ADVERTISEMENT

ആറായിരം വർഷങ്ങൾക്കു മുൻപ് പൗരാണിക ഈജിപ്തിലെ സമ്പന്നസമൂഹത്തിൽ പെട്ടവർ കഞ്ഞിപോലെ ഒരു തരം ബീയർ കഴിച്ചിരുന്നതായി ശാസ്ത്രജ്ഞരുടെ പഠനം. തെക്കൻ ഈജിപ്തിലെ പുരാതന നഗരവും പുരാവസ്തു പര്യവേക്ഷണ മേഖലയുമായ ഹീറാകൊൻപൊലിസിൽ പുരാവസ്തു ഖനനം നടത്തിയ ഗവേഷകർ ചില കുടങ്ങളും മൺപാത്രങ്ങളും കണ്ടെടുത്തിരുന്നു. ഇവയിൽ നടത്തിയ പഠനങ്ങളിലാണ് അപൂർവ മദ്യത്തെക്കുറിച്ചുള്ള രഹസ്യങ്ങൾ വെളിവായത്. ഇന്നത്തെ കാലത്തെ ബീയർ ജഗ്ഗുകളുടെ ആകൃതിയുള്ള മൺചഷകങ്ങളായിരുന്നു കണ്ടെത്തിയവയിൽ കൂടുതലെന്ന് ശാസ്ത്രജ്ഞർ പറയുന്നു.അരണ്ട മഞ്ഞ നിറമുള്ള കളിമണ്ണുകൊണ്ടാണ് ഇവ നിർമിച്ചിരിക്കുന്നത്.  ഇതിലേക്കു മദ്യം പകർന്ന് ജനങ്ങൾ ഉപയോഗിച്ചിരുന്നു.

 

അക്കാലത്ത് ബീയർ എല്ലാവർക്കും ഉപയോഗിക്കാവുന്ന ഒരു വസ്തുവല്ലായിരുന്നെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഉന്നതരുടെയും സമ്പന്നരുടെയും പ്രൗഢിയുടെ അടയാളമായിരുന്നു ബീയർ. ഗോതമ്പ്, ബാർലി തുടങ്ങിയ ധാന്യങ്ങളുപയോഗിച്ചായിരുന്നു അന്നത്തെ ബീയർ ഒരുക്കിയിരുന്നത്. ലഹരിക്കായി മാത്രമല്ല, മൃതശരീരത്തിന്റെ സംസ്കാരമുൾപ്പെടെ ചടങ്ങുകൾക്കും ഈ ബീയർ ഉപയോഗിച്ചിരുന്നെന്നു ഗവേഷകർ പറയുന്നു.ചഷകങ്ങൾ മാത്രമല്ല, ബീയർ കുറേക്കാലത്തേക്കു കേടുകൂടാതെയുണ്ടാക്കി സൂക്ഷിക്കാനായി ഇന്നത്തെ കാലത്തെ വീപ്പകളുടെ ആകൃതിയിലുള്ള വലിയ കളിമൺപാത്രങ്ങളുമുണ്ടായിരുന്നു. ഇവയുടെ അവശേഷിപ്പുകളും ഇവിടെ നിന്നു കണ്ടെത്തി.

 

ഈജിപ്തിലെ പ്രധാനപ്പെട്ട പുരാവസ്തുമേഖലകളിൽ ഒന്നാണ് ഇപ്പോൾ ബീയർ പാത്രങ്ങൾ കണ്ടെത്തിയ ഹീറാകൊൻപൊലിസ്. പിരമിഡ് കാലഘട്ടത്തിനും മുൻപുള്ള ഈജിപ്ഷ്യൻ ചരിത്രത്തിന്റെ അവശേഷിപ്പുകൾ ഇവിടെയുണ്ട്. ഈജിപ്തിന്റെ മുഖമുദ്രയായി മാറിയ മമ്മിവത്കരണത്തിന്റെ തുടക്കങ്ങളെക്കുറിച്ചുള്ള രഹസ്യങ്ങളും ഈ നഗരത്തിലുണ്ട്. ഇവിടെ പലപ്പോഴായി മദ്യനിർമാണ കേന്ദ്രങ്ങളും ഭക്ഷ്യ സംസ്കരണ കേന്ദ്രങ്ങളുമൊക്കെ കണ്ടെത്തിയത്, ഹീറാകൊൻപൊലിസിലെ ജനങ്ങൾക്ക് ഇത്തരം സാങ്കേതികവിദ്യകളെക്കുറിച്ച് അറിവുണ്ടായിരുന്നു എന്നതിനു തെളിവാണ്. മദ്യനിർമാണശാലകൾ മാത്രം 12 എണ്ണം ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ചെങ്കടലിനു സമീപമുള്ള ഈ പൗരാണികമേഖലയിലാണ് ടോംബ് 100 എന്ന കല്ലറ കണ്ടെത്തിയത്. ഈജിപ്തിൽ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കമുള്ള നിറം നൽകി അലങ്കരിച്ച കല്ലറയാണ് ഇത്.ലോകത്തിലെ ഏറ്റവും പഴയ മൃഗശാലയുടെ അവശേഷിപ്പും നെഖൻ എന്ന മറ്റൊരു പേരിലും അറിയുന്ന  ഹീറാകൊൻപൊലിസിൽ  നിന്നാണു കണ്ടെത്തിയത്.

 

English Summary: Archaeologists uncover ancient beer 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com