ADVERTISEMENT

സമുദ്രത്തിന് നടുവിൽ മീറ്ററുകളോളം വ്യാപിച്ചുകിടക്കുന്ന ഒരു വമ്പൻ വിരലടയാളം. ചരിത്രാതീത കാലത്ത് ജീവിച്ചിരുന്ന ഭീമാകാരനായ ഏതോ ജീവിയുടെ അടയാളം ശേഷിക്കുന്നതാവാമെന്നോ  അദ്ഭുതപ്രതിഭാസമാണെന്നോ കരുതിയെങ്കിൽ തെറ്റി. സംഭവം ഒരു ദ്വീപാണ്.  അഡ്രിയാറ്റിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഈ ദ്വീപ് ക്രൊയേഷ്യയിലാണ്. ബാൽജെനാക് എന്നാണ് ഈ ചെറു ദ്വീപിന്റെ പേര്. വിചിത്രമായ ആകൃതിയാണ് ദ്വീപിലേക്ക് ജനങ്ങളുടെ ശ്രദ്ധയാകർഷിക്കുന്നത്. വിദൂര കാഴ്ചയിൽ വിരലടയാളത്തിനു സമാനമായ ആകൃതി ദ്വീപിൽ കൃത്യമായി കാണാൻ സാധിക്കും. എന്നാൽ യഥാർഥത്തിൽ ഇത് എന്താണെന്നറിയാൻ ചെന്നവർക്ക് കാണ്ടത് കരിങ്കല്ലുകൾ അടുക്കുകളായി ചേർത്തുവച്ചു നിർമിച്ച മതിലുകളാണ്. ഒന്നും രണ്ടുമല്ല നൂറുകണക്കിന് മതിലുകളാണ് ദ്വീപ് നിറയെ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. 

 

നീളം കൂട്ടിയും കുറച്ചും വളച്ചും വ്യത്യസ്ത വലുപ്പത്തിൽ നിർമിച്ചിരിക്കുന്ന മതിലുകൾക്കൊപ്പം ദ്വീപിന്റെ സ്വാഭാവികമായ ദീർഘവൃത്താകൃതികൂടി ചേർന്നപ്പോൾ അത് വിരലടയാളമായി തോന്നിയതാണ്. കാര്യം മതിലുകളൊക്കെ ഉണ്ടെങ്കിലും ജനവാസമില്ലെന്നതാണ് ദ്വീപിന്റെ മറ്റൊരു പ്രത്യേകത. ക്രൊയേഷ്യൻ നാഷണൽ ടൂറിസ്റ്റ് ബോർഡിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം ഈ മതിലുകൾ നൂറ്റാണ്ടുകൾക്കുമുൻപ് നിർമിക്കപ്പെട്ടതാണ്. മതിലുകളുടെ കാലപ്പഴക്കം പരിശോധിച്ചപ്പോൾ അവ 1800കളിൽ നിർമിക്കപ്പെട്ടവയാണ് എന്നാണ് കണ്ടെത്താൻ സാധിച്ചു. ഇതിനു സമീപത്തായി സ്ഥിതിചെയ്യുന്ന കപ്രീജ് എന്ന ദ്വീപിലുള്ളവർ കൃഷിചെയ്യാനായി ബാൽജെനാക് ഉപയോഗിച്ചിരുന്നതായാണ് രേഖകൾ സൂചിപ്പിക്കുന്നത്. 

 

ഒരുകാലത്ത് അത്തിയും നാരകവർഗത്തിൽപ്പെട്ട മരങ്ങളും ഇവിടെ ധാരാളമായി കൃഷി ചെയ്യപ്പെട്ടിരുന്നു. നിലവിൽ ഇവിടെ ഫലവൃക്ഷങ്ങൾ ഒന്നുംതന്നെ വളരുന്നില്ല. എന്നാൽ ഏറെ വർഷങ്ങൾ പിന്നിട്ടിട്ടും കരിങ്കൽ മതിലുകൾക്ക് യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ല. ദ്വീപിനെ പല കൃഷിയിടങ്ങളായി വേർതിരിക്കുന്നതിനാണ് മതിലുകൾ നിർമിച്ചിരുന്നത്. 0.14 ചതുരശ്ര കിലോമീറ്ററാണ് ബാൽജെനാക്കിന്റെ വിസ്തൃതി. എന്നാൽ ദ്വീപിലെ കരിങ്കൽ മതിലുകൾ ഒന്നായി ചേർത്തുവച്ച് അളന്നാൽ 23 കിലോമീറ്ററിലധികം നീളം വരുമെന്നാണ് കണക്കാക്കുന്നത്. സാംസ്കാരിക പ്രാധാന്യം കണക്കിലെടുത്ത് 2018 മുതൽ യുനെസ്കോയുടെ പ്രത്യേക സംരക്ഷണം വേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ബാവ്ൽയെനാക് ഇടംപിടിച്ചിട്ടുണ്ട്. സിബനിക് ദ്വീപസമൂഹത്തിലെ 249 ദ്വീപുകളിൽ ഒന്നാണ് ബാൽജെനാക്. എന്നാൽ  ക്രൊയേഷ്യയിൽ മനുഷ്യശരീരവുമായി ബന്ധപ്പെട്ട ആകൃതിയിലുള ഏക ദ്വീപ് ബാവ്ൽയെനാക് അല്ല. ഹൃദയത്തിന്റെ ആകൃതിയിലുള്ള ഗാലെഷ്ന്യാക് എന്നൊരു ദ്വീപും ക്രൊയേഷ്യയിലുണ്ട്. ആകൃതിയിലെ പ്രത്യേകതകൊണ്ടുതന്നെ പ്രണയ ദ്വീപെന്നാണ് ഗാലെഷ്ന്യാക് അറിയപ്പെടുന്നത്.

 

English Summary: The incredible uninhabited Croatian island that looks like a giant fingerprint

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com