ഗാലപ്പഗോസിൽ അഗ്നിപർവത സ്ഫോടനം; പിങ്ക് ഇഗ്വാനകൾ നാമാവശേഷമാകുമോ?

Tallest Galapagos volcano erupts, spewing lava and ash
Image Credit: Reuters
SHARE

ഗാലപ്പഗോസിലെ ഏറ്റവും വലിയ അഗ്നിപർവതമായ വൂൾഫ് വോൾക്കാനോ പൊട്ടിത്തെറിച്ചു. 2015നു ശേഷം ആദ്യമായി നടന്ന സ്ഫോടനത്തിൽ ലാവ സമുദ്രനിരപ്പിൽ നിന്നു 3.8 കിലോമീറ്റർ പൊക്കത്തിൽ വരെ ഉയർന്നു പൊങ്ങുകയും ശക്തമായ ലാവയുടെ ഒഴുക്ക് ദ്വീപിലാകമാനം ഉടലെടുക്കുകയും ചെയ്തു. ഇക്വഡോറിന്റെ ഭാഗമായ ഗാലപ്പഗോസ് ദ്വീപസമൂഹങ്ങളിലെ ഇസബെല്ല ദ്വീപിനു വടക്കുഭാഗത്തായാണു വൂൾഫ് അഗ്നിപർവതം സ്ഥിതി ചെയ്യുന്നത്. ഇക്വഡോറിനു 1100 കിലോമീറ്റർ പടിഞ്ഞാറായിട്ടാണ് അഗ്നിപർവതത്തിന്റെ സ്ഥാനം. പൊട്ടിത്തെറിച്ചതു മുതൽ രണ്ടു ദിവസമായി തുടരുന്ന ലാവാ പ്രവാഹത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഈ അഗ്നിപർവതത്തിനു സമീപത്തോ ലാവ ഒഴുകുന്ന ദിശയിലോ മനുഷ്യവാസമില്ലാത്തതിനാൽ ആളപായമുണ്ടാകുമെന്ന ആശങ്ക കുറവാണ്. എന്നാൽ മറ്റിടങ്ങളിൽ നിന്നു വ്യത്യസ്തമായ ജീവിവംശങ്ങളുള്ള ഗാലപ്പഗോസിൽ പ്രകൃതിദുരന്തങ്ങൾ സംഭവിച്ചാൽ അവ ഈ ജീവികളെ ബാധിക്കാം. വൂൾഫ് വോൾക്കാനോയുടെ സമീപത്തായി മഞ്ഞ, പിങ്ക് നിറങ്ങളിലുള്ള ഇഗ്വാനകൾ, ഗാലപ്പഗോസിലെ സവിശേഷ ജീവികളായ വമ്പൻ ആമകൾ എന്നിവ താമസിക്കുന്നുണ്ട്. ഇവയിൽ, പ്രത്യേകിച്ച് പിങ്ക് ഇഗ്വാനകൾക്ക് എന്തെങ്കിലും കുഴപ്പം അഗ്നിപർവത വിസ്ഫോടനം മൂലമുണ്ടാകുമെന്ന പേടിയിലാണു മൃഗസ്നേഹികൾ. പിങ്ക് ഇഗ്വാനകൾ ആകെ മുന്നൂറിൽ താഴെയാണു ലോകം മുഴുവൻ ഉള്ളത്. ഇതിൽ കൂടുതൽ ജീവികളും തങ്ങളുടെ വീടെന്നു വിളിക്കുന്നത് ഇസബെല്ല ദ്വീപുകളെയും. ഇവിടെ അഗ്നിപർവതം മൂലം നാശം സംഭവിച്ചാൽ ഈ ജീവികളുടെ പൂർണ വംശനാശമായിരിക്കും ഫലം.

Tallest Galapagos volcano erupts, spewing lava and ash
Image Credit: Reuters

നിലവിൽ പിങ്ക് ഇഗ്വാനകൾക്ക്, ഇപ്പോൾ സംഭവിച്ചിരിക്കുന്ന ലാവാപ്രവാഹം മൂലം കുഴപ്പമൊന്നുമില്ലെന്നാണു ശാസ്ത്രജ്ഞർ നൽകുന്ന വിവരം. എന്നാൽ ഭാവിയിൽ എന്താകും സ്ഥിതിയെന്നു പറയാനൊക്കില്ല. വൂൾഫ് അഗ്നിപർവതം പൊട്ടിത്തെറികളും ലാവാപ്രവാഹവും തുടർന്നാൽ ഇവയുടെ കാര്യം പരുങ്ങലിലാകും. ചാൾസ് ഡാർവിന്റെ പരിണാമസിദ്ധാന്തത്തെക്കുറിച്ചുള്ള പഠനത്തിന്റെ പരീക്ഷണശാലയായതോടെയാണു ഗാലപ്പഗോസ് ദ്വീപുകൾ ലോകപ്രശസ്തിയിലേക്കുയർന്നത്. ഭീമശരീരം പ്രാപിച്ചവയായിരുന്നു ദ്വീപിലെ ജീവികളിൽ പലതും. 1986ൽ ആണ് ഇഗ്വാനകളിൽ തന്നെ ഏറ്റവും അപൂർവമായ പിങ്ക് ഇഗ്വാനകളെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇവിടെ കണ്ടെത്തിയത്. 

ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ വംശനാശ ഭീഷണി നേരിടുന്ന ജീവികളിലൊന്നായിട്ടാണ് ഇഗ്വാനകളെ കണക്കാക്കുന്നത്. ചെറിയ തലയും മസിലുകൾ എഴുന്നു നിൽക്കുന്ന പിൻകാലുകളുമൊക്കെയുള്ള ഈ ഇഗ്വാനകളെ കണ്ടാൽ പേടി തോന്നുമെങ്കിലും ആരെയും ഉപദ്രവിക്കാത്ത, ഇലകളും പഴങ്ങളും കഴിച്ചു ജീവിക്കുന്ന ജീവികളാണ് ഇവ. പിങ്ക് നിറത്തിൽ വരകളോടെയുള്ള ശരീരമാണ് ഇവയുടെ പ്രത്യേകത. അഗ്നിപർവത പ്രവർത്തനങ്ങളുടെ ഫലമായി രൂപീകരിക്കപ്പെട്ട ദ്വീപാണു ഗാലപ്പഗോസ്. 21 അഗ്നിപർവതങ്ങൾ ഈ ദ്വീപസൂഹത്തിലുണ്ട്. ഇതിൽ 13 എണ്ണം ഇപ്പോഴും സജീവമാണ്. ഇസബെല്ലയാണ് ഏറ്റവും കൂടുതൽ അഗ്നിപർവത പ്രവർത്തനം നടക്കുന്ന ദ്വീപ്. വൂൾഫ് ഉൾപ്പെടെ 6 അഗ്നിപർവതങ്ങൾ ഇവിടെയുണ്ട്.ഗാലപ്പഗോസിൽ ആകെമാനം കാൽ ലക്ഷത്തോളം ആളുകൾ താമസിക്കുന്നുണ്ട്.

English Summary: Tallest Galapagos volcano erupts, spewing lava and ash

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ManoramaOnline
We are Sorry! The page you are looking for is not available at the moment.
Some of the following News might be Interesting to You

LATEST NEWS