ADVERTISEMENT

ഭൂമിയിലെത്തിയ അന്യഗ്രഹജീവികൾ ആരുമറിയാതെ ഇവിടെ ഒരു ലാബറട്ടറി നിർമിച്ചിരുന്നോ? ചൈനക്കാരോടു ചോദിച്ചാൽ അവരിൽ ചിലരെങ്കിലും ഇക്കാര്യം സമ്മതിച്ചു തരും. കാരണം ചൈനയിലെ ക്വിങ്‌ഹായ് പ്രവിശ്യയിലുള്ള ബായ്ഗോങ് മലനിരകളിൽ അത്തരമൊരു അദ്ഭുതം അവർ കണ്ടിട്ടുണ്ട്. പർവതത്തിന് കിരീടം ചാർത്തിയതു പോലെ പിരമിഡാകൃതിയിലുള്ള നിർമിതിയാണ് ഒരു അദ്ഭുതം. അതു കൂടാതെ പർവതത്തിന്റെ അടിത്തട്ടിൽ ത്രികോണാകൃതിയിൽ മൂന്നിടത്ത് ചെറിയ കവാടങ്ങളുമുണ്ട്. അതുവഴി പോയാൽ കാണാനാകുന്നത് നൂറുകണക്കിന് കുഴലുകളാണ്. മൊട്ടുസൂചിയുടെ വലുപ്പം മുതൽ 16 ഇഞ്ച് വരെ വ്യാസമുള്ള പൈപ്പുകൾ കൂട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. 

 

പർവതത്തിന്റെ ഉൾഭാഗത്തുനിന്നു പുറപ്പെട്ട് ഏകദേശം 260 അടി ദൂരെയുള്ള ഒരു ഉപ്പുതടാകത്തിലാണ് ആ കുഴലുകളിൽ ചിലത് അവസാനിക്കുന്നത്. തടാകത്തിന്റെ അടിത്തട്ടിലുമുണ്ട് ഇത്തപം പൈപ്പുകൾ. യഥാർഥ ഇരുമ്പ് പൈപ്പുകൾക്കു സമാനമായി തുരുമ്പു പിടിച്ചവയാണ് ആ കുഴലുകൾ. പലതിന്റെയും വലുപ്പം പോലും സമാനമാണ്. ആരോ കൃത്യമായി പാകപ്പെടുത്തി തയാറാക്കി, പൈപ്പുകൾ പർവതത്തിനുള്ളിൽ വച്ചതു പോലെ! പക്ഷേ ആരാണത് നിർമിച്ചത്? എന്തായിരുന്നു ലക്ഷ്യം? ആർക്കുമറിയില്ല. ഗവേഷകരെ അദ്ഭുതപ്പെടുത്തിയ പ്രധാന കാര്യമെന്നത് ഈ പൈപ്പിന്റെ പഴക്കമായിരുന്നു. 

 

ബെയ്ജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിയോളജിയുടെ പരിശോധനയിൽ പൈപ്പുകൾക്ക് ഒന്നര ലക്ഷം വർഷത്തെ പഴക്കമുണ്ടെന്നാണു കണ്ടെത്തിയത്. അന്ന് മനുഷ്യർ ഇരുമ്പു കൊണ്ടുള്ള നിർമാണത്തെപ്പറ്റി ആലോചിച്ചു തുടങ്ങിയിട്ടു പോലുമില്ല. എന്നാൽ ചൈനയിൽ കണ്ടെത്തിയതാകട്ടെ ആധുനിക മനുഷ്യർ തയാറാക്കിയതു പോലെ കൃത്യതയാർന്ന പൈപ്പുകളും! മാത്രവുമല്ല, സാധാരണ അധികമാരും വരാത്ത പ്രദേശമാണ് ബായ്ഗോങ് മലനിരകൾക്കു ചുറ്റിലുമുള്ളത്. അവിടേക്ക് ആദ്യമായി മനുഷ്യരെത്തുന്നത് 30,000 വർഷം മുൻപാണെന്നും നരവംശ ശാസ്ത്രജ്ഞർ പറയുന്നു. അതും അലഞ്ഞുതിരിയുന്ന നാടോടി ഗോത്രവിഭാഗമായിരുന്നു. അവർക്ക് ഇത്രയേറെ ആധുനികമായ വിധത്തിൽ ലോഹംകൊണ്ടുള്ള പൈപ്പ് നിർമാണം അറിയാമെന്നത് അവിശ്വസനീയമായ കാര്യമാണ്. മാത്രവുമല്ല, ആധുനിക മനുഷ്യനു പോലും സാധിക്കാത്ത വിധത്തിൽ പർവതത്തിന്റെ ഉൾവശത്തെ തറയിലും ചുമരുകളിലും ആഴത്തിലാണ് പൈപ്പുകൾ ഇറക്കിയിരിക്കുന്നത്! 

