ADVERTISEMENT

കടുത്ത വരൾച്ചയുടെ പിടിയിലാണ് കെനിയയിലെ മിക്ക പ്രദേശങ്ങളും. വേദാനാജനകമായ ചിത്രങ്ങളാണ് ഇപ്പോൾ കെനിയയിൽ നിന്നും പുറത്തുവരുന്നത്. വരൾച്ച ഏറ്റവുമധികം ബാധിച്ചത് വന്യജീവികളെയാണ്. കാട്ടരുവികളും നദികളും തടാകങ്ങളും വറ്റിവരണ്ടതോടെ കുടിവെള്ളവും ഭക്ഷണവുമില്ലാതെ ചത്തുവീഴുകയാണ് നൂറുകണക്കിന് മൃഗങ്ങൾ. വാജിറിലെ സബുളി വന്യജീവി സംരക്ഷണകേന്ദ്രത്തിൽ നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നൊമ്പരക്കാഴ്ചയാകുന്നത്.

 

വാജിറിലെ സബൂളി വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ കൊടും ചൂടത്ത് ജീവനില്ലാതെ കിടന്ന ആറു ജിറാഫുകളുടെ ചിത്രമാണ് ലോകത്തെ കണ്ണീരിലാഴ്ത്തിയത്. ഗെറ്റി ഇമേജസിന് വേണ്ടി എഡ് റാം ആണ് ചിത്രം പകർത്തിയത്. സമീപത്തെ ജലാശയത്തിൽ വെള്ളം കുടിക്കാൻ പോകവേ ചെളിയിൽ പുതഞ്ഞുവീണതാണ് ഇവയുടെ മരണകാരണം. ഏറെക്കുറെ വറ്റിവരണ്ട നിലയിലാണ് ജലാശയം കാണപ്പെട്ടത്. കടുത്ത വരൾച്ചയിൽ ജലം കിട്ടാതെ ജിറാഫുകൾ ചത്ത സംഭവം കെനിയയിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. മറ്റു ജീവികളും സമാനമായ പ്രതിസന്ധിയാണ് നേരിടുന്നത്. നദീതീരങ്ങൾ കൃഷിക്കായി കൈയടക്കിയതോടെ ഇവിടേക്കും ജിറാഫുകൾക്ക് വരാനാകാത്ത അവസ്ഥയാണെന്ന് ബൗർ അൽജി ജിറാഫ് സങ്കേതത്തിലെ ഇബ്രാഹിം അലി വിശദീകരിച്ചു. 

 

വരൾച്ച രൂക്ഷമായതിനെ തുടർന്നു കെനിയയുടെ വടക്കു-കിഴക്കൻ പ്രദേശമായ സബൂലിയിലേക്ക് ജിറാഫുകളെ മാറ്റി പാർപ്പിച്ചിരുന്നു. സാധാരണ ലഭിക്കുന്നതിന്റെ 30 ശതമാനത്തിൽ താഴെ മഴ മാത്രമാണ് രാജ്യത്തു ലഭിച്ചത്. ഇതാണു കൊടും വരൾച്ചയ്ക്കു കാരണമായതെന്നു വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. വരൾച്ച ഇനിയും തുടർന്നാൽ സമീപ പ്രദേശമായ ഗരിസ്സയിലെ 4,000 ജിറാഫുകൾ മരണഭീഷണി നേരിടുമെന്ന് കെനിയൻ ദിനപ്പത്രം മുന്നറിയിപ്പ് നൽകുന്നു. 2021 സെപ്റ്റംബറിൽ വരൾച്ചയെ ദേശീയ ദുരന്തമായി കെനിയൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു. രണ്ടു ദശലക്ഷത്തിലധികം വരുന്ന കെനിയൻ സ്വദേശികൾ പട്ടിണിയിലാണെന്നും ഇത് രാജ്യത്തിന്റെ ജനസംഖ്യയുടെ പകുതിയിലധികം വരുമെന്നും സർക്കാർ വിലയിരുത്തുന്നു.

 

English Summary: Heartbreaking Pics Show Impact Of Kenya's Drought On Its Giraffe Population

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com