സംസ്കാര രീതിയായിരിക്കാം ഇതെന്ന് പീറ്റർ ഡാലൻ ഉത്തരം നൽകുന്നു. മമ്മിയോടൊപ്പം കുറേ പാത്രങ്ങളും ആദിമ കാല ഉപകരണങ്ങളുമൊക്കെയുണ്ട്. ഇതിൽ പഴങ്ങളുടെയും പച്ചക്കറികളുടെയും ധാന്യങ്ങളുടെയും അംശങ്ങളും കണ്ടെത്തിയിട്ടുണ്ട്. സംസ്കാര ചടങ്ങിന്റെ ഭാഗമായി നേർച്ചകൾ പോലെ നൽകിയതാകാം ഇതെന്നാണു കരുതപ്പെടുന്നത്. പിൽക്കാലത്ത് സ്പാനിഷ് അധിനിവേശത്തിൻ കീഴിലായ പെറുവിൽ വളരെ പ്രോജ്വലമായ ആദിമസംസ്കാരങ്ങൾ നിലനിന്നിരുന്നു. ഇവയുടെ നൂറിലധികം കേന്ദ്രങ്ങൾ രാജ്യത്ത് പലയിടങ്ങളിൽ നിന്നായി കണ്ടെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമായ ഒന്നാണ് ഇൻക. പതിമൂന്നാം നൂറ്റാണ്ടിൽ ഇൻകാ സാമ്രാജ്യത്തിനു കീഴിൽ ഇപ്പോഴത്തെ ചിലിയും ഇക്വഡോറിന്റെ തെക്കൻ പ്രദേശങ്ങളും കൊളംബിയയുമൊക്കെ ഉൾപ്പെട്ടിരുന്നു.

ഈജിപ്തിലേതു പോലെ തന്നെ മൃതശരീരങ്ങൾ മമ്മിയാക്കുന്ന പ്രക്രിയ ലാറ്റിനമേരിക്കയിലുമുണ്ടായിരുന്നു. പെറുവിന്റെ അയൽരാജ്യമായ ചിലെയിലാണ് ഇത്തരം മമ്മികൾ ധാരാളമായി കണ്ടെത്തിയിരിക്കുന്നത്. ഈജിപ്തിൽ പൊതുവെ സമൂഹത്തിലെ ഉന്നതരെയും പ്രഭുക്കൻമാരെയും രാജാക്കൻമാരെയുമൊക്കെയാണു മമ്മിയാക്കിയിരുന്നതെങ്കിൽ ചിലെയിൽ സമൂഹത്തിലെ എല്ലാ തുറകളിലുമുള്ളവരെ മരണശേഷം മമ്മിയാക്കിയിരുന്നു. ചിലെയിൽ സ്ഥിതി ചെയ്തിരുന്ന ചിൻചോറോ സമൂഹമായിരുന്നു ഇക്കാര്യത്തിൽ പ്രധാനികൾ. ഇവിടെ നിന്നു കണ്ടെത്തിയ ഏറ്റവും പ്രശസ്തമായ മമ്മിയായ അച്ചാമാൻ ജീവിച്ചിരുന്നത് ബിസി 7020 കാലയളവിലാണ്.

English Summary: Peruvian mummy that's at least 800 years old found by archeologists in Lima

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com