കണ്ണെത്താ ദൂരത്തോളം കൂടുകൂട്ടി മുട്ടയിട്ട് രാജഹംസങ്ങൾ; അമ്പരന്ന് കാഴ്ചക്കാർ!

Drone visual of flamingoes’ vast nesting area in Rann of Kutch takes internet by storm
Grab Image from video shared on twitter by Janak Dave
SHARE

ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ നിന്നും പകർത്തിയ ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. വിജനമായ പ്രദേശത്ത്  കണ്ടെത്തിയ രാജഹംസങ്ങളുടെ മുട്ടകളുടെ ദൃശ്യമാണിത്. ഒന്നും രണ്ടുമല്ല ആയിരക്കണക്കിന് കൂടുകളാണ് രാജഹംസങ്ങൾ മുട്ടയിടാനായി ഈ പ്രദേശത്ത് നിർമ്മിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട  ദൃശ്യങ്ങൾ ഐഎഎസ് ഉദ്യോഗസ്ഥനും രാജ്കോട്ടിലെ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് ഓഫീസറുമായ ദേവ് ചൗധരി ട്വിറ്ററിൽ പങ്കുവച്ചതോടെ വൈറലായി മാറുകയായിരുന്നു. 

ശൈത്യകാലമാകുന്നതോടെ റാൻ ഓഫ് കച്ച് മേഖലയിലേക്ക് ദേശാടന പക്ഷികൾ ധാരാളമായി എത്താറുണ്ട്. രാജഹംസങ്ങൾ മുട്ടയിടുന്ന കാലമായതിനാൽ അവ വിജനമായ പ്രദേശത്ത് കൂട്ടമായി കൂടുണ്ടാക്കുകയാണ് ചെയ്യുന്നത്.  റാൻ ഓഫ് കച്ചിലെ ഗുധ്കർ നാഷണൽ പാർക്ക് മേഖലയിലാണ് രാജഹംസങ്ങൾ ഇത്തവണ കൂട്ടിയിരിക്കുന്നത്. ഡ്രോൺ ക്യാമറ ഉപയോഗിച്ച് പകർത്തിയ ദൃശ്യങ്ങളിൽ ഒരു വലിയ പ്രദേശമാകെ മുട്ടകൾ അടങ്ങിയ കൂടുകൾ കാണാം. 

മൺകൂനകൾ നിർമിച്ച് അവയ്ക്ക് മുകളിലായാണ് രാജഹംസങ്ങൾ മുട്ടകളിട്ടിരിക്കുന്നത്. ഇത്രയധികം കൂടുകളും മുട്ടകളും കണ്ട ആശ്ചര്യത്തിലാണ് ആളുകൾ ദൃശ്യങ്ങൾക്ക് താഴെ പ്രതികരണങ്ങൾ അറിയിക്കുന്നത്. അസാധാരണമായ കാഴ്ച എന്ന് പലരും കുറിയ്ക്കുന്നു.  അതേസമയം ഇവയുടെ ചിത്രങ്ങൾ ഡ്രോൺ ഉപയോഗിച്ച് പകർത്തിയതിനെതിരെ വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്. 

ദൃശ്യത്തിൽ എവിടെയും ഒരു രാജഹംസത്തെ പോലും കാണാനാവുന്നില്ല എന്നതാണ് വിമർശനങ്ങൾക്ക് കാരണം. ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച ഡ്രോൺ ക്യാമറ കണ്ടുഭയന്ന് രാജഹംസങ്ങൾ കൂടുകൾക്കരികിൽ നിന്നും മാറിപ്പോയതാകാമെന്നാണ്  ഇവരുടെ വാദം.  പ്രജനനകാലത്ത് പക്ഷികളെ ഇത്തരത്തിൽ ശല്യപ്പെടുത്തുന്നത് ശരിയല്ല എന്നും പലരും അഭിപ്രായപ്പെടുന്നു. അതിനാൽ ഇത്തരം ദൃശ്യങ്ങൾ അധികമായി പങ്കുവയ്ക്കരുത് എന്നും ദൃശ്യം പകർത്തിയ വ്യക്തിക്കെതിരെ നിയമ നടപടി എടുക്കണമെന്നുമുള്ള തരത്തിൽവരെ പ്രതികരണങ്ങളുണ്ട്. 

കഴിഞ്ഞവർഷം റാൻ ഓഫ് കച്ചിലെ കൂടാ മേഖലയിൽ ഒരു ലക്ഷത്തോളം കൂടുകളാണ് രാജഹംസങ്ങൾ മുട്ടകളിടുന്നതിനായി നിർമിച്ചത്. ഇവയിൽ 60,000ൽ പരം മുട്ടകൾ വിരിയുകയും ചെയ്തിരുന്നു.  ജനവാസ മേഖലയല്ലാത്തതിനാൽ സുരക്ഷിത സ്ഥാനമായി കരുതിയാവാം രാജഹംസങ്ങൾ തുടർച്ചയായ രണ്ടാം വർഷവും ഈ പ്രദേശം കൂടുകൂട്ടാനായി തിരഞ്ഞെടുത്തത് എന്നാണ് അനുമാനം.  അതിനാൽ  അവയുടെ സംരക്ഷണം ഉറപ്പാക്കേണ്ടതും അനിവാര്യമാണ്. 

മനുഷ്യ സാന്നിധ്യമോ മറ്റേതെങ്കിലും തരത്തിലുള്ള ശല്യമോ ഉണ്ടായാൽ രാജഹംസങ്ങൾ മുട്ടകൾ കൂട്ടിൽതന്നെ ഉപേക്ഷിച്ച് പോവുകയാണ് പതിവ്. ചില മുട്ടകൾ വെള്ളത്തിൽ ഒഴുകി പോവുകയും ചെയ്യാറുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. നാലാഴ്ച സമയമെടുത്താണ് മുട്ടകൾ വിരിയുന്നത്. മുട്ട വിരിഞ്ഞു കുഞ്ഞ് പുറത്തുവന്നു കഴിഞ്ഞാൽ ഇണകളിൽ ഒന്ന് തീറ്റതേടി പോവുകയും മറ്റേത് കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്ത് കൂടിനരികിൽ തന്നെ കഴിയുകയും ചെയ്യും.

English Summary: Drone visual of flamingoes’ vast nesting area in Rann of Kutch takes internet by storm

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA