ഉഷ്ണ തരംഗത്തിൽ ഉരുകിയൊലിച്ച് ഓസ്‌ട്രേലിയ; ഉയർന്ന താപനില 50 ഡിഗ്രി

Australian town hits record high temperature of 50.7 Celcius
Image Credit: Shutterstock
SHARE

ഓസ്‌ട്രേലിയയിൽ അഞ്ചുപതിറ്റാണ്ടുകൾക്കുള്ളിൽ ഉടലെടുത്ത ഏറ്റവും ഉയർന്ന താപനിലയായ 50.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ പെർത്ത് നഗരത്തിനു വടക്കായി സ്ഥിതി ചെയ്യുന്ന തീരദേശ പട്ടണമായ ഓൺസ്ലോയിലാണ് ഈ അതിതാപനില റെക്കോർഡ് ചെയ്തത്. ഇനിയും താപനില ഇവിടെ ഉയർന്നേക്കാമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർ നൽകുന്ന സൂചന. മാർഡി, റോബേൺ എന്ന പട്ടണങ്ങളിലും താപനില അൻപതു ഡിഗ്രി കടന്നിട്ടുണ്ട്. 1962ൽ തെക്കൻ ഓസ്‌ട്രേലിയയിലാണ് ഇതിനു മുൻപ് ഇത്രയും അധികനിലയിൽ താപനില അടയാളപ്പെടുത്തിയിരുന്നത്. രാജ്യത്തിന്‌റെ ചരിത്രത്തിൽ ഇതിനു മുൻപ് 3 തവണ മാത്രമാണ് താപനില അൻപത് കഴിഞ്ഞിട്ടുള്ളത്. എന്നാൽ ഇപ്പോൾ ഒരേദിനത്തിൽ മൂന്നിടത്ത് 50 ഡിഗ്രി മറികടന്നത് ഉഷ്ണതരംഗത്തിന്‌റെ വ്യാപ്തിയും തീവ്രതയും അടയാളപ്പെടുത്തുന്ന സംഭവമാണ്.

മേഖലയിൽ ഈ സീസണിൽ സംഭവിക്കേണ്ട മഴപ്പെയ്ത്ത് താമസിക്കുന്നതാണ് ഇത്രയധികം താപനിലയിലേക്ക് ഉയരാൻ കാരണമെന്നാണു കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. വടക്കൻ ഓസ്‌ട്രേലിയയിൽ വീശിയടിച്ച ടിഫാനി കൊടുങ്കാറ്റും ഇതിന് ആക്കം കൂട്ടി. ആളുകളോട് കഴിയുമെങ്കിൽ വീട്ടിൽ നിന്നു പുറത്തിറങ്ങാതെയിരിക്കാനും ഡീഹൈഡ്രേഷൻ ഒഴിവാക്കാൻ ഇടവിട്ട് വെള്ളം കുടിക്കാനും ഓസ്‌ട്രേലിയയുടെ കാലാവസ്ഥാ വകുപ്പ് അഭ്യർഥിച്ചിട്ടുണ്ട്. മറ്റു മേഖലകളിലും താപം കടുക്കുകയാണ്. മാർഡി പട്ടണത്തിനു 134 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കറാത്ത എന്ന മേഖലയിൽ 48.2 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിട്ടുണ്ട്. ആറായിരം ഏക്കറോളം ഭാഗത്തു ബുഷ്ഫയർ എന്നറിയപ്പെടുന്ന കാട്ടുതീ കത്തിക്കൊണ്ടിരിക്കുന്ന ഗാസ്‌കോയിനിലും 40 ഡിഗ്രി താപനില ഉടലെടുത്തു.

