മനുഷ്യ രൂപത്തില്‍ ഇറ്റലിയിലെ ഗ്രാമം; ഡ്രോൺ പകർത്തിയ നിഗൂഢ ദൃശ്യം, അമ്പരന്ന് കാഴ്ചക്കാർ

Man about town: The Italian village that's shaped like a person
Image Credit: Pio Andrea Peri/ Animal News Agency
SHARE

ഇറ്റലിയിലെ സിസിലി ദ്വീപിലെ ചെറു ഗ്രാമമാണ് സെന്‍ടുരിപെ. മലനിരകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഈ നഗരത്തിന്‍റെ ആകാശദൃശ്യം 32 കാരനായ പയോ ആന്‍ഡ്രിയ പെറി സമീപകാലത്താണ് പകര്‍ത്തിയത്. ഒറ്റ ചിത്രത്തില്‍ ഗ്രാമത്തിന്‍റെ പൂര്‍ണ ദൃശ്യം ലഭ്യമാകില്ലെന്നതിനാല്‍ പല ഭാഗങ്ങളായി തിരിച്ചാണ് ഈ ചിത്രമെടുക്കല്‍ പൂര്‍ത്തിയായത്. അഞ്ച് ഭാഗങ്ങളായി ഫോട്ടോകള്‍ ചേര്‍ത്ത് വച്ചപ്പോഴാണ് പയോ ആ കൗതുകകരമായ കാര്യം കണ്ടെത്തിയത്. ഇതുവരെ താന്‍ ജീവിച്ച ഗ്രാമത്തിന്‍റെ ആകാശദൃശ്യത്തിലെ രൂപം ഒരു മനുഷ്യന്‍റേതു പോലെയായിരുന്നു. ബീച്ചിലോ പുല്‍മേട്ടിലോ ആകാശത്തേക്ക് നോക്കി ആസ്വദിച്ച് കിടക്കുന്ന ഒരു മനുഷ്യനെ പോലെയാണ് ചിത്രത്തില്‍ സെന്‍ടുരിപെ കാണപ്പെട്ടത്.

സംയോജിപ്പിച്ച ഈ ചിത്രം ഇന്‍റര്‍നെറ്റിലെത്തിയപ്പോഴും പ്രതികരണങ്ങള്‍ വ്യത്യസ്തമായിരുന്നില്ല. ഇതുവരെ തങ്ങള്‍ ജീവിച്ച ഗ്രാമത്തിന് ഇങ്ങനെയൊരു രൂപമുണ്ടെന്നു കണ്ട് അദ്ഭുതപ്പെടുകയാണ് പ്രദേശവാസികൾ. കാഴ്ചപ്പാട് മാറുമ്പോള്‍ കാര്യങ്ങള്‍ എത്ര മനോഹരവും കൗതുകകരവും ആകുന്നു എന്നതിന്‍റെ ഉദാഹരണമാണ് സെന്‍ടുരിപെയുടെ ആകാശദൃശ്യമെന്നും പ്രതികരണങ്ങളിലൂടെ ആളുകള്‍ പങ്കുവയ്ക്കുന്നു. ക്രിസ്മസിന് വീട്ടില്‍ തൂക്കുന്ന അഞ്ച് വാല്‍ നക്ഷത്രങ്ങളോടും, ഡാവിഞ്ചിയുടെ പ്രശസ്തമായ മനുഷ്യ അനാട്ടമി ചിത്രത്തോടുമെല്ലാം ആളുകള്‍ ഈ ആകാശദൃശ്യത്തെ ഉപമിക്കുന്നുണ്ട്. 

ഗൂഗിള്‍ എര്‍ത്തില്‍ തന്‍റെ നഗരത്തിന്‍റെ കാഴ്ച കണ്ടപ്പോള്‍ തോന്നിയ കൗതുകമാണ് ഈ ചിത്രമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് പയോ പറയുന്നു. സെന്‍ടുരിപെയില്‍ നിന്ന് 40 മൈലോളം ദൂരേക്കേ പോയ ശേഷം ഡ്രോണുകള്‍ ഉയരത്തില്‍ പറത്തിയപ്പോഴാണ് ഗ്രാമത്തിന്‍റെ ദൃശ്യം ഈ രീതിയില്‍ ചിത്രീകരിക്കാന്‍ സാധിച്ചതെന്ന് പയോ വിശദീകരിക്കുന്നു. ഇവിടെ നിന്ന് ദൃശ്യം പൂര്‍ണമായി ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അത് സാധിച്ചില്ല. ഇതോടെയാണ് പല ഭാഗങ്ങളായുള്ള ചിത്രമെടുക്കാന്‍ തീരുമാനിച്ചത്. ഡ്രോണിന് സുരക്ഷിതമായി പറക്കാന്‍ കഴിയുന്ന പരമാവധി ഉയരത്തില്‍ എത്തിച്ച ശേഷമാണ് ഈ ചിത്രങ്ങള്‍ ലഭിച്ചത്.

ഗ്രാമത്തിന്‍റെ പകലും രാത്രിയിലുമുള്ള ചിത്രങ്ങള്‍ പയോ പകര്‍ത്തിയിരുന്നു. രാത്രിയിലെ ചിത്രത്തില്‍ വെളിച്ചം കൂടിയാകുമ്പോള്‍ ഈ രൂപത്തിന് കൂടുതല്‍ വ്യക്തത വരുന്നതും കാണാം. നക്ഷത്രമായും, മനുഷ്യനായും ഉപമിച്ചതിന് പുറമെ രാത്രിയിലെ ചിത്രം കാണുമ്പോള്‍ ചിറവ് വിടര്‍ത്തി പറക്കാന്‍ നില്‍ക്കുന്ന ഒരു പരുന്തിന്‍റെ രൂപത്തോടും നഗരത്തിനുള്ള സാദൃശ്യം ചിലര്‍ കണ്ടെത്തിയിട്ടുണ്ട്. നിശ്ചല ചിത്രങ്ങള്‍ക്ക് പുറമെ ഡ്രോണ്‍ ഉപയോഗിച്ചുള്ള വിഡിയോയും പയോ പകര്‍ത്തിയിട്ടുണ്ട്. ശ്രമകരമായിരുന്നുവെങ്കിലും തന്‍റെ ദൗത്യം വിജയിച്ചതിന്‍റെ സന്തോഷത്തിലാണ് പയോ. 

ഇറ്റലിയിലെ ഏറ്റവും പുരാതനമായ ജനവാസകേന്ദ്രങ്ങളില്‍ ഒന്നാണ് സെന്‍ടുരിപെ. ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്ന് ചെറു നഗരത്തിലേക്ക് സെന്‍ടുരിപെ മാറിയിട്ട് അധികം കാലമായിട്ടില്ല. രാത്രിയിലെ ഫൊട്ടോയില്‍ ശ്രദ്ധിച്ചു നോക്കിയാല്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പുണ്ടായിരുന്ന ഈ നഗരത്തിലെ കോട്ടയുടെ നീളത്തിലുള്ള ഭിത്തിയും ചിത്രത്തില്‍ കാണാനാകും. ചൈനാ വന്‍മതിലിന്‍റെ ഭാഗം പോലെ തോന്നിക്കുന്നതാണ് ഈ ഭിത്തി. നഗരത്തിന് മനുഷ്യന്‍റെ രൂപമാണെങ്കില്‍ ഈ മതില്‍ മനുഷ്യന്‍റെ വായ കുടലുമായി ബന്ധിപ്പിക്കുന്ന അന്നനാളമാണെന്നും ചിലര്‍ പ്രതികരിച്ചിട്ടുണ്ട്.

ഏതാണ്ട് 5000 പേര്‍ മാത്രമാണ് ഇന്ന് ഈ നഗരത്തില്‍ സ്ഥിരതാമസക്കാരായി ഉള്ളത്. പയോയുടെ ചിത്രങ്ങള്‍ നഗരത്തിന് രാജ്യാന്തര പ്രശസ്തി നല്‍കിയതോടെ ഫൊട്ടോഗ്രാഫര്‍ക്ക് മേയറുടെ ക്ഷണവും ലഭിച്ചിട്ടുണ്ട്. പയോയുടെ ചിത്രങ്ങള്‍ നഗരസഭയുടെ മേല്‍നോട്ടത്തില്‍ പ്രദശര്‍നത്തിനര വയ്ക്കാനാണ് മേയറുടെ തീരുമാനം.

ഇപ്പോള്‍ സജീവമല്ലാത്ത എറ്റ്നാ എന്ന അഗ്നിപര്‍വതത്തില്‍ നിന്ന് അധികം അകലെയല്ല ഈ ചെറു നഗരമുള്ളത്. സമുദ്രനിരപ്പില്‍ നിന്ന് ഏതാണ്ട് 2400 അടി ഉയരത്തിലാണ് സെന്‍ടുരിപെ സ്ഥിതി ചെയ്യുന്നത്. പതിനാറാം നൂറ്റാണ്ടിലാണ് ഇപ്പോഴത്തെ ഈ നഗരത്തിന്‍റെ ആദ്യഘട്ടം ഇവിടെ രൂപപ്പെട്ടതെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു. ഇറ്റലിയിലെ പ്രധാന പ്രവിശ്യകളായ കറ്റാലിന, എന്ന എന്നിവയുടെ മധ്യത്തിലായാണ് ഈ നഗരമുള്ളത്. ഇതില്‍ എന്ന പ്രവിശ്യയുടെ ഭാഗമാണ് സെന്‍ടുരിപെ. 

English Summary:  Man about town: The Italian village that's shaped like a person

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS