ADVERTISEMENT

തുർക്ക്മെനിസ്ഥാനിലെ പ്രശസ്ത വിനോദ സഞ്ചാരമേഖലയും നരകവാതിൽ എന്നറിയപ്പെടുന്നതുമായ ദർവാസ ഗ്യാസ് ക്രേറ്റർ എന്നന്നേക്കുമായി അണയ്ക്കാൻ സർക്കാർ തീരുമാനം. രാജ്യത്തിന്റെ പ്രസിഡന്റായ ഗുർബാംഗുലി ബെർദിമുഖമെദോവാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പ്രകൃതി, പരിസര നാശങ്ങൾ കണക്കിലെടുത്താണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി അണയാതെ കത്തുന്ന പടുകുഴി ചുറ്റുവട്ടത്ത് ജീവിക്കുന്ന ആളുകളുടെ ആരോഗ്യത്തെയും ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.‌ തുർക്ക്മെനിസ്ഥാന്റെ തലസ്ഥാനമായ അഷ്ഗാബാറ്റിന് 260 കിലോമീറ്റർ വടക്കായി കാരക്കും മരുഭൂമിയിലാണ് നരകവാതിൽ പടുകുഴി സ്ഥിതി ചെയ്യുന്നത്. 

 

60 മീറ്റർ വീതിയും 20 മീറ്റർ താഴ്ചയും ഈ കുഴിക്കുണ്ട്. 1971ൽ സോവിയറ്റ് ജിയോളജിസ്റ്റുമാരുടെ ഒരു സംഘമാണ് ഈ പടുകുഴി വെളിപ്പെടാൻ കാരണമായത്. ഇവർ നടത്തിയ ഖനനത്തിൽ പുറമേയുള്ള പാളി പൊട്ടിത്തകരുകയും പ്രകൃതിവാതകത്തിന്റെ ശ്രോതസ്സായ കുഴി വെട്ടപ്പെടുകയും ചെയ്തു. പ്രകൃതിവാതകം വ്യാപിച്ച് അന്തരീക്ഷത്തിൽ നിറയുന്നതു തടയാനായി ഇവർ കുഴിക്കു തീയിട്ടു. പിന്നീട് ഇത് അണയുമെന്ന വിശ്വാസത്തിലായിരുന്നു ഈ തീയിടൽ. എന്നാൽ പിന്നീട് അഞ്ച് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും തീയണഞ്ഞില്ലെന്നതാണു ചരിത്രം. ഗേറ്റ്സ് ഓഫ് ഹെൽ അഥവാ നരകവാതിൽ എന്ന പേരിൽ പിന്നീട് ഈ കുഴി പ്രശസ്തമായി. 2018ൽ തുർക്ക്മെനിസ്ഥാൻ ഈ പേര് മാറ്റി ‘കാരകുമിന്റെ ശോഭ’ എന്ന പുതിയ പേരു നൽകിയെങ്കിലും നരകവാതിൽ എന്ന പേരിൽ തന്നെയാണ് ഗർത്തം വിനോദസഞ്ചാരികൾക്കിടയിൽ തുടർന്നും അറിയപ്പെട്ടത്.

 

കാണാൻ കമനീയമാണെങ്കിലും ദർവാസ നരകവാതിൽ കത്തുന്നതു കാരണം തുർക്ക്മെനിസ്ഥാന്റെ പ്രകൃതിവാതക സമ്പത്തിനു നാശമുണ്ടാകുന്നെന്നും കോടിക്കണക്കിനു ഡോളറിന്റെ നഷ്ടമാണ് ഇതിനാൽ സംഭവിക്കുന്നതെന്നും തുർക്ക്മെനിസ്ഥാൻ സർക്കാർ പറയുന്നു. ലോകത്ത് പ്രകൃതിവാതക നിക്ഷേപത്തിൽ നാലാം സ്ഥാനത്തുള്ള രാജ്യമാണു തുർക്ക്മെനിസ്ഥാൻ. 2030 ഓടെ ഇന്ത്യയുൾപ്പെടെ രാജ്യങ്ങളിലേക്ക് വൻ തോതിൽ പ്രകൃതിവാതകം കയറ്റുമതി ചെയ്യാൻ ഇവർ ഉദ്ദേശിക്കുന്നുണ്ട്. 2010ൽ വാതകവും തീയും നിറഞ്ഞ ഈ പടുകുഴി അണയ്ക്കാനായി തുർക്ക്മെനിസ്ഥാൻ പരിശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. കനേഡിയൻ സാഹസികനും പര്യവേക്ഷകനുമായ ജോർജ് കൊറൂണിസ് ഈ കുഴിക്കുള്ളിലേക്കു കടന്ന് ഇതിന്റെ ഉത്ഭവത്തെപ്പറ്റി പഠിക്കാൻ ശ്രമിച്ചെങ്കിലും സമഗ്രമായ വിവരങ്ങൾ ലഭിച്ചില്ല. എല്ലാവർഷവും പതിനായിരത്തിലധികം വിനോദസഞ്ചാരികളാണ് ഇവിടെ എത്തുന്നത്.

 

English Summary: Turkmenistan Wants To Close Its Natural Gas Crater 'Gateway To Hell' That's Burned For 500 Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com