ADVERTISEMENT

നടുംഗമുവ വിജയ രാജ, ഈ വിദ്വാന്റെ വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രശസ്തമാണ്. ശ്രീലങ്കയിലെ നിരത്തുകളിലൂടെ നടക്കുന്ന രാജ ആനകളുടെ മൊത്തം രാജയാണ്. അകമ്പടിക്ക് പൊലീസ്, പട്ടാള വാഹനങ്ങൾ, തോക്കുകളുമായി പ്രത്യേക കമാൻഡോ സംഘങ്ങൾ.

ലോകത്തിലെ ഏറ്റവും പൊക്കമുള്ള ഏഷ്യൻ ആനകളിലൊന്നാണ് 67 വയസ്സുകാരനായ രാജ. 12 അടിയോളം ഉയരം ഇതിനുണ്ട്. ശ്രീലങ്കയിലെ കാൻഡിയിൽ സ്ഥിതി ചെയ്യുന്ന ശ്രീ ദലാഡ മാലിഗവ എന്ന ബുദ്ധവിഹാരം ലോകപ്രശസ്തനാണ്. ശ്രീബുദ്ധൻ അന്തരിച്ച ശേഷം അദ്ദേഹത്തിന്റെ ചിതയിൽ നിന്നു ദന്തശേഷിപ്പുകൾ ശേഖരിച്ച് ഇവിടെയെത്തിച്ചെന്നാണ് ഐതിഹ്യം. ശ്രീലങ്കൻ ബുദ്ധമതവിഭാഗത്തിന്റെ ഏറ്റവും വലിയ പുണ്യസ്ഥലങ്ങളിലൊന്നായാണ് ദലാഡ മാലിഗവ അറിയപ്പെടുന്നത്. ഇവിടെ എല്ലാവർഷവും നടക്കുന്ന മഹാ ആഘോഷമാണ് ഇസല പെരിഹാര എന്ന ഉത്സവം. ഈ ഉത്സവത്തിൽ ശ്രീബുദ്ധന്റെ ദന്തങ്ങളെ പ്രതിനിധീകരിച്ച് ഒരു പെട്ടി ആനപ്പുറത്തേറ്റി എഴുന്നള്ളിക്കും.

D-2
Image from AFP

ശ്രീലങ്കയിലെ ഏറ്റവും മികച്ച ആനയ്ക്കാണ് ഇതിനുള്ള ഭാഗ്യം ലഭിക്കുക. ഈ അവസരം കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിജയ രാജയ്ക്കാണ്. കാൻഡിയിൽ നിന്നു 100 കിലോമീറ്റർ അകലെ ശ്രീലങ്കയിലെ നടുംഗമുവയിലാണു രാജ താമസിക്കുന്നത്.ഡോ. ഹർഷ ധർമവിജയ എന്നാണ് രാജയുടെ ഉടമയുടെ പേര്. ഓരോ വർഷവും ഓഗസ്റ്റിൽ നടുംഗമുവയിൽ നിന്ന് 100 കിലോമീറ്റർ യാത്ര ചെയ്ത് രാജ കാൻഡിയിലെത്തും. 10 ദിവസങ്ങളെടുത്ത് കാൽനടയായാണ് രാജയുടെ യാത്ര. അത്രയും ദിവസങ്ങളിൽ കമാൻഡോകൾ ആനയ്ക്ക് സുരക്ഷ ഒരുക്കും.ദേശീയ സ്വത്തായി അറിയപ്പെടുന്ന ഈ ആനയുടെ പേരിൽ ശ്രീലങ്കൻ തപാൽ വകുപ്പ് 2019ൽ സ്റ്റാംപ് പുറത്തിറക്കിയിരുന്നു.

ഈ ഗജചക്രവർത്തിയുടെ ജന്മസ്ഥലം ഇന്ത്യയാണ്. കർണാടകയിലെ മൈസൂരുവിൽ 1953ൽ ആണ് രാജ ജനിച്ചത്. അക്കാലത്ത് രാജകുടുംബത്തിൽ പെട്ട വ്യക്തിയുടെ ഉടമസ്ഥതയിലായിരുന്നു രാജ. പിൽക്കാലത്ത് രാജകുടുംബാംഗത്തിന്റെ രോഗം മാറ്റിയ ഒരു ശ്രീലങ്കൻ നാട്ടുവൈദ്യനു സമ്മാനമായി രാജയും നവാം രാജയെന്ന മറ്റൊരു ആനയും നൽകപ്പെട്ടു.അങ്ങനെയാണു മൂന്നുവയസ്സുള്ളപ്പോൾ രാജ ശ്രീലങ്കയിലെത്തിയത്.

D-1
Image from Twitter

പിന്നീട് ശ്രീലങ്കയായിരുന്നു രാജയുടെ ദേശം. ഇവിടെ അവൻ ഏറ്റവും പ്രശസ്തനായ ആനയായി മാറി. രാജയെ കാണാനായി ആളുകൾ അങ്ങോട്ട് അന്വേഷിച്ച് എത്തിത്തുടങ്ങി. അസാധാരണമായ നീളത്തിൽ വളഞ്ഞു വശങ്ങളിലേക്കു പിണഞ്ഞു നിൽക്കുന്നു വലിയ കൊമ്പുകളാണ് രാജയുടെ പ്രധാന ആകർഷണം. അതോടൊപ്പം ഉയരവും വലുപ്പവും ഒത്തിണങ്ങിയ ശരീരപ്രകൃതിയും തലയെടുപ്പുള്ള നടത്തവും കൂടിയായപ്പോൾ രാജ ആനപ്രേമികളുടെ കണ്ണിലുണ്ണിയായി. 1978ലാണ് ശ്രീലങ്കയിലെ പ്രശസ്ത ആയുർവേദ വിദഗ്ധനായ ധർമവിജയ വേദ രാലഹാമി രാജയെ വാങ്ങിയത്. അവന്റെ ഇപ്പോഴത്തെ ഉടമയായ ഡോ. ഹർഷ ധർമവിജയ , രാലഹാമിയുടെ പുത്രനാണ്.

എന്നാൽ ഇത്രയും പ്രായമായതിനാ‍ൽ രാജയെ ഇനിയും ഇത്രയും കിലോമീറ്ററുകൾ നടത്തരുതെന്ന് ശ്രീലങ്കയിലെ മൃഗസ്നേഹികൾ വാദമുയർത്തുന്നുണ്ട്. പലപ്പോഴും യാത്ര പൂർത്തീകരിക്കുമ്പോഴേക്കും രാജയുടെ കാലുകളിൽ നീരുകെട്ടും. ആന നന്നായി ക്ഷീണിതനുമാകും.–മൃഗസ്നേഹികൾ പറയുന്നു. രാജയെ കാടു പോലുള്ള അന്തരീക്ഷത്തിൽ പൂർണ വിശ്രമത്തിനു വിടണമെന്നാണ് അവരുടെ ആവശ്യം.

English Summary: This Elephant Has 24X7 Security Escort When He Moves

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com