ADVERTISEMENT

പത്ത് വർഷം മുൻപ് ഒരു കൂട്ടം ഗവേഷകർ സൈബീരിയയിലേക്ക് ഒരന്വേഷണത്തിനായി പുറപ്പെട്ടു. പസിഫിക് സമുദ്രത്തിന്റെ തീരപ്രദേശവും അഗ്നിപർവതങ്ങളുമെല്ലാമുള്ള കാംഷാട്‌ക് പെനിൻസുലയിലേക്കായിരുന്നു യാത്ര. കോറ്യാക് പർവതനിരകള്‍ക്കു സമീപമുള്ള ഈ പ്രദേശത്തേക്ക് അവരെ നയിച്ചത് ഇറ്റലിയിലെ ഫ്ലോറൻസിലുള്ള നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽനിന്നു ലഭിച്ച ഒരു പെട്ടിയാണ്. ഒന്നും രണ്ടുമല്ല കോടിക്കണക്കിനു വർഷം പഴക്കമുള്ള ഒരിനം ധാതുവായിരുന്നു ആ പെട്ടിയിൽ. അതു ഭൂമിയിൽ ഒരിടത്തും നേരത്തേ കണ്ടെത്തിയിട്ടില്ല. പിന്നെ എങ്ങനെ ഇവിടെയെത്തി? ആ അന്വേഷണമാണു ഗവേഷകരെ സൈബീരിയയിലെത്തിച്ചത്.

ഏകദേശം 457 കോടിവർഷം മുൻപാണ് ഭൂമി ഉൾപ്പെടെയുള്ള സൗരയൂഥം രൂപപ്പെട്ടതെന്നാണു കരുതുന്നത്. ആ സമയത്ത് പ്രപഞ്ചത്തിൽ സംഭവിച്ച വമ്പൻ കൂട്ടിയിടികളിൽ ഒട്ടേറെ ധാതുക്കള്‍ രൂപപ്പെട്ടിരുന്നു, പലതും അസാധാരണ സ്വഭാവങ്ങളുള്ളവ. ഘടനയിൽ ഭൂമിയിലുള്ളവയുമായി യാതൊരു ബന്ധവുമില്ലാത്തവ. ഛിന്നഗ്രങ്ങളിൽനിന്നു വിട്ടുമാറി ഉൽക്കകളായി അവയിൽ പലതും ഭൂമിയിലും പതിച്ചു. കാഴ്ചയിലെ കൗതുകം കാരണമാണ് അത്തരമൊരു ധാതു ചിലർ കണ്ടെത്തി ഫ്ലോറൻസിലെ മ്യൂസിയത്തിലെത്തിച്ചത്. സന്ദർഭവശാൽ ഇതു പരിശോധിക്കാനിടയായ പ്രിൻസ്ടൺ സർവകലാശാലയിലെ പ്രഫ. പോൾ സ്റ്റെൻഹാർട്ടാണ് ഇതിനു പിന്നിലെ രഹസ്യം കണ്ടെത്തണമെന്ന് ഉറപ്പിച്ചത്.

വളരെ ചെറിയ ഒരു ധാതുശകലമായിരുന്നു ഗവേഷകർക്കു ലഭിച്ചിരുന്നത്. അതിന്റെ പഴക്കം പരിശോധിച്ചപ്പോഴാകട്ടെ ഏകദേശം 450 കോടി വർഷം. അതായത് സൗരയൂഥം രൂപപ്പെട്ടതിനു തൊട്ടുപിന്നാലെ രൂപപ്പെട്ടതായിരുന്നു ആ ധാതു! 2009ലായിരുന്നു ധാതു പരിശോധിച്ചത്. തുടർന്ന് ഇതിന്റെ ഉറവിടം തേടി സൈബീരിയയിൽ ഗവേഷക സംഘമെത്തുന്നതാകട്ടെ 2011ലും. വലിയൊരു കാട്ടിൽ ചെറുസൂചി തേടുന്നതു പോലെയായിരുന്നു ആ അന്വേഷണം. കാരണം അത്രയേറെ ചെറുതായിരുന്നു ഗവേഷകർക്കു ലഭിച്ച ധാതുവിന്റെ സാംപിൾ. കോറ്യോക് പർവതനിരയിലെ പരിശോധനയിൽ ഒരു കാര്യം വ്യക്തമായി. സംഗതി ഭൂമിയിലുണ്ടായതല്ല. 

ഖാട്ടിർക്ക എന്നു പേരിട്ട ഉൽക്ക വഴിയാണ് ഈ ധാതു ഭൂമിയിലെത്തിയത്. ആ ഉൽക്കാശിലയുടെ അവശിഷ്ടങ്ങളും ഗവേഷകർ കണ്ടെത്തി, അതിൽനിന്ന് ഏറെ ബുദ്ധിമുട്ടി 2016ൽ ധാതുക്കളും വേർതിരിച്ചെടുത്തു. ക്രിസ്റ്റൽ പോലെയിരിക്കുന്നത് അഥവാ ക്വാസിക്രിസ്റ്റൽ എന്നായിരുന്നു അതിനു ഗവേഷകർ നൽകിയ പേര്. പുറമെ നിന്നു നോക്കിയാൽ ഒരു സാധാരണ ക്രിസ്റ്റൽ പോലെ തോന്നും. എന്നാൽ അകത്തുനിന്ന് സംഗതി തികച്ചും വ്യത്യസ്തമാണ്. തുടർച്ചയായി ആവർത്തിക്കുന്ന പാറ്റേണിലാണ് ശുദ്ധമായ ക്രിസ്റ്റലിൽ ആറ്റങ്ങൾ ക്രമീകരിച്ചിട്ടുണ്ടാവുക. എന്നാൽ ക്വാസി ക്രിസ്റ്റലിൽ ഇത് ഒരേസമയം കൃത്യമായി അടുക്കിയനിലയിലും ചിലത് വ്യത്യസ്തങ്ങളായ നിലയിലുമായിരിക്കും. അതോടെ ലഭിക്കുന്നതാകട്ടെ ഭൂമിയിൽ ഇന്നേവരെ ഒരു വസ്തുവിലും കണ്ടെത്താത്ത തരത്തിലുള്ള ആന്തരികഘടനയും.

