ADVERTISEMENT

ബ്രിട്ടനിലെ റട്‌ലൻഡിൽ നിന്നു ചരിത്രാതീത കാലത്തെ വമ്പൻ ജലജീവിയുടെ ഫോസിൽ കണ്ടെത്തി. ഇക്ത്യസോർ എന്നറിയപ്പെടുന്ന ഇത് 18 കോടി വർഷങ്ങൾക്ക് മുൻപാണ് ജീവിച്ചിരുന്നത് .1000 കിലോ ഭാരമുള്ള ഈ ഫോസിൽ ബ്രിട്ടനിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും പൂർണതയുള്ളതാണെന്നു ശാസ്ത്രജ്ഞർ പറയുന്നു. കടൽ ഡ്രാഗണുകൾ എന്നും വിശേഷിപ്പിക്കപ്പെട്ടിരുന്ന, 25 മീറ്റർ വരെ നീളമുണ്ടായിരുന്ന ഈ ജീവികൾക്ക് ഇന്നത്തെ കാലത്തെ ഡോൾഫിനുകളുമായി ആകാരത്തിൽ സാമ്യമുണ്ടായിരുന്നു. 9 കോടി വർഷം മുൻപ് ഇവ ഭൂമിയിൽനിന്ന് അപ്രത്യക്ഷമായി. മത്സ്യങ്ങളും കണവകളുമായിരുന്നു ഇവയുടെ പ്രധാന ആഹാരം.

 

ഇക്ത്യസോറുകളെ നേരത്തെയും ബ്രിട്ടനിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത്രയും വലുപ്പമുള്ളതും പൂർണതയുള്ളതും ഇതാദ്യമാണെന്നു ഗവേഷണത്തിനു നേതൃത്വം നൽകിയ മാഞ്ചസ്റ്റർ സർവകലാശാലയിലെ ഫോസിൽ വിദഗ്ധൻ ഡീൻ ലോമാക്‌സ് പറഞ്ഞു.1811ൽ മേരി ആനിങ് എന്ന വനിതയാണ് ആദ്യമായി ഇക്ത്യസോറുകളുടെ ഫോസിൽ കണ്ടെടുത്തത്. തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഡോർസറ്റിൽ നിന്നായിരുന്നു ഇത്. പിന്നീട് യൂറോപ്പിൽ പല ഭാഗത്തു നിന്നും വിശിഷ്യാ ജർമനിയിൽ നിന്നും ഈ ജീവികളുടെ ഫോസിൽ ധാരാളമായി ലഭിച്ചു.

Rutland ichthyosaur fossil is largest found in UK
Image Credit: ANGLIAN WATER

 

ഭൂമിയിലെ ജീവന്റെ പരിണാമദശയിൽ മൺമറഞ്ഞ ഈ ജീവികൾ ട്രയാസിക് കാലഘട്ടത്തിലാണു ജീവിച്ചിരുന്നത്. ക്രെറ്റേഷ്യസ് കാലഘട്ടം എന്ന യുഗത്തിന്‌റെ അവസാന ദശയിലാണ് ഇവ പൂർണമായും നശിച്ചത്. ഭൂമിയിലെ ആദിമജീവനിലെ ഏറ്റവും പ്രബലമായ ജീവിവർഗമായ ദിനോസറുകൾക്കൊപ്പമായിരുന്നു ഇവയുടെ സഹവാസം. ആദ്യകാല ഇക്ത്യസോറുകൾക്ക് നീളം കുറവാണ്. ഒന്നോ രണ്ടോ മീറ്റർ മാത്രമാണ് ഇവയുടെ നീളമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ട്രൊഗോണോഡൺ എന്ന വിഭാഗത്തിൽപെട്ട വമ്പൻ ഇക്ത്യസോറിന്റെ ഫോസിലാണ്. ഇന്നത്തെ കാലത്തെ നീലത്തിമിംഗലത്തിന്റെ വലുപ്പമുള്ള ഇത് അക്കാലത്തെ ഏറ്റവും വലിയ കടൽജീവികളായിരിക്കാമെന്നും ശാസ്ത്രജ്ഞർ കരുതുന്നു.

 

വളരെ യാദൃച്ഛികമായാണു കണ്ടെത്തൽ നടന്നത്.ലെസ്റ്റർഷയർ ആൻഡ് റട്‌ലൻഡ് വൈൽഡ് ലൈഫ് ട്രസ്റ്റിലെ ടീം ലീഡറും ഫോസിൽ വിദഗ്ധനുമായ ജോ ഡേവിസ് , റട്‌ലൻഡ് വാട്ടർ റിസർവ് മേഖലയിൽ കൂടി നടക്കുമ്പോൾ തറയിൽ നിന്നു പൈപ്പുകൾ പോലെ ഏതോ ഘടനകൾ ഉയർന്നു നിൽക്കുന്നതു കണ്ടു.ഫോസിലുകളെ സംബന്ധിച്ച് അപാരമായ അറിവുള്ള ഡേവിസിന് ഇതേതോ ജീവിയുടെ അവശിഷ്ടമാണെന്ന് ഉടനടി തോന്നലുണ്ടാകുകയും പരിശോധനകൾ നടത്തി അതു സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് ഫോസിൽ പര്യവേക്ഷകരുടെ നേതൃത്വത്തിൽ ഇവിടെ ഖനനം നടത്തിയതോടെയാണു ഇക്ത്യസോറിന്‌റെ ഫോസിൽ ഉയർന്നുവന്നത്.

 

ബ്രിട്ടനിലെ മധ്യമേഖലയിൽ സ്ഥിതി ചെയ്യുന്ന ഈസ്റ്റ് മിഡ്‌ലാൻഡ്‌സിൽ സ്ഥിതി ചെയ്യുന്ന കൗണ്ടിയാണ് റട്‌ലൻഡ്. ലെസ്റ്റർഷയർ, ലിങ്കൺഷയർ, നോർതാംപ്ടൺഷയർ എന്നീ കൗണ്ടികളുമായി റട്‌ലൻഡ് അതിർത്തി പങ്കിടുന്നു. യൂറോപ്പിലെ ഏറ്റവും വലിയ കൃത്രിമ തടാകമായ റട്‌ലൻഡ് ലേക്ക് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ആദിമകാലത്ത് ഒട്ടേറെ നദികൾ ഇങ്ങോട്ടേക്ക് എക്കലും മണ്ണും ജൈവാവശിഷ്ടങ്ങളും കൊണ്ടുവന്നിരുന്നു. അതിനാൽ തന്നെ ബ്രിട്ടന്റെ ഒരു ഫോസിൽ കേന്ദ്രം കൂടിയാണു റട്‌ലൻഡ്. അനവധി ഫോസിലുകൾ ഇവിടെ നിന്നു കണ്ടെത്തിയിട്ടുണ്ട്.

 

English Summary: Rutland ichthyosaur fossil is largest found in UK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com