 

ആദ്യമായി ഈ പൈപ്പ് പരിശോധിച്ച ഗവേഷക സംഘം കണ്ടെത്തിയത് ഇതിൽ 90 ശതമാനവും ഭൂമിയില്‍ സാധാരണ കാണുന്ന ധാതുക്കളും ലോഹങ്ങളുമാണെന്നാണ്. എന്നാൽ 8% വരുന്ന വസ്തുക്കൾ ഭൂമിയിൽ കാണാത്തതും. ഫെറിക് ഓക്സൈഡ്, സിലിക്കൺ ഡയോക്സൈഡ്, കാത്സ്യം ഓക്സൈഡ് എന്നിവയുടെ സാന്നിധ്യമായിരുന്നു ഏറെയും. ഇരുമ്പും പാറകളും തമ്മിൽ ദീർഘകാലം സമ്പർക്കത്തിലേർപ്പെട്ട് രൂപപ്പെടുന്നതാണ് സിലിക്കൺ ഡയോക്സൈഡും കാത്സ്യം ഓക്സൈഡും. ഈ കണ്ടെത്തലിനു പിന്നാലെയാണ് പൈപ്പ് നിർമിതിക്കു പിന്നിൽ അന്യഗ്രഹജീവികളാണെന്ന വാദവും ശക്തമായത്. എന്നാൽ അടുത്തിടെ നടത്തിയ ഒരു ഗവേഷണത്തിൽ കണ്ടെത്തിയത് ഈ പൈപ്പുകളെന്നത് ഫോസിൽവൽക്കരിക്കപ്പെട്ട പ്രാചീനകാല മരത്തിന്റെ വേരുകളാണെന്നാണ്. ഈ വേരുകൾ മണ്ണിലെ ധാതുക്കളും ലോഹങ്ങളുമായുമെല്ലാം ചേർന്ന്, കാലങ്ങളെടുത്ത് പൈപ്പിന്റെ രൂപത്തിലായതാണെന്നും തെളിവുകൾ സഹിതം അവർ വ്യക്തമാക്കുന്നു. പൈപ്പിനകത്ത് ചെടികളുടെ അംശങ്ങളും, സൂക്ഷ്മ പരിശോധനയിൽ മരങ്ങളിൽ കാണുന്ന ‘റിങ്ങുകൾക്കു’ സമാനമായ ഭാഗങ്ങളും കണ്ടെത്തിയെന്നും ഗവേഷകർ പറയുന്നു. അസാധാരണമായ വസ്തുക്കൾ നിർമിക്കുന്നതിൽ പ്രകൃതിക്കുള്ള കഴിവിന്റെ മറ്റൊരു ഉദാഹരണം മാത്രമാണ് ബായ്ഗോങ് മലനിരകളിലെ പൈപ്പുകളെന്നും അവരുടെ വാക്കുകൾ. 

 

എന്നാൽ ചൈനീസ് അക്കാദമി ഓഫ് സോഷ്യൽ സയൻസസിലെ റിസർച് ഫെലോ യാങ് ജി ഉൾപ്പെടെയുള്ള വിദഗ്ധർ ഇന്നും വിശ്വസിക്കുന്നത് ബായ്ഗോങ്ങിലെ പൈപ്പുകൾ അന്യഗ്രഹജീവികളുടെ സൃഷ്ടിയാണെന്നാണ്. 2002ൽ ചൈനീസ് സർക്കാർ പർവതത്തിലേക്ക് പരിശോധനയ്ക്ക് അയച്ച സംഘത്തിൽ ഇദ്ദേഹവും ഉണ്ടായിരുന്നു. എന്നാൽ തെളിവുകളുടെ അഭാവമാണ് പ്രശ്നം. മറ്റൊരു തിയറി പ്രകാരം ഇത്തരത്തിൽ പൈപ്പുകളുണ്ടാക്കാൻ കഴിവുള്ള ഒരു വിഭാഗം പണ്ടുണ്ടായിരുന്നു എന്നാണ്. എന്നാൽ ഇത് അടുത്ത തലമുറയിലേക്കു പകർന്നു കൊടുക്കാനാകാത്ത വിധം അവരുടെ വംശം അറ്റു പോയെന്നും! സമീപത്ത് ശുദ്ധജല തടാകമുണ്ടായിട്ടും എന്തുകൊണ്ട് ഉപ്പുതടാകത്തിലേക്ക് പൈപ്പ് സ്ഥാപിച്ചു എന്ന ചോദ്യവും പ്രസക്തമാണ്. ചില പൈപ്പുകളാകട്ടെ അതിശക്തമായ റേഡിയോ ആക്ടിവ് സ്വഭാവമുള്ളതാണെന്നും കണ്ടെത്തി. ഇതാണ് ബായ്ഗോങ് മലനിരകൾക്ക് ‘എക്സ്ട്രാ ടെറസ്ട്രിയൽ ലാബറട്ടറി’ എന്ന പേര് ചാർത്തിക്കൊടുക്കാനുള്ള പ്രധാന കാരണവും. 

 

 

English Summary: Mysterious 150,000 Year-Old Pipes Might Rewrite Chinese History

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com