ADVERTISEMENT

കലിഫോര്‍ണിയ തീരത്തോട് ചേര്‍ന്ന് കടലിനടയില്‍ ഏതാണ്ട് രണ്ട് വര്‍ഷം മുന്‍പാണ് കനം കുറഞ്ഞ തടിക്കഷ്ണം പോലുള്ള ഒരു വസ്തു കണ്ടെത്തിയത്. എന്നാല്‍ വൈകാതെ തന്നെ ഈ വസ്തു തടിക്കഷണമല്ലെന്നും മറിച്ച് ഏതോ ഒരു ജീവിയുടെ കൊമ്പാണെന്നും വ്യക്തമായി. ഈ തിരിച്ചറിയലാണ് ഇന്ന് ലോകത്തെ തന്നെ ഏറ്റവും പഴക്കം ചെന്ന മാമത്ത് കൊമ്പുകളില്‍ ഒന്നിന്‍റെ വീണ്ടെടുക്കലിന് സഹായിച്ചത്. ഏതാണ്ട് ഒരു ലക്ഷത്തിലേറെ വര്‍ഷം പഴക്കമുള്ള മാമത്തിന്‍റെ കൊമ്പായിരുന്നു കടലില്‍ നിന്ന് ലഭിച്ച ആ വിചിത്ര വസ്തു.

കൊമ്പ് വേട്ടയുടെ കഥ

മൊണ്ടേറെ ബേ അക്വേറിയം എന്ന ഗവേഷണ സ്ഥാപനത്തിലെ മുങ്ങല്‍ വിദഗ്ദ്ധരാണ് ഈ കൊമ്പ് കണ്ടെത്തിയത്. കലിഫോര്‍ണിയ തീരമേഖലയിലുള്ള കടലിനടയിലെ ഒരു പര്‍വത ശിഖരത്തില്‍ പഠനം നടത്താനായണ് ഇവര്‍ കടലിലേക്കിറങ്ങിയത്. ഇവിടെ സമുദ്രനിരപ്പില്‍ നിന്ന് ഏതാണ്ട് 3 കിലോമീറ്റര്‍ ആഴത്തിലാണ് ഈ മാമത്തിന്‍റെ കൊമ്പ് ലഭിച്ചത്. കടലില്‍ നിന്ന് മാമത്തുകളുടെ കൊമ്പ് ലഭിക്കുന്നത് ഇത് ആദ്യമായല്ല. എന്നാല്‍ ഇത്രയും ആഴത്തില്‍ നിന്ന് ഇത്രയും പഴക്കമുള്ള ഒരു കൊമ്പ് ലഭിക്കുന്നത് ആദ്യമായിട്ടാണെന്ന് മിഷിഗണ്‍ സര്‍വകലാശാലയിലെ പാലിയന്‍റോളജിസ്റ്റായ ഡാനിയല്‍ ഫിഷര്‍ പറയുന്നു. 

അതേസമയം രണ്ട് വര്‍ഷം മുന്‍പുള്ള ഈ മാമത്ത് കൊമ്പിന്‍റെ കണ്ടെത്തലിനെ രസകരമായാണ് ഗവേഷകര്‍ ഓര്‍ത്തെടുക്കുന്നത്. നിധി വേട്ടക്കാരന്‍റെ കഥ പറഞ്ഞ ഇന്ത്യാനാ ജോണ്‍സ് സിനിമയുടേയും ജുറാസിക് പാര്‍ക്ക് സിനിമയുടേയും കഥകള്‍ ചേര്‍ത്തുവച്ചത് പോലെയാണ് ഈ മണ്‍മറഞ്ഞ ജീവിയുടെ ശേഷിപ്പ് കണ്ടെത്തിയതെന്ന് ഗവേഷക സംഘം പറയുന്നു. റിമോട്ട്കൊണ്ട് പ്രവര്‍ത്തിക്കുന്ന യന്ത്രമുപയോഗിച്ച് ഈ കൊമ്പ് വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കൊമ്പിന്‍റെ ചെറിയ ഭാഗം ഒടിഞ്ഞ് പോയതും ഇവര്‍ ഓര്‍ക്കുന്നു. കടലിനടിയിലെ അദ്ഭുതങ്ങള്‍ തേടിച്ചെന്ന് ഒടുവില്‍ കരയില്‍ ജീവിച്ച ഒരു പുരാതന ജീവിയുടെ അവശിഷ്ടം വീണ്ടെടുത്തത് അദ്ഭുതകരമായ അനുഭവമാണെന്നും ഇവര്‍ വിവരിക്കുന്നു.

ഏതായാലും പഠനങ്ങള്‍ക്കൊടുവില്‍ മാമത്തിന്‍റെ ഡിഎന്‍എ കൊമ്പില്‍ നിന്ന് വേര്‍തിരിച്ചെടുക്കാന്‍ ഗവേഷകര്‍ക്ക് സാധിച്ചിട്ടുണ്ട്. ഇത് കൊമ്പിന്‍റെ ഉടമയായ മാമത്തിനെ കുറിച്ച് കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ ലഭിക്കാന്‍ സഹായകമാകും. ഇത്രനാള്‍ പിന്നിട്ടിട്ടും ഈ കൊമ്പ് സുരക്ഷിതമായി തുടര്‍ന്നതിന് കാരണം ആഴക്കടലിലെ അനുകൂല സാഹചര്യങ്ങളാണെന്ന് ഗവേഷകര്‍ വിവരിക്കുന്നു. ആഴക്കടലിലെ തണുപ്പും, ഉയര്‍ന്ന മര്‍ദ്ദവുമാണ് ഈ സംരക്ഷണത്തില്‍ നിര്‍ണ്ണായകമായതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 

കൊളംബിയന്‍ മാമത്ത്

ഒരു കാലത്ത് ഭൂമിയുടെ കരമേഖല അടക്കി വാണിരുന്ന വമ്പന്‍മാരായിരുന്നു മാമത്തുകള്‍. ആനകളുടെ പൂര്‍വികര്‍ എന്ന് വിളിക്കാനാകില്ലെങ്കിലും അതേ വംശത്തില്‍ പെട്ട എന്നാല്‍ വലുപ്പം കൂടിയ ശരീരം മുഴുവന്‍ രോമം നിറഞ്ഞ ജീവികളായിരുന്നു ഇവ. ഏതാണ്ട് 25 ലക്ഷം വര്‍ഷം മുതല്‍ 2 ലക്ഷം വര്‍ഷം മുന്‍പ് വരെയുള്ള കാലഘട്ടമാണ് മാമത്തുകളുടെ സുവര്‍ണ കാലഘട്ടമായി കണക്കാക്കുന്നത്. ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന കൊളംബിയന്‍ മാമത്ത് വിഭാഗത്തില്‍ പെട്ട പെണ്‍ മാമത്തിന്‍റെയാണ് ഈ കൊമ്പ് എന്നാണ് പ്രാഥമിക നിഗമനം. കൊമ്പിന്‍റെ കൃത്യമായ പഴക്കം അറിയാനുള്ള ശ്രമം തുടരുകയാണ്. ഇപ്പോഴത്തെ ഈ കണ്ടെത്തല്‍ സമുദ്രത്തിനടിയില്‍ നിന്ന് കൂടുതല്‍ പുരാതന ജീവികളുടെ ശേഷിപ്പുകള്‍ ലഭിക്കാനുള്ള സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ഗവേഷകര്‍ പറയുന്നു. 

മാമത്തുകളിലെ തന്നെ ഏറ്റവും വലുപ്പമേറയ വിഭാഗമായിട്ടാണ് കൊളംബിയന്‍ മാമത്തുകളെ കണക്കാക്കുന്നത്.10000 വര്‍ഷം മുന്‍പ് വരെ വടക്കേ അമേരിക്ക മുതല്‍ തെക്കേ അമേരിക്കയുടെ പരിസരങ്ങളില്‍ വരെ ഇവ അലഞ്ഞു നടന്നിരുന്നു. വൂളി മാമത്ത് എന്നറിയപ്പെടുന്ന ധ്രുവമേഖലയോട് ചേര്‍ന്ന് കാണപ്പെട്ടിരുന്ന മാമത്തുകളുടെയും മറ്റൊരു മാമത്ത് വിഭാഗത്തിന്‍റെയും സങ്കരവര്‍ഗമായിട്ടാണ് കൊളംബിയന്‍ മാമത്ത് വംശത്തതിന്‍റെ ജനനമുണ്ടായതെന്നാണ് കണക്കാക്കുന്നത്. 

 

English Summary: A 100,000-Year-Old Mammoth Tusk Has Been Discovered Off The Coast of California

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com