2011ൽ ലഭിച്ച രണ്ട് സാംപിളുകളിലും ക്വാസിക്രിസ്റ്റലിന്റെ ആന്തരികഘടന തികച്ചും വ്യത്യസ്തമായിരുന്നു. ഈ ധാതുവിനെ കൃത്രിമമായി സൃഷ്ടിക്കാൻ ശ്രമിച്ചതിന്റെ ഫലമായി നൂറിലേറെ ‘വെറൈറ്റി’ ക്രിസ്റ്റലുകൾ ഗവേഷകർ നിർമിച്ചിച്ചിരുന്നു. എന്നാൽ പ്രകൃതിനിയമങ്ങളെയെല്ലാം വെല്ലുവിളിച്ച് ക്വാസിക്രിസ്റ്റൽ പിടികൊടുക്കാതെനിന്നു. അങ്ങനെയാണ് ഇവയെപ്പറ്റി കൂടുതൽ ഗവേഷണം നടത്താൻ പ്രഫ. പോളിന്റെ നേതൃത്വത്തിൽ തീരുമാനിച്ചത്. പ്രപഞ്ചത്തിന്റെ വിദൂരമായ ഏതോ കോണിൽനിന്നാണ് അതിന്റെ വരവെന്നു കണ്ടെത്തുകയും ചെയ്തു. ഉൽക്കയിലെത്തന്നെ സ്റ്റിഷോവൈറ്റ് എന്ന മറ്റൊരു ധാതുവിനകത്തായിരുന്നു ക്വാസിക്രിസ്റ്റലിന്റെ സ്ഥാനം. 

അതിശക്തമായ സമ്മർദഫലമായാണ് രണ്ടു ധാതുക്കളും രൂപപ്പെട്ടത്. എന്നാൽ ആ സമ്മർദം പ്രപഞ്ച രൂപീകരണ സമയത്തുണ്ടായിരുന്നതാണ് എന്ന വിവരമാണ് ഗവേഷകരെ അമ്പരപ്പിച്ചത്. ഭൂമിയിലെ ക്രിസ്റ്റലുകളിൽ കാണപ്പെടുന്ന ഓക്സിജൻ ഐസോടോപ്പുകളുടെ അനുപാതമായിരുന്നില്ല ക്വാസിക്രിസ്റ്റലുകളിൽ ഉണ്ടായിരുന്നതെന്നതും ഈ തിയറിക്ക് ബലം നൽകി. പ്രപഞ്ചത്തിലെ ഏതോ കോണിൽ 450 കോടി വർഷം മുൻപു സംഭവിച്ചതിനു സമാനമായ സാഹചര്യമുണ്ടായാൽ ഭൂമിയിലും ഈ ധാതു രൂപപ്പെടും. അതിനു കോടിക്കണക്കിനു വർഷം നിലനിൽക്കാനുള്ള ശേഷിയുമുണ്ടാകും. എന്നാൽ 2011ൽ കണ്ടെത്തിയ ഒരു ധാതു സാംപിളിന്റെ ഘടന കൃത്രിമമായി നിർമിക്കാൻ പോലും ഗവേഷകർക്ക് ഇതുവരെ സാധിച്ചിട്ടില്ല. അത്രയേറെ ആശയക്കുഴപ്പം നിറഞ്ഞതായിരുന്നു ആ പ്രപഞ്ചാദ്ഭുതം.

പ്രപഞ്ചത്തിന്റെ ആരംഭസമയത്ത് രണ്ട് ഛിന്നഗ്രഹങ്ങൾ കൂട്ടിയിടിച്ച് രൂപപ്പെട്ടതാണ് ഈ ക്രിസ്റ്റലെന്ന നിഗമനത്തിലാണ് ഗവേഷകർ അവസാനമെത്തിയത്. കട്ടിയേറിയതാണെങ്കിലും വഴുവഴുപ്പൻ സ്വഭാവമാണിവയ്ക്കെന്നാണ് ഗവേഷകർ പറയുന്നത്. അതിനാൽത്തന്നെ വ്യാവസായികാടിസ്ഥാനത്തിൽ പല വസ്തുക്കളുടെയും നിർമാണത്തിൽ ഏറെ ഉപകാരപ്പെടും. ക്വാസിക്രിസ്റ്റൽ കൃത്രിമമായി സൃഷ്ടിച്ച് ആ വഴിയുള്ള പരീക്ഷണങ്ങളും നടക്കുന്നുണ്ട്. പക്ഷേ ഈ പൂർണമായും ഈ ക്രിസ്റ്റൽ ഗവേഷകർക്കു പിടികൊടുത്തിട്ടില്ലെന്നു മാത്രം.

English Summary: Meteorite Found in Siberia Contains Naturally Impossible Crystal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com