കഴിഞ്ഞ ഏഴു വർഷങ്ങൾ ലോകത്ത് സമീപകാലത്ത് സംഭവിച്ചിട്ടുള്ളതിൽ ഏറ്റവും ചൂടുള്ള വർഷങ്ങളാണെന്ന രാജ്യാന്തര വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസമാണ് വന്നത്. മുൻപ് പതിറ്റാണ്ടുകളിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഉഷ്ണതരംഗങ്ങൾ ഇനിയങ്ങോട്ടു സാധാരണമാകുമെന്നും ആഗോളതാപനത്തെ ചെറുക്കുന്ന വികിരണങ്ങൾക്കു തടയിടുന്നതിൽ ലോകരാജ്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്നും പരിസ്ഥിതി ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു.ഓസ്‌ട്രേലിയയിൽ മാത്രമല്ല, തെക്കൻ അമേരിക്കൻ രാഷ്ട്രങ്ങളായ ബ്രസീൽ, അർജന്‌റീന, ഉറുഗ്വേ എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരമാണ്.

കത്തുമോ ഓസ്‌ട്രേലിയ

ഉഷ്ണതരംഗങ്ങൾ മൂലം ഓസ്‌ട്രേലിയയിൽ ഒട്ടേറെ പരിസ്ഥിതി ദുരന്തങ്ങൾ സംഭവിക്കുന്നതിനു ലോകം കഴിഞ്ഞ വർഷങ്ങളിൽ സാക്ഷ്യം വഹിച്ചു. ഇക്കൂട്ടത്തിൽ ഏറ്റവും തീവ്രമായത് 2019-2020 കാലഘട്ടത്തിൽ സംഭവിച്ച വ്യാപകമായ ബുഷ്ഫയർ അഗ്നിബാധയാണ്. വ്യാപനത്തിന്‌റെ തോത് കാരണം മെഗാഫയർ എന്നാണ് ഈ അഗ്നിദുരന്തം വിശേഷിപ്പിക്കപ്പെടുന്നത്. നാലരക്കോടി ഏക്കറോളം ഭൂമി അന്നു കത്തി നശിച്ചു. 35 ആളുകൾ ഇതു മൂലം കൊല്ലപ്പെട്ടു. ആറായിരത്തോളം വീടുകൾ നശിച്ചു. ഓസ്‌ട്രേലിയയിലെ വ്യത്യസ്തവും അപൂർവവുമായ ജൈവവൈവിധ്യത്തിനു വൻ ആഘാതമേൽപ്പിച്ചുകൊണ്ടാണ് ബുഷ്ഫയർ അക്കാലഘട്ടത്തിൽ നടമാടിയത്. 

മൂവായിരം കോടി ജീവികളോളം ഇതിനാൽ ബാധിക്കപ്പെട്ടെന്നാണു കണക്ക്. പലജീവിവർഗങ്ങളെയും വംശനാശത്തിന്‌റെ വക്കിലേക്കു വരെ സമാനതകളില്ലാത്ത ഈ ദുരന്തം നയിച്ചപ. യൂക്കാലിപ്റ്റസ് മരക്കാടുകൾ വ്യാപകമായി കത്തിനശിച്ചത് ഓസ്‌ട്രേലിയയുടെ ചിഹ്നങ്ങളിലൊന്നായ കൊയാലക്കരടികളുടെ നിലനിൽപ് അപകടത്തിലാക്കി. ഇപ്പോൾ ഉടലെടുത്ത ശക്തമായ ഉഷ്ണതരംഗം വീണ്ടും സമാനമായ ഒരവസ്ഥയിലേക്കു നയിക്കുമോയെന്ന ആശങ്കയിലാണ് അധികൃതരും പരിസ്ഥിതി സ്‌നേഹികളും. നിലവിൽ ഗാസ്‌ഗോയിൻ കൂടാതെ മാർഗരറ്റ് എന്ന മേഖലയിലും ബുഷ്ഫയർ കത്തുന്നുണ്ട്. പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ പലയിടങ്ങളിലും ഇതു സംബന്ധിച്ച അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary: Australian town hits record high temperature of 50.7 Celcius

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA