ADVERTISEMENT

അടുത്ത എട്ടുവർഷത്തിനുള്ളിൽ ചന്ദ്രനിൽ ആണവ നിലയം പണിയാൻ നാസ. 2030ൽ നിലയം പൂർത്തിയാക്കാനാണു പദ്ധതി. ഇതിനായി യുഎസ് ഊർജവകുപ്പിന്റെ ഇഡഹോ നാഷനൽ ലബോറട്ടറിയുമായി നാസ അണിചേർന്നിട്ടുണ്ട്. ഭൂമിയിൽ നിന്നു വിഭിന്ന സാഹചര്യങ്ങളുള്ള ചന്ദ്രനിൽ ആണവനിലയം എങ്ങനെ രൂപീകരിക്കുമെന്നതു സംബന്ധിച്ച് ഇപ്പോഴും ധാരണയിലെത്തിച്ചേരാൻ നാസയ്ക്കും ഇഡഹോ നാഷനൽ ലബോറട്ടറിക്കും കഴിഞ്ഞിട്ടില്ല. ഇതിനായുള്ള ആശയങ്ങൾ കൈയിലുണ്ടെങ്കിൽ തങ്ങൾക്കു നൽകാൻ നാസ പൊതുജനങ്ങളോടും സഹായമഭ്യർഥിച്ചിട്ടുണ്ട്. നിങ്ങൾക്കും ഇതിന്റെ രൂപകൽപന സംബന്ധിച്ച് മനസ്സിൽ ആശയം തോന്നുന്നുണ്ടെങ്കിൽ നാസയെയോ യുഎസ് ഊർജവകുപ്പിനെയോ അറിയിക്കാം. അടുത്തവർഷം ഫെബ്രുവരി 19 വരെയാണ് ആശയങ്ങൾ സമർപ്പിക്കാനുള്ള സമയം.സമ്പുഷ്ടീകരിച്ച യുറേനിയം ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ന്യൂക്ലിയർ ഫിഷൻ ആണവറിയാക്ടറുകളുടെ രൂപകൽപനകളാണു വേണ്ടത്.

∙എന്തിനാണു ചന്ദ്രനിൽ ആണവനിലയം?

1969 ജൂലൈ 20ന് അപ്പോളോ 11 ദൗത്യത്തിലൂടെ മനുഷ്യർ ചന്ദ്രനിൽ കാലുകുത്തുകയും പിന്നീട് അനേകം ദൗത്യങ്ങളിലായി 20 പേർ ചന്ദ്രനിലെത്തുകയും ചെയ്തു. എന്നാൽ ആ യാത്രകൾ സാങ്കേതിക ശക്തി പ്രകടനങ്ങളായിരുന്നു. തങ്ങളുടെ ജന്മവൈരികളായ സോവിയറ്റ് യൂണിയനു മുൻപിൽ മേൽക്കൈ നേടാനുള്ള അമേരിക്കൻ ശ്രമങ്ങൾ.ആ ശക്തിപ്രകടനങ്ങൾ എഴുപതുകളോടെ അവസാനിച്ചു. പിന്നീട് അമേരിക്കയെന്നല്ല, ഒരു രാജ്യവും ചന്ദ്രനിലേക്കു പോയിട്ടില്ല. എന്നാൽ പിന്നീട് ചന്ദ്രനെ പ്രായോഗികപരമായി എങ്ങനെ വിനിയോഗിക്കാമെന്നായി ലോകബഹിരാകാശ മേഖലയുടെയും നാസയുടെയും ചിന്ത. ചന്ദ്രന്റെ പ്രതലം അനവധി ലോഹങ്ങളാലും അപൂർവ ധാതുക്കളാലും സമ്പന്നാണ്. ആണവ ഫ്യൂഷൻ റിയാക്ടറുകൾക്ക് പ്രവർത്തിക്കാനുള്ള ഹീലിയം 3 നിക്ഷേപങ്ങളും ചന്ദ്രനിൽ സുലഭം. ചന്ദ്രഖനനം എന്നത് ഒരു വലിയ പഠനം നടക്കുന്ന മേഖലയാണ് ഇപ്പോൾ. ഇതോടൊപ്പം തന്നെ മനുഷ്യന്റെ ഭാവി ഗ്രഹയാത്രകളിൽ, പ്രത്യേകിച്ച് ചൊവ്വയിലേക്കുള്ള യാത്രകളിൽ ചന്ദ്രൻ ഒരു ഇടത്താവളമായി മാറുമെന്നും ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു. ഇക്കാര്യങ്ങളെല്ലാം നടക്കണമെങ്കിൽ ചന്ദ്രനിൽ ഊർജ ഉത്പാദനം വേണം. ഇതിനായുള്ള ആദ്യ ശ്രമമാണ് ഈ ആണവനിലയം.

∙ വീണ്ടും ചന്ദ്രയാത്ര: ആർട്ടിമിസ് തുടക്കമോ?‌

ചന്ദ്രനിൽ കോളനിയും ഖനിയുമൊക്കെ സ്ഥാപിക്കാനുള്ള ആദ്യശ്രമമായിട്ടാണ്  നാസയുടെ അടുത്ത ചന്ദ്രയാത്ര കണക്കാക്കപ്പെടുന്നത്. 2024 സെപ്റ്റംബർ 24ന് വീണ്ടും ചന്ദ്രനിലേക്ക് യാത്രക്കാരെ അയയ്ക്കാനാണു നാസയുടെ പദ്ധതിയായ ആർട്ടിമിസ് ലക്ഷ്യമിടുന്നത്. പോകുന്നവരിൽ ഒരാൾ ഇന്ത്യൻ വംശജനാകാനുള്ള സാധ്യതകളും ശക്തമാണ്.  യുഎസ് വ്യോമസേനാ കേണൽ രാജാചാരിയാണ് ഈ വ്യക്തി. ആർട്ടിമിസ്, ചൊവ്വ ദൗത്യങ്ങൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലനത്തിനായി നാസ തിരഞ്ഞെടുത്ത 11 പേരുടെ പട്ടികയിൽ രാജാ ചാരിയും ഉൾപ്പെട്ടിട്ടുണ്ട്.അദ്ദേഹത്തിന്‌റെ പിതാവ് ഇന്ത്യക്കാരനും മാതാവ് അമേരിക്കക്കാരിയുമാണ്. ആർട്ടിമിസ് ദൗത്യത്തിന്‌റെ മൂന്നാം ഘട്ടത്തിലാണു മനുഷ്യർ യാത്ര ചെയ്യാൻ പോകുന്നത്. ഒരു പുരുഷനും ഒരു സ്ത്രീയുമാകും യാത്രികർ. മനുഷ്യരെ വഹിക്കാത്ത ആദ്യഘട്ടം വരുന്ന നവംബറിൽ നടത്താനാണ് നാസയുടെ ഉദ്ദേശ്യം.

അപ്പോളോ ദൗത്യങ്ങൾ ഇറങ്ങിയ പ്രശാന്തിയുടെ കടലിലല്ല, മറിച്ച് ചന്ദ്രന്‌റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങാനാണ് ആർട്ടിമിസിന്റെ പദ്ധതി.ഇന്ത്യൻ ബഹിരാകാശ ദൗത്യമായ 'ചന്ദ്രയാൻ- 2' ലക്ഷ്യംവച്ച, ജലസാന്നിധ്യമുണ്ടെന്നു വിശ്വസിക്കപ്പെടുന്ന മേഖലയാണ് ഇത്. ഗേറ്റ് വേ എന്ന ഒരു ചാന്ദ്രനിലയവും ആർടിമിസിന്‌റെ ആദ്യ ദൗത്യങ്ങളുടെ ഭാഗമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ സൃഷ്ടിക്കപ്പെടും. തുടർന്നു വരുന്ന മൂന്നാം ദൗത്യത്തിലാണു യാത്രികർ എത്തുന്നത്. ഇവർ വരുന്ന ഓറിയോൺ എന്ന പേടകം ഈ ഗേറ്റ് വേയിൽ ഡോക്ക് ചെയ്യും. ഇവിടെ നിന്നു പ്രത്യേക ലൂണാർ മൊഡ്യൂൾ പേടകങ്ങളിൽ യാത്രികർക്ക് ചന്ദ്രനിലിറങ്ങാനും തിരിച്ച് ഗേറ്റ് വേയിലെത്താനും സാധിക്കും. ചുരുക്കത്തിൽ, ചന്ദ്രനിലേക്കുള്ള ഒരു കവാടമോ തുറമുഖമോ ആയി ആർട്ടിമിസിന്റെ ഗേറ്റ് വേ പ്രവർത്തിക്കും. 

 

English Summary: NASA wants to put a nuclear power plant on the moon by 2030

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com