ADVERTISEMENT

ചൈനയിൽ സ്യാഓയി നഗരത്തിനു സമീപമുള്ള അനധികൃത കൽക്കരി ഖനിയിൽ നിറഞ്ഞ പ്രളയജലത്തിൽ കുടുങ്ങി 21 പേർ. ജീവനോടെ ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ബുധനാഴ്ച രാത്രിയാണു ചൈനയിലെ ഷാൻസി പ്രവിശ്യയിലുള്ള സ്യാഓയിലെ ഖനിയിൽ അപകടമുണ്ടായത്. തലസ്ഥാനമായ ബെയ്ജിങ്ങിനു തെക്കുപടിഞ്ഞാറു സ്ഥിതി ചെയ്യുന്ന കൽക്കരി സമ്പന്ന മേഖലയാണ് ഇത്. പമ്പുകൾ ഉപയോഗിച്ച് ഖനിയിൽ നിറഞ്ഞ വെള്ളം പുറത്തെത്തിച്ച് ആളുകളെ രക്ഷിക്കാനാണ് ഇപ്പോൾ ചൈനീസ് അധികൃതർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അനധികൃത ഖനി നടത്തിയതുമായി ബന്ധപ്പെട്ട് 6 പേരെ ചൈനയിലെ പൊലീസ് അധികൃതർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എന്നാൽ ഈ വർഷം കൽക്കരി ദൗർലഭ്യം ഉടലെടുത്തതോടെ വീണ്ടും അനധികൃത ഖനനം തുടങ്ങുകയായിരുന്നു.

 

വടക്കൻ ചൈനാമേഖലയിലുള്ള പ്രദേശമാണ് ഷാൻസി. ചൈനയിൽ ഏറ്റവും കൂടുതൽ കൽക്കരി ഉത്പാദനം നടക്കുന്ന പ്രവിശ്യയാണു ഷാൻസി. ഒക്ടോബർ മുതലാണ് ഈ മേഖലയിൽ കനത്ത മഴയെത്തുടർന്ന് പ്രളയം ഉടലെടുത്തത്. കഴിഞ്ഞ കുറച്ചുമാസങ്ങളായി ചൈനയിൽ സംഭവിക്കുന്ന പ്രകൃതിദുരന്തങ്ങളുടെ തുടർച്ചയായിരുന്നു ഇതും. പ്രവിശ്യയിലെ 70 ജില്ലകളിലും നഗരങ്ങളിലും വീടുകൾ തകരാനും നഗരങ്ങൾ നശിക്കാനും ഈ പ്രളയം വഴിയൊരുക്കി. 

 

ഇതിനു മുൻപ് ഹെനാൻ പ്രവിശ്യയിൽ സംഭവിച്ച പ്രളയത്തിൽ മുന്നൂറിലധികം പേർ കൊല്ലപ്പെട്ടതിന്റെ ആഘാതം തീരുന്നതിനു മുൻപാണ് പുതിയ സംഭവം. ഈ പ്രളയത്തിന്റെ ബാക്കിപത്രമാണ് ഇപ്പോൾ ഖനിയിൽ പ്രളയജലം ഉയരാൻ കാരണമായത്. കൽക്കരി നിക്ഷേപങ്ങൾക്കു പുറമേ ചരിത്രാതീത കാലത്തെ ഒട്ടേറെ ശേഷിപ്പുകളും ഷാൻസിയിലുണ്ട്. ഇവയ്ക്കെല്ലാം വലിയ നാശമാണ് പ്രളയം മൂലം സംഭവിച്ചിട്ടുള്ളത്. ഷാൻസിയിൽ ഇപ്പോൾ പ്രളയത്തെ തുടർന്ന് 17 ലക്ഷത്തോളം ആളുകളെ ഒഴിപ്പിച്ചു. 20000 വീടുകളോളം ഒഴിപ്പിച്ചു. മഞ്ഞനദിയിൽ ജലനിരപ്പ് ഉയർന്നതും ആഘാതം കൂട്ടി.

 

English Summary: Over 21 people trapped in China coal mine flooding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com